'അവര്‍ മതേതരത്വം എന്നു പറയില്ല, കപട മതേതരത്വം എന്നേ ഉപയോഗിക്കൂ'

ഇന്ത്യ, ഇന്ത്യയായി ജീവിച്ചിരിക്കുമോ അതോ മരിക്കുമോ എന്നതുതന്നെയാണ് ഇതിലെ കാതലായ പ്രശ്‌നം
'അവര്‍ മതേതരത്വം എന്നു പറയില്ല, കപട മതേതരത്വം എന്നേ ഉപയോഗിക്കൂ'

തേതരത്വം എന്ന സങ്കല്പത്തോട് ആര്‍.എസ്.എസിനുള്ള വിരോധം കാലാന്തരത്തില്‍ ഒരു തരം വൈരാഗ്യമായി മാറുകയായിരുന്നു. സ്വയം സേവകന്മാര്‍ കാലങ്ങളായി പരിശീലിപ്പിക്കപ്പെടുന്നത് ഈ വൈരത്തിന്റെ കളരിയിലാണ്. മതേതരത്വം എന്ന വാക്കുപോലും അവര്‍ക്ക് ഇഷ്ടമില്ല. അതു പറയേണ്ട സന്ദര്‍ഭം ഉണ്ടായാല്‍ അവര്‍ പറയുക 'കപട മതേതരത്വം' എന്നാണ്. ഈ പാഠങ്ങളെല്ലാം വിട്ടുവീഴ്ച കൂടാതെ ഹൃദിസ്ഥമാക്കിയ ആളാണ് കേന്ദ്ര നൈപുണ്യ വികസന വകുപ്പ് സഹമന്ത്രി ആനന്ദ് കുമാര്‍ ഹെഗ്ഡേ. 68-ാം റിപ്പബ്‌ളിക് ആഘോഷങ്ങള്‍ക്കു മുന്‍പു ആര്‍.എസ്.എസ് നിലപാടുകളോടുള്ള തന്റെ ദാര്‍ശനികമായ കൂറ് അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചു. ഭരണഘടനയില്‍നിന്ന് മതേതരത്വം എന്ന പദം തന്നെ എടുത്തുമാറ്റണമെന്നാണ് അദ്ദേഹം വാദിച്ചത്. 
മതേതരത്വം രാജ്യത്തിന്റെ പൈതൃകത്തിന് നിരക്കുന്നതല്ലാത്തതിനാല്‍ അതില്‍ വിശ്വസിക്കുന്നവര്‍ സ്വന്തം മാതാപിതാക്കള്‍ ആരെന്ന് അറിയാത്തവരാണെന്നുകൂടി പറഞ്ഞ പ്പോഴേ അദ്ദേഹത്തിനു തൃപ്തിയായുള്ളു. മനുസ്മൃതിയുടെ അടിസ്ഥാനത്തില്‍ ഭരണഘടന പൊളിച്ചെഴുതണമെന്ന് ആര്‍.എസ്.എസ് നേതാക്കള്‍ പലരും പണ്ട് മുതലേ പറഞ്ഞു പോന്നിട്ടുണ്ട്. എന്നാല്‍, ഭരണഘടനയെ തൊട്ടു സത്യവാചകം ചൊല്ലി അധികാരമേറ്റ ഒരു കേന്ദ്രമന്ത്രി മറയേതും കൂടാതെ ഇപ്രകാരം പറയുന്നത് ആദ്യമായി കേള്‍ക്കുകയാണ്. തങ്ങള്‍ സ്വയം സേവകരാണെന്ന് അഭിമാന വിജ്രംഭിതരായി പറയുന്നവരാണ് പ്രധാനമന്ത്രി മുതല്‍ താഴേയ്ക്കുള്ള ബി.ജെ.പി മന്ത്രിമാരെല്ലാം. പക്ഷേ, ഭരണഘടനയോടും മതേതരത്വത്തോടും മന്ത്രിപദവിയിലിരുന്ന് യുദ്ധം പ്രഖ്യാപിച്ചാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകളെപ്പറ്റി സാമാന്യമായ ധാരണയുള്ളവരാണ് അവരെല്ലാം. അതിനാല്‍ മനസ്സിലുള്ള കാര്യങ്ങള്‍ പൊതിഞ്ഞു പറയാനുള്ള സാമര്‍ത്ഥ്യം അവരെല്ലാം കാണിച്ചിട്ടുണ്ട്. 
എന്തായാലും കേന്ദ്രമന്ത്രിയുടെ മതേതര വിരുദ്ധവും അതുകൊണ്ടുതന്നെ ഭരണഘടനാ വിരുദ്ധവുമായ പ്രസ്താവനയിലെ അപകടം മണത്ത സംഘപരിവാര്‍ നേതൃത്വം അടിയന്തരമായി രംഗത്തിറങ്ങി. മന്ത്രിസഭയിലെ മുതിര്‍ന്ന സഹപ്രവര്‍ത്തകര്‍ ആനന്ദ് കുമാര്‍ ഹെഗ്ഡെയുടെ പ്രസ്താവന സര്‍ക്കാര്‍ നയമല്ലെന്ന് വ്യക്തമാക്കി. വരുന്ന റിപ്പബ്ലിക് ദിനം എല്ലാ പ്രൗഢിയോടും കൂടി ആഘോഷിക്കുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. മതേതരത്വത്തെക്കുറിച്ചും ഭരണഘടനയെക്കുറിച്ചും ആര്‍.എസ്.എസ്സിന്റെ മൗലിക നിലപാടില്‍നിന്നും വ്യത്യസ്തമായി ആനന്ദ്കുമാര്‍ യാതൊന്നും പറഞ്ഞില്ല. ഇപ്പോള്‍ ഇരിക്കുന്ന കസേരയില്‍ ഇരുന്നുകൊണ്ട്, ഈ ഭരണഘടന നിലനില്‍ക്കുന്ന കാലത്തോളം അങ്ങനെ പരസ്യമായി പറഞ്ഞാല്‍ ഉണ്ടാകുന്ന വൈതരണികളെപ്പറ്റി അദ്ദേഹത്തിന് അറിയാതെ പോയി. അത് അറിയാവുന്ന അദ്ദേഹത്തിന്റെ നേതാക്കന്മാര്‍ ഭരണഘടന പൊളിച്ചെഴുതാന്‍ വ്യഗ്രത കൊള്ളുന്നത് അതുകൊണ്ടാണ്. കേന്ദ്രമന്ത്രിയുടെ ഖേദപ്രസ്താവനയോടെ എല്ലാ തലവേദനയും അവസാനിച്ചു എന്നാകും പരിവാര്‍ ബുദ്ധികേന്ദ്രങ്ങള്‍ ചിന്തിക്കുന്നത്. എന്നാല്‍, അവര്‍ കണക്കുകൂട്ടുമ്പോലെ നിസ്സാരമായി അതിനെ കാണാന്‍ പ്രബുദ്ധരായ ഇന്ത്യന്‍ ജനതയ്ക്കാവില്ല. ഇന്ത്യയുടെ നിലനില്പിന്റെ ആധാരശിലയായ മതേതരത്വവും നിലവില്‍ ഭരണം കയ്യാളുന്ന ബി.ജെ.പിയുടെ രാഷ്ട്രസങ്കല്പവും തമ്മിലുള്ള വൈരുദ്ധ്യമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ആധുനിക ഭാരതത്തിന്റെ എല്ലാ ചരിത്ര ഘട്ടങ്ങളിലും ഉയര്‍ന്നുവന്ന വൈരുദ്ധ്യമാണത്. ഇന്ത്യ, ഇന്ത്യയായി ജീവിച്ചിരിക്കുമോ അതോ മരിക്കുമോ എന്നതുതന്നെയാണ് ഇതിലെ കാതലായ പ്രശ്‌നം.

ഹിന്ദുരാഷ്ട്രീയത്തിന്റെ മതവിചാരധാരകള്‍

ഇക്കാര്യത്തില്‍ ആര്‍.എസ്.എസ്സിനുള്ള അടിസ്ഥാന നിലപാട് എത്രയോ മുന്‍പ് വ്യക്തമാക്കപ്പെട്ടു കഴിഞ്ഞതാണ്. സംഘപരിവാര്‍ ശക്തികളുടെ ആചാര്യസ്ഥാനീയനായ എം.എസ്. ഗോള്‍വാള്‍ക്കറുടെ എണ്ണമറ്റ ലേഖനങ്ങളിലൂടെയും പ്രസംഗങ്ങളിലൂടെയും അത് ജനങ്ങള്‍ അറിഞ്ഞതാണ്.  നാം അഥവാ നമ്മുടെ രാഷ്ട്രസങ്കല്പം നിര്‍വ്വചിക്കപ്പെടുന്നു (1939), വിചാരധാര (1966) എന്നീ പുസ്തകങ്ങളിലായി അവ ക്രോഡീകരിക്കപ്പെട്ടിരിക്കുന്നു. രാഷ്ട്രത്തിന്റെ മതം എന്ന ഒന്നുണ്ടെന്ന സങ്കല്പത്തിനു മേലാണ് ഹിന്ദുത്വ രാഷ്ട്രീയം കെട്ടിപ്പടുത്തിരിക്കുന്നത്. വാസ്തവത്തില്‍ ശബ്ദത്തിലല്ലാതെ ഹിന്ദുമതവുമായി അതിന് സാദൃശ്യങ്ങളൊന്നുമില്ല. ഭൂരിപക്ഷം വരുന്ന ഹിന്ദുമത വിശ്വാസികളെ തങ്ങളുടെ കൂടാരത്തിലേക്ക് ആട്ടിത്തെളിക്കുന്നതിനായി അവര്‍ ഈ സാദൃശ്യം കൗശലപൂര്‍വ്വം ഉപയോഗിക്കുന്നു എന്നു മാത്രം. രാഷ്ട്രത്തിന്റെ മതവും ഭാഷയും സംസ്‌കാരവും അംഗീകരിക്കുന്നവര്‍ക്കു മാത്രമേ ഇവിടെ പൗരന്മാരായി ജീവിക്കാന്‍ അവകാശമുള്ളു എന്നാണ് ഗോള്‍വാള്‍ക്കര്‍ വിചാരധാരയില്‍ എഴുതിയത്. മുസ്ലിങ്ങളും ക്രിസ്ത്യാനികളും കമ്യൂണിസ്റ്റ്കാരും ഇന്ത്യയുടെ ആഭ്യന്തര ശത്രുക്കളാണെന്നും അദ്ദേഹം സ്വയം സേവകരെ പഠിപ്പിക്കാന്‍ ശ്രമിച്ചു. വിഷലിപ്തമായ ഈ കാഴ്ചപ്പാടിലൂടെ നോക്കുന്നതുകൊണ്ടാണ് മതേതരത്വത്തോട് സംഘപരിവാറിന് ഇത്രമേല്‍ പകയുണ്ടാകുന്നത്.
ഭരണഘടന നിര്‍മ്മാണസമിതിക്ക് രൂപംകൊടുത്തതിന്റെ തൊട്ടടുത്ത ദിവസങ്ങളില്‍ ഗോള്‍വാള്‍ക്കര്‍ പറഞ്ഞത് ഇങ്ങനെയാണ്: ''രാഷ്ട്രത്തിന്റെ ഏകീകരണ ശിലയായ ഹൈന്ദവാത്മകതയ്ക്ക് യാതൊരു പരിഗണനയും കൊടുക്കാത്ത ഒരു സമിതിയാണത്.'' ഭരണഘടന അംഗീകരിക്കപ്പെടും മുന്‍പു തന്നെ അതിന്റെ കരട് സമൂഹത്തില്‍ ചര്‍ച്ചാവിഷയം ആകവെ ജനാധിപത്യത്തോടുള്ള തങ്ങളുടെ നീരസം ഗോള്‍വാള്‍ക്കര്‍ വ്യക്തമാക്കി. പട്ടിക്കും പൂച്ചയ്ക്കും അവകാശം നല്‍കാനുള്ള നീക്കമാണ് ജനാധിപത്യമെന്ന് അദ്ദേഹം വ്യാഖ്യാനിച്ചു. മുഴുവന്‍ രാഷ്ട്രത്തിനുവേണ്ടി ഒരൊറ്റ നിയമനിര്‍മ്മാണസഭയും മന്ത്രിസഭയും മതിയാകുമെന്നും അദ്ദേഹം വാദിച്ചു. രാജ്യവും രാഷ്ട്രവും ഭരണകൂടവും എല്ലാം ഹിന്ദുത്വത്തിന്റെ സ്വാധീനത്തില്‍ ഒന്നായി ലയിച്ചു ചേരുന്ന രാഷ്ട്രസങ്കല്പം ആണ് അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചത്. ഭരണഘടനയുടെ കരട് പുറത്തു വന്നപ്പോള്‍ അതേക്കുറിച്ച് കാണ്‍പൂരില്‍ ചേര്‍ന്ന ആര്‍.എസ്.എസ് സമ്മേളനത്തില്‍ ഗോള്‍വാള്‍ക്കര്‍ പ്രസംഗിച്ചത് ഇങ്ങനെയാണ്: ''അവര്‍ നമ്മെ പൂര്‍ണ്ണമായും മറന്നുകളഞ്ഞു. ഇന്ത്യയുടെ ഏകാത്മകതയ്ക്ക് പകരം വൈവിധ്യങ്ങള്‍ക്ക് ഊന്നല്‍ കൊടുത്തവരാണ് അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത്.'' ഭരണഘടനയോടുള്ള വിരോധം മറച്ചുവയ്ക്കാതെ വിചാരധാരയില്‍ ഗോള്‍വാള്‍ക്കര്‍ പറയുന്നതിങ്ങനെയാണ്: ''പല പാശ്ചാത്യ രാജ്യങ്ങളുടേയും ഭരണഘടനകളില്‍നിന്നും പറിച്ചെടുത്ത ഖണ്ഡികകള്‍ തുന്നിച്ചേര്‍ത്ത് ഉണ്ടാക്കിയതാണ് ഇന്ത്യയുടെ ഭരണഘടന. അതില്‍ നമ്മുടെ സ്വന്തമെന്നു പറയാന്‍ യാതൊന്നുമില്ല.'' നരേന്ദ്ര മോദി മുതല്‍ ആനന്ദ് കുമാര്‍ ഹെഗ്ഡേ വരെയുള്ളവര്‍ ഒരുപോലെ കൂറു പ്രഖ്യാപിക്കുന്ന ആശയങ്ങളാണിവ. 

ദാര്‍ശനികലക്ഷ്യം ഏകാത്മകഭരണഘടന

ആര്‍.എസ്.എസ് മുഖപത്രമായ 'ഓര്‍ഗനൈസര്‍' 1947 ജൂലൈ 31-ന് പുറത്തിറങ്ങിയത് 'ഹിന്ദുസ്ഥാന്‍' എന്ന തലക്കെട്ടുള്ള മുഖപ്രസംഗത്തോടുകൂടിയാണ്. സ്വതന്ത്ര ഇന്ത്യയുടെ പേര് 'ഹിന്ദുസ്ഥാന്‍' എന്നാക്കണമെന്നായിരുന്നു അതിലെ നിര്‍ദ്ദേശം. സ്വാതന്ത്ര്യത്തലേന്ന് പുറത്തിറങ്ങിയ 'ഓര്‍ഗനൈസറി'ലെ താല്പര്യം ദേശീയ പതാകയായി കാവിക്കൊടി അംഗീകരിക്കണമെന്നതായിരുന്നു. ത്രിവര്‍ണ്ണ പതാക പല നിറങ്ങള്‍ കൂടി ചേര്‍ന്നതാകയാല്‍ അത് ഹിന്ദുസ്ഥാന് നിരക്കുന്നതല്ലെന്നായിരുന്നു അവരുടെ വാദം. സ്വാതന്ത്ര്യപ്പുലരിയില്‍ രാജ്യം മുഴുവന്‍ ആഹ്ലാദിച്ചപ്പോള്‍ അതില്‍ പങ്കുചേരാന്‍ ആര്‍.എസ്.എസ് കൂട്ടാക്കിയില്ല. മതേതരത്വത്തോടും ഭരണഘടനയോടും ഉള്ള തീരാത്ത വൈരാഗ്യം ആര്‍.എസ്.എസ്സിന്റെ രക്തത്തില്‍ കലര്‍ന്നതാണ്. മറ്റു പലതിലും എന്നതുപോലെ ഇക്കാര്യത്തിലും അവരുടെ ദാര്‍ശനിക വഴികാട്ടി ഗോള്‍വാള്‍ക്കര്‍ തന്നെ. 1973-ല്‍ ബാംഗ്ലൂരില്‍ സംഘടിപ്പിച്ച ഒരു സെമിനാറില്‍ സര്‍സംഘ് ചാലക് ആയിരുന്ന ഗോള്‍വാള്‍ക്കര്‍ നടത്തിയ പ്രസംഗം ശ്രദ്ധിക്കുക: ''ഫെഡറല്‍ ഭരണഘടനയ്ക്കു പകരം നാം ഒരു ഏകാത്മക (unitary)  ഭരണഘടന പ്രഖ്യാപിക്കുകയാണ് വേണ്ടത്. ഉചിതമായ ഭേദഗതിയിലൂടെ യഥാസമയം അത് നേടാന്‍ നാം പരിശ്രമിച്ചുകൊണ്ടിരിക്കും.''  ബി.ജെ.പിക്ക് ആദ്യമായി അധികാരം കയ്യാളാന്‍ അവസരം ലഭിച്ചപ്പോള്‍ തന്നെ ആര്‍.എസ്.എസ് അതിനു കരുനീക്കിയതാണ്. എ.ബി. വാജ്പേയ് പ്രധാനമന്ത്രി ആയിരിക്കെ ആ ഉദ്ദേശ്യത്തോടുകൂടിയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന വെങ്കട ചെല്ലയ്യ അദ്ധ്യക്ഷനായ പതിനൊന്നംഗ സമിതിയെ ഇതിനായി നിയോഗിച്ചത്. എന്നാല്‍, നിയോഗിച്ചവരുടെ താല്പര്യങ്ങള്‍ക്ക് നിരക്കുന്നതായില്ല കമ്മിഷന്‍ റിപ്പോര്‍ട്ട്. മതേതരത്വം അടക്കമുള്ള അടിസ്ഥാന ഘടകങ്ങളില്‍ മാറ്റമുണ്ടായിക്കൂടെന്നായിരുന്നു കമ്മിഷന്‍ ശുപാര്‍ശ. കേശവാനന്ദ ഭാരതി കേസിലും എസ്.ആര്‍. ബൊമ്മെ കേസിലും അടക്കം സുപ്രീംകോടതി തന്നെ ഭരണഘടനയുടെ അടിസ്ഥാന ഘടകങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത ചൂണ്ടിപ്പറഞ്ഞു. എന്നാല്‍, രാജ്യം പൊതുവില്‍ അംഗീകരിക്കുന്ന ഈ നിലപാടിന്റെ മറുഭാഗത്താണ് ആര്‍.എസ്.എസ് എപ്പോഴും നിലകൊള്ളുന്നത്. മതേതരത്വവും ജനാധിപത്യവും സോഷ്യലിസവുമെല്ലാം വൈദേശിക സങ്കല്പങ്ങളാണെന്നും അവ ഇന്ത്യന്‍ ഭരണഘടനയില്‍ തുടരുന്നത് അനുചിതമാണെന്നും ആര്‍.എസ്.എസ്സിന്റെ പ്രമുഖ നേതാക്കള്‍ എത്രയോ വട്ടം പ്രസംഗിച്ചിരിക്കുന്നു. സ്വയം സേവക പരമ്പരയുടെ ഇങ്ങേത്തലയ്ക്കല്‍ നില്‍ക്കുന്ന ആനന്ദ് കുമാര്‍ ഹെഗ്ഡേ അതാവര്‍ത്തിക്കുക മാത്രമാണ് ചെയ്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com