പൊതുവിദ്യാലയങ്ങള്‍ക്ക് വാഴ്ത്തുപാട്ട് പോരാ

ഇടതുപക്ഷ വരേണ്യരും സ്വന്തം മക്കളെ പറഞ്ഞയക്കുന്നത് അണ്‍ എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലേയ്ക്ക് തന്നെയാണ്. അപവാദങ്ങള്‍ ഇല്ലെന്നല്ല. 
പൊതുവിദ്യാലയങ്ങള്‍ക്ക് വാഴ്ത്തുപാട്ട് പോരാ

പുതിയ അധ്യയന വര്‍ഷത്തിലെ സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടന്നത് ജൂണ്‍ ഒന്നിനു നെടുമങ്ങാട് ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍. മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു ഉദ്ഘാടകന്‍. തന്റെ പ്രസംഗത്തില്‍ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ രണ്ടു ഗുണവിശേഷങ്ങള്‍ അദ്ദേഹം എടുത്തു പറയുകയുണ്ടായി. മതനിരപേക്ഷത സംരക്ഷിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളാണ് എന്നതായിരുന്നു ഒരു കാര്യം. മറ്റൊന്ന്, അത്തരം സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഒരുവിധത്തിലുള്ള ഭിന്നതയും നിലനില്‍ക്കുന്നില്ല എന്നതും.
വലിയ പരിധിവരെ വസ്തുതാപരമാണ് മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങള്‍. സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പണ്ടെന്നപോലെ ഇപ്പോഴും സമ്മിശ്ര വിദ്യാര്‍ത്ഥി സമൂഹമാണുള്ളത്. വ്യത്യസ്ത മത, ജാതി, വര്‍ഗ്ഗ വിഭാഗങ്ങളില്‍പ്പെടുന്ന കുട്ടികള്‍ അത്തരം വിദ്യാലയങ്ങളില്‍ പഠിക്കുന്നു. സ്വകാര്യ അണ്‍എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മിക്കപ്പോഴും അതല്ല സ്ഥിതി. സ്ഥാപനം നടത്തുന്ന മാനേജ്‌മെന്റിന്റെ മതവും ജാതിയും അവയില്‍നിന്നു ജനിക്കുന്ന സങ്കുചിതത്വവും അപരവിഭാഗ അവജ്ഞയും പല സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മുഴച്ചുനില്‍ക്കുന്നുണ്ട്. എന്നുതന്നെയല്ല, പ്രത്യേക മത-ജാതി സമുദായങ്ങളിലെ വരേണ്യര്‍ക്കു മാത്രം പ്രാപ്യമായവയാണ് ആ ഗണത്തില്‍ വരുന്ന സ്ഥാപനങ്ങള്‍.
തൊണ്ണൂറുകളുടെ ആരംഭം വരെ കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹത്തിലെ 95 ശതമാനത്തിലേറെയും പഠിച്ചിരുന്നത് പൊതുവിദ്യാലയങ്ങളിലാണ്. അക്കാലത്ത് സ്വകാര്യ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നന്നേ കുറവായിരുന്നു എന്നതാണ് മുഖ്യ കാരണം. ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും ഹിന്ദു സമൂഹത്തിലെ വിവിധ ജാതിക്കാരും ദരിദ്രരും ധനികരുമെല്ലാം ഒരേ വിദ്യാലയത്തില്‍ ഒരുമിച്ചു പഠിക്കുന്ന അത്യന്തം അഭികാമ്യമായ സ്ഥിതിവിശേഷം നിലനിന്ന ആ കാലയളവായിരുന്നു സംസ്ഥാനത്ത് മതനിരപേക്ഷതയുടെ സുവര്‍ണ്ണകാലം.
ആ സൗവര്‍ണ്ണികത്വത്തിനു പോറലേല്‍പ്പിച്ചത് രണ്ടു ഘടകങ്ങളാണ്. ദേശീയ തലത്തില്‍ 1991-ല്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെട്ട നവ ഉദാരീകരണ നയമാണ് അതില്‍ ഒന്ന്. കേന്ദ്രസര്‍ക്കാര്‍ മാത്രമല്ല, ഇടതുപക്ഷത്തിനു നല്ല സ്വാധീനമുള്ള കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളും നിയോ ലിബറലിസത്തിന്റെ വഴിയെ പോയി. മറ്റു പല സംസ്ഥാനങ്ങളിലും പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളുടെ എണ്ണം അത്ര കാര്യമായി കുറഞ്ഞില്ലെങ്കിലും തൊണ്ണൂറുകളുടെ അവസാനം തൊട്ട് കേരളത്തില്‍ പൊതുവിദ്യാലയ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ സാരമായ തോതില്‍ ഇടിവനുഭവപ്പെടാന്‍ തുടങ്ങി. സംസ്ഥാനത്ത് അടിക്കടി വികസിച്ചുകൊണ്ടിരുന്ന മധ്യവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ആശ്രയിക്കാനുള്ള സാമ്പത്തിക ത്രാണി കൈവന്നതിന്റെ ഫലമായിരുന്നു അത്.
നവ ഉദാരീകരണ നയം, മധ്യവര്‍ഗ്ഗ വികാസം എന്നീ രണ്ടു ഘടകങ്ങളുടെ പ്രവര്‍ത്തനം നിമിത്തം സ്വകാര്യ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നഗര ഗ്രാമ ഭേദമില്ലാതെ പെരുകുകയും പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കാണെക്കാണെ ക്ഷയിക്കുകയും ചെയ്യുന്ന പ്രതിഭാസത്തിന് കേരളം സാക്ഷ്യം വഹിക്കാന്‍ തുടങ്ങിയിട്ട് കാല്‍ നൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും സി.പി.ഐ.എം അല്ലാത്ത മറ്റു ഇടതുപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ക്കും നന്നായി അറിയാവുന്ന കാര്യമാണിത്. പക്ഷേ, മതനിരപേക്ഷത പരിരക്ഷിക്കാന്‍ പര്യാപ്തമായ പൊതുവിദ്യാലയങ്ങള്‍ ദുര്‍ബ്ബലപ്പെടുകയും മതനിരപേക്ഷ മൂല്യങ്ങള്‍ വാടിക്കൊഴിയാന്‍ ഇടയാക്കുന്ന സ്വകാര്യ സ്വാശ്രയ വിദ്യാലയങ്ങള്‍ എണ്ണത്തിലും വണ്ണത്തിലും വളരുകയും ചെയ്യുന്ന ദുഃസ്ഥിതിക്കെതിരെ ഫലപ്രദമായ ഇടപെടലുകള്‍ വല്ലതും മനസ്സറിഞ്ഞു അവര്‍ നടത്തിയോ?
ഇല്ല എന്നതിന്റെ ജീവിക്കുന്ന തെളിവുകളാണ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കേരളത്തില്‍ ഒരു വശത്ത് കണ്ടുവരുന്ന 'അനാദായകരമായ' സര്‍ക്കാര്‍/എയ്ഡഡ് വിദ്യാലയങ്ങളും മറുവശത്ത്  അനുദിനം കൊഴുക്കുന്ന സ്വകാര്യ സ്വാശ്രയ വിദ്യാലയങ്ങളും. ആരൊക്കെയാണ് സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയ്ക്ക് കുട്ടികളെ അയയ്ക്കുന്നത് എന്നു പരിശോധിക്കുമ്പോഴാണ്, പൊതു വിദ്യാലയങ്ങളോടുള്ള അവജ്ഞ വലതുപക്ഷ വരേണ്യരില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നില്ല എന്നു മനസ്സിലാവുക. ഇടതുപക്ഷ വരേണ്യരും സ്വന്തം മക്കളെ പറഞ്ഞയക്കുന്നത് അണ്‍ എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലേയ്ക്ക് തന്നെയാണ്. അപവാദങ്ങള്‍ ഇല്ലെന്നല്ല. പക്ഷേ, ഇടതു മധ്യവര്‍ഗ്ഗത്തിന്റെ പൊതു മനോഭാവം സ്വകാര്യ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനുകൂലമാണെന്നത് വസ്തുത മാത്രമാണ്.
ഈ ഘട്ടത്തില്‍ മുഖ്യവിഷയത്തില്‍നിന്നു അല്‍പ്പമൊന്നു വ്യതിചലിക്കട്ടെ. ഔദ്യോഗിക ഇടതുപക്ഷ മധ്യവര്‍ഗ്ഗത്തിന്റെ പൊതു മനോഭാവം വിദ്യാഭ്യാസ വിഷയത്തില്‍ മാത്രമല്ല, ഇടതുപക്ഷ വിരുദ്ധമാകുന്നത് എന്നു ചൂണ്ടിക്കാട്ടാനാണ് ഈ വ്യതിചലനം. സി.പി.ഐ.എമ്മിന്റെ മുഖപത്രമായ ദേശാഭിമാനി നിലവില്‍ വന്നിട്ട് മുക്കാല്‍ നൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. സര്‍ക്കുലേഷന്റെ കാര്യത്തില്‍ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്ത് നില്‍ക്കേണ്ട പത്രമാണത്. കാരണം, പത്രം വാങ്ങാന്‍ ധനശേഷിയുള്ളവരും അഭ്യസ്തവിദ്യരുമായ മധ്യവര്‍ഗ്ഗത്തിന്റെ ഏതാണ്ട് പാതിയോളം സി.പി.ഐ.എം പ്രവര്‍ത്തകരോ അനുഭാവികളോ ആണ്. എന്‍.ജി.ഒ യൂണിയനും കെ.എസ്.ടിഎയും കെ.ജി.ഒ.എയും എ.കെ.പി.സി.ടി.എയും എ.കെ.ജി.സി.ടിയും ബെഫിയും തൊട്ട് എന്‍.എഫ്.പി.ഇ വരെയുള്ള എംപ്ലോയീസ് യൂണിയനുകള്‍ സി.പി.ഐ.എം അനുകൂല ജീവനക്കാരുടെ സംഘടനകളാണ്. പത്രത്തിനു മാസവരിയടയ്ക്കാന്‍ ശേഷിയുള്ള അവരില്‍ മഹാഭൂരിപക്ഷവും ദേശാഭിമാനിയല്ല, മാര്‍ക്‌സിസ്റ്റ് നേതാക്കള്‍ 'മുത്തശ്ശി പത്രങ്ങള്‍' എന്നു അപഹസിക്കുന്ന പത്രങ്ങളാണ് വാങ്ങുന്നത്. അതിനാല്‍ മലയാള പത്രങ്ങളില്‍ മൂന്നാം സ്ഥാനം പോലും ദേശാഭിമാനിക്കില്ല. അഥവാ ഉണ്ടെങ്കില്‍ത്തന്നെ പ്രൊഫ. എം.എന്‍. വിജയന്‍ ഒരിക്കല്‍ പറഞ്ഞതുപോലെ, മൂന്നാം സ്ഥാനത്തും രണ്ടാം സ്ഥാനത്തും നില്‍ക്കുന്ന പത്രങ്ങള്‍ തമ്മിലുള്ള കോപ്പികളുടെ അകലം ലക്ഷങ്ങളുടേതാണ്.
ഇടതുപക്ഷ വര്‍ഗ്ഗത്തിന്റെ മേല്‍ സൂചിപ്പിച്ച ഇടതുപക്ഷ വിരുദ്ധത തന്നെയാണ് പൊതു വിദ്യാലയങ്ങളോടുള്ള അവരുടെ സമീപനത്തിലും പ്രതിഫലിക്കുന്നത്. യൂണിയന്‍ തലത്തിലോ പാര്‍ട്ടി തലത്തിലോ ഇടതുപക്ഷമായിരിക്കുമ്പോഴും മനോഭാവതലത്തില്‍ അവര്‍ ഒന്നാന്തരം വലതുപക്ഷക്കാരാണ്. ഇത് ജീവനക്കാരുടെ മാത്രം പ്രശ്‌നമല്ല. ഇടതുപക്ഷ എം.പി.മാരുടേയും എം.എല്‍.എമാരുടേയും മന്ത്രിമാരുടേയും അവസ്ഥ പരിശോധിക്കുമ്പോഴും ഭിന്നമാവില്ല സ്ഥിതി. സ്വന്തക്കാര്‍ക്കുവേണ്ടി സ്വാശ്രയ പ്രൊഫഷണല്‍ കോളേജ് മാനേജ്‌മെന്റുകളുടേയോ അണ്‍എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ നടത്തിപ്പുകാരുടേയോ പിറകേ പോകാത്ത (ശുപാര്‍ശക്കത്ത് നല്‍കാത്ത) എത്ര മന്ത്രിമാരും നേതാക്കളും ജനപ്രതിനിധികളും ഇടതുപക്ഷത്തുണ്ടാകും? പാര്‍ട്ടി സെക്രട്ടറിമാര്‍ തൊട്ട് മന്ത്രിപുംഗവന്മാര്‍ വരെ തങ്ങളുടെ പിന്നാലെ വരാറുണ്ട് എന്നതുകൊണ്ടു കൂടിയാണ് സ്വാശ്രയ വിദ്യാഭ്യാസ വ്യവസായികള്‍ മിക്കപ്പോഴും സര്‍ക്കാര്‍ തീട്ടൂരങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിക്കാതിരിക്കുന്നത്.
കേരളത്തില്‍ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സംരക്ഷിക്കപ്പെടുകയും മികച്ച രീതിയില്‍ അവ പ്രവര്‍ത്തിക്കുകയും ചെയ്യണമെങ്കില്‍ മധ്യവര്‍ഗ്ഗ രക്ഷിതാക്കള്‍ തങ്ങളുടെ കുട്ടികളെ അത്തരം സ്ഥാപനങ്ങളില്‍ ചേര്‍ക്കാന്‍ സന്നദ്ധത പ്രകടിപ്പിക്കണം. അതു സംഭവിക്കുന്നതിനുള്ള മുന്നുപാധി പൊതുവിദ്യാലയങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നു എന്നവകാശപ്പെടുന്ന ഇടതു മധ്യവര്‍ഗ്ഗ രക്ഷിതാക്കള്‍ സ്വന്തം മക്കളെ സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിപ്പിക്കാന്‍ മുന്നോട്ട് വരുക എന്നതാണ്. അതത് പ്രദേശങ്ങളിലെ മധ്യ-ഉപരിവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ കൂടി പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമൂഹമധ്യത്തില്‍ സമ്മതിയും വിശ്വാസ്യതയും കൂടും. എന്നുതന്നെയല്ല, ആ സ്ഥാപനങ്ങളുടെ ഉന്നമനത്തില്‍ സ്ഥലത്തെ ഇടതുപക്ഷേതര മധ്യ-ഉപരി വര്‍ഗ്ഗ രക്ഷിതാക്കള്‍ക്കു കൂടി താല്‍പ്പര്യം ജനിക്കാനും സ്ഥാപനത്തിന്റെ പുരോഗതിക്ക് തങ്ങളുടെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ സ്വാധീനത ഉപയോഗിക്കാനുള്ള ഔത്സുക്യം അവരില്‍ വളരാനും അത് പ്രേരകമാവുകയും ചെയ്യും.
ഈ ദിശയില്‍ ഒരു മനോഭാവ പരിവര്‍ത്തനം കേരളീയ മധ്യവര്‍ഗ്ഗത്തിനകത്ത് സംഭവിക്കേണ്ടതുണ്ട്. അതിനു മുന്‍കൈ എടുക്കേണ്ടത് ഇടതുപക്ഷ മധ്യവര്‍ഗ്ഗവും ആ വര്‍ഗ്ഗത്താല്‍ നിലനില്‍ക്കുന്ന (സമ്പുഷ്ടമാക്കപ്പെടുന്ന) സി.പി.ഐ.എമ്മുമാണ്. ഏറ്റവും ചുരുങ്ങിയത് കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഗുണഭോക്താക്കളായ മധ്യവര്‍ഗ്ഗ ജീവനക്കാരും ആ പാര്‍ട്ടികളുടെ പ്രാദേശിക, മധ്യനിര, ഉപരിനിര നേതാക്കളും സ്വന്തം കുട്ടികളേയും തങ്ങളുടെ സ്വാധീന പരിധിയിലുള്ള കുട്ടികളേയും പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലേ പഠിപ്പിക്കൂ എന്നു തീരുമാനിക്കുകയും അതു കണിശാര്‍ത്ഥത്തില്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്യണം. സ്വന്തം മക്കളെ സ്വകാര്യ, വരേണ്യ വിദ്യാലയങ്ങളിലയച്ച്, പൊതുവിദ്യാലയങ്ങള്‍ മതനിരപേക്ഷതയുടെ കാവല്‍പ്പുരകളാണെന്ന തരത്തിലുള്ള വാഴ്ത്തുപാട്ടുകളും സ്തുതിഗീതങ്ങളും ആലപിച്ചതുകൊണ്ട് പ്രയോജനമേതുമുണ്ടാകില്ല.  ഉത്തമമെന്നു തങ്ങള്‍ പ്രസംഗവേദികളില്‍ പ്രശംസിക്കുന്ന സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇടതുപക്ഷ നേതാക്കളുടെ വരുതിയിലുള്ള സന്താനങ്ങളെ ചേര്‍ത്തു പഠിപ്പിക്കാന്‍ അവര്‍ സന്നദ്ധരായെങ്കില്‍ മാത്രമേ ആ സ്ഥാപനങ്ങള്‍ക്ക് സ്വാശ്രയ സ്ഥാപനങ്ങളോട് മത്സരിക്കാനും അതിജീവിക്കാനുമുള്ള ഭൗതിക, അക്കാദമിക സാഹചര്യങ്ങള്‍ കൈവരൂ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com