മാര്‍ക്‌സിസ്റ്റുകാരനായ ഒരു മുഖ്യമന്ത്രി ആ ധാരണ തിരുത്തേണ്ടതായിരുന്നു

മാര്‍ക്‌സിസ്റ്റുകാരനായ ഒരു മുഖ്യമന്ത്രി ആ ധാരണ തിരുത്തേണ്ടതായിരുന്നു

ന്യൂനപക്ഷ സമുദായം എന്നാല്‍ ന്യൂനപക്ഷ സമുദായത്തിലെ മുഖ്യധാരാ സംഘടനകളാണെന്ന പിഴച്ച ധാരണ പണ്ടേ നിലവിലുള്ളതാണ്. ആ ധാരണ മറ്റാര്‍ തിരുത്തിയില്ലെങ്കിലും കമ്യൂണിസ്റ്റുകാരെങ്കിലും തിരുത്തുമെന്ന പ്രതീക്ഷ മനസ്സില്‍ സൂക്ഷിച്ചു പോന്നയാളാണ് ഈ ലേഖകന്‍. പലപ്പോഴും തെറ്റിയ ആ പ്രതീക്ഷ ഇപ്പോള്‍ 2018-ലും തെറ്റി. കമ്യൂണിസ്റ്റുകാരനായ മുഖ്യമന്ത്രി പിണറായി വിജയന്‍ മെയ് 19-ന് കോഴിക്കോട്ട് നടത്തിയ 'മുസ്ലിം കൂടിക്കാഴ്ച'യിലേയ്ക്ക് ക്ഷണിക്കപ്പെട്ട സംഘടനാ പ്രതിനിധികളെല്ലാം മുഖ്യധാരക്കാരായിരുന്നു. അരികുവല്‍ക്കരിക്കപ്പെട്ട മുസ്ലിങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഒരു സംഘടനയുടെപോലും പ്രതിനിധി ആ കൂടിക്കാഴ്ചയിലേയ്ക്കു ക്ഷണിക്കപ്പെട്ടില്ല!
പ്രാന്തീകരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങളും വ്യഥകളും മാത്രമല്ല, സാമൂഹിക വിഷയങ്ങളില്‍ അവര്‍ സ്വീകരിക്കുന്ന സവിശേഷ വീക്ഷണങ്ങളും ഭരണകര്‍ത്താക്കള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. മുഖ്യധാരക്കാരുടേതില്‍നിന്നു തികച്ചും വ്യത്യസ്തങ്ങളായ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നവരും വ്യതിരിക്ത സമീപനങ്ങള്‍ അവലംബിക്കുന്നവരുമാകും അരികുവല്‍ക്കരിക്കപ്പെട്ടവര്‍. അവരെ കേള്‍ക്കാന്‍ മിനക്കെടാതെ മുഖ്യധാരാ പ്രഭുക്കളെ മാത്രം കേട്ട് ന്യൂനപക്ഷ സമുദായത്തിന്റെ ആവശ്യങ്ങളും പരാതികളും മനസ്സിലാക്കിയെന്ന പാഴ്ധാരണ ഒരിടതുപക്ഷ മുഖ്യമന്ത്രിക്ക് ഒരിക്കലുമുണ്ടായിക്കൂടാ.
കോഴിക്കോട്ടെ കൂടിക്കാഴ്ചയില്‍ പിണറായി വിജയന്‍ ആശയവിനിമയം നടത്തിയത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, കേരള നദ്വത്തുല്‍ മുജാഹിദീന്‍, ജമാഅത്തെ ഇസ്ലാമി, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ്, സുന്നി യുവജനസംഘം, എസ്.കെ.എസ്.എസ്.എഫ്, വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് മിഷന്‍, എം.ഇ.എസ്., എം.എസ്.എസ്. എന്നീ സംഘടനകളുടെ പ്രതിനിധികളുമായാണ്. മുസ്ലിം ന്യൂനപക്ഷ സമുദായത്തിലെ ഭൂരിപക്ഷത്തെ പ്രതിനിധാനം ചെയ്യുന്ന സംഘടനകളാണവയെല്ലാം. എം.ഇ.എസ്സിനേയും എം.എസ്.എസ്സിനേയും ഒഴിച്ചുനിര്‍ത്തയാല്‍ ബാക്കിയുള്ളവയെല്ലാം മതസംഘടനകളാണുതാനും.
രണ്ടു കൂട്ടരുടെ അസാന്നിധ്യം ആ കൂടിക്കാഴ്ചയില്‍ മുഴച്ചുനിന്നു. ഒന്ന്, നടേ സൂചിപ്പിച്ചതുപോലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മുസ്ലിം സംഘടനകളുടെയാണ്. രണ്ടാമത്തേത് സ്ത്രീകളും. മറ്റേത് സമുദായത്തിന്റേയുമെന്നപോലെ മുസ്ലിം സമുദായത്തിന്റേയും പാതി സ്ത്രീകളാണ്. ആ പാതിയെ പ്രതിനിധീകരിക്കുന്ന ഒരാള്‍പോലും മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച വേളയിലുണ്ടായിരുന്നില്ല. 'നിസ' എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ഒരു 'പുരോഗമന മുസ്ലിം സ്ത്രീ ഫോറം' കോഴിക്കോട്ടുണ്ട്. അവരും ക്ഷണിക്കപ്പെട്ടില്ല. പ്രകടമായ ഈ പെണ്‍ അഭാവം എന്തുകൊണ്ട് എന്ന ചോദ്യം മാര്‍ക്‌സിസ്റ്റുകാരനായ മുഖ്യമന്ത്രിയുടെ മനസ്സില്‍ അവശ്യമായി ഉദിക്കേണ്ടതായിരുന്നു. അങ്ങനെ സംഭവിക്കുകയുണ്ടായില്ല. മുസ്ലിം സമുദായത്തിന്റെ പ്രശ്‌നങ്ങളെല്ലാം ആ സമുദായത്തിലെ പുരുഷ കേസരികള്‍ പറഞ്ഞാല്‍ മതിയെന്നു പിണറായിക്കു തോന്നിയെങ്കില്‍, വൃന്ദ കാരാട്ടും സുഭാഷണി അലിയും പി.കെ. സൈനബയും ജനാധിപത്യ മഹിള അസോസിയേഷനുമൊക്കെ ഇക്കാലമത്രയും വിയര്‍പ്പൊഴുക്കിയത് വെറുതെയായെന്നല്ലേ അതിനര്‍ത്ഥം?
മുസ്ലിം ന്യൂനപക്ഷത്തിലെ ന്യൂനപക്ഷത്തെ പ്രതിനിധാനം ചെയ്യുന്നതും പ്രാന്തീകരിക്കപ്പെട്ടതുമായ രണ്ടു സംഘടനകള്‍ സംസ്ഥാനത്തുണ്ട്. അഹമ്മദിയ്യ മുസ്ലിം ജമാഅത്തും ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റിയുമാണവ. ഈ രണ്ടു സംഘടനകളും മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ചാ പരിപാടിയിലേയ്ക്ക് ക്ഷണിക്കപ്പെടുകയുണ്ടായില്ല. മുഖ്യധാരാ മുസ്ലിം സംഘടനകളാല്‍ പലമട്ടില്‍ പീഡിപ്പിക്കപ്പെട്ടു പോരുന്ന മുസ്ലിങ്ങളുടെ കൂട്ടായ്മകളാണവ. ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി ചേകന്നൂര്‍ മൗലവിയാല്‍ സ്ഥാപിക്കപ്പെട്ട സംഘടനയാണ്. അരനൂറ്റാണ്ടു മുന്‍പ് കോഴിക്കോട് ആ സ്ഥാനമായി 'ഇസ്ലാം ആന്‍ഡ് മോഡേണ്‍ എയ്ജ് സൊസൈറ്റി' സ്ഥാപിക്കുന്നതില്‍ നേതൃത്വപരമായ പങ്കുവഹിക്കുകയും സാമ്പ്രദായികവും അതിയാഥാസ്ഥിതികരുമായ ഇസ്ലാമിക കാഴ്ചപ്പാടുകളെ നിശിത വിചാരണയ്ക്ക് വിധേയമാക്കുകയും ചെയ്ത മൗലവിയെ കൊലപ്പെടുത്തിയത് മുഖ്യധാരയിലുള്ള ഒരു മുസ്ലിം സംഘടനയില്‍പ്പെട്ടവരായിരുന്നു. ആ സംഘടനയുടെ പ്രതിനിധികളെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ച പിണറായി വിജയന്‍ ചേകന്നൂര്‍ മൗലവിയുടെ സംഘടനയില്‍പ്പെട്ടവരെ കൂടിക്കാഴ്ചയില്‍നിന്നു അകറ്റിനിര്‍ത്തി. കൊലയാളികളുമായി സൗഹൃദസംഭാഷണമാകാമെന്നും കൊലചെയ്യപ്പെട്ട മതപണ്ഡിതന്റെ അനുയായികളുമായി സംഭാഷണം അരുതെന്നും തീരുമാനിക്കാന്‍ ഒരു മാര്‍ക്‌സിസ്റ്റ് ഭരണകര്‍ത്താവിന് എങ്ങനെ സാധിക്കുന്നു?
ഒഴിച്ചുനിര്‍ത്തപ്പെട്ട മറ്റൊരു സംഘടനയായ അഹമ്മദിയ്യ മുസ്ലിം ജമാഅത്ത് ഇന്ത്യയിലും പാകിസ്താനിലും മുഖ്യധാരാ മുസ്ലിം സംഘടനകളുടെ രൂക്ഷമായ എതിര്‍പ്പിനും വിദ്വേഷത്തിനും ആക്രമണത്തിനും ഇരയാകുന്ന മുസ്ലിങ്ങളുടെ സംഘടനയത്രേ. അവരെ മുസ്ലിങ്ങളായി പരിഗണിക്കാന്‍പോലും മുഖ്യധാരക്കാര്‍ തയ്യാറല്ല. പിണറായി വിജയന്‍ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ച മുസ്ലിം സംഘടനകളത്രയും അഹമ്മദിയ്യ മുസ്ലിങ്ങളെ ഇസ്ലാമിന്റെ ശത്രുക്കളും അസ്പൃശ്യരുമായാണ് വീക്ഷിക്കുന്നത്. അതിനാല്‍ത്തന്നെ ഭയചകിതരായി കഴിയാന്‍ വിധിക്കപ്പെട്ടവരാണവര്‍.
കേരളത്തില്‍ അയ്യായിരത്തോളം  അഹമ്മദിയ്യ മുസ്ലിങ്ങളുണ്ടെന്നാണ് ഏകദേശ കണക്ക്. മുഖ്യമന്ത്രിയുടെ ജില്ലയായ കണ്ണൂരിലാണ് അവര്‍ കൂടുതലുള്ളത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി അവര്‍ക്ക് പള്ളികളുണ്ട്. അവ എത്ര വരും എന്നറിയുന്നതിനു സംഘടനയുടെ പ്രതിനിധിയുമായി ബന്ധപ്പെട്ടപ്പോള്‍ പള്ളികളുടെ എണ്ണം അദ്ദേഹം പറഞ്ഞെങ്കിലും, തങ്ങള്‍ അതൊന്നും വെളിപ്പെടുത്താറില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയുണ്ടായി. കാരണം, തിരക്കിയപ്പോള്‍ മറുപടി: ''മുഖ്യധാരാ മുസ്ലിം സംഘടനകള്‍ക്ക് ഞങ്ങളുടെ സാന്നിധ്യവും വളര്‍ച്ചയും ഒട്ടും ഇഷ്ടമല്ല. ഞങ്ങളുടെ വളര്‍ച്ച ഇല്ലാതാക്കാന്‍ വ്രതമെടുത്തവരാണവര്‍. ഒരു കണക്കിന് ഒതുങ്ങിയും ഭയന്നും കഴിയുന്നവരാണ് ഞങ്ങള്‍ അഹമ്മദിയ്യ മുസ്ലിങ്ങള്‍.''
സംഗതി ശരിയാണ്. മുഖ്യധാരാ മുസ്ലിം സംഘടനകള്‍ക്ക് അഹമ്മദിയ്യ വിഭാഗത്തോട് വെറുപ്പും പുച്ഛവുമാണ്. അവരുടെ പ്രവാചകന്‍ കള്ളപ്രവാചകനാണെന്നു പ്രചരിപ്പിക്കുന്നവരാണ് മുഖ്യധാരക്കാര്‍. പാകിസ്താനില്‍ 1974 തൊട്ട് അഹമ്മദിയ്യകളെ അമുസ്ലിം ന്യൂനപക്ഷമായാണ് പരിഗണിക്കുന്നത്. അവരുടെ പള്ളികള്‍ക്ക് നേരെ ആക്രമണങ്ങള്‍ നടക്കുക ആ നാട്ടില്‍ പതിവാണ്. ഏറ്റവും ഒടുവില്‍ ഇക്കഴിഞ്ഞ മെയ്  23-ന് പാക് പഞ്ചാബ് പ്രവിശ്യയില്‍ സിയാല്‍ക്കോട്ട് സ്ഥിതിചെയ്ത ചരിത്രപ്രാധാന്യമുള്ള അഹമ്മദിയ്യ പള്ളി മുഖ്യധാരാ മുസ്ലിം തീവ്രവാദികളാല്‍ തകര്‍ക്കപ്പെട്ടു. (മാതൃഭൂമി, 25-5-2018)
അയോദ്ധ്യയില്‍ ഹിന്ദുത്വാ കര്‍സേവകര്‍ ബാബറി പള്ളി പൊളിച്ചതിന്റെ പേരില്‍ രോഷക്കടല്‍ സൃഷ്ടിച്ച കേരളത്തിലേയോ മറ്റു ഇന്ത്യന്‍ സംസ്ഥാനങ്ങളിലേയോ മുഖ്യധാരാ മുസ്ലിം സംഘടനകളൊന്നും പോലും സിയാല്‍ക്കോട്ടെ അഹമ്മദിയ്യ പള്ളി ഇസ്ലാമിസ്റ്റ് കര്‍സേവകര്‍ തകര്‍ത്തപ്പോള്‍ ഒരക്ഷരം ഉരിയാടിയില്ല. അത് സൂചിപ്പിക്കുന്നത് സാര്‍വ്വദേശിയ തലത്തില്‍ അഹമ്മദിയ്യ മുസ്ലിങ്ങളെ അവര്‍ കാണുന്നത് കൊടുംശത്രുക്കളായിട്ടാണ് എന്നു തന്നെ. എന്നിട്ടും, മുഖ്യധാരാ മുസ്ലിം സംഘടനകളാല്‍ അകറ്റിനിര്‍ത്തപ്പെടുകയും അങ്ങേയറ്റം പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയും ചെയ്യുന്ന ആ വിഭാഗത്തെ മുഖ്യമന്ത്രി കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചിട്ടില്ലെങ്കില്‍ അതു വെളിപ്പെടുത്തുന്നത് പീഡിതരോടൊപ്പമല്ല, മറിച്ച് കീശയില്‍ വോട്ടുകെട്ടുകളുള്ള പീഡകര്‍ക്കൊപ്പമാണ് മാര്‍ക്‌സിസ്റ്റ് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും നില്‍ക്കുന്നത് എന്നാണ്.
മുസ്ലിം വ്യക്തിനിയമം, മതഭരണവാദം തുടങ്ങിയ വിഷയങ്ങളില്‍ പുരോഗമനപരമായ നിലപാട് സ്വീകരിക്കുന്ന സംഘടനകളാണ് അഹമ്മദിയ്യ മുസ്ലിം ജമാഅത്തും ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റിയും നിസയും. മുസ്ലിം വ്യക്തിനിയമം കാലോചിതമായി പരിഷ്‌ക്കരിക്കണമെന്നും മതഭരണവാദം (ഇസ്ലാമിക രാഷ്ട്രവാദം) അസ്വീകാര്യമാണെന്നുമുള്ള നിലപാടില്‍ നില്‍ക്കുന്ന സംഘടനകളാണവ. ഇടതുപക്ഷ സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുകയും  ഏറ്റവും മുകള്‍ത്തട്ടില്‍ അവരോധിക്കുകയും ചെയ്യേണ്ടത് വാസ്തവത്തില്‍ അവരെയാണ്. പകരം സംഭവിച്ചതോ? ഭാര്യയ്ക്ക് ആര്‍ത്തവമുണ്ടാകുമ്പോള്‍ ഭര്‍ത്താവ് എന്തു ചെയ്യണം എന്നതിനുള്ള മറുപടിയാണ് ബഹുഭാര്യത്വം എന്നു സിദ്ധാന്തിച്ച മുസ്ല്യാരുടെ പാര്‍ട്ടിക്കാരേയും ഭൂമിയില്‍ നടപ്പാക്കേണ്ടത് മനുഷ്യന്റെ ഭരണമല്ല, അല്ലാഹുവിന്റെ ഭരണമാണ് എന്ന് ഉദ്‌ഘോഷിക്കുന്ന മൗദൂദിസ്റ്റുകളേയും പോലുള്ളവരോടാണ്  മുഖ്യമന്ത്രി പിണറായി വിജയന്‍ മുസ്ലിം പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിച്ചത്. മാപ്പര്‍ഹിക്കാത്ത മതയാഥാസ്ഥിതികത്വവും ജനാധിപത്യനിഷേധപരമായ മതഭരണവാദവും ശിരസ്സേറ്റി നടക്കുന്നവര്‍ മാത്രമാണ് മുസ്ലിം സമുദായത്തിന്റെ പ്രതിനിധികള്‍ എന്ന ധാരണയ്ക്ക് അദ്ദേഹം വശംവദനായി എന്നു സാരം.
ഇതെങ്ങനെ സംഭവിച്ചു എന്ന ചോദ്യത്തിനുള്ള ഒരുത്തരം, മുകളില്‍ സൂചിപ്പിച്ചതുപോലെ പിണറായി സാമുദായിക വോട്ട് ബാങ്ക് മന്ത്രത്തിന്റെ മാസ്മരിക വലയത്തില്‍ വീണു എന്നതു തന്നെ. മറ്റൊരു കാരണവും കൂടി അതിനുണ്ട്. പരാമൃഷ്ട കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിയോടൊപ്പം സര്‍ക്കാര്‍ പക്ഷത്തുനിന്നു ഒരു മുസ്ലിം മന്ത്രിയും ഒരു മുസ്ലിം എം.എല്‍.എയും പങ്കെടുക്കുകയുണ്ടായി. കൂടിക്കാഴ്ചയിലേയ്ക്ക് ആരെയെല്ലാം ക്ഷണിക്കണം എന്ന തീരുമാനത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചത് അവരാകാനാണ് സാധ്യത. പൊളിറ്റിക്കല്‍ കരിയറിസത്തിന്റെ ആശാന്മാരായ അവരില്‍ ഒരാള്‍ ജമാഅത്ത്-സിമി-ലീഗ് പാതയിലൂടെ ഇടതുപക്ഷത്തേയ്ക്ക് നുഴഞ്ഞു കയറിയ വ്യക്തിയാണ്. മറ്റേയാള്‍ മുസ്ലിം ലീഗ് എന്ന പാര്‍ട്ടിയില്‍നിന്നു കുതറുകയും ലീഗിയന്‍ ആശയങ്ങള്‍ വിടാതെ മറ്റൊരു മുസ്ലിം പാര്‍ട്ടി തട്ടിപ്പടച്ചുണ്ടാക്കിയ ദേഹവും. ഇരുവരും പ്രത്യയ ശാസ്ത്രപരമായി ഇപ്പോഴും മുസ്ലിം മതമൗലിക, വര്‍ഗ്ഗീയ, യാഥാസ്ഥിതിക പാളയത്തോട് ചേര്‍ന്നു നില്‍ക്കുന്നവരാണ്. അഹമ്മദിയ്യകളേയും ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റിക്കാരേയും നിസ പ്രവര്‍ത്തകരേയും മുസ്ലിങ്ങളായി അംഗീകരിക്കാന്‍ തങ്ങളിപ്പോഴും നെഞ്ചേറ്റുന്ന മുസ്ലിം വലതുപക്ഷ പ്രത്യയശാസ്ത്രം അവരെ അനുവദിക്കില്ല. അതിനാല്‍ത്തന്നെ ഈ വിഭാഗങ്ങള്‍ മുഖ്യമന്ത്രിയെ കാണേണ്ടതില്ല എന്നവര്‍ തീരുമാനിച്ചിരിക്കും. അത്തരക്കാരുടെ ചങ്ങലപ്പൂട്ടുകളില്‍ മാര്‍ക്‌സിസ്റ്റുകാരനായ മുഖ്യമന്ത്രി അകപ്പെട്ടുപോകുന്നത്  മഹാകഷ്ടമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com