മതമല്ല, ഹാദിയയ്ക്ക് തുണയായത് മതേതര ഭരണഘടന

മതാധിഷ്ഠിത ഭരണഘടന പിന്തുടരുന്ന ഏതെങ്കിലും രാജ്യത്ത്, ഇന്ത്യയില്‍ ഹാദിയ-ഷെഫിന്‍ ദമ്പതികള്‍ക്ക് കിട്ടിയ നിയമപരിരക്ഷ ലഭിക്കുമെന്നു കരുതാന്‍ ന്യായമില്ല
മതമല്ല, ഹാദിയയ്ക്ക് തുണയായത് മതേതര ഭരണഘടന

ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ ഹാദിയ കേസില്‍ അച്ഛന്‍ തോല്‍ക്കുകയും മകളും ഭര്‍ത്താവും ജയിക്കുകയും ചെയ്തു. ജയിച്ചവര്‍ നന്ദി പറയേണ്ടത് ഇന്ത്യയുടെ മഹത്തായ ഭരണഘടനയോടാണ്. ആ രേഖയുടെ ആത്മാവെന്നു വിശേഷിപ്പിക്കേണ്ട മതേതര ബഹുസ്വര ജനാധിപത്യ മൂല്യങ്ങള്‍ പൗരന്മാരുടെ ന്യായമായ എല്ലാ അവകാശങ്ങളും ഉറപ്പുവരുത്തുന്നു. ഭരണഘടനയുടെ മൂന്നാം ഭാഗത്തില്‍ മൗലികാവകാശങ്ങള്‍ എന്ന ശീര്‍ഷകത്തിനു താഴെ വരുന്ന വകുപ്പുകള്‍ ഇന്ത്യന്‍ ജനതയുടെ അടിസ്ഥാനാവകാശങ്ങളുടെ മാഗ്‌നക്കാര്‍ട്ടയാണ്.
ചരിത്രത്തില്‍ ഇന്നേവരെയുണ്ടായിട്ടുള്ള മതങ്ങളുടെ 'വിശുദ്ധഗ്രന്ഥ'ങ്ങളിലൊന്നും പ്രതിപാദിച്ചിട്ടില്ലാത്തവയാണ്  ഭാരതത്തിന്റെ ഭരണഘടനയില്‍ പ്രകാശിതമാകുന്ന മൗലികാവകാശങ്ങള്‍. പൗരസമത്വവും അവകാശ തുല്യതയും വീക്ഷണ സ്വാതന്ത്ര്യവും അവയില്‍ പ്രധാനമാണ്. മൗലികാവകാശങ്ങളുടെ വെളിച്ചത്തില്‍ നിര്‍മ്മിക്കപ്പെട്ട നിയമങ്ങള്‍ വിവാഹം പോലുള്ള വ്യക്തിഗത വിഷയങ്ങളില്‍ ഉള്‍പ്പെടെ മതത്തിന്റേയോ ബന്ധുത്വത്തിന്റേയോ മറ്റേതെങ്കിലും ഘടകത്തിന്റേയോ സ്വേച്ഛാപരമായ ഇടപെടലുകള്‍ തടയുന്നു.
ചില പ്രത്യേക കാരണങ്ങളുടെ പേരില്‍ ഹാദിയ-ഷെഫിന്‍ ജഹാന്‍ വിവാഹം കേരള ഹൈക്കോടതി അസാധുവാക്കിയെങ്കിലും സുപ്രീംകോടതി കീഴ്‌ക്കോടതിയുടെ നിരീക്ഷണം അംഗീകരിച്ചില്ല. നിയമദൃഷ്ട്യാ വിവാഹപ്രായമെത്തിയ വ്യക്തിക്ക് സ്വാഭീഷ്ടപ്രകാരം ആരെയും ജീവിതപങ്കാളിയാക്കാന്‍ അവകാശമുണ്ടെന്ന് പരമോന്നത ന്യായാസനം വിധിച്ചു. മാതാപിതാക്കളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അവിടെ പ്രസക്തിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
അത്യുന്നത നീതിപീഠത്തിന്റെ ഈ വിധിപ്രസ്താവം ഒട്ടും അപ്രതീക്ഷിതമായിരുന്നില്ല. കാരണം, സമാന കേസുകളില്‍ നേരത്തെ രാജ്യത്തിലെ വിവിധ കോടതികള്‍ പ്രായപൂര്‍ത്തിയായവര്‍ ഉഭയസമ്മതപ്രകാരം നടത്തുന്ന വിവാഹം നിയമദൃഷ്ട്യാ സാധുവാണെന്ന സമീപനമാണ് സ്വീകരിച്ചു പോന്നിട്ടുള്ളത്. വിവാഹിതരാകുന്നവരുടെ മതമോ ജാതിയോ വര്‍ഗ്ഗമോ വംശമോ ഭാഷയോ വിഭിന്നാണെന്നത് വിവാഹത്തിന്റെ സാധുതയെ ഒരു വിധത്തിലും സാധിക്കില്ലെന്നതാണ് മതേതര ഭരണഘടനയിലധിഷ്ഠിതമായ നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ നീക്കുപോക്കില്ലാത്ത നിലപാട്.
അഖില (ഹാദിയ)യുടെ അച്ഛന്റെ ആധി മകളുടെ മതപരിവര്‍ത്തനം എന്നതിലേറെ അവള്‍ വിവാഹം കഴിച്ച പുരുഷന്‍ പിന്തുടരുന്നതായി അദ്ദേഹം ആശങ്കിക്കുന്ന പ്രത്യയശാസ്ത്രത്തെക്കുറിച്ചായിരുന്നു. ആ പ്രത്യയശാസ്ത്രം മതതീവ്രവാദപരമാണെന്നും  മകള്‍ തീവ്രവാദ പദ്ധതികളിലേയ്ക്ക്  റിക്രൂട്ട് ചെയ്യപ്പെടുമെന്നുമുള്ള ഭയാശങ്കകള്‍ അദ്ദേഹം കോടതിയില്‍ അവതരിപ്പിച്ചു. ഒരാള്‍ വിവാഹം കഴിക്കുന്ന വ്യക്തിയുടെ ബോധ്യങ്ങളോ പ്രത്യയശാസ്ത്രമോ ആപത്കരമാണോ അല്ലയോ എന്നു തീരുമാനിക്കേണ്ടത് പുറത്തുള്ളവരല്ല, വിവാഹത്തിനു മുന്നോട്ടു വരുന്ന ആള്‍ തന്നെയാണെന്നത്രേ ന്യായാസനം വിശദീകരിച്ചത്. ബന്ധപ്പെട്ട വ്യക്തിക്ക് വിരോധമില്ലാത്തിടത്തോളം  കാലം  അച്ഛനുള്‍പ്പെടെ ആര്‍ക്കും വിവാഹം തടയാന്‍ അവകാശമില്ലെന്നു വ്യക്തമാക്കുകയായിരുന്നു കോടതി.
ഇതുപൊലെരു വിധിപ്രസ്താവം മതേതരഭരണഘടനയും മതേതര നീതിന്യായവ്യവസ്ഥയും നിലനില്‍ക്കുന്ന രാഷ്ട്രങ്ങളിലല്ലാതെ മറ്റെവിടെയെങ്കിലും സാധ്യമാകുമോ? മതാധിഷ്ഠിത ഭരണഘടന പിന്തുടരുന്ന ഏതെങ്കിലും രാജ്യത്ത്, ഇന്ത്യയില്‍ ഹാദിയ-ഷെഫിന്‍ ദമ്പതികള്‍ക്ക് കിട്ടിയ നിയമപരിരക്ഷ ലഭിക്കുമെന്നു കരുതാന്‍ ന്യായമില്ല. വിവാഹിതരാകുന്ന വ്യക്തികളുടെ മതവും മാതാപിതാക്കളുടെ അഭീഷ്ടവുമെല്ലാം കണക്കിലെടുത്തു മാത്രമേ അത്തരം രാഷ്ട്രങ്ങളിലെ മതകോടതികള്‍ തീര്‍പ്പുകല്‍പ്പിക്കൂ. വിവാഹപ്രായമെത്തിയ ആര്‍ക്കും തന്നിഷ്ടപ്രകാരം കല്യാണം കഴിക്കാനുള്ള സ്വാതന്ത്ര്യം മതാത്മക ഭരണഘടനയും നീതിന്യായവ്യവസ്ഥയും നിലവിലുള്ള നാടുകളില്‍ ലഭിക്കുകയില്ല.
ഉദാഹരണം വേണമെങ്കില്‍ സൗദി അറേബ്യയിലേക്ക് നോക്കിയാല്‍ മതി. ഇസ്ലാം മതത്തില്‍ അധിഷ്ഠിതമായ ഭരണഘടനയും നിയമക്രമവും നിലനില്‍ക്കുന്ന രാജ്യമാണത്. അവിടെ ഒരു മുസ്ലിം സ്ത്രീക്ക് അന്യമതത്തില്‍പ്പെട്ട പുരുഷനെ ഭര്‍ത്താവായി സ്വീകരിക്കാനുള്ള സ്വാതന്ത്ര്യമില്ല. മുസ്ലിം പുരുഷന് വേദക്കാരെ (ക്രൈസ്തവരേയോ ജൂതരേയോ) വിവാഹം കഴിക്കാന്‍ പഴുതുണ്ടെങ്കിലും ആ ദാമ്പത്യത്തിലുള്ള കുട്ടികളെ മുസ്ലിങ്ങളായി വളര്‍ത്തണമെന്നത് അലംഘനീയ നിയമമാണ്. മുസ്ലിം പെണ്ണിനു അപരമതത്തില്‍പ്പെട്ട വരന്മാര്‍ പൂര്‍ണ്ണാര്‍ത്ഥത്തില്‍ നിഷിദ്ധമാകുമ്പോള്‍ പുരുഷന് കര്‍ശന ഉപാധികളോടെ ജൂത, ക്രൈസ്തവ സമുദായങ്ങളില്‍പ്പെട്ടവരെ വിവാഹം ചെയ്യാനുള്ള അനുമതി ലഭിക്കുന്നു. വിവാഹ സ്വാതന്ത്ര്യ വിഷയത്തില്‍പ്പോലും സൗദി അറേബ്യ പോലുള്ള രാഷ്ട്രങ്ങളില്‍ ആണ്‍-പെണ്‍ വിവേചനം മുഴച്ചു  നില്‍ക്കുന്നു എന്നാണിത് കാണിക്കുന്നത്.
മതപരിവര്‍ത്തന വിഷയത്തിലേക്ക് കടന്നാലോ? ഇന്ത്യയില്‍ അഖിലമാര്‍ക്ക് ഹാദിയമാരാകാം; മാധവിക്കുട്ടിമാര്‍ക്ക്  സുരയ്യമാരാകാം; നീലകണ്ഠന്മാര്‍ക്ക് മമ്മദുമാരാകാം. അത്തരം മതംമാറ്റങ്ങള്‍ക്ക് യാതൊരുവിധ വഴിതടസ്സവും നമ്മുടെ ഭരണഘടനയിലോ നിയമപുസ്തകങ്ങളിലോ ഇല്ല. എന്നാല്‍, മതാത്മക ഭരണഘടനയും നിയമഗ്രന്ഥങ്ങളും പിന്തുടരുന്ന സൗദി പോലുള്ള രാഷ്ട്രങ്ങളില്‍ സ്ഥിതി വ്യത്യസ്തമാണ്. ഇസ്ലാമിക ഭരണം നിലനില്‍ക്കുന്ന രാഷ്ട്രങ്ങളില്‍ ഇസ്ലാം മതവിശ്വാസി മതം മാറിയാല്‍ അയാള്‍ക്ക് ലഭിക്കുന്ന ശിക്ഷ വധമാകുന്നു. അതേസമയം അപരമതങ്ങളില്‍നിന്നു ഇസ്ലാമിലേക്ക് കടന്നുവരുന്നവര്‍ക്ക് സ്വാഗതത്തിന്റെ പൂച്ചെണ്ടുകള്‍ ലഭിക്കുകയും ചെയ്യും. മതപരിവര്‍ത്തന വിഷയത്തില്‍ ഇസ്ലാം മതാനുയായികള്‍ക്കെതിരെ നിഷ്ഠുര വിവേചനം നിലവിലിരിക്കുന്നു അവിടങ്ങളില്‍.
മത പ്രചാരണ സ്വാതന്ത്ര്യത്തിലേക്ക് ചെന്നു നോക്കുമ്പോഴും ഒട്ടും ഭിന്നമല്ല സ്ഥിതി. ഇന്ത്യയുള്‍പ്പെടെയുള്ള മതേതര ജനാധിപത്യ രാഷ്ട്രങ്ങളില്‍ ഏത് മതം പ്രചരിപ്പിക്കാനും ഏത് മതത്തിന്റേയും ദേവാലയങ്ങളടക്കമുള്ള മതസ്ഥാപനങ്ങള്‍ നടത്താനും മതവിദ്യാലയങ്ങള്‍ സ്ഥാപിക്കാനും മതചിഹ്നങ്ങള്‍ ഉപയോഗിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. മതാത്മക ഭരണം  നിലവിലുള്ള സൗദി അറേബ്യയില്‍ മരുന്നിനുപോലുമില്ല അമ്മട്ടിലുള്ള സ്വാതന്ത്ര്യം. ഇസ്ലാമേതര മതങ്ങള്‍ പ്രചരിപ്പിക്കാനോ അത്തരം മതങ്ങളുടെ ദേവാലയങ്ങളോ വിദ്യാലയങ്ങളോ ചിഹ്നങ്ങളോ സ്ഥാപിക്കാനോ സൗദി അറേബ്യയുടെ നിയമസംഹിത അനുവദിക്കുന്നില്ല. അപരമതങ്ങളുടെ പ്രവര്‍ത്തന പ്രചാരണ സ്വാതന്ത്ര്യം ആ രാജ്യത്ത് അതികര്‍ശനമായി വിലക്കപ്പെട്ടിരിക്കുന്നു.
ഇത്തരം വിലക്കുകളെ മനഃസാക്ഷിക്കുത്തേതുമില്ലാതെ  ന്യായീകരിക്കാന്‍ ചാടിപ്പുറപ്പെടുന്ന ഇസ്ലാമിക പ്രബോധകര്‍ നമ്മുടെ നാട്ടിലെ മുസ്ലിങ്ങള്‍ക്കിടയില്‍ സക്രിയമാണെന്നതും വസ്തുതയാണ്. മികച്ച ഉദാഹരണമത്രേ മുംബൈക്കാരനായ ഡോ. സാക്കിര്‍ നായിക് എന്ന ഇസ്ലാമിക് ടെലിവാഞ്ചലിസ്റ്റ്. സൗദി അറേബ്യയില്‍ അന്യമതക്കാരുടെ ദേവാലയങ്ങള്‍ അരുതെന്ന വിലക്കിന് എന്ത് ന്യായീകരണമാണുള്ളത് എന്ന ചോദ്യത്തോട് നായിക് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു: ''രണ്ടും രണ്ടും കൂട്ടിയാല്‍ മൂന്നു എന്നു പറയുന്ന ഒരാളെ നിങ്ങള്‍ ഗണിതം പഠിപ്പിക്കാന്‍ നിയമിക്കുമോ? ഇല്ല; കാരണം, അയാള്‍ക്ക് ഗണിതം അറിയില്ല. അതുപോലെ, മതവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വരുമ്പോള്‍ ഒരേയൊരു സത്യമതമായ ഇസ്ലാമിനു മാത്രമേ പരിഗണന നല്‍കാന്‍ പറ്റൂ.'' ഇസ്ലാം അല്ലാത്ത മതങ്ങളെല്ലാം അസത്യ മതങ്ങളാണെന്നും അവയുടെ ദേവലായങ്ങള്‍ക്ക് അനുമതി നല്‍കുന്നത് അസത്യത്തിനു കൂട്ടുനില്‍ക്കലാകുമെന്നും ധ്വനി.
മതേതര ഭരണഘടനയും നീതിന്യായവ്യവസ്ഥയും അംഗീകരിച്ച രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ മതാധിഷ്ഠിത ഭരണഘടനയും നീതിന്യായവ്യവസ്ഥയും പിന്തുടരുന്ന രാജ്യങ്ങളിലെ പൗരന്മാരുടെ സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും എത്രമേല്‍ പരിമിതമാണെന്നു മുകളില്‍ പരാമര്‍ശിച്ച വസ്തുതകളില്‍നിന്നു വെളിപ്പെടുന്നുണ്ട്. സെക്യുലര്‍ ഭരണഘടന സ്വയം വരിച്ച ഇന്ത്യയില്‍ ജനിച്ചു ജീവിക്കാന്‍ അവസരം കൈവന്ന ഹാദിയയും ഷെഫിന്‍ ജഹാനും വാസ്തവത്തില്‍ എത്ര ഭാഗ്യവാന്മാരാണ്! ഇന്ത്യന്‍ പൗരന്മാരാകുന്നതിനു പകരം സൗദി അറേബ്യ പോലെ മതാധിഷ്ഠിത ഭരണഘടനയാല്‍ നിയന്ത്രിക്കപ്പെടുന്ന ഏതെങ്കിലും രാഷ്ട്രത്തിലെ പൗരന്മാരായിരുന്നു അവരെങ്കില്‍, മതപരിവര്‍ത്തനമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ വല്ല സ്വാതന്ത്ര്യവും അവര്‍ക്കനുഭവിക്കാനാകുമായിരുന്നോ? ഷെഫിന്‍ ജഹാനോ ഹാദിയയ്‌ക്കോ ഭാവിയില്‍ മതം മാറണമെന്നു തോന്നിയാല്‍ ഇന്ത്യയിലേതുപോലെ നിയമപരമായ വിലങ്ങുതടികളില്ലാതെ നിരായാസം നടത്താവുന്ന ഒരു കൃത്യമാവില്ല മതാധിഷ്ഠിത ഭരണം നിലനില്‍ക്കുന്ന രാഷ്ട്രത്തിലെ മതപരിവര്‍ത്തനം എന്നത് കട്ടായം.
മതേതര ഭരണഘടന പൗരന്മാരുടെ മുന്‍പില്‍ സ്വാതന്ത്ര്യത്തിന്റെ ജാലകങ്ങള്‍ വിശാലമായി തുറന്നിടുന്നു. മതാധിഷ്ഠിത ഭരണഘടനയാകട്ടെ, പൗരസ്വാതന്ത്ര്യത്തിനു മുന്‍പില്‍ സ്വാതന്ത്ര്യത്തിന്റെ പല ജാലകങ്ങളും നിര്‍ദയം കൊട്ടിയടയ്ക്കുന്നു. സുപ്രീംകോടതിയില്‍നിന്നു അനുകൂല വിധി സമ്പാദിച്ച് കേരളത്തിലെത്തിയ ഹാദിയയ്ക്ക് വന്‍ സ്വീകരണം നല്‍കിയത് പോപ്പുലര്‍ ഫ്രന്റ് ഓഫ് ഇന്ത്യയുടെ നേതാക്കളായിരുന്നു. അവസരം കിട്ടുമ്പോള്‍ അവരോട് ഹാദിയ ആരായണം, ഇന്ത്യയിലെ മതേതര ഭരണഘടന തനിക്ക് നല്‍കിയ മതപരിവര്‍ത്തന സ്വാതന്ത്ര്യമുള്‍പ്പെടെയുള്ള അവകാശങ്ങള്‍ ഇസ്ലാം മതാധിഷ്ഠിത ഭരണഘടനയില്‍നിന്നു തനിക്ക് പ്രതീക്ഷിക്കാനാകുമോ എന്ന്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com