ബലാത്സംഗ പരിവാര കലികാലം! സി രാധാകൃഷ്ണന്‍ എഴുതുന്നു

സ്വവര്‍ഗ്ഗത്തിലെ ഒരു കൊച്ചുകുട്ടിയെ ലൈംഗികമായി മറ്റൊരു ജീവിവര്‍ഗ്ഗത്തിലും ഒരംഗവും പീഡിപ്പിക്കാറില്ല
ബലാത്സംഗ പരിവാര കലികാലം! സി രാധാകൃഷ്ണന്‍ എഴുതുന്നു

ര്‍ത്താല്‍ ഇത് ലോകത്തിലെ ഏറ്റവും വലിയ അദ്ഭുതം തന്നെ! ഏറ്റവും നല്ല മൂശയില്‍ വാര്‍ത്തെടുക്കപ്പെട്ട ജീവിയാണ് മനുഷ്യന്‍ എന്നിരിക്കെ മനുഷ്യകുലത്തില്‍ ഇതര മൃഗങ്ങള്‍ക്കിടയിലെ ദൂഷ്യസ്വഭാവങ്ങളില്ലാതിരിക്കയല്ലേ വേണ്ടത്. അങ്ങനെയല്ല കാണുന്നത് എന്നു മാത്രമല്ല, മറ്റു ജീവികള്‍ ഒരിക്കലും ചെയ്യാത്ത അക്രമങ്ങള്‍ മനുഷ്യര്‍ സഹജീവികളോടുപോലും ചെയ്യുന്നു! ഒരു മൃഗവും മറ്റൊന്നിനെ ബലാത്സംഗം ചെയ്യാറില്ല! അതും പോരാഞ്ഞ് ഈ വേണ്ടാവൃത്തിയുടെ ഇരയെ മനുഷ്യമൃഗം ക്രൂരമായി കൊല്ലുകയും ചെയ്യുന്നു!
ഏതോ ഒരു എട്ടുകാലിവര്‍ഗ്ഗത്തില്‍ പെണ്ണ് ആണിനെ സുരതാനന്തരം കൊന്നുതിന്നുന്നതായി കേട്ടിട്ടുണ്ട്. പക്ഷേ, ഇവിടെപ്പോലും ഇണചേരല്‍ ബലാല്‍ക്കാരത്തിലൂടെ അല്ല, കൊല്ലുന്നത് തിന്നാനുമാണ്.
ഏതായാലും സ്വവര്‍ഗ്ഗത്തിലെ ഒരു കൊച്ചുകുട്ടിയെ ലൈംഗികമായി മറ്റൊരു ജീവിവര്‍ഗ്ഗത്തിലും ഒരംഗവും പീഡിപ്പിക്കാറില്ല.
സ്ത്രീകളേയും കുട്ടികളേയും ആക്രമിക്കുകയും കൊല്ലുകയും ചെയ്യുന്നത് ഒരു യുദ്ധമുറയായി മനുഷ്യന്‍ മാത്രമേ അംഗീകരിച്ചിട്ടുള്ളൂ. ജുഗുപ്‌സാവഹമായ ഇത്തരം രംഗങ്ങള്‍ ഉള്‍ക്കൊള്ളാത്ത ഒരു യുദ്ധവിവരണവും ചരിത്രത്തിലില്ല.
ഈ പെരുമാറ്റത്തിനു കാരണമതാകുമ്പോള്‍ വല്ലാത്തൊരു വൈപരീത്യത്തിലാണ് നാം എത്തിച്ചേരുക. മറ്റു മൃഗങ്ങള്‍ക്കില്ലാത്ത രണ്ടു സിദ്ധികളാണല്ലോ പ്രധാനമായും മനുഷ്യന് ഉള്ളത്: ഭാവനാശേഷിയും വിവേകവും. ഇതില്‍ ആദ്യത്തേത് ആഗ്രഹപൂരണങ്ങള്‍ക്കുള്ള നാനാവിധ ഉപാധികളും ഉപകരണങ്ങളും വിഭാവനം ചെയ്യാന്‍ ഉതകുന്നു- അതിരുകളില്ലാതെ, അതായത് അരുതുകളും അനുവദനീയതയും നോക്കാതെ. ഉടനെ, വിവേകം രംഗത്തു വന്ന് സങ്കല്പങ്ങളെ തരംതിരിക്കുന്നു. പക്ഷേ, ആദ്യം കഴിവ് സമൃദ്ധമായിരിക്കയും രണ്ടാമത്തേത് അത്രയ്ക്കില്ലാതിരിക്കയും ചെയ്താല്‍ പ്രവൃത്തികള്‍ തനിക്കും സമൂഹത്തിനും ദ്രോഹമായി വരുന്നു.
ഇവിടെയാണ് സമൂഹസമ്മര്‍ദ്ദവും നിയമങ്ങളും ശിക്ഷാരീതികളുമൊക്കെ പ്രസക്തമാവുന്നത്. വിവേകം തികയാത്തിടത്ത് സമൂഹത്തേയും ശിക്ഷയേയും ഭയന്നാലും ദുര്‍വാസനകള്‍ക്ക് തടയാവും.
പക്ഷേ, സമൂഹമെന്നത് പൊതുസമൂഹമല്ല, തന്റെ എന്നു കരുതുന്ന ബന്ധുമിത്രാദികളുടെ സമൂഹം പോലും അല്ല, മറിച്ച്, ഒരു അക്രമസംഘമെന്നതായാലോ?
അതിലെ അംഗങ്ങള്‍ സമാന സ്വഭാവമുള്ളവരുമായാലോ? ഇതും പോരാഞ്ഞ്, ശിക്ഷയെന്നത് യഥേഷ്ടം മാറ്റിനിര്‍ത്താന്‍ പ്രയാസമില്ലാത്ത ഒന്നാണെന്നുകൂടി വന്നാലോ?
ഒരു പട്ടാളം കാണിക്കുന്ന അക്രമങ്ങളുടെ പൊരുള്‍ നോക്കുക: ഭൂരിപക്ഷം പേരും അക്രമികളോ അക്രമം കണ്ട് അനുകരിക്കുന്നവരോ ആവും; ശിക്ഷ വിധിക്കേണ്ടവരും അക്രമത്തില്‍ പരസ്യമായി പങ്കാളികളായിരിക്കുകയോ, അത്രയുമില്ലെങ്കിലും അക്രമത്തിന് മൗനാനുവാദം നല്‍കുകയോ ഒക്കെ ചെയ്താലോ? 'യുദ്ധത്തില്‍ എല്ലാം അനുവദനീയമാണ്' എന്നല്ലേ ചൊല്ല്!
ഈ വെളിച്ചത്തില്‍ നമ്മുടെ നാട്ടില്‍ നടക്കുന്ന ബലാത്സംഗങ്ങളെ കാണാന്‍ ശ്രമിച്ചാലോ? മൊത്തത്തില്‍ രണ്ടു തരമുണ്ടെന്നു കാണാം. ഒന്ന്, വൈകാരിക പ്രശ്‌നങ്ങളുള്ളവര്‍-ഇവര്‍ ചിലപ്പോള്‍ സമൂഹത്തില്‍ മാന്യന്മാരായി പ്രത്യക്ഷപ്പെടുന്നവരുമാകാം- ഏര്‍പ്പെടുന്നത്. 'പടപ്പില്‍ പിഴച്ചവര്‍' എക്കാലവും ഉണ്ടാകാമെന്നതിനാല്‍ ഇതൊരു പുതുമയല്ല; സംസ്‌കാരം കൊണ്ടും കാലം കൊണ്ടും പരിഹാരം കാണേണ്ട തിന്മയാണ്. രണ്ടാമത്തെ തരം ഒരു അക്രമസംഘത്തിന്റെ അംഗം എന്ന നിലയിലും ശിക്ഷാധികാരിയുടെ ഇടപെടലുണ്ടാകും എന്ന ഭീതി കൂടാതേയും ചെയ്യുന്ന ക്രൂരകൃത്യങ്ങളാണ്.
കശ്മീരില്‍ നടന്ന അത്യപൂര്‍വ്വ ക്രൂരകൃത്യം ഈ രണ്ടാമത്തെ ഇനത്തില്‍പ്പെട്ടതാണ്. അതില്‍ പങ്കാളികളായത് ആരെല്ലാമെന്നു നോക്കുക. പൊലീസ് സേനയുമായി ബന്ധമുള്ളവര്‍, എന്തു തെറ്റു ചെയ്താലും തങ്ങളുടെ സംഘം രക്ഷയ്‌ക്കെത്തുമെന്നും ആ സംഘം അധികാരത്തിലുള്ളതിനാല്‍ ശിക്ഷയെ ഭയപ്പെടേണ്ട എന്നും കരുതുന്നവര്‍.
അവരുടെ ഈ വിശ്വാസം അടിസ്ഥാനരഹിതമല്ല എന്ന് തെളിയുകയും ചെയ്തല്ലോ. സംഭവം നടന്ന് ആഴ്ചകള്‍ കഴിഞ്ഞിട്ടും കുറ്റകൃത്യം രേഖയില്‍ വരികയോ അറസ്റ്റ് നടക്കുകയോ ഉണ്ടായില്ല. നിവൃത്തിയില്ലാഞ്ഞ് ഈ ചടങ്ങുകള്‍ നടന്നപ്പോഴോ, സംഘം തുണയ്‌ക്കെത്തി 'നിയമജ്ഞരേ'യും സമുദായ പ്രമാണിമാരേയും പിന്‍തുണയ്ക്ക് ഒരുക്കുക മാത്രമല്ല, ഭരണം നടത്തുന്ന രണ്ടു മന്ത്രിമാരെത്തന്നെ തുണയ്ക്ക് കൂട്ടുകയും ചെയ്തു! അതും, പുറംലോകവും സ്വന്തം അമ്മ പെങ്ങന്മാരും എന്തു വിചാരിക്കും എന്ന ചിന്തപോലും അശേഷമില്ലാതെ!
പ്രതികള്‍ നിരപരാധികളാണെന്ന് 'നിയമജ്ഞ'രുടെ 'അസ്സോസിയേഷന്‍' (മറ്റൊരു ക്വട്ടേഷന്‍ കൂട്ടായ്മ?) പ്രമേയം പാസ്സാക്കുകവരെ ചെയ്തു.
നാടിനെ മൊത്തമായി നാണംകെടുത്തിയ ഈ ക്രൂരതയ്‌ക്കെതിരെ ഭാരതം ഭരിക്കുന്ന ഉന്നതാധികാരം ഇന്നേവരെ ഒരു നീക്കവും നടത്തിയിട്ടുമില്ല.
ഈ കാര്യത്തില്‍ രണ്ടുമൂന്നു ചോദ്യങ്ങള്‍ പ്രസക്തമാണ്. നാട്ടുകാര്‍ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ നിയുക്തരായവര്‍ തന്നെ ഇത്തരം അക്രമം പ്രവര്‍ത്തിച്ചാല്‍ അവര്‍ക്ക് ശിക്ഷ വിധിക്കാന്‍ സര്‍വ്വാണിയായി വിളമ്പുന്ന ഇന്ത്യന്‍ ശിക്ഷാനിയമം മതിയോ? ഇവരുടെ കാര്യത്തില്‍ ശിക്ഷ ഇരട്ടിയായിരിക്കുമെന്ന ഒരു ഒറ്റവാചകമെങ്കിലും ശിക്ഷാനിയമത്തിന് അനുബന്ധമായി ചേര്‍ക്കേണ്ടതല്ലേ?
ഒരു പിഞ്ചുബാലികയെ പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്തവര്‍ നിരപരാധികളാണെന്ന് വാദിക്കുന്നതിന് ഹാജരാകുന്ന 'നിയമജ്ഞര്‍', ആ കേസിന്റെ വിധി പ്രതികളെ ശിക്ഷിക്കുന്നതായി പ്രഖ്യാപിക്കപ്പെട്ടതിനു ശേഷമെങ്കിലും മേല്‍പ്പറഞ്ഞ അധിക ശിക്ഷയുള്‍പ്പെടെ അനുഭവിക്കണമെന്നും നിയമം വേണ്ടേ?
എല്ലാറ്റിലുമുപരി, ആരെ പരിരക്ഷിക്കുമെന്നാണോ തങ്ങള്‍ സത്യപ്രതിജ്ഞ (ദൈവനാമത്തില്‍!) ചെയ്തിരിക്കുന്നത് അവരില്‍ ഏറ്റവും അശരണയും അബലയുമായ ഒരു കൊച്ചുകുഞ്ഞിനെ ഇത്രയും ഉപദ്രവിച്ചവരുടെ പക്ഷം പരസ്യമായി പിടിക്കുന്ന ഭരണകര്‍ത്താക്കള്‍ക്ക്, കേസിലെ പ്രതികള്‍ക്ക് ഐ.പി.സി പ്രകാരം കിട്ടുന്നതിന്റെ മൂന്നിരട്ടിയെങ്കിലും ശിക്ഷ നല്‍കുന്ന വ്യവസ്ഥയും ആവശ്യമല്ലേ?
ഈ പംക്തിയില്‍ മുന്‍പേ ഉന്നയിച്ച ഒരു ചോദ്യം കൂടി ഉണ്ട്: കൂട്ടുത്തരവാദിത്വത്തിന്റെ പേരില്‍ കേസെടുക്കാന്‍ വകുപ്പുണ്ടാകണ്ടേ?
അന്നിതുന്നയിച്ചത് കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളെ വീണ്ടുവിചാരത്തിന് വിധേയമാക്കിയപ്പോഴാണ്. ഒരു സംഘടനയുടെ ദൗത്യം എന്ന നിലയ്ക്ക് ആ സംഘടനയിലെ അംഗം തനിച്ചോ ഏതാനും അംഗങ്ങള്‍ കൂട്ടായോ നടത്തുന്ന കൊലപാതകത്തിന് ആ സംഘടനയുടെ സമുന്നത നേതൃത്വം എന്തുകൊണ്ട് പ്രതിയാകുന്നില്ല? അങ്ങനെയൊരു സംഘടനയും നേതൃത്വവും ഇല്ലായിരുന്നെങ്കില്‍ ഇങ്ങനെയൊരു കൊലപാതകം നടക്കില്ലായിരുന്നല്ലോ.
ഈ പൈശാചിക പ്രവൃത്തിയില്‍ ഈ നാട്ടിലെ ഏതെങ്കിലും സംഘടനയിലെ അംഗങ്ങള്‍-വേണ്ട, ഒരംഗമെങ്കിലും-പ്രതിയാണെങ്കില്‍ ആ സംഘടനയിലെ പ്രാദേശിക-ദേശീയ നേതൃത്വം പ്രതിചേര്‍ക്കപ്പെടുന്ന വ്യവസ്ഥ ഉണ്ടായേ തീരൂ.
ഇത്രയുമുണ്ടാകുന്നതുവരെ ഇത്തരം മനുഷ്യാവകാശ ലംഘനങ്ങള്‍ തുടര്‍ക്കഥകളാവും എന്ന് നിശ്ചയം. അല്ലാതെ, പന്ത്രണ്ടു വയസ്സിനു താഴെയുള്ളവരെ പീഡിപ്പിക്കുന്നവര്‍ക്ക്  ഇപ്പോള്‍ വധിശിക്ഷ, പിന്നെപ്പിന്നെ, 'ഘട്ടം ഘട്ട'മായി നൂറ്റിയിരുപതുവരെയുള്ളവരെ പീഡിപ്പിക്കുന്നവര്‍ക്കും അതു ബാധകമാക്കും എന്നു തുടങ്ങിയ 'വിപ്ലവകരമായ' പ്രഖ്യാപനങ്ങള്‍ക്ക് ഇത്തരക്കാരാരും പുല്ലുവില കല്പിക്കില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com