പിഴുതെറിയുന്ന വഹാബിയന്‍ വിശുദ്ധി സങ്കല്‍പ്പം

സൗദി അറേബ്യയുടെ പെട്രോ ഡോളറിലൂടെ കനത്ത അളവില്‍ ഊര്‍ജ്ജം സംഭരിച്ചുപോന്ന തീവ്രവാദ ഇസ്ലാമിന് ഭാവിയില്‍ അത് ലഭിക്കില്ല
സല്‍മാന്‍ രാജകുമാരന്‍
സല്‍മാന്‍ രാജകുമാരന്‍

കാലത്തിലും സാഹചര്യത്തിലും മാറ്റം വരുമ്പോള്‍ പലതിനും പഴയതുപോലെ പിടിച്ചുനില്‍ക്കാനാവില്ല. പൂര്‍വ്വസ്ഥിതി നിലനിര്‍ത്താന്‍ എത്ര കഠിനമായി ശ്രമിച്ചാലും കെട്ടുകളോരോന്നും പതിയെപ്പതിയെ പൊട്ടിപ്പോവുകതന്നെ ചെയ്യും. ചരിത്രപരമായ ഈ അനിവാര്യതയ്ക്ക് സാക്ഷ്യം വഹിക്കുകയാണ്  ഇപ്പോള്‍ സൗദി അറേബ്യ.
അറേബ്യന്‍ പെനിന്‍സുല (അറേബ്യന്‍ ഉപദ്വീപ്) എന്നറിയപ്പെട്ട ഭൂഭാഗത്തിന്റെ പേരില്‍ 'സൗദി' എന്നു ചേര്‍ക്കപ്പെടാന്‍ ഇടയാക്കിയത് പതിനെട്ടാം നൂറ്റാണ്ടിലെ ചില സംഭവവികാസങ്ങളാണ്. കിഴക്കന്‍ അറേബ്യയിലെ നജ്ദില്‍ ഒരു ചെറുകിട ഗോത്രത്തലവനും ഒരു ചെറുകിട മതപ്രബോധകനും തമ്മില്‍ സന്ധിക്കുന്നു. ഗോത്രത്തലവന്റെ പേര് മുഹമ്മദ് ബിന്‍സൗദ് (1710-1765). മതപ്രബോധകന്റെ പേര് മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബ് (1703-1766).
തന്റെ ഗോത്രീയ ശക്തി-സ്വാധീനങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ വഹാബിന്റെ മതവീറുതകുമെന്നു സൗദിനു തോന്നി. തന്റെ മതാശയങ്ങള്‍ പ്രചരിപ്പിക്കാനും നടപ്പാക്കാനും സൗദിന്റെ ഗോത്രനേതൃപദവി ഉതകുമെന്ന ചിന്ത വഹാബിനുമുണ്ടായി. ശിയ ഇസ്ലാമും സൂഫി ഇസ്ലാമും 'യഥാര്‍ത്ഥ ഇസ്ലാമി'നെ കളങ്കിതമാക്കിയിട്ടുണ്ടെന്ന പക്ഷക്കാരനായിരുന്നു വഹാബ്. ആ കളങ്കങ്ങളില്‍നിന്നു ഇസ്ലാമിനെ അതിന്റെ പ്രാരംഭകാല 'അറേബ്യന്‍ വിശുദ്ധി'യിലേയ്ക്ക് തിരിച്ചുപിടിക്കണമെന്നത് അദ്ദേഹത്തിന്റെ അദമ്യമായ ആഗ്രഹവും. 
വഹാബിന്റെ മതയോദ്ധാക്കള്‍ അറേബ്യന്‍ ഉപദ്വീപില്‍, ഇസ്ലാമില്‍ പറ്റിപ്പിടിച്ചു എന്നു തങ്ങള്‍ കരുതിയ 'അഴുക്കുകള്‍' തുടച്ചുമാറ്റിക്കൊണ്ടിരിക്കെയാണ് സൗദ്-വഹാബ് കൂടിക്കാഴ്ച നടന്നത്. എന്തൊക്കെയായിരുന്നു പ്രസ്തുത അഴുക്കുകള്‍? ശിയാക്കളുടെ അനുഷ്ഠാനമുറകളും സൂഫികളുടെ സവിശേഷ ഭക്തിപ്രകാശനരീതികളും തന്നെ മുഖ്യം. മധ്യേഷ്യ, ദക്ഷിണേഷ്യ, പൂര്‍വ്വേഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലേയ്ക്ക് ഇസ്ലാം പടര്‍ന്നപ്പോള്‍ ആ ദേശങ്ങളില്‍നിന്നു ഇസ്ലാമിലേയ്ക്ക് സംക്രമിച്ച സാംസ്‌കാരികാംശങ്ങളും അഴുക്കിന്റെ ഭാഗമായി പരിഗണിക്കപ്പെട്ടു.
ഇത്തരം സാംസ്‌ക്കാരികാംശങ്ങള്‍ 'അല്ലാഹുവല്ലാതെ മറ്റൊരു ദൈവമില്ല' എന്ന ഇസ്ലാമിക നിലപാടിന്റെ നിഷേധമായി വഹാബും കൂട്ടരും വിലയിരുത്തി. ശവകുടീര നിര്‍മ്മിതിയും മണ്‍മറഞ്ഞവരോട് കാണിക്കുന്ന ആദരവും എന്തിന്, പ്രവാചകസ്മൃതിയുടെ ഭാഗമായുള്ള ചടങ്ങുകള്‍ പോലും ഇസ്ലാം ഉദ്‌ഘോഷിക്കുന്ന ഏകേശ്വരവാദത്തിന്റെ മാപ്പര്‍ഹിക്കാത്ത ലംഘനമാണെന്നായിരുന്ന് അവരുടെ വിധിയെഴുത്ത്. അത്തരം കൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ഇസ്ലാമിന്റെ വൈരികളാണെന്ന് വഹാബ് പ്രഖ്യാപിക്കുകയും ചെയ്തു.
തന്റെ ഈദൃശ ആശയങ്ങളെ എതിര്‍ക്കുകയും തന്നെ ആട്ടിയോടിക്കുകയും ചെയ്തവരില്‍നിന്നുള്ള സംരക്ഷണമത്രേ അബ്ദുല്‍ വഹാബ് ഇബ്ന്‍ സൗദില്‍നിന്നു ആവശ്യപ്പെട്ടത്. അതോടൊപ്പം, അവിശ്വാസികള്‍ക്കെതിരെ (വഹാബിയന്‍ ആശയങ്ങള്‍ അംഗീകരിക്കാത്ത മുസ്ലിങ്ങള്‍ക്കെതിരെ) ജിഹാദ് നടത്താന്‍ സൗദ് മുന്നോട്ടു വരണമെന്ന ആവശ്യവും അദ്ദേഹം ഉയര്‍ത്തി.
ഇബ്ന്‍ സൗദിനു തിരിച്ചു ആവശ്യപ്പെടാനുണ്ടായിരുന്നത് നജ്ദില്‍ തന്റെ ഭരണമേധാവിത്വം ഉറപ്പാക്കാനും വിപുലപ്പെടുത്താനും വഹാബും അദ്ദേഹത്തിന്റെ പടയാളികളും സഹായിക്കണമെന്നതായിരുന്നു. സൗദിന്റെ ആവശ്യം വഹാബും വഹാബിന്റെ ആവശ്യം സൗദും അംഗീകരിച്ചു. ഉപാധി ഒന്നു മാത്രം: ഭരണതലത്തില്‍ സൗദ് മേധാവിയായിരിക്കെ മത തലത്തില്‍ മേധാവി വഹാബാണെന്നു അംഗീകരിക്കണം. പ്രസ്തുത ഉപാധി അംഗീകരിച്ചുകൊണ്ട്  1744-ല്‍ വഹാബ്-സൗദ് ഉടമ്പടി നിലവില്‍ വന്നു.
തുടര്‍ന്ന് അറേബ്യ സാക്ഷിയായത് വഹാബിയന്‍ ഇസ്ലാമിന്റെ തേരോട്ടത്തിനാണ്, അബ്ദുല്‍ വഹാബിന്റെ പോരാളികള്‍ നജ്ദില്‍നിന്നു ഹിജാസിലേയ്ക്ക് (പടിഞ്ഞാറന്‍ അറേബ്യയിലേയ്ക്ക്) കടന്നുകയറി. ഇസ്ലാമിന്റെ പുണ്യനഗരങ്ങളായി പരിഗണിക്കപ്പെടുന്ന മക്കയും മദീനയും അവര്‍ കീഴ്പെടുത്തി. ഒട്ടോമന്‍ ഖലീഫയുടെ പ്രതിനിധിയായിരുന്ന ഭരണകര്‍ത്താവ് തുരത്തപ്പെട്ടു. പിന്നീടവര്‍ മുഴുകിയത്, റെസ അസ്ലാന്‍ രേഖപ്പെടുത്തിയുപോലെ പ്രവാചകന്റേയും അദ്ദേഹത്തിന്റെ അനുചരന്മാരുടേയും ശവകുടീരങ്ങള്‍ തകര്‍ക്കുക എന്ന മഹാപാതകത്തിലാണ്.
മദീനയില്‍ പ്രവാചകന്റെ പള്ളി (മസ്ജിദുന്നബവി)യിലെ ഖജനാവ് തകര്‍ത്ത അവര്‍ ഖുര്‍ആന്‍ ഒഴികെയുള്ള എല്ലാ ഗ്രന്ഥങ്ങളും അഗ്‌നിക്കിരയാക്കി. പുണ്യനഗരങ്ങളില്‍ സംഗീതവും പുഷ്പങ്ങളും അവര്‍ വിലക്കി; പുകവലിക്കും കാപ്പിക്കും നിരോധനമേര്‍പ്പെടുത്തി. താടി വളര്‍ത്താത്ത പുരുഷന്മാര്‍ക്കും മൂടുപടമണിയാത്ത സ്ത്രീകള്‍ക്കും വധശിക്ഷ നടപ്പാക്കിയ അവര്‍ സ്ത്രീ-പുരുഷ സങ്കലനം കര്‍ശനമായി വിലക്കുകയും ചെയ്തു. അറേബ്യ പൂര്‍ണ്ണ നിയന്ത്രണത്തിലായപ്പോള്‍ അവര്‍ വടക്കോട്ട് നീങ്ങി. 'അവിശ്വാസി'കളായ സൂഫിമുസ്ലിങ്ങളേയും ശിയ മുസ്ലിങ്ങളേയും നിലയ്ക്ക് നിര്‍ത്തുക എന്നതായിരുന്നു ഉദ്ദേശ്യം. 1802-ല്‍, ശിയാക്കള്‍ പുണ്യദിനമായി കരുതുന്ന ആശുറ നാളില്‍ മുഹറം ആഘോഷിക്കുന്ന രണ്ടായിരത്തോളം ശിയാ മുസ്ലിങ്ങളെ അവര്‍ കൊന്നുതള്ളി. ശിയാക്കള്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്ന ഖലീഫ അലി, ഇമാം ഹുസൈന്‍, മറ്റു ഇമാമുകള്‍ എന്നിവരുടെ മാത്രമല്ല, പ്രവാചകപുത്രി ഫാത്തിമയുടെ ശവകുടീരവും അവര്‍ തകര്‍ത്തു. (See Reza Aslam, No God but God, 2011, p-248).
നടേ സൂചിപ്പിച്ചപോലെ, ഇസ്ലാമിന്റെ പ്രാക്തന അറേബ്യന്‍ വിശുദ്ധി എന്നു താന്‍ കരുതിയ സ്ഥിതിവിശേഷം വീണ്ടെടുക്കുക എന്നതായിരുന്നു വഹാബ് ലക്ഷ്യമിട്ടത്. ഇബ്ന്‍ സൗദാകട്ടെ തന്റെ കുടുംബത്തിന്റെ (ഗോത്രത്തിന്റെ) രാഷ്ട്രീയ മേധാവിത്വം അരക്കിട്ടുറപ്പിക്കുക എന്നതും. രണ്ടും സാക്ഷാല്‍ക്കരിക്കുന്നതിന്റെ  ഭാഗമായി, വഹാബിയന്‍ മതസങ്കല്പങ്ങളോട് വിയോജിക്കുന്ന എല്ലാ ഉലമാക്കളും (മതപണ്ഡിതരും) തുടച്ചുനീക്കപ്പെട്ടു. ജനങ്ങളാണെങ്കില്‍ വഹാബിയന്‍ ഇസ്ലാം സ്വീകരിക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയും ചെയ്തു. വഹാബിസത്തിന്റെ ഉലമാക്കള്‍ അനുക്രമം ഉയര്‍ന്നുവന്നു. അബ്ദുല്‍ വഹാബിന്റെ പിന്‍മുറക്കാര്‍ 'അല്‍ ശൈഖ്' എന്ന മതവംശത്തിനു രൂപം നല്‍കി. സൗദിന്റെ കുടുംബം ഒരു രാഷ്ട്രീയ (രാജകീയ) വംശവും സൃഷ്ടിച്ചു. അവ്വിധം വികസിച്ചുവന്ന മതാത്മക, രാജകീയ രാഷ്ട്രമത്രേ 1932-ല്‍ അബ്ദുല്‍ അസീസ് ഇബ്ന്‍ സൗദിന്റെ ഭരണകാലത്ത് കിങ്ങ്ഡം ഓഫ് സൗദി അറേബ്യയായി മാറിയത്. (See Ed. Roel Meijer, Global Salafism, 2009, p-8).
പതിനെട്ടാം ശതകത്തിന്റെ പൂര്‍വ്വാര്‍ധത്തില്‍ മുഹമ്മദ് ഇബ്ന്‍ അബ്ദുല്‍ വഹാബ് തുടങ്ങിവെച്ച മതകാര്‍ക്കശ്യങ്ങള്‍ ഊനം തട്ടാതെ കൊണ്ടുപോവുകയത്രേ പില്‍ക്കാല സൗദി ഭരണാധികാരികള്‍ പൊതുവേ ചെയ്തത്. മതവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഉലമാക്കളുടെ അതിയാഥാസ്ഥിതികവും പുരുഷാനുകൂലവുമായ വീക്ഷണങ്ങള്‍ അനുവര്‍ത്തിക്കുന്ന സ്ഥിതി തുടര്‍ന്നു. സ്ത്രീകളുടെ സാമൂഹിക ചലനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ അവകാശങ്ങള്‍ക്കും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയെന്നത് ഇസ്ലാമിക വിശുദ്ധിയുടെ മുന്നുപാധിയാണെന്ന തത്ത്വം മുറുകെ പിടിക്കപ്പെട്ടു. കലയും സാഹിത്യവും സംഗീതവും നൃത്തവും സ്‌പോര്‍ട്‌സുമടക്കമുള്ള സകല വിഷയങ്ങളും യാഥാസ്ഥിതിക ആണ്‍കോയ്മാ വീക്ഷണങ്ങള്‍ക്കനുസൃതമായാണ് കൈകാര്യം ചെയ്യപ്പെട്ടത്. ഗൃഹഭിത്തികള്‍ക്കു പുറത്തുള്ള എല്ലാ തുറകളില്‍നിന്നും സ്ത്രീകള്‍ നിര്‍ഭയം അകറ്റിനിര്‍ത്തപ്പെട്ടു.
ഈ അവസ്ഥാവിശേഷത്തില്‍  സാരമായ മാറ്റങ്ങള്‍ പ്രാവര്‍ത്തികമാക്കാനാണ് ഇപ്പോള്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ടു വന്നിരിക്കുന്നത്. സൗദി അറേബ്യയെ മിതവാദ ഇസ്ലാമിലേയ്ക്ക് തിരിച്ചുകൊണ്ടുപോകും എന്നു മാസങ്ങള്‍ക്കു മുന്‍പ് അദ്ദേഹം പ്രഖ്യാപിക്കുകയുണ്ടായി. മതയാഥാസ്ഥിതികതയുടെ പിന്‍ബലത്തില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന സ്ത്രീവിരുദ്ധതയ്ക്കും കലാവിഷ്‌ക്കാര വിരുദ്ധതയ്ക്കും അറുതിവരുത്തുന്ന നടപടികള്‍ സൗദിയില്‍ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്.
വാഹനം ഓടിക്കുന്നതിനും സ്‌പോര്‍ട്‌സ് സ്റ്റേഡിയങ്ങളില്‍ പ്രവേശിക്കുന്നതിനും സ്ത്രീകള്‍ക്കുണ്ടായിരുന്ന വിലക്ക് സല്‍മാന്‍ രാജകുമാരന്റെ നാട്ടില്‍ ഇല്ലാതാവുകയാണ്. സിനിമയും തിയേറ്ററുകളും കലയും സംഗീതവുമൊക്കെ അവിടെ സാമൂഹിക-സാംസ്‌ക്കാരിക ജീവിതത്തിന്റെ ഭാഗമാകാന്‍ തുടങ്ങിയിരിക്കുന്നു. സൈനിക സേവനം ഉള്‍പ്പെടെയുള്ള തൊഴില്‍ തുറകളില്‍ ഇനിയങ്ങോട്ട് സ്ത്രീകള്‍ക്ക് അവസരം നല്‍കാനുള്ള തീരുമാനവും വന്നുകഴിഞ്ഞു. അടുത്ത പുരുഷബന്ധുവിന്റെ കൂടെ മാത്രമേ സ്ത്രീകള്‍ പുറത്തിറങ്ങാവൂ എന്ന പ്രാകൃതനിയമവും പിന്‍വാങ്ങുകയാണ്. രണ്ടര നൂറ്റാണ്ടു മുന്‍പ് മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബ് എന്ന മതപ്രബോധകനാല്‍ അടിച്ചേല്പിക്കപ്പെട്ട ചരിത്രവിരുദ്ധമായ ശുദ്ധ ഇസ്ലാം വാദമാണ് സൗദിയില്‍ പിഴുതെറിയപ്പെട്ടുകൊണ്ടിരിക്കുന്നത്.
സംശയമില്ല, ചില സാമ്പത്തിക സാഹചര്യങ്ങള്‍ സല്‍മാന്റെ തീരുമാനങ്ങളെ സ്വാധീനിച്ചിട്ടുണ്ട്. പെട്രോളിയത്തിന് ആഗോളവിപണിയിലുണ്ടായ കനത്ത വിലയിടിവ് സൗദിയുടെ സാമ്പത്തിക കണക്കുകൂട്ടലുകളെ തകിടംമറിക്കാന്‍ തുടങ്ങിയിട്ട് അര വ്യാഴവട്ടമെങ്കിലുമായി. എണ്ണയാണ് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ല്. ആ മേഖലയില്‍ സംഭവിക്കുന്ന കടുത്ത മാന്ദ്യത്തില്‍നിന്നു കരകയറാന്‍ വിനോദത്തിന്റേയും ടൂറിസത്തിന്റേയുമെല്ലാം സ്രോതസ്സുകളെ അപൂര്‍വ്വമാംവിധം ആശ്രയിക്കേണ്ടതുണ്ടെന്ന ബോധ്യത്തിലേയ്ക്ക് പുതിയ ഭരണകൂടം കടന്നുചെന്നിരിക്കുന്നു. മിതവാദ ഇസ്ലാം മതിയെന്നു സല്‍മാന്‍ പറയുമ്പോള്‍, സൗദിക്ക് മാത്രമല്ല അത് ബാധകമാവുക. മറ്റു രാഷ്ട്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മതമൗലിക, തീവ്രവാദ ഇസ്ലാമിക പ്രസ്ഥാനങ്ങളേയും അത് ആഴത്തില്‍ ബാധിക്കും. അര നൂറ്റാണ്ടിലേറെയായി സൗദി അറേബ്യയുടെ പെട്രോ ഡോളറിലൂടെ കനത്ത അളവില്‍ ഊര്‍ജ്ജം സംഭരിച്ചുപോന്ന തീവ്രവാദ ഇസ്ലാമിന് ഭാവിയില്‍ അത് ലഭിക്കില്ല എന്ന സന്ദേശം സല്‍മാന്റെ പ്രസ്താവനകളിലടങ്ങിയിട്ടുണ്ട്.
ചുരുക്കിപ്പറയുകയാണെങ്കില്‍, ഇസ്ലാമിക കാര്‍ക്കശ്യങ്ങളുടെ ഈറ്റില്ലമായി അറിയപ്പെട്ട സൗദി അറേബ്യ, കാലത്തിലും സാഹചര്യങ്ങളിലും വന്നുപെട്ട പരിവര്‍ത്തനങ്ങള്‍മൂലം മതയാഥാസ്ഥിതികത്വവും ഫണ്ടമെന്റലിസ്റ്റ് ഇസ്ലാമിനോടുള്ള ആഭിമുഖ്യവും ഉപേക്ഷിച്ചു കൊണ്ടിരിക്കുകയാണ്. അപ്പോഴും പക്ഷേ, നമ്മുടെ നാട്ടില്‍ ശുദ്ധ ഇസ്ലാം വാദത്തിലും പെണ്‍വിരുദ്ധാശയങ്ങളിലും അഭിരമിക്കുകയത്രേ മുഖ്യധാര മുസ്ലിം സംഘടനകള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. മുത്തലാഖ് നിരോധനം പോലും ഇസ്ലാമിനു നേരെയുള്ള കടന്നുകയറ്റമാണെന്നു വിലയിരുത്തുന്ന അവര്‍ കാലത്തിന്റെ ചുമരെഴുത്ത് വായിക്കാതിരിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com