ഇതിന്റെ പേരാണ് ലവ്ലെസ് ജിഹാദ്

പ്രവാചകനും പ്രവാചക പത്‌നിയും പരാമര്‍ശിക്കപ്പെടുന്ന പാട്ടില്‍ അനുരാഗം കടന്നുവരാന്‍ പാടില്ലെന്നു ദൈവമോ പ്രവാചകനോ വിലക്കിയിട്ടുണ്ടോ?
ഇതിന്റെ പേരാണ് ലവ്ലെസ് ജിഹാദ്

'ഒരു അഡാറ് ലവ്' എന്ന ചിത്രത്തിലെ 'മാണിക്യമലരായ പൂവി' എന്ന ഗാനത്തിന്റെ പേരില്‍ മതവികാരജീവികള്‍ ഗോദയിലിറങ്ങിയപ്പോള്‍ ഓര്‍മ്മവന്നത് ഹാജറയേയും ഖദീജയേയുമാണ്. ഇസ്ലാമിന്റെ ഉരുവപ്പെടലില്‍ സുപ്രധാന പങ്ക് വഹിച്ചവരാണ് ആ വനിതാരത്‌നങ്ങള്‍. അവരുടെ അന്യാദൃശ വ്യക്തിത്വങ്ങളിലേക്ക്  തിരിഞ്ഞുനോക്കിയാലേ മതവികാരജീവികളുടെ ഉറഞ്ഞുതുള്ളലുകള്‍ എത്രമാത്രം നിരര്‍ത്ഥകമാണെന്നു തിരിച്ചറിയാനാവൂ.
ഇസ്ലാമിന്റെ ചരിത്രമാതാവ് (ഹിസ്റ്റോറിക്കല്‍ മദര്‍) എന്ന വിശേഷണത്തിന് അര്‍ഹയാണ് ഹാജറ. നാല് സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പ് മക്കയിലെ മണലാരണ്യത്തില്‍ ഏകാന്തയായി നില്‍ക്കാന്‍ വിധിക്കപ്പെട്ടവള്‍; ജൂത-ക്രൈസ്തവ-ഇസ്ലാം മതങ്ങളുടെ പിതാവായി അറിയപ്പെടുന്ന അബ്രഹാമിന്റെ (ഇബ്രാഹിം നബിയുടെ) രണ്ടാം ഭാര്യ. ഹാജറ ജന്മം നല്‍കിയ കുഞ്ഞിന്റെ പേര് ഇസ്മായില്‍ (പില്‍ക്കാലത്ത് ഇസ്മായില്‍ നബി). അബ്രഹാമിന്റെ ആദ്യ ഭാര്യ സാറ പ്രസവിച്ച കുഞ്ഞിന്റെ പേര് ഐസക്  (ഇസ്ഹാഖ്; പില്‍ക്കാലത്ത് ഇസ്ഹാഖ് നബി).
ഇസ്ലാമിക ചരിതമനുസരിച്ച് ഇബ്രാഹിം നബി ഹാജറയേയും ഇസ്മായിലിനേയും മക്കയിലെ മണല്‍ക്കാട്ടില്‍ വിട്ട് സാറയോടൊപ്പം ജീവിച്ചു. ഹാജറ ഒട്ടേറെ കഷ്ടപ്പാടുകള്‍ സഹിച്ച് ഇസ്മായിലിനെ വളര്‍ത്തി. ഇന്നത്തെ മക്കയില്‍ മെക്‌ഡൊണാള്‍ഡ്‌സും കെന്റക്കി ഫ്രൈഡ് ചിക്കനും മെക്ക ഷെറാട്ടനുമെല്ലാമുണ്ടെങ്കിലും അന്നത്തെ മക്കയില്‍ കുടിവെള്ളം പോലും അലഭ്യം. ദാഹിച്ചുവലഞ്ഞ ഇസ്മായില്‍ എന്ന ചോരക്കുഞ്ഞ് മണല്‍ത്തിട്ടയില്‍ കൈകാലിട്ടടിച്ചപ്പോള്‍ പൊങ്ങിവന്ന നീരുറവ അമ്മയ്ക്കും കുഞ്ഞിനും ആശ്രയമായി. ആ ജലധാര 'സംസം' എന്നറിയപ്പെടുന്നു.
അസാമാന്യ സഹനശീലത്തിലൂടെ, ധീരതയിലൂടെ ഹാജറ ഒരു നവ സംസ്‌കൃതിയുടെ മാതാവായി മാറുകയായിരുന്നു. ഇബ്രാഹിം സാറയോടൊപ്പം ജീവിക്കവെ ഹാജറ തനിയെ സംസം നീരുറവയ്ക്കടുത്ത് ഇസ്മായിലുമായി കഴിഞ്ഞുകൂടി. അവനു വിവാഹപ്രായമെത്തിയപ്പോള്‍ ഇടക്കാലത്ത് അവിടെ താമസമുറപ്പിച്ച ജൂര്‍ഹും ഗോത്രത്തിലെ ഒരു പെണ്‍കുട്ടിയെ ഹാജറ അവന്റെ ഭാര്യയാക്കി. മുസ്ലിം ചരിതമനുസരിച്ച് ഇബ്രാഹിം ഒരു നാള്‍ ആ വഴി വന്നു. ഇസ്മായില്‍ വിവാഹം ചെയ്ത പെണ്‍കുട്ടിയെ അദ്ദേഹത്തിനു ബോധിച്ചില്ല. അവളെ വിവാഹമോചനം നടത്തി ജൂര്‍ഹും ഗോത്രത്തലവന്റെ മകളെ കല്യാണം കഴിക്കാന്‍ ഇസ്മായിലിന് അദ്ദേഹം നിര്‍ദ്ദേശം നല്‍കി. മകന്‍ അനുസരിച്ചു. ജുര്‍ഹും ഗോത്രമേധാവിയുടെ പുത്രി ഇസ്മായിലിന്റെ കുടുംബിനിയായി. ആ ബന്ധത്തില്‍നിന്നു പില്‍ക്കാലത്ത് വികസിച്ചുവന്ന ഖുറൈശി ഗോത്രത്തിലാണ് രണ്ടര സഹസ്രാബ്ദങ്ങള്‍ക്കുശേഷം  മുഹമ്മദ് ഭൂജാതനായത്.
ഇസ്ലാമിന്റെ വംശീയവേരുകള്‍ ഹാജറയിലൂടെ, ജൂര്‍ഹും ഗോത്രത്തിലൂടെ ഖുറൈശി ഗോത്രത്തിലേക്ക്  നീളുന്നു. അതേസമയം ഇബ്രാഹിമിന്റെ ആദ്യ ഭാര്യ സാറയില്‍ ജനിച്ച ഇസ്ഹാഖ് (ഐസക്) റെബേക്ക എന്ന സ്ത്രീയെ വിവാഹം കഴിച്ചു. ആ ദാമ്പത്യത്തില്‍നിന്നും പൊട്ടിമുളച്ച യഹൂദഗോത്രങ്ങളിലാണ് ജൂതമതത്തിന്റേയും ക്രിസ്തുമതത്തിന്റേയും വേരുകള്‍ കിടക്കുന്നത്.
പ്രതികൂല സാഹചര്യങ്ങളോട് ഇഞ്ചോടിഞ്ച് പൊരുതി ജീവിച്ച ഹാജറയില്‍നിന്നു നാമ്പെടുത്ത നവസംസ്‌കൃതി എ.ഡി. ആറാം നൂറ്റാണ്ടിലെത്തുമ്പോള്‍ വീണ്ടും മറ്റൊരു സ്ത്രീയാല്‍ പരിപോഷിപ്പിക്കപ്പെടുന്നതാണ്  നാം കാണുന്നത്. ആ സ്ത്രീയുടെ പേരാണ് ഖദീജ. മക്കയിലെ അതിസമ്പന്നയായ വ്യാപാര പ്രമുഖയായിരുന്നു അവര്‍. തന്റെ വര്‍ത്തകസംഘത്തെ സിറിയയിലേക്ക് നയിക്കാനുള്ള ജോലി അവര്‍ മുഹമ്മദിനു നല്‍കി. വിശ്വസ്തനായ മുഹമ്മദിനെ അവര്‍ സ്‌നേഹാദരപൂര്‍വ്വം വീക്ഷിച്ചു. അന്നു മുഹമ്മദ് അവിവാഹിതനായ 25-കാരന്‍. ഖദീജയാകട്ടെ, 40-കാരിയായ വിധവ. അവര്‍ മുഹമ്മദിനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. പ്രണയ-വൈവാഹിക വിഷയങ്ങളില്‍ മുസ്ലിം ചരിതത്തില്‍ സ്വയം തീരുമാനമെടുത്ത (സ്വയം നിര്‍ണ്ണയാവകാശം പ്രയോഗിച്ച) ആദ്യത്തെ വനിതയാണ് ഖദീജ.
മക്കയ്ക്കടുത്തുള്ള ജബലുന്നൂര്‍ എന്ന പര്‍വ്വതത്തിലെ ഹിറ എന്ന ഗുഹയില്‍ ധ്യാനനിമഗ്‌നനാകുന്ന പതിവുണ്ടായിരുന്ന മുഹമ്മദിന് ഒരു നാള്‍ ദൈവത്തിന്റെ മാലാഖയായ ജിബ്രീല്‍ (ഗബ്രിയേല്‍) ദൈവിക സന്ദേശം നല്‍കിയെന്ന് മുസ്ലിം ചരിതം പറയുന്നു. പ്രസ്തുത സംഭവം മുഹമ്മദില്‍ പരിഭ്രാന്തി സൃഷ്ടിച്ചപ്പോള്‍ അദ്ദേഹത്തെ സാന്ത്വനിപ്പിച്ചത്  ഖദീജയായിരുന്നു. അവര്‍ മുഹമ്മദിനെ തന്റെ മച്ചുനനും പണ്ഡിതനുമായ വറഖബിന്‍ നൗഫലിനടുത്ത് കൊണ്ടുപോയി. മൂസ (മോശ) നബിയുടേയും ഈസ (ജീസസ്) നബിയുടേയും മുന്‍പാകെ വന്നു ദൈവിക സന്ദേശങ്ങള്‍ കൈമാറിയ അതേ മാലാഖയാണ്  മുഹമ്മദിനു മുന്‍പിലും പ്രത്യക്ഷപ്പെട്ടതെന്ന് നൗഫല്‍ വ്യക്തമാക്കി. ഖദീജ അത് ശരിവെച്ചു. ഖദീജയിലൂടെ മുഹമ്മദിനു ധൈര്യം ലഭിച്ചു; ദൈവത്തിന്റെ സന്ദേശമാണ് തനിക്ക് ലഭിച്ചതെന്ന്  അദ്ദേഹത്തിന് ബോധ്യം വന്നു. ക്രൈസ്തവ വിശ്വാസിയായിരുന്ന ഖദീജയത്രേ മുഹമ്മദിലൂടെ വെളിച്ചം കണ്ട ഇസ്ലാമിലേക്ക് മതം മാറിയ ആദ്യത്തെ വ്യക്തി.
ഹാജറ ഇസ്ലാമിന്റെ ചരിത്രമാതാവാണെങ്കില്‍, ഖദീജ ആഗോള ഇസ്ലാം മതവിശ്വാസികളുടെ മാതാവാണ്.
ഇച്ചൊന്ന രണ്ടു സ്ത്രീകള്‍ക്ക് ഇസ്ലാമിന്റെ ചരിത്രത്തിലുള്ള അതുല്യ പ്രാധാന്യം തിരിച്ചറിയാത്തവരാണ്  'അഡാറ് ലവി'ലെ മാണിക്യമലരായ പൂവി എന്ന പാട്ടിനെതിരെ രോഷസ്‌ഫോടനം നടത്തിയത്. വിവാദവിധേയമായ ഗാനത്തില്‍ ഹാജറ പരാമര്‍ശിക്കപ്പെടുന്നില്ല. ഖദീജയെ അതില്‍ വരുന്നുള്ളൂ. ഏത് ഖദീജ? മുഹമ്മദിനോട് വിവാഹാലോചന നടത്തിയ തന്റേടിയായ ഖദീജ; സ്ത്രീ സംരംഭകത്വത്തിന്റെ ഉജ്ജ്വല പ്രതീകമായ ഖദീജ. ആ ഖദീജയുടെ വ്യക്തിത്വശോഭയ്ക്ക് മങ്ങലേല്‍പ്പിക്കുന്ന ഒരു വാക്കുപോലും ആ പാട്ടിലില്ല. എന്നിട്ടും വിമര്‍ശകര്‍ ആ ഗാനത്തില്‍ ഖദീജാനിന്ദയും പ്രവാചകനിന്ദയും മതനിന്ദയുമൊക്കെ കണ്ടെത്തി. അവര്‍ ചിത്രത്തിന്റെ സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.
ഹൈദരാബാദിലെ ഫലക്നമയിലെ ഒരു സംഘം മുസ്ലിം യുവാക്കളാണ് പരാതിക്കാര്‍. അവരെ അനുകൂലിക്കുന്നവര്‍ കേരളത്തിലും ഇല്ലാതില്ല. ഒരു മലയാളം ചാനല്‍ ഇത് സംബന്ധിച്ചു നടത്തിയ ചര്‍ച്ചയില്‍ പങ്കെടുത്ത, ഒരു പ്രമുഖ മുസ്ലിം മതസംഘടനയുടെ വക്താവ് പരാതിക്കാരുടെ പക്ഷം ചേര്‍ന്ന് സംസാരിച്ചത് അതിന്റെ തെളിവാണ്. മുസ്ലിങ്ങളുടെ മതവികാരം വ്രണപ്പെടുത്തുന്നതാണ് ആ ഗാനം എന്നവര്‍ ആരോപിക്കുന്നു.
മൂന്നു പതിറ്റാണ്ടെങ്കിലുമായി മലബാറില്‍ ആസ്വദിക്കപ്പെട്ടുപോരുന്ന ഒരു ഗാനമാണ് പി.എം.എ. ജബ്ബാര്‍ രചിച്ച മാണിക്യമലരായ പൂവി എന്നു തുടങ്ങുന്ന ഗാനം. ഇന്നേവരെ ആരും അതില്‍ മതനിന്ദ ആരോപിച്ചിട്ടില്ല. പാട്ടിന്റെ ദൃശ്യാവിഷ്‌ക്കാരത്തില്‍ വിദ്യാര്‍ത്ഥികളായ യുവതീയുവാക്കളാണ് പ്രത്യപ്പെടുന്നത്. യുവത്വം അനിസ്ലാമികമാണോ? അനാരോഗ്യകരമല്ലാത്ത മനുഷ്യസഹജ വികാരങ്ങള്‍ ഒരു പാട്ടിന്റെ ചിത്രീകരണത്തില്‍ കടന്നുവരുന്നത്  മതനിന്ദാപരമാകുമോ? പ്രവാചകനും പ്രവാചക പത്‌നിയും പരാമര്‍ശിക്കപ്പെടുന്ന പാട്ടില്‍ അനുരാഗം കടന്നുവരാന്‍ പാടില്ലെന്നു ദൈവമോ പ്രവാചകനോ വിലക്കിയിട്ടുണ്ടോ? ''ഞാന്‍ നിങ്ങളെപ്പോലെ വെറുമൊരു മനുഷ്യനാണ്'' എന്ന് അസന്ദിഗ്ദ്ധ ഭാഷയില്‍ വെളിവാക്കിയ മുഹമ്മദ് നബിയെ മനുഷ്യനായി കാണുന്നതിനു പകരം മറ്റേതോ ഗ്രഹജീവിയായി കാണുന്നത് മിതമായി പറഞ്ഞാല്‍ മനോവൈകൃതമാണ്.
പ്രണയം, സ്‌നേഹം, അനുരാഗം എന്നെല്ലാം അര്‍ത്ഥം വരുന്ന ലവ് (Love) എന്ന ഇംഗ്ലീഷ് പദം ദ്യോതിപ്പിക്കുന്ന നിര്‍മ്മല വികാരം മുഹമ്മദ് നബിയുമായോ അദ്ദേഹത്തിന്റെ പത്‌നിയുമായോ ബന്ധപ്പെടുന്ന ഏതെങ്കിലും ചലച്ചിത്രത്തിലോ കവിതയിലോ ഗാനത്തിലോ മറ്റേതെങ്കിലും സാഹിത്യ-കലാരചനകളിലോ പ്രത്യക്ഷപ്പെടുന്നതിനെതിരെ  മതവികാരക്കഠാര ഉയര്‍ത്തി ആര്‍ത്തട്ടഹസിക്കുന്നവര്‍ നടത്തുന്ന പോര്‍വിളിക്കു നല്‍കാവുന്ന ഒരേയൊരു പേരേയുള്ളൂ-ലവ്ലെസ് ജിഹാദ്. സ്‌നേഹം, പ്രണയം തുടങ്ങിയ മനുഷ്യസഹജ വികാരങ്ങള്‍ക്ക് ഇടമില്ലാത്ത ഇടുങ്ങിയ മേഖലയായി മതത്തെ ന്യൂനീകരിക്കുന്നവരത്രേ ഈ പ്രണയരഹിത ജിഹാദിന്റെ അശ്വഭടന്മാര്‍. അവര്‍ക്കു മുന്‍പില്‍ മുട്ടുമടക്കാന്‍ തയ്യാറല്ലെന്നു പ്രഖ്യാപിച്ച സംവിധായകന്‍ അഭിനന്ദനമര്‍ഹിക്കുന്നു.
കേരളത്തില്‍ പോപ്പുലര്‍ ഫ്രന്റുകാരുടെ പത്രം പാട്ടുവിവാദത്തെക്കുറിച്ച്  എഴുതിയ മുഖപ്രസംഗം ഇവിടെ പരാമര്‍ശിക്കപ്പെടണം. പാട്ടിനെതിരെ വിവാദം പൊട്ടിപ്പുറപ്പെട്ടത് ഹൈദരബാദില്‍ നിന്നായതിനാല്‍ അതില്‍ ദുരൂഹതയുണ്ടെന്നും സംഘപരിവാര ഗൂഢാലോചന സംശയിക്കാവുന്നതാണെന്നും മുഖപ്രസംഗം ധ്വനിപ്പിക്കുന്നു. ''മുസ്ലിം ജനസാമാന്യത്തെ ഇകഴ്ത്തിക്കാട്ടാനുള്ള ശ്രമം പാട്ടിനെതിരായ നീക്കങ്ങള്‍ക്കു പിന്നിലുണ്ടോ എന്നു ന്യായമായും സംശയിക്കണം'' എന്നും മുഖപ്രസംഗത്തില്‍ പറയുന്നുണ്ട്. ഈ ന്യായം വെച്ച്, പെരുമാള്‍ മുരുകന്റെ നോവലിനെതിരെ തമിഴ്നാട്ടില്‍ ചിലര്‍ നടത്തിയ പോര്‍വിളി ഹിന്ദുജന സാമാന്യത്തെ ഇക്‌ഴത്തിക്കാട്ടാന്‍ ചിലര്‍ നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് സംഘപരിവാര്‍ ആരോപിച്ചാല്‍, അതിനെന്താണ് മറുപടി?
ഒരു വിഭാഗം അസഹിഷ്ണുക്കള്‍ എല്ലാ മതക്കാര്‍ക്കും രാഷ്ട്രീയക്കാര്‍ക്കുമിടയിലുണ്ടെന്ന് സമ്മതിക്കുന്നതാകും വിവേകം. അത്തരക്കാരെ തുറന്നെതിര്‍ക്കാന്‍ ബന്ധപ്പെട്ട മതക്കാരും രാഷ്ട്രീയക്കാരും തയ്യാറാകേണ്ടതുണ്ട്. മറ്റു പലരേയുംപോലെ പോപ്പുലര്‍ ഫ്രന്റുകാരും അതിനു തയ്യാറല്ല. തെളിവ് വേണമെങ്കില്‍ ഇതാ: കോഴിക്കോട് പന്നിയങ്കര ഇസ്ലാഹിയ പ്രിപ്പറേറ്ററി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ബാലകലോത്സവത്തിന്റെ ഭാഗമായ പ്രച്ഛന്നവേഷമത്സരത്തില്‍ വെളിച്ചപ്പാട് വേഷമിട്ട മുഹമ്മദ് ബിലാല്‍ എന്ന രണ്ടാംക്ലാസ്സ് വിദ്യാര്‍ത്ഥിക്കു വിലക്കേര്‍പ്പെടുത്തി. 'ഇസ്ലാമിക ചട്ടക്കൂടി'ന് എതിരാണ് വെളിച്ചപ്പാട് വേഷം എന്നായിരുന്നു അധികൃതരുടെ വിശദീകരണം (ദേശാഭിമാനി, 7-2-2018). ഈ ലവ്ലെസ് ജിഹാദിനെതിരെ പി.എഫ്.ഐയോ മറ്റു മുസ്ലിം സംഘടനകളോ പ്രതികരിച്ചില്ല. സ്വമതക്കാരുടെ അസഹിഷ്ണുത മൂടിവെച്ച് അപരമതക്കാരുടെ അസഹിഷ്ണുത മാത്രം തുറന്നുകാട്ടുന്നതിലാണ് എല്ലാ മൗലികവാദികളും അഭിരമിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com