ഈശ്വരനൊരിക്കല്‍ വിരുന്നിനു പോയി- ശ്രീകുമാരന്‍ തമ്പിയെക്കുറിച്ച് കെആര്‍ മീര എഴുതിയ കുറിപ്പ്

തമ്പിസാറിനു വയലാര്‍ അവാര്‍ഡോ ജെ.സി. ദാനിയല്‍ അവാര്‍ഡോ ഒക്കെ കിട്ടുമ്പോള്‍ എഴുതാന്‍ മനസ്സിലൊരു ലേഖനമുണ്ടായിരുന്നു
ഈശ്വരനൊരിക്കല്‍ വിരുന്നിനു പോയി- ശ്രീകുമാരന്‍ തമ്പിയെക്കുറിച്ച് കെആര്‍ മീര എഴുതിയ കുറിപ്പ്

തമ്പിസാറിനു വയലാര്‍ അവാര്‍ഡോ ജെ.സി. ദാനിയല്‍ അവാര്‍ഡോ ഒക്കെ കിട്ടുമ്പോള്‍ എഴുതാന്‍ മനസ്സിലൊരു ലേഖനമുണ്ടായിരുന്നു, പകരം ഒരു ആത്മഹത്യാക്കുറിപ്പു കേട്ടതിന്റെ ഞെട്ടലിലാണ് ഇതെഴുതുന്നത്- ശ്രീകുമാരന്‍ തമ്പിയെക്കുറിച്ച് രണ്ടു വര്‍ഷം മുമ്പ് കെആര്‍ മീര എഴുതിയ ഹൃദയസ്പര്‍ശിയായ കുറിപ്പ്
 

''പ്രിയപ്പെട്ട വി.എം. സുധീരന്, ജയ്ഹിന്ദ് ടി.വി എന്റെ പരമ്പര സംപ്രേഷണം ചെയ്ത വകയില്‍ കരാര്‍ പ്രകാരം എനിക്കു 26,96,640 രൂപ തരാനുള്ളതു ചൂണ്ടിക്കാട്ടി പല തവണ ഞാനയച്ച കത്തുകള്‍ക്കു മറുപടി അയയ്ക്കാനുള്ള മര്യാദപോലും താങ്കള്‍ കാണിച്ചിട്ടില്ല. വര്‍ഷങ്ങളായി ഞാന്‍ താങ്കള്‍ക്കും എം.എം. ഹസ്സന്‍, കെ.പി. മോഹനന്‍ എന്നിവര്‍ക്കും ഇതു സംബന്ധിച്ചു പരാതി അയയ്ക്കുന്നു. ധനലക്ഷ്മി ബാങ്കിന്റെ വഴുതക്കാടു ശാഖയില്‍നിന്നും സ്വകാര്യ പണമിടപാടുകാരില്‍നിന്നും കടം വാങ്ങിയാണ് ഞാന്‍ ഈ പരമ്പര നിര്‍മ്മിച്ചത്. ഇന്നുവരെയുള്ള എന്റെ ജീവിതത്തില്‍ ഞാന്‍ ആര്‍ക്കെങ്കിലും ഒരു രൂപയെങ്കിലും നഷ്ടം വരുത്തുകയോ കടക്കാരനാകുകയോ ചെയ്തിട്ടില്ല. പക്ഷേ, ഇന്ന് എനിക്കു പണം തന്നവര്‍ കോടതിയെ സമീപിക്കുമെന്ന് അറിയിച്ചിരിക്കുന്നു. കോടതി നടപടികളിലേക്കു വലിച്ചിഴയ്ക്കപ്പെട്ടാല്‍ ആ നിമിഷം ഞാന്‍ ആത്മഹത്യ ചെയ്യും. അങ്ങനെ സംഭവിച്ചാല്‍, വി.എം. സുധീരന്‍, എം.എം. ഹ്സ്സന്‍, കെ.പി. മോഹനന്‍ എന്നിവരായിരിക്കും ഉത്തരവാദികള്‍.''

കത്തിലെ വാക്യങ്ങള്‍ കേട്ടു ഞാന്‍ ശ്രീകുമാരന്‍ തമ്പിസാറിന്റെ മുമ്പില്‍ മരവിച്ചിരുന്നു. നിസ്സഹായത മറയ്ക്കാന്‍ തമാശ കേട്ടതുപോലെ ചിരിക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടു. ആരാണ് ഈ മനുഷ്യന്‍? എന്നു മുതലാണ് ഈ പേരു കേട്ടുതുടങ്ങിയത് എന്നു ചോദിക്കരുത്. ഓര്‍മ്മയില്ല. ഞാന്‍ ജനിക്കുന്നതിനും വര്‍ഷങ്ങള്‍ക്കു മുന്‍പേ ഈ പേരു മലയാളികള്‍ കേട്ടുതുടങ്ങി. കണ്ടതെന്നാണെന്നു പറയാം, അത് 2006-ലാണ്. ഞാന്‍ ജോലി രാജിവച്ചിട്ടു ദിവസങ്ങളേ കഴിഞ്ഞിരുന്നുള്ളൂ. കോട്ടയത്തുവച്ച് മാക്ടയുടെ ഒരു ഗുരുവന്ദന പരിപാടി. 'തമ്പിച്ചേട്ടനു ഗുരുവന്ദനം, നമുക്കും പോകണം' എന്നു ഭര്‍ത്താവ് ദിലീപ് നിര്‍ബന്ധിച്ചു. എം.ടി. വാസുദേവന്‍ നായരാണ് മുഖ്യാതിഥി. ഞാന്‍ പോയത് എം.ടിയെ കാണാനാണ്. എം.ടി. പ്രസംഗിച്ചു: ''നമ്മുടെ കൊച്ചുതമ്പി ഗുരുവായി എന്നു വിശ്വസിക്കാന്‍ പ്രയാസം.'' അതിനു ശ്രീകുമാരന്‍ തമ്പിയുടെ മറുപടി ഇങ്ങനെയായിരുന്നു: ''ഞാന്‍ 25 സിനിമകള്‍ നിര്‍മ്മിച്ചു, 29 സിനിമകള്‍ സംവിധാനം ചെയ്തു, 85 സിനിമകള്‍ക്കു തിരക്കഥയും സംഭാഷണവും എഴുതി, 270 സിനിമകള്‍ക്കു പാട്ടെഴുതി. എഴുതിയതെല്ലാം അങ്ങ് എഴുതിയപോലെ മഹത്തരമൊന്നുമായിരിക്കില്ല, എങ്കിലും മലയാള സിനിമയില്‍ ഒരു ഗുരുവാകാന്‍ ഇത്രയൊക്കെ പോരേ, വാസ്വേട്ടാ?'' -എന്തൊരു ആത്മബലം. ഞാന്‍ അന്തംവിട്ടിരുന്നു. യോഗം കഴിഞ്ഞ് ശ്രീകുമാരന്‍ തമ്പിയുടെ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ ഗാനമേള. അതിനു മുന്‍പ് ദിലീപ് അടുത്തു ചെന്നു. തമ്പി സാര്‍ ഞങ്ങളിരുന്നിടത്തു വന്ന് അടുത്ത സീറ്റില്‍ ഇരുന്നു. ''ഞാന്‍ മീരയെ കാണാനിരിക്കുകയായിരുന്നു, വൈകാതെ വീട്ടിലേക്കു വരാം, ഒരു സീരിയലിന്റെ കാര്യത്തിനാണ്' എന്നു പറഞ്ഞു. 

2007 ജനുവരി 14-ന് അദ്ദേഹം എത്തി. ഒരു കഥ പറഞ്ഞു. ക്ഷയിച്ച കുടുംബത്തില്‍ ആകെയുള്ള ആണ്‍തരിയും അയാളുടെ പ്രേമബന്ധവുമാണ് പ്രമേയം. കെ.ബി. ഗണേഷ് കുമാറും ചിപ്പിയുമാണ് നായികാനായകന്മാര്‍. കഥയൊക്കെ എനിക്കിഷ്ടപ്പെട്ടു. ഉപജീവനം വഴിമുട്ടിനില്‍ക്കുന്ന കാലമാണല്ലോ. എന്തെഴുതാനും തയ്യാര്‍. തമ്പിസാര്‍ തന്റെ ബ്രീഫ് കേസ് തുറന്നു. ഒരു ചെക്കു പുറത്തെടുത്തു: ''അഡ്വാന്‍സ്. 10,000 രൂപയില്‍നിന്നു 10 ശതമാനം ടി.ഡി.എസ്. പിടിച്ചു ബാക്കി 9,000 രൂപ.'പിന്നെ ഏഷ്യാനെറ്റിന്റെ ഒരു ഡയറി. രണ്ടും ഞാന്‍ സന്തോഷത്തോടെ സ്വീകരിച്ചു. സീരിയലിനെപ്പറ്റി സംഭാഷണം തുടര്‍ന്നു. ഞാന്‍ ആവേശത്തോടെ ചോദിച്ചു: ''അല്ല സര്‍, നമുക്ക് ഇതിനൊരു ടൈറ്റില്‍ കണ്ടുപിടിക്കണ്ടേ?' മറുപടി പരുഷമായിരുന്നു: ''ടൈറ്റിലിനെക്കുറിച്ച് ആലോചിച്ച് മീര വിഷമിക്കണ്ട. എന്റെ സീരിയലിനു ഞാന്‍ പേരു നിശ്ചയിച്ചു കഴിഞ്ഞു-അളിയന്മാരും പെങ്ങന്മാരും.' ന്യൂജെന്‍ ഭാഷയില്‍ പറഞ്ഞാല്‍ ഞാന്‍ പ്‌ളിങ്! 'ഹൃദയസരസ്സിലെ പ്രണയപുഷ്പവും' 'ആകാശം ഭൂമിയെ വിളിക്കുന്നു'വും 'ഇന്നുമെന്റെ കണ്ണുനീരില്‍ നിന്നോര്‍മ്മ പുഞ്ചിരിച്ചു' 'ഈറന്‍മുകില്‍ മാലകളില്‍ ഇന്ദ്രധനുസെ്‌സന്ന പോലെയും'ഒക്കെ പ്രതീക്ഷിച്ചിരിക്കുമ്പോള്‍ 'പൂവിനു കോപം വന്നാലതു മുള്ളായി മാറുമോടീ, തങ്കമണീ, പൊന്നുമണീ'എന്നു കേട്ടാലുള്ള സ്ഥിതി. അല്ല സാര്‍, ആളുകള്‍ ഇതു ഹാസ്യപരമ്പരയാണെന്നു തെറ്റിദ്ധരിക്കുകയില്ലേ? ''കറുത്ത ഹാസ്യമാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. അതുകൊണ്ടു പേരുമാറ്റുന്നതിനെപ്പറ്റി ചിന്തിക്കണ്ട' -അധീശത്വത്തിന്റെ കഠോര ശബ്ദം! ഹൃദയബലൂണ്‍ കാറ്റുപോയി നിലംപതിച്ചു. വാങ്ങിയ ചെക്കു തിരിച്ചുകൊടുക്കാന്‍ കൈ തരിച്ചു. പക്ഷേ, 3,000 പാട്ടെഴുതിയ ആളല്ലേ? എങ്ങനെ ധിക്കാരം കാണിക്കും? ഞാനിരുന്ന് എരിപൊരി കൊണ്ടു. 'കൊതിച്ചതെല്ലാം നേടിയൊരാളെ തിരഞ്ഞു ഞാന്‍ വലഞ്ഞു'എന്ന വരി പാടി സ്വയം സാന്ത്വനിപ്പിച്ചു. 

തിരക്കഥാ ചര്‍ച്ചയ്ക്കായി തിരുവനന്തപുരത്തുവച്ചു കാണാന്‍ തീയതി നിശ്ചയിച്ചിട്ടു തമ്പിസാര്‍ പോയി. ഞാന്‍ വീട്ടിനുള്ളില്‍ ചവിട്ടിത്തുള്ളലായി. ഇതെങ്ങനെ ശരിയാകും? ഈ ശ്രീകുമാരന്‍ തമ്പിയൊക്കെ പഴയ തലമുറയിലെ സിനിമക്കാരനല്ലേ? പുള്ളിക്കു വേണ്ടതു വിനീതവിധേയയായ ഒരു സ്‌ക്രൈബിനെയാണ് നോക്കിക്കോ, ഇതു വലിയ പാരയാകും. പക്ഷേ, ദിലീപ് എന്റെ വാദങ്ങളെ ഖണ്ഡിച്ചു-മലയാള സിനിമയില്‍ എനിക്കറിയാത്തവരാരുണ്ട്? ഒരു കാര്യം ഞാന്‍ തീര്‍ത്തുപറയാം, ശ്രീകുമാരന്‍ തമ്പിയെക്കാള്‍ മാന്യതയുള്ള മറ്റാരും ദക്ഷിണേന്ത്യന്‍ സിനിമയിലില്ല. തമ്പിച്ചേട്ടന്‍ ചക്കരവാക്കു പറയില്ല. പക്ഷേ, ഉള്ളു ശുദ്ധമാണ്. ശത്രുവിനെപ്പോലും ചതിക്കില്ല. അപ്പോള്‍ ഓര്‍മ്മയുടെ ഒരടരിളകി. 

കുട്ടിക്കാലത്തു ഞാന്‍ അധികം പാട്ടുകള്‍ കേട്ടിട്ടില്ല. അച്ഛന്‍ വീട്ടിലില്ലാത്ത ദിവസങ്ങളില്‍ മാത്രമേ റേഡിയോപ്പാട്ടും നാടകവുമുള്ളൂ. ശാസ്താംകോട്ട ദേവീടാക്കീസില്‍നിന്നു കേള്‍ക്കുന്നതാണ് ജീവിതത്തിലെ പ്രധാന പാട്ട്. പക്ഷേ, കായലും കാറ്റും താണ്ടി ഞങ്ങളുടെ പടിഞ്ഞാറെ മുറ്റത്തെത്തുമ്പോഴേക്കു വാക്കുകള്‍ തട്ടിത്തൂവിപ്പോകും. വാക്കുകളില്ലാതെ പിന്നെന്തു പാട്ട്? പ്രീഡിഗ്രിക്കു പഠിക്കുന്ന കാലത്ത് അച്ഛന്റെ അനിയന്‍ ഗള്‍ഫില്‍നിന്നു വന്നു. കൊക്കക്കോള കുപ്പിയുടെ ആകൃതിയുള്ള ഒരു ട്രാന്‍സിസ്റ്റര്‍ സമ്മാനിച്ചു. കോളേജില്‍ അന്നു പ്രീഡിഗ്രിക്കാര്‍ക്കു ഷിഫ്റ്റ് ആണ്. പൊരിവെയിലത്തു ശാസ്താംകോട്ട കോളേജിന്റെ കുന്നിന്‍പുറം താണ്ടി രണ്ടുമൂന്നു കിലോമീറ്റര്‍ നടന്നു വീട്ടിലെത്തി വയര്‍നിറയെ തണുത്തവെള്ളവും പിന്നാലെ ഊണും കഴിച്ചു കട്ടിലിലേക്കു മറിയുന്ന ഉച്ചകള്‍. രണ്ടുമണിയുടെ ചലച്ചിത്രഗാനങ്ങളുടെ നേരം. രണ്ടു മുറികള്‍ക്കപ്പുറത്ത് അച്ഛന്‍ മയക്കത്തിലായിരിക്കും. ഞാന്‍ തലയിണയുടെ അടിയില്‍ ട്രാന്‍സിസ്റ്റര്‍ വച്ചു ശബ്ദം കുറച്ചു പാട്ടു കേട്ടുകിടക്കും. ഒരു ദിവസം പിടിക്കപ്പെട്ടു. അന്നു വീട്ടിലെത്തിയ ഒരു കുടുംബസുഹൃത്തിനു കൊക്കക്കോള കുപ്പി സമ്മാനിക്കപ്പെടുകയും ചെയ്തു. ഇത്രയൊക്കെ അരസികനാണെങ്കിലും അച്ഛന്‍ മൂളുമായിരുന്ന ഒരു പാട്ടുണ്ട് 'ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം...' രചന -ശ്രീകുമാരന്‍ തമ്പി. സംഗീതം -ദക്ഷിണാമൂര്‍ത്തി. 

ഒന്നുമില്ലെങ്കില്‍ അച്ഛന്റെ ഹൃദയം അലിയിച്ച പാട്ടെഴുതിയ കവിയല്ലേ? പൈലറ്റ് എപ്പിസോഡ് ഒരു പത്തെണ്ണം എന്നിട്ടു മതിയാക്കാം. ഞാന്‍ തിരക്കഥാ ചര്‍ച്ചയ്ക്കു പുറപ്പെട്ടു. രാവിലെ ആറരയ്ക്കു കോട്ടയത്ത് എത്തുന്ന വഞ്ചിനാട് എക്‌സ്പ്രസ്‌സിലായിരുന്നു യാത്ര. വീട്ടില്‍നിന്ന് ഇറങ്ങും മുന്‍പേ തമ്പിസാറിന്റെ വിളി വന്നു 'എപ്പോഴെത്തും? ഏതാണു ട്രെയിന്‍? വണ്ടിയില്‍ കയറിയതും അടുത്ത വിളി  'സീറ്റ്് കിട്ടിയോ? എ.സിയില്‍ കയറിയാല്‍ മതി. തിരുവനന്തപുരം അടുക്കാറായപ്പോള്‍ അടുത്ത വിളി 'പേട്ട കഴിഞ്ഞോ? സ്‌റ്റേഷനില്‍ ഇറങ്ങിയ ഉടനെ പിന്നെയും 'കാര്‍ വെയ്്റ്റ് ചെയ്യുന്നുണ്ട്. ഡ്രൈവര്‍ വിളിക്കും. അടുത്ത തവണ മുതല്‍ ഓട്ടോ വിളിച്ചു വരാന്‍ പറയുമായിരിക്കും എന്നു മനസ്സില്‍ ചിരിച്ചുകൊണ്ടു ഞാന്‍ കാറില്‍ കയറി. 

പേയാടുള്ള ബെല്ലാ വിസ്റ്റ വളപ്പിലെത്തി. അടുത്തടുത്ത രണ്ടു വീടുകള്‍. ആദ്യ ഗേറ്റില്‍ കരിമ്പാലേത്ത് എന്ന ബോര്‍ഡ്. അടുത്ത വീടാണ് ഓഫീസ്. കയറിച്ചെല്ലുന്നിടത്തു ടൈപ്പിസ്റ്റ്. താഴത്തെ നിലയില്‍ മുന്‍ സീരിയലുകളുടെയോ സിനിമകളുടെയോ സെറ്റില്‍നിന്നു കൊണ്ടുവന്ന സാമഗ്രികള്‍. രണ്ടാം നിലയിലേക്കു കയറിച്ചെല്ലുമ്പോള്‍ നേരെ കാണുന്ന മുറിയില്‍ ആ ഹൗസിങ് കോളനി പണികഴിപ്പിച്ച കോണ്‍ട്രാക്ടറും ബിസിനസുകാരനുമായ ജയപ്രകാശിന്റെ ഭാര്യ സുജാത. അന്നു സാറിന്റെ ഓഫീസ് അഡ്മിനിസ്‌ട്രേറ്റര്‍ സുജാതയായിരുന്നു. വലതുവശത്തെ ചുവന്ന പരവതാനി വിരിച്ച മുറിയിലാണ് തമ്പിസാര്‍. അവിടെ പുസ്തകഷെല്‍ഫുകള്‍, മേശപ്പുറത്തു പുസ്തകങ്ങളും മാസികകളും. ചര്‍ച്ച തുടങ്ങി. 25 എപ്പിസോഡുകളുടെ വണ്‍ ലൈന്‍ തയ്യാറാക്കുകയാണ്. ഓരോ സീനിലും വേണ്ടതു സാര്‍ പറയും, ഞാന്‍ അനുസരണയോടെ കുറിക്കും. 'തമ്പിത്തരം' പലപ്പോഴും പുറത്തുചാടുന്നുണ്ട്. ചില സവര്‍ണ, ഫ്യൂഡല്‍, ഫെമിനിസ്റ്റ്   വിരുദ്ധ പരാമര്‍ശങ്ങള്‍ എന്നെ പ്രകോപിപ്പിക്കുന്നുണ്ട്. പക്ഷേ, അപ്പോഴൊക്കെ അച്ഛന്‍ തലയില്‍ക്കെട്ടും കെട്ടി 'ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം' എന്നു മൂളുന്നതോര്‍ക്കും. 'ആറ്റുവക്കിലുലഞ്ഞാടും കരിനീല മുളകളില്‍ കാറ്റുവന്നു തട്ടിയോണപ്പാട്ടൊന്നു പാടി' എന്നൊക്കെ എഴുതിയ ആളല്ലേ എന്നു സമാധാനിക്കും. 

അതിനിടയില്‍ ആളുകള്‍ വരും. ഒന്നുകില്‍ സ്റ്റാഫ്. അല്ലെങ്കില്‍ പിരിവുകാര്‍. പുസ്തകത്തിന് അവതാരിക ചോദിച്ചു വരുന്നവര്‍. സീരിയലില്‍ ചാന്‍സ് ചോദിച്ചു വരുന്നവര്‍. സമ്മേളനങ്ങള്‍ക്കു ക്ഷണിക്കാന്‍ വരുന്നവര്‍. ഒരു കൂട്ടര്‍ പിരിവിനു വന്നതോര്‍ക്കുന്നു. ഉത്തരേന്ത്യയിലെ ഒരു രാഷ്ര്ടീയപ്പാര്‍ട്ടിയുടെ കേരള ഘടകമാണ്. തമ്പിസാര്‍ നോട്ടീസ് വാങ്ങി നോക്കി. എന്താ വന്നത്? ഞങ്ങളുടെ പ്രവര്‍ത്തനം ശക്തമാക്കാന്‍ സാറിന്റെ പിന്തുണയും സംഭാവനയും പ്രതീക്ഷിക്കുന്നു. ''സോറി, എന്റെ പിന്തുണയുമില്ല, സംഭാവനയുമില്ല. ഇവിടെ ആവശ്യത്തിനു രാഷ്ര്ടീയപ്പാര്‍ട്ടികളുണ്ട്. ഉത്തരേന്ത്യയില്‍നിന്നു കെട്ടിയിറക്കിയ ഇത്തരമൊരു അഴിമതി ജാതിരാഷ്ര്ടീയപ്പാര്‍ട്ടിയുടെ പേരും പറഞ്ഞു കാശു പിരിക്കാന്‍ നിങ്ങള്‍ക്കു ലജ്ജ തോന്നുന്നില്ലേ? നിങ്ങള്‍ക്കു പോകാം!' കേട്ടിരുന്ന ഞാന്‍പോലും ഐസായി. പക്ഷേ, ശ്രീകുമാരന്‍ തമ്പിക്ക് എന്തുകൊണ്ടാണ് ഇത്രയേറെ ശത്രുക്കള്‍ എന്ന സംശയത്തിന് അറുതിയുമായി. 

അന്ന്, ഞങ്ങളുടെ ചര്‍ച്ച പുരോഗമിച്ചു. എനിക്കു വിശന്നു. ചിറയ്ക്കല്‍കോലോത്തുനിന്ന് ഹരിപ്പാട്ടേക്കു കുടിയേറിയ തമ്പിമാര്‍ക്കു വിശപ്പ്, ദാഹം ആദിയായ വികാരങ്ങളില്ല. രണ്ടാകാറായപ്പോള്‍ ഞാന്‍ പറഞ്ഞു, സാര്‍, എനിക്കു കണ്ണു കാണുന്നില്ല. അദ്ദേഹം ചിരിച്ചു. ഓ, അതു ഞാന്‍ മറന്നു. എനിക്കു ജോലിയാണ് ഭക്ഷണം. മീരയ്ക്കുവേണ്ടി വീട്ടില്‍ ഊണുണ്ടാക്കിയിട്ടുണ്ട്. ഉച്ചഭക്ഷണം ഞാന്‍ കരുതിയിരുന്നു. അതു ഞാന്‍ പുറത്തെടുത്തു. തമ്പിസാറിന്റെ മുഖം കനത്തു. ഇതെന്താ? ഞാന്‍ പറഞ്ഞു, ചപ്പാത്തിയാണ്. ''അതു കയ്യില്‍ത്തന്നെ ഇരിക്കട്ടെ. എന്റെ വീട്ടില്‍ വരുമ്പോള്‍ മേലില്‍ ഇതാവര്‍ത്തിക്കരുത്!' കല്പനയാണ്. 'എന്‍ മന്ദഹാസം ചന്ദ്രികയായെങ്കില്‍ എന്നും പൗര്‍ണമി വിടര്‍ന്നേനെ.' -ഞങ്ങള്‍ സാറിന്റെ വീട്ടിലേക്കു ചെന്നു. ഊണു തയ്യാറാണ്. ഞാന്‍ തമ്പിയൊന്നുമല്ല. പക്ഷേ, എനിക്കുമുണ്ട്, ചില വാശികള്‍. ഞാന്‍ വീണ്ടും ചപ്പാത്തിപ്പൊതി എടുത്തു. ആ നേരത്ത് എന്നെ സംബന്ധിച്ചിടത്തോളം ചപ്പാത്തി വെറും ചപ്പാത്തിയല്ല. സഹനസമരായുധമാണ്. തമ്പിസാര്‍ അതു വാങ്ങി മാറ്റിവച്ചു, ഇവിടിരിക്കട്ടെ, ഞാന്‍ കഴിച്ചോളാം. വൈകിട്ട് എനിക്കു ചപ്പാത്തിയാണ് ചോറിനേക്കാള്‍ ഇഷ്ടം. ഞാന്‍ തര്‍ക്കിച്ചില്ല. ഊണു വിളമ്പിത്തന്നു. സ്വന്തം പേ്‌ളറ്റിലും വിളമ്പി. കഴിച്ചുകൊണ്ടിരിക്കെ സംസാരിച്ചു. വീട്ടില്‍ മറ്റെല്ലാവരും നോണ്‍വെജ് കഴിക്കും. പക്ഷേ, എന്തുകൊണ്ടോ താന്‍ മാത്രം സസ്യഭുക്കാണ്. മറ്റുള്ളവര്‍ക്കുവേണ്ടി അമ്മ പച്ചമാങ്ങയിട്ട മീന്‍കറി വയ്ക്കും. മീന്‍ക്കഷ്ണങ്ങളിടും മുന്‍പേ അതില്‍നിന്നു കുറച്ചു കറി ഇളയ മകനുവേണ്ടി മാറ്റിവയ്ക്കും. ആ കറിയാണ് ലോകത്തെ ഏറ്റവും സ്വാദിഷ്ഠമായ കറി. അമ്മയെപ്പറ്റി പറഞ്ഞുതുടങ്ങിയപ്പോള്‍ ശബ്ദം മാറി. 'തമ്പിത്തരം'അലിഞ്ഞു: ''അമ്മയായിരുന്നു ശക്തിയും ദൗര്‍ബല്യവും. അമ്മയുടെ അവസാനകാലം തന്നോടൊപ്പമായിരുന്നു. തിരുനെല്ലിയിലാണ് അമ്മയ്ക്കു തര്‍പ്പണം ചെയ്തത്. അതിനു തലേന്നു രാത്രി ഞെട്ടിയുണര്‍ന്നപ്പോള്‍ അമ്മ കൂടെക്കിടക്കുന്നതുപോലെ. ഐ കുഡ് ഫീല്‍ ഹെര്‍ പ്രസന്‍സ്.'അപ്പോള്‍ കണ്ണുകള്‍ നിറഞ്ഞു. ശബ്ദം ഇടറി. വിഷയം മാറ്റാന്‍ മടക്ക ട്രെയിന്‍ സമയം ചോദിച്ചു. കോട്ടയത്തുനിന്ന് എസി ടിക്കറ്റിന്റെ തുക എത്രയാണ് എന്ന് അന്വേഷിച്ചു. മുന്നൂറോളം എന്നു ഞാന്‍ പറഞ്ഞു. 

ഉച്ചയ്ക്കുശേഷം പറഞ്ഞതു തിരക്കഥയെക്കാള്‍ ജീവിതകഥയായിരുന്നു. തമ്പിസാര്‍ പറയുന്നതെന്തിലും സിനിമയുണ്ട്. അപാരമാണ് ഓര്‍മ്മശക്തി. അനുസ്യൂതമാണു വാഗ്‌ധോരണി. ദൃശ്യങ്ങളായാണ് വിവരണം. പതിനാറു വയസ്സുള്ളപ്പോള്‍ എഴുതിയ 500-റോളം കവിതകള്‍ വല്യേട്ടന്‍ ചുട്ടെരിച്ച കഥ പറഞ്ഞു. കെ.പി. അപ്പനോടൊപ്പം ആലപ്പുഴയില്‍ പഠിച്ച കഥ പറഞ്ഞു. കൊച്ചേട്ടനെക്കുറിച്ചും റജിസ്റ്റര്‍ വിവാഹത്തിനുമുന്‍പ് അമ്മയെ കണ്ടു രഹസ്യമായി ഒരു വെറ്റിലയും പാക്കും കൊടുത്തു കാല്‍ തൊട്ടുതൊഴുത് അനുഗ്രഹം വാങ്ങിയതിനെക്കുറിച്ചും പറഞ്ഞു. കൊച്ചേട്ടന്‍ അഡ്വ. പി.ജി. തമ്പി, ഞാന്‍ തമ്പിസാറിനെ കാണുന്ന കാലത്ത് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ആണ്. വല്യേട്ടന്‍ പി.വി. തമ്പി 2006 ജനുവരിയില്‍ മരണമടഞ്ഞിരുന്നു. ആ കഥകള്‍ കേട്ടിരിക്കെ സമയം പോയി. വൈകിട്ട് 5.30-നാണ് എന്റെ ചെന്നൈ സൂപ്പര്‍. തൊട്ടടുത്ത ആഴ്ച വീണ്ടും വരാമെന്നു ഞാന്‍ അങ്ങോട്ടു സമ്മതിച്ചു. യാത്ര പറഞ്ഞപ്പോള്‍ അദ്ദേഹം കസേരയുടെ ചുവട്ടില്‍നിന്നു ബ്രീഫ്‌കേസ് എടുത്തു. ഒരു അഞ്ഞൂറിന്റെയും നൂറിന്റെയും നോട്ടുകള്‍ നീണ്ടുവന്നു-വണ്ടിക്കൂലി. ഞാനതു പ്രതീക്ഷിച്ചിരുന്നില്ല. വേണ്ടെന്നൊക്കെ പറഞ്ഞുനോക്കി. സമ്മതിച്ചില്ല. 

അതായിരുന്നു തുടക്കം. അങ്ങനെ പത്ത് എപ്പിസോഡുകള്‍ മാത്രം എഴുതാന്‍ പുറപ്പെട്ടു ചെന്ന ഞാന്‍ ഇടവേളകളോടെയാണെങ്കിലും രണ്ടായിരത്തിപ്പതിമ്മൂന്നു വരെ തമ്പിസാറിനുവേണ്ടി തിരക്കഥയെഴുതി. ഓരോ മാസവും ഒന്നോ രണ്ടോ ദിവസത്തെ വണ്‍ലൈന്‍ ചര്‍ച്ച. എല്ലാതവണയും അദ്ദേഹം കാര്‍ അയച്ചു. എല്ലാത്തവണയും വണ്ടിക്കൂലി തന്നു. ഒരിക്കലും വിശന്നിരിക്കാന്‍ സമ്മതിച്ചില്ല. ഒരിക്കലും പ്രതിഫലം ചോദിക്കാനിടവരുത്തിയില്ല. ആദ്യ സീരിയലിനിടയിലായിരുന്നു എന്റെ ഹിമാലയ യാത്ര. പണത്തിന് ആവശ്യം വന്നു. സാറിനോടു ചോദിച്ചാലോ എന്നു വിചാരിച്ചു. പക്ഷേ, ചോദിച്ചില്ല. ഡല്‍ഹിയിലെത്തിയപ്പോള്‍ വിളി വന്നു 'പോകും മുന്‍പു കുറച്ചു പണം തരണമെന്നുണ്ടായിരുന്നു. ഇപ്പോഴാണ് ഫണ്ട് ശരിയായത്. അക്കൗണ്ടില്‍ ഇട്ടിട്ടുണ്ട്. കൂടുതല്‍ വേണ്ടിവന്നാല്‍ വിളിക്കണം. മകളുടെ സ്‌കൂള്‍ തുറക്കുന്ന സമയത്തും വീട്ടിലെന്തെങ്കിലും വിശേഷം വരുമ്പോഴും ഈ വിളികള്‍ ആവര്‍ത്തിച്ചു. 

പരമ്പര സംപ്രേഷണം ചെയ്തു തുടങ്ങിയ കാലത്താണ്, ഒരിക്കല്‍ ഞാന്‍ ചെന്നൈയില്‍ പോയി. മുന്‍ അംബാസഡര്‍ ബി.എം.സി. നായരെയും അദ്ദേഹത്തിന്റെ ഭാര്യ ലളിതച്ചേച്ചിയെയും കണ്ടു. ''ഇവിടെ അടുത്തായിരുന്നു ശ്രീകുമാരന്‍ തമ്പിയുടെ വീട്' അദ്ദേഹം പറഞ്ഞു. ''ഈ പരിസരത്തെ ഏറ്റവും വലിയ വീട്. കടം കയറി. പക്ഷേ, ആ മനുഷ്യന്റെ മഹത്വം എന്താണെന്നറിയാമോ? സര്‍വ്വവും വിറ്റ് ഓരോ നയാപ്പൈസയും കൊടുത്തു തീര്‍ത്തു. സിനിമയില്‍ മറ്റാരു കാണിക്കും, ഈ ഇന്റഗ്രിറ്റി?'ഞാന്‍ കേട്ടുനിന്നു. കടവും വീടു വില്‍ക്കലും അനാഥത്വവും ഞാനിതെത്ര കണ്ടിരിക്കുന്നു. പക്ഷേ, 29 വയസ്സു മുതല്‍ സമൃദ്ധിയുടെ സകല സൗഭാഗ്യങ്ങളും ശീലിച്ച ഒരാളും ആ കുടുംബവും അതെങ്ങനെ നേരിട്ടു? 

അടുത്ത തവണ കഥാചര്‍ച്ചയ്ക്കു ചെന്നപ്പോള്‍ ഞാന്‍ അതു ചോദിച്ചു. തമ്പിസാര്‍ ചിരിച്ചു. എന്നിട്ട് ഒരു സംഭവം വിവരിച്ചു. സുധീര്‍ കുമാര്‍ എന്നൊരു ചെറുപ്പക്കാരന്‍ രാവിലെ മദ്രാസിലെ വീട്ടില്‍ വന്നു. തിരുവനന്തപുരത്തുകാരനാണ്. സിനിമയില്‍ ചാന്‍സ് തേടിയാണ് വരവ്. ''അവനെ കണ്ടതും എനിക്കു കലിയിളകി. എടാ, നീയിതുവരെ നിന്റെ മുഖം കണ്ണാടിയില്‍ കണ്ടിട്ടില്ലേ? ഈ മുഖം വച്ച് ആരു സിനിമയെടുക്കും? നിന്നെപ്പോലെ ഒരു കുരങ്ങനെ സിനിമയില്‍ അഭിനയിപ്പിച്ചാല്‍ ഞാന്‍ കുത്തുപാളയെടുക്കും. മേലാല്‍ ചാന്‍സും ചോദിച്ച് ഈ പടി നീ കേറരുത്. ഇറങ്ങിപ്പോടാ' തിരിച്ച് അകത്തു ചെന്നപ്പോള്‍ ഭാര്യ രാജേശ്വരി പറഞ്ഞു: ''ചാന്‍സ് കൊടുത്തില്ലെങ്കില്‍ വേണ്ട. പക്ഷേ, ഇങ്ങനെ മനുഷ്യരുടെ മനസ്സുനോവിച്ചു വിടരുത്. അവന്‍ ഇന്നു പോയി ആത്മഹത്യ ചെയ്താല്‍ അതിന്റെ ഉത്തരവാദി ചേട്ടനായിരിക്കും.' -അതു കേട്ട് എനിക്കാകെ വിഷമമായി. ഞാനെന്റെ സഹായികളോട് അവനെ തപ്പിക്കൊണ്ടു വരാന്‍ പറഞ്ഞു. അവരവിടെയുള്ള ലോഡ്ജുകളെല്ലാം കയറിയിറങ്ങി. അവസാനം ആളെ കൊണ്ടുവന്നു. അഭിനയിപ്പിച്ചു. അവന്‍ പിന്നീടു വലിയ നടനും നിര്‍മ്മാതാവുമായി. മണിയന്‍ പിള്ള രാജു. അന്നു ഞാന്‍ വഴക്കുപറഞ്ഞ് ഇറക്കിവിട്ടപ്പോള്‍ സങ്കടവും അപമാനവും കൊണ്ടു പടിക്കല്‍നിന്ന് ഒരു പിടി മണ്ണുവാരി നെഞ്ചില്‍ ചേര്‍ത്ത് ''ഈ ദുഷ്ടന്‍ നശിച്ചു പോകണേ'എന്നു ശപിച്ചെന്നു രാജു പിന്നീടു പറഞ്ഞിട്ടുണ്ട്. ''ശ്രീകുമാരന്‍ തമ്പി എന്നെ വിളിച്ച് അഭിനയിപ്പിച്ചു. എനിക്ക് ഒരുപാടു സിനിമ കിട്ടി. പക്ഷേ, ആ ശാപം അവിടെത്തന്നെ കിടന്നു. ശ്രീകുമാരന്‍ തമ്പി നശിച്ചു പോയി'കഥയുടെ പരിണാമഗുപ്തി തമ്പിസാര്‍ മനോഹരമായി വിവരിച്ചു. ഞങ്ങള്‍ ചിരിച്ചു. ''മാറുന്നു സര്‍വ്വവുമെന്നറിഞ്ഞാലും മായാത്തവനേ മനുഷ്യന്‍'എന്നു ഞാന്‍ മനസ്‌സില്‍ ഉരുവിട്ടു. 

വീടു വിറ്റു. കാറും വില്‍ക്കാതെ പറ്റില്ല. ''മകള്‍ കവിതയും മകന്‍ രാജകുമാരന്‍ തമ്പിയും അന്നു കോളേജിലാണ്. രണ്ടു പേരും അതുവരെ കാറിലേ യാത്ര ചെയ്തിട്ടുള്ളൂ. ഒരു ദിവസം രാവിലെ കവിതാമോള്‍ പറഞ്ഞു: ''അച്ഛാ ഞാന്‍ ഇന്നു മുതല്‍ ബസില്‍ പോയ്‌ക്കോളാം.' അതുകേട്ടു കണ്ണനും പറഞ്ഞു: ''എനിക്കും ബസാണ് ഇഷ്ടം.' 'ചെന്നൈയിലെ കത്തിരിച്ചൂടിലേക്ക് അവര്‍ ഇറങ്ങിപ്പോയി. അന്നെന്റെ കണ്ണു നിറഞ്ഞു. സങ്കടം കൊണ്ടല്ല, എന്റെ മക്കളെക്കുറിച്ചുള്ള അഭിമാനം കൊണ്ട്.-തമ്പിസാര്‍ ആവര്‍ത്തിച്ചിരുന്ന ഒരു കാര്യമുണ്ട്: അന്നുമിന്നും എനിക്കു ധനം ഒന്നേയുള്ളൂ, അത് അഭിമാനമാണ്. ശ്രീകുമാരന്‍ തമ്പിക്കു ദരിദ്രനായി മരിക്കാന്‍ ഒരു ഭയവുമില്ല. പക്ഷേ, നാണംകെട്ടവനായി ഒരു നിമിഷംപോലും ഞാന്‍ ജീവിക്കുകയില്ല. മീര ഒരു കാര്യം മനസ്സിലാക്കണം. പണവും അഭിമാനവും ഒന്നിച്ചു വാഴുകയില്ല. ഞാന്‍ അഭിമാനം മതിയെന്നു തീരുമാനിച്ചവനാണ്. എനിക്കു തോന്നുന്നത് മീരയും എന്നെപ്പോലെയാണെന്നാണ്. അല്ലായിരുന്നെങ്കില്‍ മീര ജോലി രാജിവയ്ക്കില്ലായിരുന്നു. മുന്നോട്ടു പോകുമ്പോള്‍ ഒരു കാര്യം പിന്നെയും പിന്നെയും ബോദ്ധ്യപ്പെടും, പമുള്ളവനേ ഈ ലോകത്തു വിലയുള്ളൂ. അപ്പോള്‍ വിഷമവും നിരാശയും തോന്നരുത്. ഇതൊക്കെ പ്രതീക്ഷിച്ചുകൊണ്ടുവേണം അഭിമാനം മതി എന്നു തീരുമാനിക്കാന്‍. തമ്പിസാറിന്റെ ജീവിതം ഒരു സിനിമപോലെ മനക്കണ്ണില്‍ കണ്ട ഞാന്‍ ഇതു കേട്ടു കിടിലം കൊണ്ടു. 

സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബര്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്കു തെരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിച്ച ഏറ്റവും പ്രായം കുറഞ്ഞ നിര്‍മ്മാതാവ് ശ്രീകുമാരന്‍ തമ്പിയായിരുന്നു. പതിനഞ്ചു വര്‍ഷം അദ്ദേഹം ചേംബര്‍ ഭരണസമിതി അംഗമായി തുടര്‍ന്നു. പ്രശസ്തിയുടെയും സമ്പത്തിന്റെയും കൊടുമുടിയില്‍ നില്‍ക്കെ, സിനിമയില്‍നിന്ന് ഉണ്ടാക്കിയതെല്ലാം എക്‌സ്‌പോര്‍ട്ട് ബിസിനസില്‍ മുടക്കുന്നു. അതു പൊളിയുന്നു. അക്കാലത്തെടുത്ത സിനിമകളും പൊളിയുന്നു. വീഴ്ചയില്‍നിന്ന് എഴുന്നേല്‍ക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെടുന്നു. എട്ടുകൊല്ലം നിശ്ശബ്ദനാകുന്നു. വേണമെങ്കില്‍ അഭിമാനം വേണ്ടെന്നുവയ്ക്കാമായിരുന്നു. താന്‍ വളര്‍ത്തിയെടുത്ത താരങ്ങളുടെ ഡേറ്റിനുവേണ്ടി അവരുടെ കാല്‍ക്കല്‍ വീഴാമായിരുന്നു. നഷ്ടപ്പെട്ട സ്വത്തുക്കള്‍ വീണ്ടെടുക്കാന്‍ ശ്രമിക്കാമായിരുന്നു. പക്ഷേ, ജീവിതത്തിലെ ഒരു സാധാരണഘട്ടമായി പരാജയത്തെയും തകര്‍ച്ചയെയും സ്വീകരിക്കാനാണ് തമ്പിസാര്‍ തീരുമാനിച്ചത്. വളരെക്കുറച്ചുപേര്‍ക്കു മാത്രം കഴിയുന്ന ഒരു തീരുമാനം. 

മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് ആയിരുന്നു 1975-ല്‍ നിര്‍മ്മിച്ച 'ചട്ടമ്പിക്കല്യാണി' അതിന്റെ വിതരണക്കാരന്‍ ഒരു കോട്ടയത്തുകാരന്‍. കിട്ടാനുള്ള മൂന്നര ലക്ഷം രൂപയ്ക്കുവേണ്ടി തമ്പിസാര്‍ കോട്ടയത്തെത്തി. നാലു പതിറ്റാണ്ടു മുന്‍പത്തെ മൂന്നര ലക്ഷം രൂപ. അയാള്‍ പറഞ്ഞു, സാറേ, ഇപ്പോഴെന്റെ കയ്യില്‍ ഒന്നുമില്ല. ആകെയുള്ളത് ഈ വീടും സ്ഥലവുമാണ്. അതു ഞാന്‍ സാറിന്റെ പേരില്‍ എഴുതിത്തരാം. ശ്രീകുമാരന്‍ തമ്പി ക്ഷുഭിതനായി: ''തന്റെ വീട് എഴുതിവാങ്ങി പിള്ളാരെ വഴിയാധാരമാക്കിയവനെന്ന ദുഷ്‌പേരു കൂടി വാങ്ങണോ ഞാന്‍? വേണ്ട. വീടു തന്റെ പേരില്‍ത്തന്നെ ഇരിക്കട്ടെ. പണം കിട്ടുമ്പോള്‍ തന്നാല്‍ മതി.' അടുത്തയാഴ്ച കേട്ടത് അയാളെ കോടതി പാപ്പരായി പ്രഖ്യാപിച്ചു എന്നാണ്. കാലേകൂട്ടി അയാള്‍ പാപ്പര്‍ഹര്‍ജി ഫയല്‍ ചെയ്തിരുന്നു എന്നു സാരം. പക്ഷേ, ആ മനുഷ്യന്‍ ഒരുപകാരം ചെയ്തു ചട്ടമ്പിക്കല്യാണിയുടെ അവകാശം തിരിച്ചുനല്‍കി. മറ്റാരെങ്കിലുമായിരുന്നെങ്കില്‍ കടക്കാരന്റെ കുട്ടികളെക്കുറിച്ചു ചിന്തിക്കാന്‍ വിസമ്മതിച്ചേനെ. പട്ടണത്തിന്റെ കണ്ണായ സ്ഥലത്തുള്ള ആ വീടും സ്ഥലവും സ്വന്തമാക്കിയേനെ. പക്ഷേ, ഇത് ആള്‍ തമ്പിയാണല്ലോ. ''ഓര്‍ത്താല്‍ ജീവിതമൊരു ചെറിയ കാര്യം, ആര്‍ത്തി കാണിച്ചിട്ടെന്തു കാര്യം'എന്നെഴുതിയ ശ്രീകുമാരന്‍ തമ്പി. ''പകല്‍ കഴിഞ്ഞാല്‍ രാത്രി, ഇരുട്ടു പോയാല്‍ വെട്ടം, പ്രകൃതി തന്‍ കഥകളിക്കളരിയിതില്‍ രക്തപ്രഭാത വേഷമായി ആടുന്നു ഞാന്‍'എന്നും ശ്രീകുമാരന്‍ തമ്പി എഴുതി. രണ്ടാം വരവില്‍ അതു സത്യമായി. പരമ്പരയെടുത്തപ്പോള്‍ അതിലും ഹിറ്റ്‌മേക്കര്‍. 

ദൂരദര്‍ശനിലും ഏഷ്യാനെറ്റിലും സംപ്രേഷണം ചെയ്ത പരമ്പരകള്‍ക്കു റെക്കോര്‍ഡ് ടി.ആര്‍.പി. കഥയും തിരക്കഥയും സംവിധാനവും എഡിറ്റിങ്ങും സംഗീത സംവിധാനവും വരെ ഒറ്റയ്ക്ക്. അതൊരു ഉയിര്‍ത്തെഴുന്നേല്‍പ്പായിരുന്നു. വീണ്ടും നിര്‍മ്മാണക്കമ്പനി. വീണ്ടും സാമ്പത്തിക ഭദ്രത. 'അളിയന്മാരും പെങ്ങന്മാരും' സംപ്രേഷണം തുടങ്ങിയ ദിവസം മറക്കാനാകില്ല. ആദ്യ എപ്പിസോഡില്‍ത്തന്നെ എത്രയോ പരസ്യങ്ങള്‍! അതേക്കുറിച്ചു തമ്പിസാറിന്റെ വിശദീകരണവും മറക്കാനാകില്ല. ആ പരസ്യങ്ങള്‍ ശ്രീകുമാരന്‍ തമ്പിക്കുള്ളതാണ്. പരമ്പരയ്‌ക്കെന്തു കിട്ടുമെന്നു രണ്ടാഴ്ച കഴിഞ്ഞാല്‍ അറിയാം.

ഞങ്ങളുടെ കഥാ ചര്‍ച്ചകള്‍ രസകരമായിരുന്നു. ഞാന്‍ തര്‍ക്കിക്കും. വലിയ പ്രയോജനമൊന്നുമില്ല. ''മീരയുടെ മനസ്സിലുള്ള പരമ്പര കൊള്ളാം. അവാര്‍ഡ് ഒക്കെ കിട്ടും. പക്ഷേ, 40-ാം എപ്പിസോഡില്‍ നില്‍ക്കും. റേറ്റിങ് കാണില്ല.' കേട്ടാല്‍ത്തോന്നും റേറ്റിങ്ങിനുവേണ്ടി തമ്പി സാര്‍ എന്തും ചെയ്യുമെന്ന്-ഞാന്‍ പ്രകോപിപ്പിക്കും. മുന്‍പു സംപ്രേഷണം ചെയ്ത പരമ്പരയുടെ റേറ്റിങ് കുതിച്ചുയര്‍ന്നപ്പോള്‍ അതു നീട്ടാന്‍ ആവശ്യപ്പെട്ട ചാനല്‍ മേധാവിയോടു പറ്റില്ല, ഇതു തമ്പിയാണ്, വലിച്ചു നീട്ടാന്‍ തമ്പിയെ കിട്ടില്ല എന്നു പ്രഖ്യാപിച്ചു പരമ്പര നിര്‍ത്തിയ ആളാണ്. അതും റേറ്റിങ് കത്തിനില്‍ക്കെ. നൂറ് എപ്പിസോഡ് കഴിഞ്ഞാല്‍ കഥ വലിച്ചുനീട്ടുന്നതിലാണ് പരമ്പരയുടെ ലാഭം. അമ്മത്തമ്പുരാട്ടി എന്ന പരമ്പരയിലെ നായിക വിദ്യ രോഗബാധിതയായപ്പോള്‍ നായികയെ മാറ്റുന്നതിനു പകരം ആ പരമ്പര തന്നെ അവസാനിപ്പിച്ചു. അതുകൊണ്ടൊക്കെ എന്തു നേട്ടം എന്നു ചോദിച്ചാല്‍, അടുത്ത പരമ്പരയുടെ പ്രോജക്ട് റിപ്പോര്‍ട്ട് നല്‍കിയപ്പോള്‍ ചാനല്‍ മേധാവി പറഞ്ഞു: ''സാറ് മെനക്കെട്ടു കിണറു കുഴിക്കും. വെള്ളം കാണാറാകുമ്പോള്‍ സാറതു മൂടും. ഞങ്ങള്‍ക്കിതു മുതലാവൂല്ല സാര്‍.'''അതൊക്കെ നിങ്ങളുടെ ഇഷ്ടം. ലാഭത്തിനുവേണ്ടി എന്തും ചെയ്യാന്‍ തമ്പിയെ കിട്ടില്ല' ശ്രീകുമാരന്‍ തമ്പി ഇറങ്ങിപ്പോന്നു. 

ഒരു ചാനലില്‍ അഭിമുഖം നടത്തിയ ജേണലിസ്റ്റ് ഒരിക്കല്‍ ചോദിച്ചു: ''താങ്കള്‍ എന്താണ് ഇപ്പോള്‍ സിനിമയെടുക്കാത്തത്?'തമ്പിസാറിന്റെ ഉത്തരം: ''എനിക്കു കോംപ്രമൈസ് ചെയ്യാന്‍ സാധ്യമല്ല.'''പക്ഷേ, സീരിയലെടുക്കുന്നുണ്ടല്ലോ, പിന്നെന്താ സിനിമയെടുത്താല്‍?'അതിനു തമ്പി സാര്‍ കൊടുത്ത ഉത്തരമാണ് ഉത്തരം: ''ഞാന്‍ നിങ്ങളുടെ മുന്‍പില്‍ ഒരു ജോലിക്ക് അപേക്ഷയുമായി വരുന്നു. നിങ്ങള്‍ പറയുന്നു, ഷര്‍ട്ടിന്റെ കാര്യത്തില്‍ കോംപ്രമൈസ് ചെയ്യണം, അത് ഊരണം. എനിക്കു വിഷമമുണ്ട്. പക്ഷേ, ജീവിക്കാന്‍ വേണ്ടിയല്ലേ, ഞാന്‍ കോംപ്രമൈസ് ചെയ്യുന്നു. അപ്പോള്‍ നിങ്ങള്‍ പറയുന്നു 'ബനിയന്റെ കാര്യത്തിലും കോംപ്രമൈസ് ചെയ്യണം. ഞാന്‍ അതും സമ്മതിക്കുന്നു. അപ്പോള്‍ നിങ്ങള്‍ പറയുന്നു 'പാന്റിന്റെ കാര്യത്തിലും കോംപ്രമൈസ് ചെയ്യണം. എനിക്കു വലിയ വിഷമമുണ്ട്. പക്ഷേ, നിവൃത്തിയില്ല. അങ്ങനെ ഞാന്‍ അതിലും കോംപ്രമൈസ് ചെയ്യുന്നു. പിന്നെ ആകെയുള്ളത് അടിവസ്ത്രമാണ്. അതുകൂടി കോംപ്രമൈസ് ചെയ്യണമെന്നു പറയരുത്. അതിനു ഞാന്‍ തയ്യാറല്ല! ' എത്ര അനുഭവിച്ചാലും പാഠം പഠിക്കാത്ത ഒരാള്‍. അനുസരണയില്ല. ആരെയും വകവയ്ക്കുകയില്ല. മുന്‍പില്‍ വന്നുപെടുന്ന മനുഷ്യരെ എങ്ങനെയും ശത്രുക്കളാക്കും. ശരിയെന്നു പണ്ടേതോ പാഠപുസ്തകത്തില്‍ പഠിച്ചതത്രയും ഈ പ്രായത്തിലും ഓര്‍ത്തുവയ്ക്കും. മാത്രമല്ല, അതൊക്കെ നടപ്പാക്കാന്‍ ചാടിപ്പുറപ്പെടുകയും ചെയ്യും. തമ്പിയുടെ വാക്കു വാക്കാണ് എന്ന് ഊറ്റംകൊള്ളും. ആ വാക്കു പാലിക്കാന്‍ ജീവനും സ്വത്തും പണയപ്പെടുത്തും. പിന്നെയും അടുത്ത പരമ്പര, അല്ലെങ്കില്‍ സിനിമ സ്വപ്‌നം കാണും. അതാണ് ശ്രീകുമാരന്‍ തമ്പി. 

ആദ്യ പരമ്പര പകുതിയായപ്പോള്‍ പലരും എന്നോടു ചോദിച്ചു: ''മീരയെങ്ങനെ ശ്രീകുമാരന്‍ തമ്പിയുമായി ഒത്തുപോകുന്നു?' ഇതേ ചോദ്യം തമ്പിസാറും കേട്ടുകാണും. ഞാന്‍ പിണങ്ങിയിട്ടൊക്കെയുണ്ട്. ഘോരവനത്തിലെ യാത്രപോലെയാണ് ചര്‍ച്ചകള്‍. വാക്കുകള്‍ക്കു മുള്ളുകള്‍, മുനകള്‍, ദംഷ്ട്രകള്‍. നല്ല സഹനശക്തി വേണം. കുംഭമാസ നിലാവുപോലെയാണ് തമ്പിമാരുടെ ഹൃദയവും. ഇരുളുന്നതെപ്പോഴെന്നറിയില്ല, തെളിയുന്നതെപ്പോഴെന്നറിയില്ല. എങ്കിലും കാലം കടന്നു പോകുമ്പോള്‍ തിരിച്ചറിയും, അതൊരു പിഞ്ചുഹൃദയമാണ്. ഒരു ദേവാലയം. അടുത്താല്‍ അടിപണിയും, അടിച്ചാല്‍ തിരിച്ചടിക്കും; ശത്രുവിന്‍ മദം തകര്‍ക്കും, സത്യത്തിന്‍ കൊടി പിടിക്കും എന്നെഴുതിയതൊക്കെ ആത്മകഥയാണ്. 

ഞങ്ങളെ അസ്തപ്രജ്ഞരാക്കിയ (2009-ല്‍) സംഭവമായിരുന്നു തമ്പിസാറിന്റെ മകന്‍ കണ്ണന്റെ മരണം. രാജ് ആദിത്യ എന്ന പേരില്‍ തെലുങ്കില്‍ സംവിധായകനായി ചുവടുറപ്പിച്ചു വരികയായിരുന്നു കണ്ണന്‍. മകനെക്കുറിച്ച് തമ്പിസാറിനു വലിയ സ്വപ്‌നങ്ങളായിരുന്നു. അവന്‍ എന്നെപ്പോലെയല്ല, ആരെയും വേദനിപ്പിക്കുകയില്ല എന്ന് അഭിമാനിച്ചിരുന്നു. ആദ്യ തകര്‍ച്ചയില്‍നിന്നു കരകയറി, ജീവിതം സാമാന്യം ഭദ്രമാണെന്ന അവസ്ഥയില്‍ മകനു ചുമതലകള്‍ കൈമാറി എഴുത്തില്‍ ശ്രദ്ധിക്കാന്‍ തയ്യാറെടുക്കുന്ന കാലത്താണ് ആ ദുരൂഹ വേര്‍പാട്. വല്ലാത്ത ദിവസങ്ങള്‍. ഒടുവില്‍ സാറിന്റെ വിളി വന്നു: നമുക്കു പരമ്പര തുടരണം. അവന്റെ കുഞ്ഞുങ്ങളെ നോക്കണമല്ലോ. അവരെ ഞാന്‍ നോക്കുമെന്നു വിശ്വസിച്ചാണല്ലോ അവന്‍ പോയത്. 'കോയമ്പത്തൂര്‍ അമ്മായി'എന്ന പരമ്പര എഴുതിക്കൊണ്ടിരിക്കെ ഞാന്‍ പരമ്പരയെഴുത്ത് അവസാനിപ്പിച്ചു. പക്ഷേ, കുറച്ചു മാസങ്ങള്‍ക്കുശേഷം തമ്പിസാര്‍ വീണ്ടും വിളിച്ചു, എനിക്കു വയസ്സായി, സഹായം കൂടിയേ തീരൂ. തമ്പിസാര്‍ പരാജയപ്പെടുന്നത് എനിക്കു ചിന്തിക്കാന്‍ വയ്യ. അദ്ദേഹം എന്നും നിലനില്‍ക്കണം. അതു നമ്മള്‍ ആഗോള അഹങ്കാരികളുടെയാകെ നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. മറ്റെല്ലാം മാറ്റി വച്ചു ഞാന്‍ പോയി. പിന്നെയും അദ്ദേഹത്തിനുവേണ്ടി എഴുതി. 

ചട്ടമ്പിക്കല്യാണി പരമ്പരയാക്കാന്‍ ഒരു ചാനല്‍ ആവശ്യപ്പെട്ടു. എനിക്കു വിയോജിപ്പുണ്ടായിരുന്നു. തമ്പിസാറിനോടു തര്‍ക്കിച്ചു ജയിക്കുക ദുഷ്‌കരമാണ്. എങ്കിലും ഒരു ബോധ്യമുണ്ടായിരുന്നു, പ്രേക്ഷകരെ പിടിച്ചിരുത്താന്‍ തമ്പിസാറിന് അറിയാം. പട്ടു സാരിയും കനത്ത മേയ്ക്കപ്പുമില്ലെങ്കിലും ആര്‍ഭാടം നിറഞ്ഞ സെറ്റും പ്രോപ്പര്‍ട്ടീസുമില്ലെങ്കിലും ശ്രീകുമാരന്‍ തമ്പിയുടെ പരമ്പരയ്ക്ക് ഏതു ടൈം സേ്‌ളാട്ടിലും ആ ചാനലില്‍ കിട്ടാവുന്ന മികച്ച റേറ്റിങ് ഉറപ്പ്. അദ്ദേഹം പറഞ്ഞതുപോലെ ഞാന്‍ എഴുതി. 'ജയ്ഹിന്ദി'ല്‍ സംപ്രേഷണം ആരംഭിച്ചു. റേറ്റിങ് ഉയര്‍ന്നു. പക്ഷേ, പണം കിട്ടിയില്ല. ഷൂട്ടിങ് മുടങ്ങി. തമ്പിസാര്‍ ഇതെങ്ങനെ നേരിടുമെന്നു ഞാന്‍ ഉല്‍ക്കണ്ഠപ്പെട്ടു. കാരണം, മറ്റു പലരെയും പോലെ കള്ളപ്പണം കൊണ്ടല്ല ശ്രീകുമാരന്‍ തമ്പിയുടെ പരമ്പര നിര്‍മ്മാണം. ബാങ്ക് ലോണ്‍ ആണ് ആകെ മൂലധനം. എല്ലാ ഇടപാടുകളും ചെക്കുവഴിയാണ്. നികുതിയടവു കിറുകൃത്യമാണ്. 2013-ല്‍ പുതിയൊരു പരമ്പരയുടെ വണ്‍ ലൈന്‍ ചര്‍ച്ച ചെയ്യാന്‍ എന്നെ വീണ്ടും വിളിച്ചു. ജൂലൈ 15-നും 16-നും വണ്‍ലൈന്‍ ഡിസ്‌കഷന്‍ നടത്തി. 16-നു രാത്രി എന്റെ അച്ഛന്‍ മരിച്ചു. ദിവസങ്ങള്‍ക്കുശേഷം ദിലീപിന്റെ അമ്മയും പോയി. നീണ്ട ഇടവേളയ്ക്കുശേഷമാണു വീണ്ടും തമ്പിസാറിനെ കണ്ടത്. പുതിയ പരമ്പരയ്ക്കു ചാനലിന്റെ അനുമതി കാത്തിരിക്കുകയായിരുന്നു. ഒരു സിനിമ പരിഗണനയിലുണ്ട് എന്നു സൂചിപ്പിച്ചു. ആ വര്‍ഷം ജനുവരിയില്‍ എന്റെ 'ആരാച്ചാര്‍' എന്ന നോവല്‍ പുറത്തിറങ്ങിയിരുന്നു. നോവല്‍ ചര്‍ച്ചകളുടെ കാലമായിരുന്നു. നിരന്തര യാത്രകള്‍. അതിനിടയില്‍ പുസ്തകത്തിന്റെ ഇംഗ്‌ളീഷ് പരിഭാഷയുടെയും പുതുതായി എഴുതിത്തുടങ്ങിയ നോവലിന്റെയും തിരക്ക്. അവാര്‍ഡ് വാര്‍ത്തകള്‍ കേട്ടപ്പോഴൊക്കെ അദ്ദേഹം വിളിച്ചു. എങ്കിലും വളരെക്കഴിഞ്ഞു 2015-ല്‍ ഒരു തീവണ്ടിയില്‍വച്ചാണ് യാദൃച്ഛികമായി വീണ്ടും കണ്ടത്. സിനിമയെന്തായി, ഞാന്‍ ആകാംക്ഷയോടെ ചോദിച്ചു. അതൊരു ദുരന്തമായി. പരമ്പരയോ? വന്‍ ദുരന്തം!'അമ്മയ്ക്ക് ഒരു താരാട്ട്' എന്ന സിനിമയുടെ ചരിത്രം കേട്ടു ഞാന്‍ തരിച്ചിരുന്നു. 

ശ്രീകുമാരന്‍ തമ്പിക്ക് ഒരു അവാര്‍ഡ്. മുംബൈയിലാണ്. അവിടെവച്ച് ഒരു വ്യവസായി സിനിമയെടുക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്നു. മറ്റുള്ളവര്‍ക്കു നഷ്ടമുണ്ടാക്കി എനിക്കു സിനിമയെടുക്കണ്ട എന്ന ശാഠ്യത്തില്‍ നിര്‍മ്മാണക്കമ്പനി തുടങ്ങിയ സംവിധായകനാണ് ശ്രീകുമാരന്‍ തമ്പി. മുടക്കുമുതല്‍ തിരിച്ചു കിട്ടുമോ എന്നു വ്യവസായി സംശയിക്കുന്നു. ലാഭം കിട്ടിയാല്‍ പപ്പാതി, നഷ്ടമെങ്കില്‍ മുഴുവന്‍ ഞാനേറ്റു എന്നു തമ്പിസാര്‍ വാക്കു പറയുന്നു. ഒടുവില്‍ സിനിമയെടുക്കുന്നു. തിയേറ്റര്‍ കിട്ടാതാകുന്നു. ചാനല്‍ സംപ്രേഷണാവകാശം വില്‍ക്കാനുള്ള ശ്രമവും പരാജയപ്പെടുന്നു. 'മഴവില്‍ മനോരമ ആ സി.ഡി ആവശ്യപ്പെട്ടു. എഡിറ്റര്‍ കൈമാറിയ സി.ഡി അവര്‍ക്കു നല്‍കി. അതില്‍ പ്രധാനപ്പെട്ട ചില രംഗങ്ങള്‍ ഉണ്ടായിരുന്നില്ല. അതു നിരസിക്കപ്പെട്ടു. മാസങ്ങള്‍ക്കുശേഷം തമ്പിസാറിന്റെ ഭാര്യ ആ സി.ഡി ഇട്ടു നോക്കിയപ്പോഴാണ് പിഴവു കണ്ടെത്തിയത്. ഏതായാലും 'മഴവില്‍ മനോരമയില്‍ പുതിയ പരമ്പര തുടങ്ങി. അതിനു തൊട്ടുമുന്‍പ് എനിക്കു സാറിന്റെ ഒരു കത്തു വന്നു: ''വളരെ നാളത്തെ കാത്തിരിപ്പിനുശേഷം എന്റെ പരമ്പര ആരംഭിക്കുകയാണ്. ഇതിന്റെ ആദ്യഘട്ടത്തില്‍ മീര എന്നെ സഹായിച്ചിരുന്നല്ലോ. അതിനൊരു ചെറിയ പ്രതിഫലം ഇതോടൊപ്പം.'സങ്കടം കൊണ്ട് എനിക്കു ചിരിവന്നു: എഴുത്തുകാരെ ചൂഷണം ചെയ്യുകയല്ലേ സിനിമയില്‍ വിജയിക്കാനുള്ള ആദ്യപാഠം? അതു പഠിക്കാത്ത ശ്രീകുമാരന്‍ തമ്പി എങ്ങനെ നന്നാകും? എന്തിനധികം, ആ പരമ്പരയും മുടങ്ങി. നഷ്ടത്തിന്റെ കണക്കും പെരുകി. 

തമ്പി സാറിനെ പരിചയപ്പെട്ടിട്ട് ഒരു പതിറ്റാണ്ടു തികയുന്നു. കാലത്തിന്റെ ഇന്ദ്രജാലത്തിനൊടുവില്‍, തമ്പിസാര്‍ വീണ്ടും കാര്‍ വിറ്റിരിക്കുന്നു. ഞാനിപ്പോള്‍ ജീവിക്കുന്നത് അവാര്‍ഡുകള്‍ കൊണ്ടാണ് എന്ന് അദ്ദേഹം പറയുമ്പോള്‍, മകന്റെ രണ്ടു കുഞ്ഞുങ്ങള്‍- അവര്‍ക്കുവേണ്ടി മുന്നോട്ടു പോയല്ലേ തീരൂ എന്നു നെടുവീര്‍പ്പിടുമ്പോള്‍ നാം ജീവിക്കുന്ന ലോകത്തെ ഞാന്‍ വെറുത്തുപോകുന്നു. 3000-ത്തിലേറെ പാട്ടുകള്‍ എഴുതുകയും 25 സിനിമകള്‍ നിര്‍മ്മിക്കുകയും 85 സിനിമകള്‍ക്കു തിരക്കഥയെഴുതുകയും 29 സിനിമകള്‍ സംവിധാനം ചെയ്യുകയും 42 ഡോക്യുമെന്ററികളും 13 പരമ്പരകളും നിര്‍മ്മിച്ചു സംവിധാനം ചെയ്യുകയും 20-തോളം പുസ്തകങ്ങള്‍ എഴുതുകയും ചെയ്ത മലയാളിയാണ്. കിട്ടാനുള്ള പണത്തിനുവേണ്ടി 75-ാം വയസ്‌സില്‍ യാചിക്കേണ്ട അവസ്ഥയില്‍ അദ്ദേഹത്തെ നാം എത്തിച്ചിരിക്കുന്നു. അഭിമാനികളോട്, അങ്ങനെയല്ലാത്തവര്‍ക്കു തോന്നുന്ന പകയാണ് ഏറ്റവും മാരകം. അദ്ദേഹത്തിന്റെ സിനിമകളും പാട്ടുകളും വിറ്റു പണം കൊയ്യുന്ന ടെലിവിഷന്‍, എഫ്.എം. ചാനലുകള്‍ ഓരോന്നിനും 1000 രൂപ നല്‍കിയാല്‍ മതി, അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ സമാഹരിക്കുന്ന പാട്ടെഴുത്തു പുസ്തകക്കാരും അഭിമുഖസംഭാഷണക്കാരും ഓര്‍മ്മയൊന്നിനു 100 രൂപ നല്‍കിയാല്‍ മതി, ആ പാട്ടുകളുടെയും സിനിമകളുടെയും ആസ്വാദകര്‍ പാട്ടൊന്നിന് ഒരു രൂപ നല്‍കിയാല്‍ മതി ശ്രീകുമാരന്‍ തമ്പി കോടീശ്വരനാകും. 

തമ്പിസാറിനു വയലാര്‍ അവാര്‍ഡോ ജെ.സി. ദാനിയല്‍ അവാര്‍ഡോ ഒക്കെ കിട്ടുമ്പോള്‍ എഴുതാന്‍ മനസ്സിലൊരു ലേഖനമുണ്ടായിരുന്നു. പകരം ഒരു ആത്മഹത്യാക്കുറിപ്പു കേട്ടതിന്റെ ഞെട്ടലില്‍ ഇങ്ങനെയൊന്ന് എഴുതാനായി വിധി. അഭിമാനികളോടു മാത്രമല്ല, യഥാര്‍ത്ഥ കലാകാരന്മാരോടും മിക്കവര്‍ക്കും കരുണയില്ല. പാട്ടു കേട്ട്, പുസ്തകം വായിച്ച്, ചിത്രം കണ്ട്, അഭിനയം ആസ്വദിച്ചു നമ്മളെല്ലാം കടന്നുപോകും. അതു കഴിഞ്ഞാല്‍ ആ കലാകാരന്മാരെ വിദ്വേഷത്തോടെ വീക്ഷിക്കും. അവരുടെ വാക്കുകള്‍ ദുര്‍വ്യാഖ്യാനം ചെയ്യും. തലനാരിഴ കീറി വിമര്‍ശിക്കും. അവരുടെ പെരുമാറ്റത്തകരാറുകളെ ഭര്‍ത്സിക്കും. അവര്‍ തകരുമ്പോഴും തളരുമ്പോഴും കഴുകന്മാരെപ്പോലെ കൊത്തിപ്പറിക്കും. അഹങ്കാരികള്‍ക്ക് ഇതുതന്നെ വരണം എന്നു കൈകൊട്ടിച്ചിരിക്കും. 

സ്റ്റാലിന്റെ കാലത്തെ റഷ്യയില്‍ ജീവിച്ചിരുന്ന ഓസിപ് മന്‍ഡല്‍സ്റ്റാം തന്നെ സന്ദര്‍ശിച്ച എമ്മ ഗസ്‌റ്റെയിനോടു ചോദിച്ച ആ ഭീകരമായ ചോദ്യം എന്നും പ്രസക്തമാണ്: ചത്തു കഴിഞ്ഞാല്‍ നിങ്ങളൊക്കെ ഓര്‍മ്മക്കുറിപ്പുകള്‍ എഴുതും. ജീവിച്ചിരിക്കുന്നവര്‍ക്കുവേണ്ടി എന്തുചെയ്യും? 

(2016 ഡിസംബറില്‍ സമകാലിക മലയാളം വാരിക പ്രസിദ്ധീകരിച്ചത്)
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com