'ഇന്ത്യ ഹിന്ദു രാഷ്ട്രം തന്നെ, ലോകം അത് അംഗീകരിച്ചതാണ്'

കാറല്‍ മാര്‍ക്‌സ് തന്റെ കൃതികളില്‍ ഭാരതത്തെ ഹിന്ദുക്കളുടെ ഭൂമി എന്നാണ് വിളിച്ചിട്ടുള്ളത്
'ഇന്ത്യ ഹിന്ദു രാഷ്ട്രം തന്നെ, ലോകം അത് അംഗീകരിച്ചതാണ്'

സി.പി.ഐ നേതാവും ഇടതു ബുദ്ധിജീവിയുമായ ബിനോയ് വിശ്വം എഴുതിയ 'സ്വയം സേവകരുടെ മതേതര സങ്കല്‍പ്പം' എന്ന ലേഖനത്തില്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവര്‍ത്തകര്‍ മതേതരത്വത്തെ അംഗീകരിക്കുന്നില്ല എന്ന് ആരോപിക്കുന്നു.
ആര്‍.എസ്.എസ് മതേതരത്വത്തെ ഭരണഘടനയില്‍നിന്ന് നീക്കം ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്ന് പറയുന്ന ബിനോയ് വിശ്വം പ്രധാനപ്പെട്ട ചില വസ്തുതകള്‍ വായനക്കാരില്‍നിന്നു മറച്ചുവയ്ക്കുന്നുണ്ട്. ജനാധിപത്യാവകാശങ്ങളെ മുഴുവന്‍ നിഷേധിച്ച് വ്യക്തികള്‍ക്ക് ജീവിക്കാനുള്ള അവകാശംപോലും ഇല്ലെന്ന് പ്രഖ്യാപിച്ച് ഇന്ദിരാ ഗാന്ധി നടപ്പിലാക്കിയ അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകളില്‍ ഭരണഘടനാ ഭേദഗതിയിലൂടെയാണ് 'മതേതരത്വം' എന്ന പദം ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തത്. പ്രതിപക്ഷ നേതാക്കളെ മുഴുവന്‍ ജയിലിലടച്ച് ആയിരക്കണക്കിനാളുകളെ അടിച്ചമര്‍ത്തി, എതിര്‍പ്പിന്റെ ഒരു ശബ്ദവും പുറത്തുവരാത്തവിധം പത്രമാരണ നിയമം നടപ്പാക്കിയാണ് ഈ ഭരണഘടനാ ഭേദഗതി കൊണ്ടുവന്നത്. സ്വേച്ഛാധിപത്യത്തിന്റെ നാളുകളില്‍ ചര്‍ച്ചകളില്ലാതെ തന്റെ രാഷ്ട്രീയ ലാഭത്തിനായി പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ഭരണഘടനയില്‍ ചേര്‍ത്തതാണ് മതേതരത്വവും സോഷ്യലിസവുമെന്ന് ചുരുക്കം.
ആര്‍.എസ്.എസ് മതേതരത്വത്തില്‍ വിശ്വസിക്കുന്നില്ലെന്ന് കാലങ്ങളായി ചിലര്‍ ആസൂത്രിതമായി പ്രചരിപ്പിക്കുന്നുണ്ട്. ഇത് അടിസ്ഥാനരഹിതമാണ്. മതേതരത്വത്തിന്റെ പേരില്‍ നടത്തുന്ന ന്യൂനപക്ഷ പ്രീണനത്തേയും ഹിന്ദുവിരുദ്ധ പ്രചാരണങ്ങളേയും പ്രവര്‍ത്തനങ്ങളേയുമാണ് ആര്‍.എസ്.എസ് എതിര്‍ക്കുന്നത്. ആര്‍.എസ്.എസ് ഒരിക്കലും ഒരു മതാധിഷ്ഠിത ഭരണകൂടത്തിനായി വാദിച്ചിട്ടില്ല. മാത്രമല്ല, ഭരണകൂടം തീര്‍ത്തും മതസ്വാധീനത്തിന് പുറത്തായിരിക്കണമെന്നും ആര്‍.എസ്.എസ് കരുതുന്നു. ഇത് വ്യക്തമാക്കുന്ന ചില ചരിത്രവസ്തുതകള്‍ മുന്നോട്ടു വയ്ക്കട്ടെ.
ഭാരതീയ ജനസംഘത്തിന്റെ സ്ഥാപകന്‍ ഡോ. ശ്യാമപ്രസാദ് മുഖര്‍ജി ജനസംഘം സ്ഥാപിക്കുന്നതിനു മുന്‍പ് ഹിന്ദുമഹാസഭയുടെ അഖിലേന്ത്യാ അധ്യക്ഷനായിരുന്നു. ഭാരതം സ്വാതന്ത്ര്യം നേടി റിപ്പബ്ലിക് ആയശേഷം ഡോ. മുഖര്‍ജി ഹിന്ദുമഹാസഭയില്‍ ഒരു പ്രമേയം അവതരിപ്പിച്ചു. ഹിന്ദുമഹാസഭയിലെ അംഗത്വം ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനത്തില്‍ പൗരത്വമുള്ള എല്ലാവര്‍ക്കും നല്‍കണമെന്നതായിരുന്നു അതിന്റെ ഉള്ളടക്കം. എന്നാല്‍, ഹിന്ദുമഹാസഭ ഈ പ്രമേയം വോട്ടിനിട്ട് തള്ളി. ഡോ. മുഖര്‍ജി പ്രസിഡന്റ് സ്ഥാനവും ഹിന്ദുമഹാസഭാംഗത്വവും രാജിവച്ചു. തുടര്‍ന്നാണ് അദ്ദേഹം ഭാരതീയ ജനസംഘം സ്ഥാപിച്ചത്. ഭാരതീയ ജനസംഘത്തില്‍ ജാതി-മത-വര്‍ഗ്ഗ-വര്‍ണ്ണ-ഭാഷാ വ്യത്യാസമെന്യേ എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും അംഗത്വം എടുക്കാം. മതേതരത്വത്തിന്റെ പേരില്‍ ഒരു രാഷ്ട്രീയകക്ഷി രൂപംകൊണ്ടത് ഭാരതീയ ജനസംഘം ആയിരുന്നു.
ഭാരതീയ ജനസംഘത്തിന്റെ ഭരണഘടന തയ്യാറാക്കിയതില്‍ പ്രധാന പങ്കുവഹിച്ചത് പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായ ആയിരുന്നു. ദീനദയാല്‍ ആര്‍.എസ്.എസ്സിന്റെ പ്രചാരകനായിരുന്നു. ജനസംഘത്തിന്റെ രൂപീകരണത്തിനു മുന്നോടിയായി അന്ന് ആര്‍.എസ്.എസ് സര്‍സംഘചാലക് ആയിരുന്ന ഗുരുജി ഗോള്‍വല്‍ക്കറുമായി മുഖര്‍ജി ചര്‍ച്ച ചെയ്തിരുന്നു. ഗുരുജിയുടെ പൂര്‍ണ്ണ പിന്തുണ ജനസംഘം സ്ഥാപിക്കാന്‍ ലഭിച്ചു.
ആര്‍.എസ്.എസില്‍നിന്ന് പ്രേരണ ഉള്‍ക്കൊണ്ട് വിവിധ രംഗങ്ങളില്‍ അനേകം സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എ.ബി.വി.പി, ബി.എം.എസ്, ബി.ജെ.പി തുടങ്ങിയ ഇത്തരം സംഘടനകളിലെല്ലാം ന്യൂനപക്ഷ വിഭാഗത്തിലുള്ള അനേകം അംഗങ്ങളുണ്ട്. അവയിലെല്ലാം പ്രാദേശിക തലം മുതല്‍ ദേശീയതലം വരെ ഔദ്യോഗിക ഭാരവാഹികളായി മത ന്യൂനപക്ഷങ്ങളില്‍പ്പെടുന്ന നിരവധി പേരുണ്ട്. തുല്യാവകാശങ്ങളുള്ള അംഗങ്ങളായാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്.

ഭരണഘടനയും ആര്‍.എസ്.എസ്സും 

ഭാരതത്തിന്റെ ഭരണഘടനയില്‍ ചില മാറ്റങ്ങള്‍ വേണമെന്ന് ഗുരുജി ഗോള്‍വല്‍ക്കര്‍ അഭിപ്രായപ്പെട്ടത് മഹാപാതകമാണ് എന്നാണ് ബിനോയ് വിശ്വത്തിന്റെ ലേഖനം വായിക്കുമ്പോള്‍ തോന്നുക. ഭരണഘടന രൂപീകരിച്ച ശേഷം ഏതാണ്ട് 120 ഭേദഗതികള്‍ വരുത്തിയിട്ടുണ്ട്. ഭരണഘടനയുടെ മൗലിക ഘടനതന്നെ മാറ്റുന്ന ഭേദഗതികളും ഇതില്‍പ്പെടുന്നു. അതിനര്‍ത്ഥം നിലവിലുള്ള ഭരണഘടന അനേകം തവണ മാറ്റങ്ങള്‍ക്കു വിധേയമായിട്ടുണ്ട് എന്നാണ്. ഈ ഭേദഗതികളെല്ലാം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്തതുമാണ്.
ഗുരുജി ഗോള്‍വല്‍ക്കര്‍ ഭരണഘടനയില്‍ ചില മാറ്റങ്ങള്‍ ആവശ്യമാണെന്ന് നിര്‍ദ്ദേശിച്ചത് ഭരണഘടനയോടുള്ള അനാദരവോ വെല്ലുവിളിയോ അല്ല. നിലവിലുള്ള ഭരണഘടനയിലെ ചില മൗലികമായ കുറവുകള്‍ പരിഹരിക്കുകയായിരുന്നു അതിന്റെ ഉദ്ദേശ്യം. ഭാരതം ഒരു ഫെഡറല്‍ (Federal) ഭരണസംവിധാനമുള്ള രാജ്യമാണെന്ന് ഭരണഘടനയുടെ ആമുഖത്തില്‍ പറയുന്നത് മാറ്റി 'ഏകാത്മക' (Unitary) എന്നാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത് ചൂണ്ടിക്കാട്ടിയാണ് ബിനോയ് വിശ്വം വിമര്‍ശിക്കുന്നത്.
ഭാരതം ഫെഡറല്‍ രാജ്യമാണെന്ന് പറയുന്നതിനര്‍ത്ഥം സംസ്ഥാനങ്ങളുടെ കൂട്ടായ്മയാണ്, അതായത് വിവിധ സംസ്ഥാനങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഭാരതം എന്ന രാജ്യം ഉണ്ടായി എന്നാണ്. ഇത് ശരിയല്ല. ഭാരതം എന്ന രാജ്യത്തെ ഭരണസൗകര്യത്തിന് വിവിധ സംസ്ഥാനങ്ങളായി മാറ്റുകയാണ് ഉണ്ടായത്. ഭാരതമെന്ന ഏകരാഷ്ട്രത്തെ വിവിധ സംസ്ഥാനങ്ങളായി തരംതിരിച്ചു എന്നതാണ് ശരി. ഓരോ സംസ്ഥാനവും വേറിട്ടുപോകാനോ പിരിഞ്ഞുപോകാനോ അവകാശവും അധികാരവും ഇല്ലാത്തവയാണ്. 1947 ആഗസ്റ്റ് 15-ന് സ്വാതന്ത്ര്യം നേടിയത് ഭാരതം എന്ന രാജ്യമാണ്. ഭാരതം എന്നത് ഒരൊറ്റ ഘടകമാണ്. പല ഘടകങ്ങളുടെ കൂടിച്ചേരലല്ല. അതുകൊണ്ടാണ് ഭരണസൗകര്യത്തിനായി ഇപ്പോഴും പുതിയ സംസ്ഥാനങ്ങള്‍ക്ക് രൂപംകൊടുക്കുന്നത്. ചുരുക്കത്തില്‍ ഭാരതം എന്നത് ഏക രാജ്യം ആണെന്ന് പറയുന്നതാണ് ചരിത്രപരവും സാംസ്‌കാരികവും ഭരണപരവുമായി ശരി. ഇതിനര്‍ത്ഥം സംസ്ഥാനങ്ങള്‍ വേണ്ട എന്നല്ല. സംസ്ഥാനങ്ങള്‍ ഭാരതം എന്ന രാജ്യത്തിന്റെ ആവശ്യങ്ങള്‍ നിര്‍വ്വഹിക്കാനുള്ളതാണ്. ഇതാണ് ഗുരുജി ഗോള്‍വല്‍ക്കര്‍ മുന്നോട്ടുവച്ച ഭരണഘടനാ പരിഷ്‌കാരം. ഇത് പൂര്‍ണ്ണമായും സ്വീകാര്യമായ ഒരു നിര്‍ദ്ദേശമാണല്ലോ.

ക്രിസ്ത്യന്‍-മുസ്ലിം-കമ്മ്യൂണിസ്റ്റ് വിപത്ത്

ഭാരതം എന്ന രാഷ്ട്രത്തിന്റെ സാംസ്‌കാരിക തനിമയ്ക്ക് ആധാരമായ വൈവിധ്യങ്ങള്‍ ഏകതയുടെ വിവിധ പ്രകടീകരണങ്ങളാണ്. ഈ വൈവിധ്യങ്ങളെ അംഗീകരിക്കാതെ ഭാരതത്തിന്റെ ഏകതയ്ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ ക്രിസ്ത്യന്‍, മുസ്ലിം, കമ്മ്യൂണിസ്റ്റ് ശക്തികള്‍ നടത്തുന്നുണ്ട്. ഭാരതത്തെ ക്രൈസ്തവവല്‍ക്കരിക്കുക, ഭാരതത്തെ ഇസ്ലാമികവല്‍ക്കരിക്കുക, ഭാരതത്തെ വിഭജിച്ച് സ്വതന്ത്ര പരമാധികാരമുള്ള 16 രാജ്യങ്ങളാക്കുക എന്നീ ലക്ഷ്യങ്ങളാണ് യഥാക്രമം ഈ മൂന്നുശക്തികളും വച്ചുപുലര്‍ത്തുന്നത്. ഇത് വിപത്താണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇക്കാര്യം വ്യക്തമാക്കുക മാത്രമാണ് ഗുരുജി ചെയ്തത്. ഓരോ വ്യക്തിയും കക്ഷി മത-ജാതി-ഭാഷാ വ്യത്യാസങ്ങള്‍ക്കുപരി ഇന്നാട്ടിലെ പൗരനാണ്. നാടിന്റെ അഖണ്ഡതയും സ്വാതന്ത്ര്യവും നിലനിര്‍ത്താന്‍ എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ട്. ഭാരതത്തിന്റെ ഏകതയ്ക്കും അഖണ്ഡതയ്ക്കും എതിരായതിനാലാണ് ക്രിസ്ത്യന്‍-മുസ്ലിം ശക്തികളെ നാട് നേരിടുന്ന വിപത്തുകളായി ഗുരുജി ഗോള്‍വല്‍ക്കര്‍ കണ്ടത്. ഗുരുജിയുടെ എതിര്‍പ്പ് ഏതെങ്കിലും മതത്തോടോ മതവിശ്വാസികളോടോ അല്ല. എതിര്‍പ്പ് ദേശവിരുദ്ധ നിലപാടുകളോടാണ്. ദേശവിരുദ്ധ ചിന്താഗതിക്കാരായ ഹിന്ദുക്കളോടുള്ള ആര്‍.എസ്.എസ്സിന്റെ നിലപാടും ഇതില്‍നിന്ന് വ്യത്യസ്തമല്ല. അതിനെതിരായ നിലപാടുകള്‍ ഉള്ളതിനാലാണ് ക്രിസ്ത്യന്‍, മുസ്ലിം, കമ്മ്യൂണിസ്റ്റ് ശക്തികളെ ഭാരതം നേരിടുന്ന വിപത്തുകളായി ഗുരുജി ഗോള്‍വല്‍ക്കര്‍ കണ്ടത്.

ജനാധിപത്യം വ്യത്യസ്ത രൂപങ്ങളില്‍

ജനാധിപത്യം വിവിധ രാജ്യങ്ങളില്‍ വ്യത്യസ്ത രൂപത്തിലാണ് നിലനില്‍ക്കുന്നത്. ഇംഗ്ലണ്ടില്‍ അത് ഭരണ-പ്രതിപക്ഷ രൂപത്തിലാകുമ്പോള്‍, അമേരിക്കയില്‍ പ്രസിഡന്‍ഷ്യല്‍ മോഡലാണ്. ഇതേപോലെ പല സമ്പ്രദായങ്ങളില്‍ ജനാധിപത്യം ലോകത്ത് നിലനില്‍ക്കുന്നു. ഭാരതത്തില്‍ ജനാധിപത്യം ഫലപ്രദമായി നടപ്പാക്കാന്‍ ഈ നാടിന്റെ പാരമ്പര്യം ഉള്‍ക്കൊള്ളണമെന്ന് ഗുരുജി വിശ്വസിച്ചു. ഭാരതത്തിന്റെ അടിസ്ഥാന വീക്ഷണം സമന്വയത്തിന്റേയും സഹവര്‍ത്തിത്വത്തിന്റേയുമാണ്. പാശ്ചാത്യ മാതൃകയിലുള്ള തെരഞ്ഞെടുപ്പ് രീതിയില്‍ കൂടുതല്‍ വോട്ടു ലഭിച്ച വ്യക്തി അഥവാ പാര്‍ട്ടി സര്‍വ്വ അധികാരങ്ങളും നേടുന്നു. കുറഞ്ഞ വോട്ട് ലഭിച്ച വ്യക്തിക്കും പാര്‍ട്ടിക്കും ഭരണത്തിലോ നയരൂപീകരണത്തിലോ പങ്കില്ല. ചുരുക്കത്തില്‍ ഇന്ന് പിന്തുടരുന്ന ജനാധിപത്യ സമ്പ്രദായം ഭൂരിപക്ഷത്തിന്റേതാണ്. മുഴുവന്‍ ജനങ്ങളുടേതുമല്ല. ഈ ഭൂരിപക്ഷം രാജ്യത്തിന്റെ എല്ലാ നയങ്ങളും രൂപവല്‍ക്കരിക്കുന്നു. 
ഗുരുജി ഗോള്‍വല്‍ക്കര്‍ ആവശ്യപ്പെടുന്നത് മുഴുവന്‍ ജനങ്ങളുടേയും പങ്കാളിത്തമാണ്. ഇതിന് സമൂഹത്തിലെ വിവിധ മേഖലകളില്‍നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവരുടെ ഉപരിസഭയും മുഴുവന്‍ ജനങ്ങളും ചേര്‍ന്ന് തെരഞ്ഞെടുക്കുന്ന ജനസഭയും ഉണ്ടായിരിക്കണം. ഇങ്ങനെ ബഹുജനാഭിപ്രായത്തോടൊപ്പം ഓരോ മേഖലയിലേയും വിദഗ്ദ്ധരും കൂടിച്ചേരുമ്പോള്‍ ഭരണനിര്‍വ്വഹണം കൂടുതല്‍ ഫലവത്താകും. ജനാധിപത്യത്തിന്റെ കരുത്തുകൂട്ടുന്ന ഈ നിര്‍ദ്ദേശം അധികാര വികേന്ദ്രീകരണത്തിനു സഹായിക്കും. മൗലികമായ ഈ നിര്‍ദ്ദേശം പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞാല്‍ ഇന്നു നാം നേരിടുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകും.
'ജനാധിപത്യത്തിന് എതിരാണ് സംഘപരിവാര്‍' എന്ന് ആക്ഷേപമുയര്‍ത്തുന്നവര്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം, സംഘപരിവാറില്‍ എല്ലാ സംഘടനകളിലും നിശ്ചിത കാലാവധിക്കുള്ളില്‍ സംഘടനാ തെരഞ്ഞെടുപ്പുകള്‍ നടക്കാറുണ്ട് എന്നതാണ്. മറ്റ് പല സംഘടനകളിലും കുടുംബാധിപത്യമോ ഒരു നേതാവിന്റെ ആധിപത്യമോ ആണ് നിലനില്‍ക്കുന്നത്. സംഘപരിവാറില്‍ ജന്മംകൊണ്ടല്ല, കര്‍മ്മംകൊണ്ടാണ് ഒരാള്‍ നേതൃസ്ഥാനത്തേക്ക് വരുന്നത്. ഇങ്ങനെ ജനാധിപത്യം പൂര്‍ണമായും നടപ്പാക്കുന്നത് സംഘപരിവാര്‍ സംഘടനകളാണ് എന്നത് ആര്‍.എസ്.എസ്സിന് ജനാധിപത്യത്തിലുള്ള ഉറച്ചവിശ്വാസത്തിന് തെളിവാണ്.

ഹിന്ദുരാഷ്ട്രം ആര്‍.എസ്.എസ്സിന്റെ ലക്ഷ്യമല്ല

ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനാണ് ആര്‍.എസ്.എസ് പ്രവര്‍ത്തിക്കുന്നതെന്ന് വിമര്‍ശകര്‍ ആരോപിക്കാറുണ്ട്. ആര്‍.എസ്.എസ് ഇന്നാട്ടിലെ ന്യൂനപക്ഷങ്ങളെ ഉന്മൂലനം ചെയ്യുകയോ അവരെ രണ്ടാംകിട പൗരന്മാരാക്കുകയോ ചെയ്യുന്ന മതാധിഷ്ഠിത രാജ്യം ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും അവര്‍ പ്രചരിപ്പിക്കുന്നു. എന്നാല്‍ ആര്‍.എസ്.എസ്സിന്റെ ലക്ഷ്യം ഒരു മതാധിഷ്ഠിത രാജ്യമല്ല. 'ഭാരതം ഹിന്ദു രാഷ്ട്രമാണ്' എന്നാണ് ആര്‍.എസ്.എസ് സ്ഥാപകന്‍ ഡോ. കെ.ബി. ഹെഡ്ഗേവാര്‍ പ്രഖ്യാപിച്ചത്. ഇതര രാഷ്ട്രങ്ങളില്‍നിന്ന് ഭാരതത്തെ വേര്‍തിരിച്ചുനിര്‍ത്തുന്ന പ്രത്യേകത, തനിമ അത് ഹിന്ദുരാഷ്ട്രമാണ് എന്നുള്ളതാണ്. ഭാരതം ഹിന്ദുരാഷ്ട്രമായിരുന്നു, ഹിന്ദുരാഷ്ട്രമാണ്, ഹിന്ദുരാഷ്ട്രമായി തുടരും എന്നും ഹെഡ്ഗേവാര്‍ വീണ്ടും വ്യക്തമാക്കിയിരുന്നു. ഭാരതം ഇന്നലേയും ഇന്നും ഹിന്ദുരാഷ്ട്രമാണ്, നാളെ അത് അങ്ങനെയായി തുടരും എന്നു പറയുന്നത് പുതിയ ഒന്ന് നിര്‍മ്മിക്കാനല്ലല്ലോ? ആര്‍.എസ്.എസ്സിന്റെ ലക്ഷ്യം ഹിന്ദുരാഷ്ട്രത്തിന്റെ പരമവൈഭവമാണ്. ഇക്കാര്യങ്ങള്‍ ആര്‍.എസ്.എസ്സിന്റെ ശാഖയില്‍ ദിവസേന ചൊല്ലുന്ന പ്രാര്‍ത്ഥനയില്‍ വ്യക്തമാക്കുന്നുണ്ട്. പ്രാര്‍ത്ഥനയില്‍ 'വയം ഹിന്ദുരാഷ്ട്രാംഗ ഭൂതാ' (ഹിന്ദുരാഷ്ട്രത്തിന്റെ അംഗങ്ങളായ ഞങ്ങള്‍) എന്നാണ് പറയുന്നത്. ഭാവിയില്‍ സൃഷ്ടിക്കപ്പെടുന്ന ഒരു രാഷ്ട്രത്തിന്റെ അംഗങ്ങള്‍ എന്നല്ല, നിലവിലുള്ള രാഷ്ട്രത്തിന്റെ ഘടകങ്ങള്‍ എന്നാണ് ഇവിടെ പറയുന്നത്. 'പരം വൈഭവം മേതദ് സ്വരാഷ്ട്രം' (ഈ രാഷ്ട്രത്തെ പരമവൈഭവത്തിലെത്തിക്കുക) എന്നതാണ് ആര്‍.എസ്.എസ്സിന്റെ ലക്ഷ്യം.
ഭാരതം ഹിന്ദുരാഷ്ട്രമാണെന്നത് ലോകം മുഴുവന്‍ അംഗീകരിക്കുന്ന വസ്തുതയാണ്. കാറല്‍ മാര്‍ക്‌സ് തന്റെ കൃതികളില്‍ ഭാരതത്തെ ഹിന്ദുക്കളുടെ ഭൂമി എന്നാണ് വിളിച്ചിട്ടുള്ളത്. ബ്രിട്ടീഷ് ഭരണകാലത്തെ വൈസ്രോയിമാരുടെ എഴുത്തുകുത്തുകളിലും ഭാരതത്തെ 'ഹിന്ദുസ്ഥാന്‍' എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഉറുദു, അറബി തുടങ്ങിയ ഭാഷകളിലും ഹിന്ദുസ്ഥാന്‍ എന്നാണ് ഭാരതത്തെ വിശേഷിപ്പിക്കുന്നത്. മുഹമ്മദ് ഇക്ബാല്‍ 'സാരേ ജഹാംസേ അച്ഛാ ഹിന്ദുസ്ഥാന്‍ ഹമാരാ' എന്നാണ് എഴുതിയത്. ഭാരതം ഹിന്ദുരാഷ്ട്രമാണ് എന്നത് ലോകം അംഗീകരിച്ചതാണെന്ന് ഇതില്‍നിന്നെല്ലാം വ്യക്തം.
ബിനോയ് വിശ്വം ഉന്നയിക്കുന്ന ഒരാരോപണവും വസ്തുതകള്‍ക്ക് നിരക്കുന്നതല്ല. ലോകമെമ്പാടും ജനാധിപത്യാവകാശങ്ങള്‍ അടിച്ചമര്‍ത്തുകയും എതിര്‍പ്പിന്റെ ശബ്ദത്തെ ഉന്മൂലനം ചെയ്യുകയും ഹിംസ ലക്ഷ്യം നേടാനുള്ള മാര്‍ഗ്ഗമായി സ്വീകരിക്കുകയും ചെയ്ത ഒരു തത്ത്വശാസ്ത്രത്തിന്റെ അനുയായി ആര്‍.എസ്.എസ്സിനെ ജനാധിപത്യവിരുദ്ധവും മതേതരവിരുദ്ധവുമായി ചിത്രീകരിക്കാന്‍ വസ്തുതകളെ ദുര്‍വ്യാഖ്യാനം ചെയ്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നത് വിജയിക്കില്ലെന്ന് പറഞ്ഞുകൊള്ളട്ടെ. ഇന്ത്യയില്‍ ജനാധിപത്യാവകാശങ്ങളും മൗലികാവകാശങ്ങളും നിഷേധിച്ച് പ്രതിപക്ഷ നേതാക്കളേയും എതിര്‍ശബ്ദങ്ങളേയും തടവറയിലടച്ച് സത്യത്തിന്റെ കഴുത്തുഞെരിക്കാന്‍ പത്രമാരണ നിയമം നടപ്പിലാക്കിയ സ്വേച്ഛാധിപതിക്ക് അടിയന്തരാവസ്ഥ കാലഘട്ടത്തില്‍ സ്തുതിപാടുകയും കേരളത്തില്‍ ഭരണനേതൃത്വം തന്നെ ഏറ്റെടുക്കുകയും ചെയ്ത ഒരു രാഷ്ട്രീയ കക്ഷിയുടെ നേതാവിന് ജനാധിപത്യത്തെക്കുറിച്ച് പറയാന്‍ ധാര്‍മ്മികമായി യാതൊരു അവകാശവുമില്ല. 
ഡല്‍ഹിയിലെ തുര്‍ക്ക്മാന്‍ ഗേറ്റില്‍ നൂറുകണക്കിന് മുസ്ലിങ്ങളെ അകാരണമായി വെടിവച്ചുകൊന്നപ്പോള്‍, മുസ്ലിങ്ങള്‍ക്ക് നിര്‍ബന്ധ വന്ധ്യംകരണം ഏര്‍പ്പെടുത്തിയപ്പോള്‍, ഈ മതേതരവാദികളില്‍നിന്ന് പ്രതിഷേധത്തിന്റെ നേരിയ ശബ്ദംപോലും ഉയര്‍ന്നില്ല. അക്കാലത്ത് ജനാധിപത്യത്തിനുവേണ്ടി നിലകൊണ്ടതും ന്യൂനപക്ഷങ്ങളുടേതടക്കം ജീവന്‍ രക്ഷിച്ചതും ആര്‍.എസ്.എസ്സാണ്. ജനങ്ങള്‍ ഇതെല്ലാം മനസ്സിലാക്കുന്നുണ്ടെന്ന് ബിനോയ് വിശ്വം ഓര്‍ക്കണമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com