മഹാശാസ്ത്രജ്ഞനോടൊപ്പം അല്‍പ്പനേരം; സ്റ്റീഫന്‍ ഹോക്കിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച്

അറുപതുകളുടെ തുടക്കത്തില്‍ പ്രപഞ്ചവിജ്ഞാനീയത്തിലെ ഏറ്റവും വലിയ ചോദ്യം പ്രപഞ്ചത്തിനൊരു തുടക്കമുണ്ടായിരുന്നോ എന്നതായിരുന്നു.
ഹോക്കിങ് ആറന്മുള കണ്ണാടി നോക്കുന്നു
ഹോക്കിങ് ആറന്മുള കണ്ണാടി നോക്കുന്നു

ആദ്യമായി കേരളത്തെക്കുറിച്ചാണ് ഹോക്കിങ്ങിനോട് സംസാരിച്ചത്. ഇവിടുത്തെ ഭൂപ്രകൃതി, കാലാവസ്ഥ, ജനങ്ങളുടെ രീതികള്‍, പശ്ചിമഘട്ടം, ശാസ്ര്താഭിമുഖ്യം തുടങ്ങിയവയെക്കുറിച്ചു വിശദീകരിച്ചു. കയ്യില്‍ കരുതിയിരുന്ന കേരളത്തെക്കുറിച്ചുള്ള സചിത്രപുസ്തകം അദ്ദേഹത്തിനു നല്‍കി. സ്റ്റീഫന്‍ ഹോക്കിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് ഡോ. എ. രാജഗോപാല്‍ കമ്മത്ത്.

പ്രൊഫസര്‍ ഹോക്കിങ്ങിനെ കാണാനുള്ള അനുവാദം ലഭിച്ചത് ഇംഗ്‌ളണ്ടിലെത്തിയ മൂന്നാം ദിവസമാണ്. പ്രഭാതത്തില്‍ തന്നെ ലണ്ടനിലെ കിങ്‌സ് ക്രോസ് സ്റ്റേഷനില്‍നിന്നും ട്രെയിനില്‍ യാത്രതിരിച്ചു. ഒരു മണിക്കൂറാണ് യാത്രാസമയം. വേനല്‍ക്കാലത്തിന്റെ തുടക്കമായതിനാല്‍ ഇംഗ്‌ളണ്ടില്‍ സുഖകരമായ കാലാവസ്ഥയാണ്. ഇടയ്ക്കു പെയ്യുന്ന ചാറ്റല്‍മഴ ജനങ്ങളെ അത്ര ബാധിക്കുന്നുമില്ല. ഈ കാലയളവില്‍ രാത്രി ഒന്‍പതരവരെ പകല്‍വെളിച്ചമുണ്ട്.

കേംബ്രിഡ്ജിന്റെ വീഥികളില്‍ ലോകത്തെ ഏറ്റവും മുന്തിയ ബ്രാന്‍ഡുകളുടെ വില്‍പ്പനകേന്ദ്രങ്ങളുണ്ട്.റോഡില്‍ വാഹനങ്ങളുടെ തിരക്കില്ല. വല്ലപ്പോഴും ഒരു കാറോ ബസോ പോയാലായി. കോളേജുകളെല്ലാം നൂറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. നിറയെ മനോഹരമായ പുല്‍ത്തകിടികളും പൂച്ചെടികളും. ചില കോളേജുകളില്‍ സഞ്ചാരികളെ ടിക്കറ്റു വച്ചു കയറ്റുന്നുമുണ്ട്. ഉത്സാഹഭരിതരായ ചെറുപ്പക്കാര്‍ ചടുലമായി അങ്ങിങ്ങു നീങ്ങുന്നു. എങ്ങും ഉത്സാഹം നിറഞ്ഞ അന്തരീക്ഷം. വലിയ പള്ളികളെപ്പോലെയുള്ള വൃത്തിയുള്ള കെട്ടിടങ്ങള്‍. അതെല്ലാംവളരെ സൂക്ഷ്മതയോടെ പരിപാലിക്കുന്നു എന്നു വ്യക്തമാണ്. കിങ്‌സ് കോളേജും ചാപ്പലുകളും ലൈബ്രറികളും പലതരം മ്യൂസിയങ്ങളുമെല്ലാം ഇത്തരം കെട്ടിടങ്ങള്‍ക്കുള്ളിലാണ്. ട്രിനിറ്റി കോളേജിനു മുന്നില്‍ ഐസക് ന്യൂട്ടന്റെ ആപ്പിള്‍മരമുണ്ട്. ന്യൂട്ടന്റെ ജന്മസ്ഥലമായ വൂള്‍സ്‌തോര്‍പ്പ് മാനറില്‍നിന്നും കൊണ്ടുവന്നു നട്ടതാണിത്. കേംബ്രിഡ്ജില്‍ പ്‌ളേഗ് പടര്‍ന്നപ്പോള്‍ ന്യൂട്ടന്‍ തന്റെ ജന്മഗൃഹത്തിലേക്കു പോയി. അവിടെ ചെലവഴിച്ച രണ്ടുവര്‍ഷത്തിനിടയിലാണ് ഗുരുത്വാകര്‍ഷണത്തെറിച്ചുള്ള തന്റെ ആശയങ്ങള്‍ വിപുലീകരിച്ചത്. 

കേം നദിയുടെ കുറുകേയുള്ള മാത്തമാറ്റിക്കല്‍ ബ്രിഡ്ജ് എന്ന ചെറിയ തടിപ്പാലം സഞ്ചാരികളെ വളരെയധികം ആകര്‍ഷിക്കുന്നു. നദിയിലൂടെ ഫൈബര്‍ വള്ളത്തിലുള്ള സഞ്ചാരവും ഇവര്‍ ആസ്വദിക്കുന്നു. ഫിറ്റ്‌സ്‌വില്യം മ്യൂസിയം, പുരാവസ്തു മ്യൂസിയം, ജീവശാസ്ര്ത മ്യൂസിയം, കവെന്റിഷ് പരീക്ഷണശാലയുടെ മ്യൂസിയം എന്നിവയില്‍ സഞ്ചാരികള്‍ ക്കു സൗജന്യമായി പ്രവേശനം നല്‍കുന്നു. കൂടാതെ ധ്രുവപ്രദേശത്തെ കീഴടക്കിയ സാഹസികരുടെ പോളാര്‍ മ്യൂസിയവും എടുത്തുപറയേണ്ട ഒന്നാണ്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ കേംബ്രിഡ്ജിനു സംഭാവനയായി ലഭിച്ച നോര്‍തംബര്‍ലാന്‍ഡ് ടെലിസ്‌കോപ്പുംതറോഗുഡ് ടെലിസ്‌കോപ്പും ഇരട്ടനക്ഷത്രങ്ങളെയും വാല്‍നക്ഷത്രങ്ങളെയും നിരീക്ഷിക്കാന്‍ ഇന്നം ഗവേഷകര്‍ ഉപയോഗിക്കുന്നു. പ്രശസ്തമായ ജ്യോതിശാസ്ര്ത ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് ഇതുള്ളത്. ആര്‍ഥര്‍ എഡ്ധിങ്ങ്ടണ്‍, ഫ്രേഡ് ഹോയ്ല്‍ തുടങ്ങിയ പ്രമുഖര്‍ പ്രവര്‍ത്തിച്ചിരുന്ന ഇടമാണത്.

വില്‍ബര്‍ഫോഴ്‌സ് റോഡിനിരുവശവും പ്‌ളം മരങ്ങള്‍ നിറയെ പഴുത്ത കായകളുമായി ചാഞ്ഞുനില്‍ക്കുന്നു. മനോഹരമായ ഇടം. സെന്റര്‍ ഫോര്‍ മാത്തമാറ്റിക്കല്‍ സയന്‍സിലാണ് ഹോക്കിങ്ങിന്റെ ഓഫീസുള്ളത്. ഒരു ഇടവഴിയിലൂടെ ഡിപ്പാര്‍ട്ട്‌മെന്റിനു മുന്‍പിലെത്താം. താഴത്തെ നിലയില്‍ കേംബ്രിഡ്ജിനെ അസാമാന്യമായ പ്രതിഭകൊണ്ടു വിസ്മയം കൊള്ളിച്ച ഭാരതീയ ഗണിതശാസ്ത്രജ്ഞനായ എസ്. രാമാനുജന്റെ അര്‍ദ്ധകായപ്രതിമ വലിയ പ്രാധാന്യത്തോടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നതു കണ്ടപ്പോള്‍ അത്യധികം സന്തോഷവും ഒപ്പം അഭിമാനവും തോന്നി. തൊട്ടടുത്ത ചുമരില്‍ ഹോക്കിങ്ങിന്റെ ചിത്രവുമുണ്ട്. രാമാനുജന്റെ ജീവിതത്തെ ആസ്പദമാക്കി രചിക്കപ്പെട്ട 'ദ മാന്‍ ഹു ന്യൂ ഇന്‍ഫിനിറ്റി’ എന്ന പുസ്തകത്തിലും ഈയിടെ അതേ പേരില്‍ പുറത്തുവന്ന ചിത്രത്തിലും കാണുന്നഅതേ ചുറ്റുപാടുകള്‍ വഴിയില്‍ കണ്ട കാര്യമോര്‍ത്തു.ഹോക്കിങ്ങിന്റെ ജീവിതത്തെ ആസ്പദമാക്കി എഡ്ധി റെഡ്‌മെയ്ന്‍ ഹോക്കിങ്ങായി അഭിനയിച്ചു ഫലിപ്പിച്ച 'തിയറി ഓഫ് എവരിതിങ്ങും’ ചിത്രീകരിച്ചത് കേംബ്രിഡ്ജിലെ പഴയ കാമ്പസ്സുകളില്‍ തന്നെ. സ്റ്റീഫന്‍ ഹോക്കിങ്ങിനെ ലോകപ്രശസ്തനാക്കിയത് 'എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം’ എന്ന എക്കാലത്തെയും മികച്ച ജനപ്രിയ ശാസ്ത്രകൃതിയാണ്. അനേകം ഭാഷകളിലേക്ക് അതു വിവര്‍ത്തനം ചെയ്യപ്പെട്ടു. ഇന്നും അതൊരു ബെസ്റ്റ് സെല്ലറാണ്.പിന്നീട്'ബ്‌ളാക് ഹോള്‍സ് ബേബി യൂണിവേഴ്‌സസ് ആന്റ് അദര്‍ എസേ്‌സയ്‌സ്’, 'എ ബ്രിഫര്‍ ഹിസ്റ്ററി ഓഫ് ടൈം’, 'ദ ഗ്രാന്‍ഡ് ഡിസൈന്‍’ എന്നീ കൃതികള്‍ കൂടി പുറത്തു വന്നു. ഈയിടെ പുറത്തിറങ്ങിയ 'മൈ ബ്രീഫ് ഹിസ്റ്ററി’ സംഗ്രഹീത ആത്മകഥയാണ്.

ഹോക്കിങ്ങിനൊപ്പം ലേഖകന്‍
 

ഡിപ്പാര്‍ട്ട്‌മെന്റിന്റെ റിസപ്ഷനു സമീപം വലിയൊരു കഫറ്റേരിയയാണ്. സന്ദര്‍ശകരെക്കൂടി ഉദ്ദേശിച്ചുള്ളതാണിത്. ധാരാളം ജേണലുകളും പത്രങ്ങളും മാസികകളും ബുക്‌ലെറ്റുകളും പ്രദര്‍ശിപ്പിച്ചിരിക്കുന്നു. റിസപ്ഷനില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഹോക്കിങ്ങിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് ആന്‍തിയ ബെയ്ന്‍ എത്തിച്ചേര്‍ന്നു. കുറഞ്ഞത് ഇരുനൂറുപേര്‍ക്കെങ്കിലും ഇരിക്കാവുന്ന കഫറ്റേരിയയില്‍  അങ്ങിങ്ങ് വിദ്യാര്‍ത്ഥികള്‍ പരിസരം മറന്നു മുന്‍പിലുള്ള നോട്ട്ബുക്കില്‍ കുത്തിക്കുറിക്കുന്നു. ഒരു മൂലയില്‍ മൂന്നു പേര്‍, അവര്‍ അദ്ധ്യാപകരെന്നു വ്യക്തം, ചൂടേറിയ ചര്‍ച്ചയിലേര്‍പ്പെട്ടിരിക്കുന്നു. സര്‍വം അക്കാദമിക മയം. ഹോക്കിങ് ഇന്നു വരുമെന്നുറപ്പില്ല, എന്നിരിക്കിലും ഇന്നിവിടെ വരുത്താന്‍ ആവതു ശ്രമിക്കാമെന്ന്  ആന്‍തിയ  പറഞ്ഞു. നല്ല കുഷ്യനുള്ള ഇരിപ്പിടം ചൂണ്ടിക്കാട്ടി അവിടെയിരിക്കൂ, ചിലപ്പോള്‍ മണിക്കൂറുകള്‍ കഴിഞ്ഞാകും പ്രൊഫസറെത്തുക എന്നും അവര്‍ പറഞ്ഞു. ചായയും ത്രികോണാകൃതിയിലുള്ള ഒരു പിസ്സാ കഷണവും എത്തി. ആന്‍തിയയ്ക്കു മുന്‍പ് ജൂഡിത്ത് ക്രോസ്‌ഡെല്ലും അതിനു മുന്‍പ് സൂമേസിയുമായിരുന്നു ഹോക്കിങ്ങിന്റെ സെക്രട്ടറി പദത്തില്‍. ശരിക്കും ഹോക്കിങ്ങിന്റെ മാനേജരുടെ ജോലിയാണ് അവര്‍ ചെയ്യുന്നത്. 

കേംബ്രിഡ്ജ് ദിനങ്ങള്‍

ഡി.എ.എം.ടി.പിയില്‍ ചേരാനായി അപേക്ഷിക്കുമ്പോള്‍ ഹോക്കിങ്ങിന് ഇരുപതു വയസ്സായിരുന്നു. ഫ്രെഡ് ഹോയ്‌ലിന്റെ ശിക്ഷണത്തില്‍ ഗവേഷണം നടത്താനാണ് അപേക്ഷിച്ചത്. എന്നാല്‍, അക്കാലത്തെ ഏറ്റവും പ്രശസ്തനായ ഹോയ്‌ലിന്റെ കീഴില്‍ അനേകം വിദ്യാര്‍ത്ഥികളുണ്ടായിരുന്നതിനാല്‍  ഡെന്നീസ് ഷാമയോടൊപ്പം ഗവേഷണം ചെയ്യേണ്ടിവന്നു. ഹോയ്‌ലിന്റെ കൂടെ ചേരാത്തതു നന്നായെന്നു ഹോക്കിങ്ങിനു പിന്നീടു തോന്നി. കാരണം, അദ്ദേഹത്തിന്റെ സ്ഥിരസ്ഥിതി (സ്റ്റെഡി സ്റ്റേറ്റ്) സിദ്ധാന്തം പിന്താങ്ങി നില്‍ക്കേണ്ടിവരുമായിരുന്നു. ഓക്‌സ്ഫഡിലെ ഭൗതികശാസ്ര്തപഠനത്തിനിടയില്‍ അധികം ഗണിതമൊന്നും ഹോക്കിങ് പഠിച്ചിരുന്നില്ല. അതിനാല്‍ ഷാമ ജ്യോതിര്‍ഭൗതികത്തില്‍ ശ്രദ്ധയൂന്നാന്‍ പ്രേരിപ്പിച്ചു. എന്നാല്‍, ഹോക്കിങ് കേംബ്രിഡ്ജിലെത്തിയത് പ്രപഞ്ചവിജ്ഞാനീയത്തില്‍ (കോസ്‌മോളജി) ഗവേഷണം ചെയ്യാനാണ്. അക്കാലത്ത് പ്രപഞ്ചവിജ്ഞാനീയവും ഗുരുത്വാകര്‍ഷണവും ആരും ശ്രദ്ധതിരിക്കാത്ത മേഖലകളായിരുന്നു. ഗവേഷണം ചെയ്യാന്‍ ഏറ്റവും അനുയോജ്യവുമായിരുന്നു. അതിനാല്‍  സാമാന്യ ആപേക്ഷികതാ സിദ്ധാന്തത്തെക്കുറിച്ചുള്ള എല്ലാ ടെക്സ്റ്റ്ബുക്കുകളും വായിച്ചു. എല്ലാ ആഴ്ചയും ഈ വിഷയത്തിലുള്ള ലെക്ചറുകള്‍ കേള്‍ക്കാനായി പോകുകയും ചെയ്തു. അതിലെ സമീകരണങ്ങളും മറ്റും വേഗം മനസ്സിലാക്കാന്‍ കഴിഞ്ഞെങ്കിലും അപ്പോഴും വിഷയത്തെക്കുറിച്ച് ആഴത്തിലുള്ള അറിവു ലഭിച്ചില്ല. 

ആധുനിക പ്രപഞ്ചവിജ്ഞാനീയത്തിന്റെ ഉപജ്ഞാതാക്കളിലൊരാളാണ് പ്രൊഫസര്‍ ഡെന്നീസ് ഷാമ. ആദ്യമൊക്കെ ഹോയ്‌ലിന്റെ സ്ഥിരസ്ഥിതി സിദ്ധാന്തത്തെ പിന്താങ്ങിയിരുന്നെങ്കിലും നിരീക്ഷണ തെളിവുകള്‍ ആ സിദ്ധാന്തത്തിനെതിരായതോടെ വേറിട്ട ആശയങ്ങള്‍ക്കായി പ്രയത്‌നിച്ചു. ഷാമയുടെ ഏറ്റവും പ്രശസ്തനായ ശിഷ്യന്‍ ഹോക്കിങ് തന്നെ.പ്രമുഖ ഭൗതികശാസ്ത്രജ്ഞരായ ജോര്‍ജ്ജ് എല്ലിസ്, ബ്രന്‍ഡന്‍ ക്രേറ്റര്‍, മാര്‍ട്ടിന്‍ റീസ്, ഗാരി ഗിബ്ബണ്‍സ്, ജോണ്‍ ഡി. ബാരോ, ഡേവിഡ് ഡോഷ് തുടങ്ങിയവര്‍ ഷാമയുടെ കീഴില്‍ ഗവേഷണം നടത്തി വിജയിച്ചവരാണ്.ഓക്‌സ്ഫഡിലെ വിഖ്യാത ശാസ്ത്രജ്ഞന്‍ റോജര്‍ പെന്റോസിന്റെ ചിന്തകളെയും ഷാമ സ്വാധീനിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്മരണയ്ക്കായി പെന്റോസ് തന്റെ 'റോഡ് ടു റിയാലിറ്റി’ എന്ന ഗ്രന്ഥം സമര്‍പ്പിച്ചിരിക്കുന്നു.

കേംബ്രിഡ്ജിലെത്തിയതിനു ശേഷമുള്ള ക്രിസ്തുമസ്സിന് ഹോക്കിങ് വീട്ടിലെത്തിയപ്പോള്‍ സെന്റ് ആല്‍ബന്‍സിലെ തടാകത്തില്‍ സ്‌കേറ്റിങ്ങിനു പോയി. അതിശൈത്യമായിരുന്നു അക്കാലത്ത്. അവിടെവച്ച് ഒരിക്കല്‍ തെന്നിമറിഞ്ഞു വീണതിനു ശേഷം ഹോക്കിങ്ങിന് പെട്ടെന്ന് എഴുന്നേല്‍ക്കാന്‍ കഴിയാതായി. അതിനു മുന്‍പൊരിക്കല്‍ കോളേജിലെ കോണിപ്പടിയില്‍നിന്നും തെന്നിവീണിരുന്നു. ആശുപത്രിയില്‍ അനേകം ആഴ്ചകള്‍ ചെലവഴിച്ചു. അവിടെ അനേകം ടെസ്റ്റുകളൂം അവര്‍ നടത്തി. ഗുരുതരമായ രോഗമായതിനാല്‍ ഹോക്കിങ്ങിനെ ആദ്യം പരിശോധിച്ച ഡോക്ടര്‍ കയ്യൊഴിഞ്ഞു. ഹോക്കിങ്ങിനെ ബാധിച്ച മോട്ടോര്‍ ന്യൂറോണ്‍ രോഗത്തിനു ചികിത്സയില്ല. പതിയെ പേശികളുടെ ശേഷി നഷ്ടപ്പെട്ട് അനിവാര്യമായ മരണത്തിനു കീഴടങ്ങാനായിരുന്നു വിധി. തുടര്‍ന്ന് ഹോക്കിങ്ങിന്റെ പിതാവു തന്നെ ചികിത്സ ഏറ്റെടുത്തു. ഹോക്കിങ് ആദ്യമൊക്കെ വളരെ വിഷാദവാനായിരുന്നു. അദ്ദേഹത്തിന്റെ നില പെട്ടെന്നു മോശമായിത്തുടങ്ങി. പി.എച്ച്.ഡി ചെയ്യുന്നതില്‍ ഒരു കാര്യവുമില്ലെന്നു തോന്നി. കാരണം അതു പൂര്‍ത്തീകരിക്കുവോളം ജീവിച്ചിരിക്കുമോ എന്നറിയില്ലായിരുന്നു. പിന്നീട് അവസ്ഥ മോശമായി വരുന്നതിന്റെ വേഗം കുറയുകയും ഏതാണ്ട് ഒരേപടി നിലനില്‍ക്കുകയും ചെയ്തു തുടങ്ങിയപ്പോള്‍ ഗവേഷണത്തില്‍ പുരോഗതിയുണ്ടായി. പ്രതീക്ഷകള്‍ പൂജ്യമായിരുന്നപ്പോള്‍ ഒരോ ദിവസവും ബോണസായി തോന്നിയിരുന്നു എന്നദ്ദേഹം പറഞ്ഞിട്ടുണ്ട്. ഒരോ ദിവസത്തേയും ഹോക്കിങ് വളരെ പ്രാധാന്യത്തോടെ കണ്ടു. ജേന്‍ എന്ന ചെറുപ്പക്കാരിയെ ഒരു വിരുന്നുസല്‍ക്കാരത്തിനിടയില്‍വച്ചാണ് ഹോക്കിങ് കണ്ടുമുട്ടിയത്. ജേനുമായുള്ള വിവാഹനിശ്ചയം അദ്ദേഹത്തെ ഉത്സാഹഭരിതനാക്കി.എന്നാല്‍, വിവാഹം കഴിക്കണമെങ്കില്‍ ഒരു ജോലി കൂടിയേ തീരൂ. അതിനായി പി.എച്ച്.ഡി പൂര്‍ത്തീകരിക്കുകയും വേണം.അതിനായി വളരെ കഠിനമായി പ്രയത്‌നിച്ചു തുടങ്ങുകയും ആ ശ്രമം വളരെയധികം ആസ്വദിക്കുകയും ചെയ്തു. 

ഗവേഷണം

അറുപതുകളുടെ തുടക്കത്തില്‍ പ്രപഞ്ചവിജ്ഞാനീയത്തിലെ ഏറ്റവും വലിയ ചോദ്യം പ്രപഞ്ചത്തിനൊരു തുടക്കമുണ്ടായിരുന്നോ എന്നതായിരുന്നു. പ്രപഞ്ചാരംഭത്തിലെ അവസ്ഥയില്‍ ശാസ്ത്രത്തിലെ സങ്കല്‍പ്പനങ്ങള്‍ക്കു സാധുതയില്ല എന്ന കാര്യത്തിനാല്‍ തുടക്കം എന്ന ആശയത്തിന് ശാസ്ത്രജ്ഞര്‍ പൊതുവേ എതിരായിരുന്നു. വ്യത്യസ്തമായ ആശയങ്ങള്‍ മുന്നോട്ടുവയ്ക്കപ്പെട്ടു. പ്രപഞ്ചം എപ്പോഴും വികസിക്കുകയും പുതിയ ദ്രവ്യം തുടര്‍ച്ചയായി ഉണ്ടാകുകയും ചെയ്യുന്ന സ്റ്റെഡിസ്റ്റേറ്റ് സിദ്ധാന്തത്തില്‍ (സ്ഥിരസ്ഥിതി സിദ്ധാന്തം) ദ്രവ്യത്തിന്റെ സാന്ദ്രത ശരാശരി ഒരേപോലെ നിലനില്‍ക്കും എന്നു കരുതിയിരുന്നു. ഹോക്കിങ് ഗവേഷണം തുടങ്ങിയ കാലത്തുതന്നെ നിരീക്ഷണ തെളിവുകള്‍ ഈ സിദ്ധാന്തത്തിന് എതിരായിരുന്നു. 1964-ല്‍ കണ്ടെത്തിയ പ്രപഞ്ചത്തിന്റെ എല്ലാ ഭാഗത്തുനിന്നും എത്തുന്ന വളരെച്ചെറിയ തോതിലുള്ള പ്രാപഞ്ചിക പശ്ചാത്തല വികിരണം (പ്രപഞ്ചത്തിന്റെ തുടക്കത്തിലുണ്ടായി എന്നു കരുതപ്പെടുന്ന മഹാസ്‌ഫോടനത്തിന്റെ അവശിഷ്ടം) ഈ സിദ്ധാന്തത്തിനെതിരായ ഏറ്റവും വലിയ തെളിവായി. പ്രാപഞ്ചിക പശ്ചാത്തല വികിരണത്തിലുള്ള ഒരേയൊരു വ്യാഖ്യാനം അത് ആദ്യത്തെ അതിസാന്ദ്രവും താപമേറിയ ഇടത്തുനിന്നും ഉണ്ടായി എന്നാണ്. പ്രപഞ്ചം വികസിച്ചു വന്നതോടെ അതു തണുക്കുകയും നാമിന്നു കാണുന്ന വളരെ സൂക്ഷ്മമായ അവശിഷ്ടത്തിന്റെനിലയിലെത്തുകയും ചെയ്തു. പ്രൊഫസര്‍ ഡെന്നീസ് ഷാമ ഈ ആശയത്തെ പിന്താങ്ങുകയും ഗവേഷണങ്ങള്‍ ആ മേഖലയിലേക്കു വഴിതിരിച്ചുവിടുകയും ചെയ്തു.
എന്നാല്‍, സമയത്തിന്റെ തുടക്കത്തിനു മറ്റൊരു സാധ്യതയുണ്ടായിരുന്നു. സങ്കോചിക്കുന്ന അവസ്ഥയ്‌ക്കൊടുവില്‍ എത്തിച്ചേര്‍ന്ന അതിസാന്ദ്രമായ ബിന്ദുവില്‍നിന്നും പെട്ടെന്നുള്ള വികാസം. വികാസത്തിന്റെ തുടക്കം അനന്തമായ സാന്ദ്രതയുള്ള ആ ബിന്ദുവില്‍ നിന്നാകാം. ഇതൊരു അടിസ്ഥാനപരമായ പ്രശ്‌നമായിരുന്നു. ഹോക്കിങ്ങിന്റെ പി.എച്ച്.ഡി തീസിസ് പൂര്‍ത്തീകരിക്കാന്‍ വേണ്ടതും അതുതന്നെയായിരുന്നു. അക്കാലത്ത് റോജര്‍ പെന്റോസ് പുതിയൊരു രീതി അവതരിപ്പിച്ചു. അതില്‍ ഐന്‍സ്റ്റൈന്റെ സമീകരണങ്ങള്‍ പൂര്‍ണ്ണമായും തെളിയിക്കേണ്ട ആവശ്യമില്ല. അതില്‍ ഊര്‍ജ്ജം ധനാത്മകവും ഗുരുത്വം ആകര്‍ഷിക്കുന്നതുമായിരുന്നു. അന്ത്യാവസ്ഥയിലുള്ള നക്ഷത്രം ഒരു നിശ്ചിത വലിപ്പത്തിലും ചെറുതാകുമ്പോള്‍ സ്ഥലവും കാലവും ഒടുങ്ങുന്ന ബിന്ദുവായ സിംഗുലാരിറ്റിയിലേക്കു ചുരുങ്ങുമെന്നു റോജര്‍ പെന്റോസ് തെളിയിച്ചു. പ്രപഞ്ചത്തിന്റെ വികാസത്തിലും ഈ ആശയം ഉപയോഗിക്കാമെന്ന് ഹോക്കിങ് തിരിച്ചറിഞ്ഞു. ഇരുപത്തിമൂന്നാം വയസ്‌സില്‍ തന്റെ ഗവേഷണം പൂര്‍ത്തിയാക്കി. 'വികസിക്കുന്ന പ്രപഞ്ചത്തിന്റെ സവിശേഷതകള്‍’ എന്ന ഗവേഷണ പ്രബന്ധത്തില്‍ ഫ്രെഡ് ഹോയ്ല്‍, ജയന്ത് നാര്‍ലിക്കര്‍ എന്നിവര്‍ അവതരിപ്പിച്ച ക്വാസി സ്റ്റെഡി സ്റ്റേറ്റ് സിദ്ധാന്തം നിരീക്ഷണങ്ങളുമായി ഒത്തുപോകുന്നില്ല എന്നു വ്യക്തമായി സ്ഥാപിച്ചിരുന്നു. ഏകത്വാവസ്ഥകളെക്കുറിച്ചുള്ള അനുമാനങ്ങളും ഇതില്‍ അവതരിപ്പിച്ചിരുന്നു.

പ്രഞ്ചത്തിന്റെ തുടക്കത്തില്‍ ഒരു സിന്‍ഗുലാരിറ്റി എന്ന ഏകത്വാവസ്ഥയായിരുന്നെന്നും ഭാവിയില്‍ പ്രപഞ്ചം വികസിച്ച് പിന്നീട് സങ്കോചിച്ചൂ വീണ്ടും ഒരു സിന്‍ഗുലര്‍ അവസ്ഥയില്‍ എത്തിച്ചേരുമെന്നും അനുമാനിച്ചു. പിന്നീടു വന്ന നിരീക്ഷണഫലങ്ങളെല്ലാം ഈ അനുമാനത്തെ പിന്താങ്ങുന്നവയായിരുന്നു. പ്രപഞ്ചത്തിന് ഒരു തുടക്കമുണ്ടായിരുന്നു എന്നു സാമാന്യ ആപേക്ഷികത പ്രകാരം പറയാം. സ്ഥലത്തിന്റേയും കാലത്തിന്റേയും തുടക്കത്തില്‍ ഒരു സിന്‍ഗുലാരിറ്റി ഉണ്ടായിരുന്നു എന്നു തെളിയിക്കാന്‍ ഹോക്കിങ്ങിനു കഴിഞ്ഞു. അതിര്‍ത്തിയില്ലാത്ത പ്രപഞ്ചത്തെ വിവരിക്കുന്ന കാല്‍പ്പനിക കാലം എന്ന സങ്കല്‍പ്പനം, ബ്‌ളാക്‌ഹോളില്‍നിന്നുള്ള ഹോക്കിങ്ങ് വികിരണം, ടോപ്പ് ഡൗണ്‍ കോസ്‌മോളജി തുടങ്ങി പ്രപഞ്ചവിജ്ഞാനീയത്തിന്റെ മിക്ക മേഖലകളിലും ഹോക്കിങ്ങിന്റെ സംഭാവനകളുണ്ട്. 

തന്റെ പ്രത്യേക അവസ്ഥ കാരണം സാധാരണ മനുഷ്യരെ അലട്ടുന്ന പ്രശ്‌നങ്ങള്‍ തനിക്കില്ല എന്നദ്ദേഹം പറയുന്നു. അതുപോലെ പേനയും പേപ്പറുമൊന്നും ഉപയോഗിക്കാനാകാത്തതുകൊണ്ട് മനസ്സില്‍ വരയ്ക്കുന്ന ചിത്രങ്ങളുടെ രൂപത്തിലാണ് ആശയങ്ങള്‍ വിപുലീകരിക്കുന്നത്. വളരെ ഫലപ്രദമായ ഒരു രീതിയാണിത്. ഇതു പരിശീലിച്ചാല്‍ എത്ര സങ്കീര്‍ണ്ണമായ പ്രശ്‌നത്തിനും ഉത്തരം കണ്ടെത്താം എന്നദ്ദേഹം പറയുന്നു.ദ്രവ്യമാനവും ഊര്‍ജ്ജവും തമ്മിലുള്ള ബന്ധം ഐന്‍സ്റ്റൈന് ഇപ്രകാരമാണ് ബോദ്ധ്യപ്പെട്ടത്. ബ്‌ളാക്‌ഹോളുകളില്‍നിന്നുള്ള വികിരണത്തിന്റെ കാര്യം തനിക്കു ഗ്രഹിക്കാനായത് സാധ്യമായ അവസ്ഥകളെ ഭാവനയില്‍ രൂപങ്ങളാക്കി പരിശോധിച്ചതു മൂലമെന്നദ്ദേഹം പറഞ്ഞിട്ടുണ്ട്. 

1965-ല്‍ ജേന്‍ വൈല്‍ഡിനെ വിവാഹം കഴിച്ചു. റോബര്‍ട്ട്, ലൂസി, തിമോത്തി എന്നിവരാണ് മക്കള്‍. 1995-ല്‍ ജേനുമായുള്ള ബന്ധമൊഴിഞ്ഞു. പിന്നീട് തന്റെനഴ്‌സായിരുന്ന എലൈന്‍ മേസണെയാണ് ഹോക്കിങ് രണ്ടാം ഭാര്യയായി സ്വീകരിച്ചത്. എന്നാല്‍, അവശനിലയിലായിരുന്ന ഹോക്കിങ്ങിനെ അലക്ഷ്യമായി പരിചരിച്ചതു മൂലം അദ്ദേഹത്തിനു ധാരാളം ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാകുകയും ഒരിക്കല്‍ മരണവുമായി  മുഖാമുഖം കാണുകയും ചെയ്തു. അങ്ങനെ ആ ബന്ധവും വേര്‍പെട്ടു. 

ഹോക്കിങ്ങിന്റെ ഓഫീസില്‍

ഹോക്കിങ് താങ്കളെ പ്രതീക്ഷിക്കുന്നു എന്ന് ആന്‍തിയ വന്നു പറഞ്ഞു. ഐന്‍സ്റ്റൈനു ശേഷം ലോകം കണ്ടഏറ്റവും വലിയ ശാസ്ത്രജ്ഞനെയാണ് കാണാന്‍ പോകുന്നത്. എന്തൊക്കെയാണ് ഹോക്കിങ്ങുമായി സംസാരിക്കുക എന്ന് കാലേകൂട്ടി അവര്‍ ചോദിച്ചറിഞ്ഞിരുന്നു. കഫറ്റേരിയയുടെ വശത്തുള്ള വലിയ ചില്ലുവാതിലിലൂടെ അകത്തു കടന്നു. ഒരോ വാതിലിലും മാഗ്‌നെറ്റിക് കാര്‍ഡ് കാണിച്ചാല്‍ മാത്രമേ അതു തുറക്കുകയുള്ളു. നല്ല സുരക്ഷാ സംവിധാനം. ഹോക്കിങ്ങിന്റെ പ്രത്യേക ലിഫ്റ്റിനെ ചുറ്റിയുള്ള കോവണിയിലൂടെ മുകളിലത്തെ നിലയിലെത്തി.മുറിക്കു മുന്നില്‍ നിറുത്തിയതിനുശേഷം ആന്‍തിയ അകത്തു ചെന്ന് എന്തൊക്കെയോ ഉറപ്പുവരുത്തി പിന്നീട് അകത്തേക്കു ക്ഷണിച്ചു. മുറിയുടെ ഒരു വശത്ത് പ്രൊഫസര്‍ ഹോക്കിങ് വീല്‍ച്ചെയറിലിരിക്കുന്നു. മുന്നില്‍ വലിയൊരു സ്‌ക്രീന്‍. അദ്ദേഹത്തെ വണങ്ങിയതിനുശേഷം ആന്‍തിയ ആവശ്യപ്പെട്ടതു പ്രകാരം തൊട്ടടുത്തിട്ടിരുന്ന കസേരയില്‍ ഇരുന്നു. ഹോക്കിങ് പരിചയഭാവത്തില്‍ ഹലോ എന്ന് സ്പീക്കറിലൂടെ പറഞ്ഞു. അവിടുണ്ടായിരുന്ന സഹായിയേയും ഒരു ഗവേഷക വിദ്യാര്‍ത്ഥിനിയേയും ആന്‍തിയ പരിചയപ്പെടുത്തി. കുറച്ചു കഴിഞ്ഞപ്പോള്‍ 'ഗുഡ് മോണിങ്ങ്’ എന്ന് ഹോക്കിങ്.

വശത്തുള്ള ബ്‌ളാക്‌ബോര്‍ഡില്‍ കണക്കുകൂട്ടലുകള്‍ നടത്തിയിരിക്കുന്നു. മേശയിലും ഷെല്‍ഫിലും ഹോക്കിങ്ങിന്റെ പൂര്‍വകാല ചിത്രങ്ങള്‍, ആദ്യഭാര്യയുടേയും കുട്ടികളുടേയും ചിത്രങ്ങള്‍ എന്നിവ കണ്ടു. ന്യൂട്ടനും ഐന്‍സ്റ്റൈനുമൊപ്പമുള്ള സ്റ്റാര്‍ട്രെക്കിലെ ചിത്രവും ചുമരിലുണ്ട്. ഷെല്‍ഫില്‍ കുറേ പുസ്തകങ്ങളുമുണ്ട്. ഇടയ്ക്കു വിവിധയിടങ്ങളില്‍നിന്നുള്ള ഗവേഷകര്‍ ഇവിടെയെത്തി ഹോക്കിങ്ങുമായി ചര്‍ച്ചചെയ്തു മടങ്ങാറുണ്ട്. സ്ട്രിങ് സിദ്ധാന്തം, എം സിദ്ധാന്തം, ഇന്‍ഫേ്‌ളഷന്‍ തുടങ്ങിയവയാണ് പ്രധാനം. ജനീവയിലെ സേണില്‍നിന്നും സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ക്കുള്ള പോംവഴി തിരഞ്ഞ് ഇവിടെയെത്താറുണ്ട്. ചിലരുമൊത്ത് ഹോക്കിങ് പ്രബന്ധവും അവതരിപ്പിച്ചിട്ടുണ്ട്. മൂന്നു ഷിഫ്റ്റിലായി നഴ്‌സുമാര്‍ ഹോക്കിങ്ങിനോടൊപ്പമുണ്ടാകും. ജനീവയിലെ സേണ്‍ സന്ദര്‍ശനവേളയില്‍ ന്യുമോണിയ ബാധിച്ച് കുറേ ദിവസം ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു ജീവിച്ചത്. ജീവന്‍ രക്ഷപ്പെടുത്താനായി നടത്തിയ ട്രക്കിയൊട്ടമി ശസ്ര്തക്രിയമൂലം അദ്ദേഹത്തിന്റെ സംസാരശേഷി പൂര്‍ണ്ണമായും നഷ്ടപ്പെട്ടു. പിന്നീട് പതിയെ ജീവിതത്തിലേക്കു തിരിച്ചു വരികയും തന്റെ സന്തതസഹചാരിയായ സ്പീച്ച് സിന്തസൈസറിലൂടെ ആശയവിനിമയം സാധ്യമാക്കുകയും ചെയ്തു. 

ആദ്യമൊക്കെ കൈകള്‍ ഉപയോഗിച്ചു; വലിയ സ്വിച്ച് പോലെയൊന്ന് ഉപയോഗിച്ച് കംപ്യൂട്ടറിലെ കഴ്‌സര്‍ നീക്കാനാകുമായിരുന്നു. അപ്രകാരം വാക്കുകള്‍ തിരഞ്ഞെടുത്ത് വാക്യങ്ങളാക്കി സ്പീക്കറിലൂടെ ആശയവിനിമയം നടത്തുമായിരുന്നു. ആദ്യമായി സ്പീച്ച് സിന്തസൈസര്‍ ഘടിപ്പിച്ചപ്പോള്‍ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈമിന്റെ മാനുസ്‌ക്രിപ്റ്റ് വേഗം തയ്യാറാക്കാന്‍ സഹായിക്കുമോ എന്ന് ടെക്‌നീഷ്യനോടു ചോദിച്ചു. പിന്നീട് കൈവിരലുകളുടെ ചലനശേഷിയും പൂര്‍ണ്ണമായും നഷ്ടപ്പെട്ടു. ഇപ്പോള്‍ വലതു കവിളിലെ പേശികള്‍ ഉപയോഗിച്ചാണ് കഴ്‌സര്‍ നീക്കുന്നത്. കവിളിന്റെ ചലനം ഒരു സെന്‍സര്‍ പിടിച്ചെടുക്കുകയും അതുവഴി കഴ്‌സര്‍ അനങ്ങുകയും ചെയ്യും. മിനിറ്റില്‍ ഒരു വാക്ക് ഇപ്രകാരം ഉച്ചരിക്കാനാകും. ഐടി രംഗത്തെ പ്രമുഖ കമ്പനിയായ ഇന്റെലാണ് ഈ സംവിധാനം ഹോക്കിങ്ങിനു നല്‍കിയത്. ഇനി അദ്ദേഹത്തിന്റെ മസ്തിഷ്‌കത്തില്‍നിന്നുള്ള തരംഗങ്ങള്‍ വേര്‍തിരിച്ചു മനസ്സിലാക്കി ഉദ്ദേശിച്ചത് എന്തെന്നറിയാനുള്ള ശ്രമം നടക്കുന്നു. കാരണം താമസിയാതെ അദ്ദേഹത്തിന്റെ കവിളുകളുടെയും പ്രവര്‍ത്തനശേഷി പൂര്‍ണ്ണമായും നില്‍ക്കും. ഹോക്കിങ്ങിന്റെ അപാരമായ നിശ്ചയദാര്‍ഢ്യം കൊണ്ടാണ് ഇതുവരെ എത്തിച്ചേര്‍ന്നത്. നേരത്തേ കേംബ്രിഡ്ജിന്റെ വീഥികളിലൂടെ നല്ല വേഗതയില്‍ തന്റെ വീല്‍ച്ചെയര്‍ ഓടിച്ചുപോകുമായിരുന്നു. ഒരിക്കല്‍ റോഡ് കുറുകെ കടന്നപ്പോള്‍ ഒരപകടമുണ്ടായി. ശിരസ്‌സില്‍ അനേകം തയ്യലുകള്‍ വേണ്ടിവന്നു.

ആദ്യമായി കേരളത്തെക്കുറിച്ചാണ് ഹോക്കിങ്ങിനോട് സംസാരിച്ചത്. ഇവിടുത്തെ ഭൂപ്രകൃതി, കാലാവസ്ഥ, ജനങ്ങളുടെ രീതികള്‍, പശ്ചിമഘട്ടം, ശാസ്ര്താഭിമുഖ്യം തുടങ്ങിയവയെക്കുറിച്ചു വിശദീകരിച്ചു. കയ്യില്‍ കരുതിയിരുന്ന കേരളത്തെക്കുറിച്ചുള്ള സചിത്രപുസ്തകം അദ്ദേഹത്തിനു നല്‍കി. സംഗമഗ്രാമ മാധവനെക്കുറിച്ചു പറഞ്ഞപ്പോള്‍ ശ്രദ്ധിച്ചു കേള്‍ക്കുന്നതു കണ്ടു. ആന്‍തിയയാണ് ഹോക്കിങ്ങിനുവേണ്ടി സംസാരിക്കുന്നത്. പിന്നീടൊരു ആറന്മുള കണ്ണാടി നല്‍കി അതേക്കുറിച്ചു വിശദീകരിച്ചു. പിന്നെ, ഒരു പൊന്നാടയും കസവുമുണ്ടും നേര്യതും. ഇത്തരം പരമ്പരാഗത രീതിയിലുള്ള സമ്മാനങ്ങള്‍ക്ക് അദ്ദേഹം വളരെയധികം വിലകല്‍പ്പിക്കുന്നു. കയ്യില്‍ ഒരു കണ്ണാടിയും പിടിച്ചു പ്രകാശവേഗതയില്‍ സഞ്ചരിച്ചാല്‍ തന്റെ മുഖം ആ കണ്ണാടിയില്‍ തെളിയുമോ എന്ന ചോദ്യമാണ് ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈനെ തന്റെ ആപേക്ഷികതാ സിദ്ധാന്തത്തിലേക്കു നയിച്ചത്. ഇതോര്‍ത്തിട്ടാകണം അദ്ദേഹം താല്‍പ്പര്യത്തോടെ ആറന്മുള കണ്ണാടിയില്‍ നോക്കിയത്. ഹോക്കിങ് ആറന്മുള കണ്ണാടിയില്‍ നോക്കുന്നതിന്റെ ചിത്രവുമെടുത്തു. ഇതിനുശേഷം 'പ്രപഞ്ചത്തിന്റെ രീതികള്‍’ എന്ന ഏറ്റവും പുതിയ ലേഖനമുള്ള 'സമകാലിക മലയാളം വാരിക’യുടെ ലക്കം അദ്ദേഹത്തിനു നല്‍കി. ലേഖനമൊന്നു വായിച്ചു കേള്‍പ്പിക്കുമോ എന്ന് ആന്‍തിയ ചോദിച്ചു. ലേഖനത്തിന്റെ സംഗ്രഹം അദ്ദേഹത്തെ കേള്‍പ്പിച്ചു.

പിന്നീടെപ്പോഴോ ഗവേഷകയുടെ ഊഴമായി. അവര്‍ തന്റെ കയ്യിലെ നീളമുള്ള നോട്ടുബുക്കില്‍ എഴുതിക്കൂട്ടിയത് ഹോക്കിങ്ങിനെ കാണിച്ചു. ആന്‍തിയ തൊട്ടടുത്തിരുന്ന് അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങള്‍ ഏകീകരിച്ചു കുറിക്കുന്നുണ്ടായിരുന്നു. അടുത്ത ദിവസം മുതല്‍ രണ്ടാഴ്ചത്തേക്ക് ഹോക്കിങ് കാലിഫോര്‍ണിയയിലായിരിക്കും. അതിനുള്ള തയ്യാറെടുപ്പിലായി അദ്ദേഹത്തിന്റെ ഓഫീസ്. ഉച്ചകഴിഞ്ഞതോടെ വിടപറയാനുള്ള നേരമായി. ഇതിനിടെ ആന്‍തിയയുടെ സഹായത്തോടെ കുറേ ചിത്രങ്ങള്‍ എടുത്തിരുന്നു. ഇനി അദ്ദേഹത്തിന്റെ എണ്‍പതാം പിറന്നാളിനെത്താം എന്നാശംസിച്ചു കൈകൂപ്പി മഹാശാസ്ത്രജ്ഞനോട് താല്‍ക്കാലികമായി വിടപറഞ്ഞു. 

പ്രപഞ്ചം എങ്ങനെ പെരുമാറുന്നു എന്നു ശാസ്ത്രത്തിലെ സിദ്ധാന്തങ്ങള്‍ വിവരിക്കുന്നു. എന്നാല്‍, പ്രപഞ്ചത്തെ ആഴത്തില്‍ മനസ്സിലാക്കണമെങ്കില്‍ എന്തുകൊണ്ട് എന്നതും നാം മനസ്സിലാക്കേണ്ടതുണ്ട്.എന്തുകൊണ്ടാണ് ഒന്നുമില്ലായ്മയ്ക്കു പകരം ഇതെല്ലാം നിലനില്‍ക്കുന്നത്? എന്തുകൊണ്ട് ഈയൊരു കൂട്ടം നിയമങ്ങള്‍? എന്തുകൊണ്ട് ഈ പ്രപഞ്ചം? എന്തുകൊണ്ട് മറ്റൊന്നല്ല? പ്രപഞ്ചത്തിന്റെ പ്രവര്‍ത്തനത്തെ നമുക്കു മനസ്സിലാക്കാനാവുന്നത് എന്തുകൊണ്ട്? ഇത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കണ്ടെത്താനാണ് ഹോക്കിങ് ശ്രമിക്കുന്നത്. ഗുരുത്വാകര്‍ഷണമില്ലാത്ത അവസ്ഥയെക്കുറിച്ചു മനസ്സിലാക്കാനായി കുറച്ചുനാള്‍ മുന്‍പ് ഹോക്കിങ്ങൊരു വിമാനയാത്ര നടത്തി ആരാധകരെ ഞെട്ടിച്ചു. വളരെ ഉയരത്തില്‍നിന്നു വേഗത്തില്‍ താഴേയ്ക്കു പതിക്കുമ്പോള്‍ വിമാനത്തിനുള്ളില്‍ ഗുരുത്വാകര്‍ഷണം ഒട്ടുമില്ലാത്തതുപോലെയുള്ള അവസ്ഥ സംജാതമാകും.ആ പ്രത്യേക അനുഭവത്തിനായാണ് ആ സാഹസത്തിനു ശ്രമിച്ചത്. ഇനി സ്‌പേസിലേക്കു തന്നെ പോകാനൊരുങ്ങുകയാണദ്ദേഹം. വിര്‍ജിന്‍ ഗാലക്റ്റിക്കിന്റെ സ്‌പേസിലേക്കുള്ള കന്നിയാത്രയില്‍ അദ്ദേഹത്തിനു സൗജന്യമായി ഒരു സീറ്റ് വാഗ്ദാനം ചെയ്തിരിക്കുന്നു. ഭൂമിയിലെ പരാധീനതകള്‍ ഗുരുത്വാകര്‍ഷണമില്ലാത്ത അവസ്ഥയില്‍ അദ്ദേഹത്തെ അലട്ടാനിടയില്ല. 

പ്രപഞ്ചത്തിന്റെ തുടക്കത്തെക്കുറിച്ചും അതിന്റെ പരിണാമത്തെക്കുറിച്ചുമുള്ള ആശയങ്ങള്‍ പുതിയ നിരീക്ഷണത്തെളിവുകളുടെ അടിസ്ഥാനത്തില്‍ സ്ഥാപിക്കാനാണ് ഹോക്കിങ്  ശ്രമിക്കുന്നത്. സാമാന്യ ആപേക്ഷികതാ സിദ്ധാന്തവും ക്വാണ്ടം സിദ്ധാന്തവുമാണ് പ്രപഞ്ചത്തെ വിവരിക്കാനായി ഉപയോഗിക്കുന്നത്. എന്നാല്‍ ഇവ രണ്ടും ചേര്‍ത്തു പ്രപഞ്ചത്തിലെ സര്‍വതിനെയും വിവരിക്കാനുതകുന്ന ഏകീകൃത സിദ്ധാന്തം ഇതുവരെ സാധ്യമായിട്ടില്ല. 'സൈദ്ധാന്തിക ഭൗതികത്തിന്റെ അന്ത്യമടുത്തുവോ’ എന്ന പ്രഭാഷണമാണ് ലൂക്കേസിയന്‍ ചെയര്‍ സ്ഥാനാരോഹണവേളയില്‍ ഹോക്കിങ്ങ് നടത്തിയത്. വെറും കുറച്ചു ദശകങ്ങള്‍ക്കുള്ളില്‍ത്തന്നെ ഒരു സംയോജിത വിവരണം സാധ്യമാകുമെന്നും ഇനിയും ഭൗതികശാസ്ത്രത്തില്‍ അനേകം കാര്യങ്ങള്‍ കണ്ടെത്താനുണ്ടെന്നും അതിനു സാങ്കേതികത സഹായത്തിനെത്തുമെന്നും അന്നു പറഞ്ഞിരുന്നു. പ്രപഞ്ചത്തെക്കുറിച്ചുള്ള സമ്പൂര്‍ണ്ണമായ വിവരണമായിരുന്നു ലക്ഷ്യം. പ്രപഞ്ചത്തിലെ അടിസ്ഥാന കണങ്ങളെ വ്യത്യസ്ത കമ്പനങ്ങളുടെ അടിസ്ഥാനത്തില്‍ വിവരിക്കുന്ന സ്ട്രിങ് സിദ്ധാന്തത്തിലെ ആഴമേറിയ പഠനങ്ങളും പ്രകൃതി നിര്‍ധാരണം വഴി ആര്‍ജ്ജിച്ച കഴിവുകളും ഈ ലക്ഷ്യത്തിലേക്കു നമ്മെ അടുപ്പിക്കുമെന്ന് ഹോക്കിങ് പ്രത്യാശിക്കുന്നു. പലവിധ പ്രതിഭാസങ്ങളെ വിവരിക്കുന്ന ഭാഗികസിദ്ധാന്തങ്ങള്‍ വഴി പരിമിതമായ സംഭവങ്ങളെ വിവരിക്കുകയും ബാക്കിയുള്ളവയെ ഏകദേശനങ്ങള്‍ വഴി പരിഹരിക്കുകയോ പൂര്‍ണ്ണമായും ഒഴിവാക്കുകയോ ആണ് ഇപ്പോള്‍ ചെയ്യുന്നത്. എല്ലാ ഭാഗിക സിദ്ധാന്തങ്ങളെയും ഒരു ചട്ടക്കൂട്ടിലാക്കി ഒരു സമ്പൂര്‍ണ്ണ വിവരണം സാധ്യമാകും എന്നു പ്രതീഷിക്കുന്നു. 

ഏതായാലും ഭൗതികശാസ്ര്തം അവസാനിക്കുമെന്നു തോന്നുന്നില്ല. കൂട്ടിച്ചേര്‍ക്കലുകളും മിനുക്കുപണികളും സിദ്ധാന്തങ്ങളില്‍ ഇനിയും വേണ്ടിവന്നേയ്ക്കും. അപ്പോഴും വലിയ ചോദ്യങ്ങള്‍ അപ്രകാരം തന്നെ നിലനില്‍ക്കാനാണ് സാധ്യത. അടുത്ത കുറച്ചു നൂറുവര്‍ഷത്തിനിടയില്‍ മനുഷ്യര്‍ സ്വയം നശിപ്പിച്ചില്ലെങ്കില്‍ പ്രപഞ്ചത്തെക്കുറിച്ച് സാധ്യമായതില്‍ വച്ചേറ്റവും പൂര്‍ണ്ണതയുള്ള വിവരണവും പ്രാപ്യമാകും എന്നു പ്രത്യാശിക്കുന്നു. ഏതായാലും മനുഷ്യര്‍ മറ്റു ഗ്രഹങ്ങളില്‍ കുടിയേറുകയും നക്ഷത്രാന്തരയാത്രകള്‍ക്കു തയ്യാറെടുക്കുകയും വേണം. മറ്റു നക്ഷത്രയൂഥങ്ങളില്‍ നമ്മേക്കാള്‍ വികസിച്ച സംസ്‌കൃതികളുണ്ടാകാം. അവരെ ബന്ധപ്പെടാന്‍ ശ്രമിക്കുന്നതുതന്നെ സൂക്ഷിച്ചുവേണം. കാരണമറിയാന്‍ മനുഷ്യന്റെ ചരിത്രം പരിശോധിച്ചാല്‍ മതിയെന്ന് ഹോക്കിങ് പറയുന്നു.

(2017 സെപ്തംബറില്‍ സമകാലിക മലയാളം വാരിക പ്രസിദ്ധീകരിച്ചത്)
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com