കമ്യൂണിസ്റ്റ് ചക്രവര്‍ത്തി ജനിക്കുമ്പോള്‍

കമ്യൂണിസത്തില്‍ ചക്രവര്‍ത്തി എന്ന ആശയമേയില്ല. അതുകൊണ്ടുതന്നെ കമ്യൂണിസ്റ്റ് ചക്രവര്‍ത്തിമാര്‍ പിറവിയെടുക്കാന്‍ പാടില്ലാത്തതാണ്.
കമ്യൂണിസ്റ്റ് ചക്രവര്‍ത്തി ജനിക്കുമ്പോള്‍

ന്മിത്വവും മുതലാളിത്തവുമെന്നപോലെ ചക്രവര്‍ത്തിത്വവും ജനങ്ങളുടെ ശത്രുവാണെന്നു വിലയിരുത്തിയ ചിന്തകനാണ് മാര്‍ക്‌സ്. ജനങ്ങളുടെ ആധിപത്യത്തിലേയ്ക്കുള്ള ആദ്യപടി എന്ന  നിലയില്‍ തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യത്തെക്കുറിച്ച്  'മൂലധന'ത്തിന്റെ കര്‍ത്താവ് സംസാരിച്ചിട്ടുണ്ടെങ്കിലും സമഗ്രാധിപത്യ (totalitarianism)ത്തിന്റെ സമസ്ത രൂപങ്ങളും ജനവിരുദ്ധമാണെന്നായിരുന്നു മാര്‍ക്‌സിന്റേയും എംഗല്‍സിന്റേയും നിലപാട്. സമഗ്രാധിപത്യ വാഴ്ചയെ കമ്യൂണിസ്റ്റ് വാഴ്ചയുടെ പര്യായമായി അവര്‍ അംഗീകരിച്ചിരുന്നില്ല.
മാര്‍ക്‌സും എംഗല്‍സും അംഗീകരിക്കാത്ത വാഴ്ചാരൂപങ്ങളാണ് പില്‍ക്കാലത്ത് ഉയര്‍ന്നുവന്ന കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളിലെല്ലാം വികാസം കൊണ്ടത്. ജോസഫ് സ്റ്റാലിന്റെ നാളുകളില്‍ സോവിയറ്റ് യൂണിയന്‍ ലക്ഷണമൊത്ത സമഗ്രാധിപത്യ രാഷ്ട്രമായി മാറി. ജനാധിപത്യമെന്നത് പാര്‍ട്ടിയുടെ സര്‍വ്വാധിപത്യമാണെന്നും പാര്‍ട്ടിയുടെ സര്‍വ്വാധിപത്യമെന്നത് പാര്‍ട്ടി മേധാവിയുടെ സര്‍വ്വാധിപത്യമാണെന്നുമുള്ള തികച്ചും അമാര്‍ക്‌സിസ്റ്റായ നിലപാടത്രേ സ്റ്റാലിന്റെ കാലം തൊട്ടെങ്കിലും യു.എസ്.എസ്.ആറില്‍ നിലനിന്നത്.
രണ്ടാം ലോകയുദ്ധാനന്തരം പൂര്‍വ്വ യൂറോപ്പില്‍ സോവിയറ്റ് യൂണിയന്റെ ഉപഗ്രഹ രാഷ്ട്രങ്ങളായി വര്‍ത്തിച്ച 'സോഷ്യലിസ്റ്റ്' രാഷ്ട്രങ്ങളിലെ അവസ്ഥയും തെല്ലും വ്യത്യസ്തമായിരുന്നില്ല. മാര്‍ക്‌സിയന്‍ മൂല്യങ്ങളുടെ സ്ഥാനത്ത് അവ സ്റ്റാലിനിസ്റ്റ് മൂല്യങ്ങള്‍ പ്രതിഷ്ഠിച്ചു. കമ്യൂണിസം എന്ന പേരില്‍ അവിടങ്ങളിലും കിഴക്കന്‍ ജര്‍മ്മനിയിലും കൊടികുത്തിവാണത് പാര്‍ട്ടി മേധാവികളുടെ സര്‍വ്വാധിപത്യമാണ്. എല്ലാ എതിര്‍ കാഴ്ചപ്പാടുകളും  വിമത ശബ്ദങ്ങളും നിഷ്‌ക്കരുണം അടിച്ചമര്‍ത്തപ്പെട്ടു. സ്വന്തം രാജ്യം വിശാലമായ തടവറയായി മാറുന്ന ദുരന്തത്തിനാണ് ആ രാഷ്ട്രങ്ങളിലെ ജനങ്ങള്‍ സാക്ഷികളാകേണ്ടിവന്നത്.
1970-കളില്‍ കംബോഡിയയില്‍ പോള്‍ പോട്ട് കമ്യൂണിസ്റ്റ് ഭരണാധികാരിയായിരിക്കെ ആ രാജ്യം വധനിലങ്ങളുടേയും ചോരപ്പുഴകളുടേയും ഭൂമിയായി മാറി. 15 ലക്ഷത്തിലേറെപ്പേര്‍ പോള്‍ പോട്ടിന്റെ സമഗ്രാധിപത്യ വാഴ്ചയ്ക്കിടെ കൊല്ലപ്പെടുകയോ  പട്ടിണികിടന്നു മരിക്കുകയോ ചെയ്തു. ചൈനയില്‍ മാവോ നടത്തിയ 'സാംസ്‌കാരിക വിപ്ലവ'ത്തിന്റെ പാത പിന്തുടര്‍ന്നു കംബോഡിയയിലെ നോംപെന്‍ നഗരത്തില്‍നിന്നു 20 ലക്ഷം പേരെയാണ് ബാലവൃദ്ധ ഭേദമില്ലാതെ കമ്യൂണിസ്റ്റ് പ്രധാനമന്ത്രി ഗ്രാമങ്ങളിലേക്ക് ആട്ടിയോടിച്ചത്. രോഗികളും ശിശുക്കളും വൃദ്ധരുമടക്കം ആയിരങ്ങള്‍ക്ക് ആ നിര്‍ബന്ധിത പലായനത്തില്‍ ജീവന്‍ നഷ്ടപ്പെട്ടു. പ്രതിഷേധ ശബ്ദം പുറപ്പെടുവിച്ച എഴുത്തുകാരും ബുദ്ധിജീവികളും പത്രപ്രവര്‍ത്തകരുമുള്‍പ്പെടെയുള്ളവര്‍ക്ക്  ലഭിച്ചത് വെടിയുണ്ടകള്‍.
ഏത് കമ്യൂണിസ്റ്റ് ഭരണാധികാരിയില്‍നിന്നാണോ പോള്‍ പോട്ട് പ്രചോദനമുള്‍ക്കൊണ്ടത് ആ ഭരണാധികാരിയുടെ നാടായ ചൈന, എംഗല്‍സ് ദുഃസ്വപ്നത്തില്‍പ്പോലും കണ്ടിരിക്കാനിടയില്ലാത്ത തരത്തിലുള്ള സമഗ്രാധിപത്യ വാഴ്ചയ്ക്കും ഹിംസയ്ക്കും വിധേയമാക്കപ്പെട്ട കാലയളവാണ് 1960-കളുടെ ഉത്തരാര്‍ധം. അക്കാലത്ത് മാവോ സെതുങ്ങിന്റെ നേതൃത്വത്തില്‍ ആ രാജ്യത്ത് അരങ്ങേറിയ സാംസ്‌കാരിക വിപ്ലവം പാര്‍ട്ടിക്കകത്തും പുറത്തുമുള്ള എല്ലാ വിമത സ്വരങ്ങളും അരിഞ്ഞുവീഴ്ത്തി. 'ചെങ്കൊടിയെ പരാജയപ്പെടുത്താന്‍ ചെങ്കൊടിയേന്തിയവര്‍' എന്നാരോപിച്ച് പല പാര്‍ട്ടി നേതാക്കളേയും അംഗങ്ങളേയും അനുഭാവികളേയും ഉദ്യോഗസ്ഥരേയും മാവോയുടെ 'റെഡ് ഗാര്‍ഡു'കള്‍ വേട്ടയാടി. ചെയര്‍മാന്‍ മാവോയാകട്ടെ, ഒരു കള്‍ട്ട് ഫിഗറായി രൂപാന്തരപ്പെട്ടു. സാംസ്‌കാരിക വിപ്ലവത്തിന്റെ അവസാന നാളുകളില്‍ മാവോ പത്‌നി ജിയാങ്ങ് ക്വിങ്ങിന്റെ നേതൃത്വത്തില്‍ ഉയര്‍ന്നുവന്ന 'നാല്‍വര്‍ സംഘം' മാര്‍ക്‌സിയന്‍ മൂല്യങ്ങളുടെ അന്തകരായി ചൈനയില്‍ തേര്‍വാഴ്ച നടത്തുകയും ചെയ്തു.
സാംസ്‌കാരിക വിപ്ലവത്തിനും മാവോയുടെ മരണത്തിനും ശേഷം ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ മിതവാദികള്‍ വ്യക്തിപൂജയിലടങ്ങിയ അപകടം തിരിച്ചറിഞ്ഞതിനെത്തുടര്‍ന്ന് കള്‍ട്ട് ഫിഗര്‍ പ്രതിഭാസം ആവര്‍ത്തിക്കുന്നത്  തടയുക എന്ന ഉദ്ദേശ്യത്തോടെ കൂട്ടായ നേതൃത്വം (കലക്റ്റീവ് ലീഡര്‍ഷിപ്പ്) എന്ന ആശയം അവതരിപ്പിച്ചു. ആജീവനാന്ത ഭരണമേധാവി (പാര്‍ട്ടി മേധാവി) എന്ന സങ്കല്‍പ്പത്തിനു പകരം നിശ്ചിത കാലയളവിലുള്ള മേധാവി എന്ന ആശയത്തിലേയ്ക്ക് അവര്‍ നീങ്ങി. ചൈനയില്‍ മറ്റൊരു മാവോ സെതുങ്ങ് ആവര്‍ത്തിക്കരുതെന്ന് അവര്‍ നിശ്ചയിച്ചു. അങ്ങനെയാണ് 1982-ല്‍ ഡെങ്ങ് സിയാവോ പിങ്ങിന്റെ കാലത്ത് ചൈനീസ് പ്രസിഡന്റിന് അഞ്ചു വര്‍ഷം വീതം ദൈര്‍ഘ്യമുള്ള രണ്ടു ഭരണകാലയളവുകള്‍ മാത്രമേ പാടുള്ളൂ എന്ന വ്യവസ്ഥ നിലവില്‍ വന്നത്.
64-കാരനായ  ഇപ്പോഴത്തെ പ്രസിഡന്റ് ഷിയുടെ മുന്‍ഗാമികളായ ജിയാങ്ങ് സെമിനും ഹു  ജിന്താവോയും അഞ്ചുവര്‍ഷമുള്ള രണ്ടു ഭരണകാലങ്ങള്‍ പൂര്‍ത്തീകരിച്ച് സ്ഥാനമൊഴിഞ്ഞവരാണ്. വ്യക്തികേന്ദ്രീകൃത ഭരണം സ്വേച്ഛാധിപത്യത്തിലേക്ക്  നയിക്കും എന്ന ഡെങ്ങിന്റെ നിരീക്ഷണം സെമിനും ജിന്താവോയും അംഗീകരിച്ചു. എന്നാല്‍, 2013-ല്‍ ചൈനയില്‍ ഭരണത്തിന്റേയും സേനയുടേയും തലപ്പത്ത് അവരോധിതനായ ജിന്‍പിങ്ങ്, ഡെങ്ങ് നടപ്പാക്കിയ കാലാവധിതത്ത്വം പിന്തുടരാന്‍ തയ്യാറല്ല എന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. 
പ്രസിഡന്റിന്റെ രണ്ടു കാലയളവ് പരിധി എടുത്തുകളയാനുള്ള നിര്‍ദ്ദേശം ഫെബ്രുവരി 25-ന് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി മുന്നോട്ട് വെച്ചിരുന്നു. നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ്സ് (പാര്‍ലമെന്റ്) അതംഗീകരിച്ചതോടെ 2023-നു ശേഷവും ഷി ജിന്‍പിങ്ങിന് ചൈനയുടെ പാര്‍ട്ടി-ഭരണ-സൈനികമേധാവിയായി തുടരാനാകും. സമസ്താധികാരങ്ങളും തന്നില്‍ കേന്ദ്രീകരിക്കപ്പെടുന്ന അവസ്ഥയില്‍ ചൈനീസ് പ്രസിഡന്റായി ആജീവനാന്തം വാഴാന്‍ ഷിയ്ക്ക് സാധിക്കുമെന്ന അര്‍ത്ഥവും അതിനുണ്ട്. ഒരു കമ്യൂണിസ്റ്റ് ചക്രവര്‍ത്തിയുടെ ഉദയമാണ് അതോടെ സംഭവിക്കുന്നത്.
പരിധിയറ്റ അധികാരം ദീര്‍ഘകാലത്തേയ്ക്ക്  കൈപ്പിടിയിലൊതുക്കുക എന്ന നവ സ്വേച്ഛാധിപത്യ പ്രവണതയിലൂടെ ജിന്‍പിങ്ങ് ചൈനയെ വ്യക്തിപൂജാധിഷ്ഠിത  മാവോയിസ്റ്റ് കാലഘട്ടത്തിലേക്ക്  തിരിച്ചുകൊണ്ടുപോവുകയാണ്. ഈ നീക്കത്തിനെതിരെ രാജ്യത്തിനകത്തും പുറത്തും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. ഭരണകൂട നിയന്ത്രണത്തിലുള്ള 'ചൈന യൂത്ത് ഡെയ്ലി'യുടെ മുന്‍ പത്രാധിപര്‍ ലി ദത്തോങ്ങ്, പ്രസിഡന്റിന്റെ കാലാവധി പരിധി എടുത്തുകളയാനുള്ള ഭരണഘടനാ ഭേദഗതിക്കെതിരെ വോട്ട് ചെയ്യാന്‍ പാര്‍ലമെന്റംഗങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു. വ്യക്തികളെ പാര്‍ട്ടിക്ക് മുകളില്‍ സ്ഥാപിക്കാനുള്ള പ്രസ്തുത നീക്കം കണ്ണും കാതുമില്ലാത്ത സര്‍വ്വാധിപതിയുടെ ജനനത്തില്‍ കലാശിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
ഉപര്യുക്ത ഭരണഘടനാ ഭേദഗതി നീക്കത്തിനെതിരെ 'Disagree' (വിയോജിക്കുക) എന്ന ഏകപദ പ്രതിഷേധവുമായി ഒട്ടേറെ പേര്‍ ചൈനയില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുകയുണ്ടായി. പ്രസിഡന്റ് ജിന്‍പിങ്ങ് 'എംപറര്‍ ജിന്‍പിങ്ങ്' ആയി മാറുന്നതില്‍ എതിര്‍പ്പും രോഷവും പ്രകടിപ്പിച്ചവരും ധാരാളം. ഒരാള്‍ക്ക് ഒരു വോട്ട് എന്ന ജനാധിപത്യ തത്ത്വത്തിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന ഒരു പ്രസിഡന്റിനെ കാണാന്‍ സാധിക്കുമെന്ന തങ്ങളുടെ പ്രതീക്ഷ വൃഥാവിലായി എന്നു വിലപിക്കുന്നവരുടെ ഗദ്ഗദവും സോഷ്യല്‍ മീഡിയയില്‍ അനുരണനം ചെയ്തു.
നേതൃമാറ്റത്തിന്റെ വ്യവസ്ഥാവല്‍ക്കരണത്തിലൂടെ ഡെങ്ങ് സിയാവോ പിങ്ങ് ലക്ഷ്യമിട്ടത് സ്വേച്ഛാധിപത്യ പ്രവണതയുടെ ഉന്മൂലനമായിരുന്നെന്ന് നോട്ടിംഗ്ഹാം യൂണിവേഴ്സിറ്റിയിലെ ജോനാഥന്‍ സള്ളിവന്‍ നിരീക്ഷിക്കുന്നു; ആ വ്യവസ്ഥാവല്‍ക്കരണത്തിന്റെ അഭാവം പാര്‍ട്ടിയില്‍ അധികാര വടംവലിക്കും ഛിദ്രതയ്ക്കും വഴിവെയ്ക്കുമെന്നും ദീര്‍ഘകാലാടിസ്ഥാനത്തില്‍ അത് ചൈനയ്ക്ക് ദോഷം ചെയ്യുമെന്നും അഭിപ്രായപ്പെടുകയും ചെയ്യുന്നു അദ്ദേഹം. കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയിലെ സൂസന്‍ ഷിര്‍കിന്റെ വീക്ഷണത്തില്‍ പുതിയ തീരുമാനത്തില്‍ ഒന്നിലേറെ അപകടങ്ങള്‍ പതിയിരിക്കുന്നുണ്ട്. അവയില്‍ പ്രധാനമത്രേ സ്തുതിപാഠകരാല്‍ വലയം ചെയ്യപ്പെട്ട ഭരണാധികാരി നല്ലതല്ലാത്ത തീരുമാനങ്ങള്‍ കൈക്കൊള്ളാനും നടപ്പാക്കാനുമുള്ള സാധ്യത.
ചൈനയുടെ ഔദ്യോഗിക പ്രസിദ്ധീകരണങ്ങളിലൊന്നായ 'ഗ്ലോബല്‍ ടൈംസ്' എല്ലാ വിമര്‍ശനങ്ങളേയും തള്ളിക്കളയുന്നു. പ്രസിഡന്റിന്റെ കാലാവധി ദീര്‍ഘിപ്പിക്കുന്നത് ഭരണവും നേതൃത്വവും കൂടുതല്‍ മെച്ചപ്പെടുന്നതിനു സഹായകമാകുമെന്നാണ് പത്രത്തിന്റെ പക്ഷം. അഴിമതി വിരുദ്ധ പോരാട്ടം തൊട്ട് നിയമവാഴ്ചയുടെ ശാക്തീകരണവും ആഴത്തിലുള്ള സാമ്പത്തിക പുനഃസംഘാടനവും വരെയുള്ള കാര്യങ്ങളില്‍ ഷിയുടെ നേതൃത്വത്തിലുള്ള സി.പി.സി സെന്‍ട്രല്‍ കമ്മിറ്റി ഒരു പുതിയ യുഗത്തിനു തുടക്കം കുറിച്ചിട്ടുണ്ടെന്നും അത് മുന്നോട്ടു പോയേ മതിയാവൂ എന്നും ഗ്ലോബല്‍ ടൈംസ് പറഞ്ഞുവെയ്ക്കുന്നു.
അപ്പോഴും ചോദ്യം ബാക്കിനില്‍ക്കുകയാണ്. ഒരേയൊരു നേതാവ് മരണം വരെ അധികാരത്തില്‍ തുടര്‍ന്നാല്‍ മാത്രമേ ചൈനയുടെ നാനാമുഖ വികാസം സാധ്യമാവൂ എന്നുണ്ടോ? പാര്‍ട്ടി അധികാരത്തില്‍ തുടരണം എന്നു പറഞ്ഞാല്‍ മനസ്സിലാക്കാം. പാര്‍ട്ടിയുടേയും രാഷ്ട്രത്തിന്റേയും സൈന്യത്തിന്റേയും തലപ്പത്ത് ഒരു വ്യക്തി കാലപരിധിയില്ലാതെ തുടരണമെന്ന് പറയുന്നത് സമഗ്രാധിപത്യവാദികള്‍ക്ക്  മാത്രം ചേര്‍ന്നതാണ്. പഴയകാലത്ത് ചക്രവര്‍ത്തിമാര്‍ നെഞ്ചേറ്റിയ രാഷ്ട്രീയ സിദ്ധാന്തമാണത്. കമ്യൂണിസത്തില്‍ ചക്രവര്‍ത്തി എന്ന ആശയമേയില്ല. അതുകൊണ്ടുതന്നെ കമ്യൂണിസ്റ്റ് ചക്രവര്‍ത്തിമാര്‍ പിറവിയെടുക്കാന്‍ പാടില്ലാത്തതാണ്.
ചൈനയില്‍ ജിന്‍പിങ്ങ് ആജീവനാന്ത ഭരണാധികാരിയാകാന്‍ നോക്കുമ്പോഴും നമ്മുടെ നാട്ടിലെ കമ്യൂണിസ്റ്റ് നേതാക്കള്‍ മൗനം ഭജിക്കുകയാണ്. മോദിയുടെ ഏകാധിപത്യ പ്രവണതയിലേയ്ക്കും സംഘിന്റെ ഫാസിസ്റ്റ് അജന്‍ഡയിലേയ്ക്കും ന്യായമായി ജനശ്രദ്ധ ക്ഷണിക്കുന്ന മാര്‍ക്‌സിസ്റ്റ് നേതൃത്വം ജിന്‍പിങ്ങ് നടത്തുന്ന സമഗ്രാധിപത്യം ഫാസിസ്റ്റ് നീക്കങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്നു. ഇന്നാട്ടിലെ വര്‍ഗ്ഗീയ ഫാസിസം തെറ്റും അന്നാട്ടിലെ കമ്യൂണിസ്റ്റ് ഫാസിസം ശരിയും എന്നാണോ?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com