കുട്ടികള്‍ക്കു പകരം മൃഗങ്ങളായാലും ബലി ബലി തന്നെ ആണ്, ചോര ഒഴുക്കലാണ്; ആനന്ദ് പറയുന്നു

എന്തെല്ലാം വാദങ്ങളാണ് ചേലാകര്‍മ്മത്തിനുവേണ്ടി അമേരിക്കയില്‍ പ്രചരിപ്പിക്കപ്പെട്ടത് ?
കുട്ടികള്‍ക്കു പകരം മൃഗങ്ങളായാലും ബലി ബലി തന്നെ ആണ്, ചോര ഒഴുക്കലാണ്; ആനന്ദ് പറയുന്നു


നുഷ്യജീവിതത്തിന്റെ പരിണാമത്തിന്റെ ചരിത്രം തൊട്ടുതന്നെ ക്രൂരതയെ കുറയ്ക്കുവാനും ഒപ്പം ആര്‍ദ്രതയെ പോഷിപ്പിക്കുവാനുമുള്ള പ്രയത്‌നവും മനുഷ്യര്‍ ചെയ്തുകൊണ്ടിരുന്നു. ഇത് പ്രകൃതിയിലുള്ളതല്ല. പ്രകൃതിയില്‍ ഇങ്ങനെ ഒരു സംഗതിയില്ല. മനുഷ്യവംശം സ്വയം ബോധപൂര്‍വ്വം വളര്‍ത്തിയെടുത്ത ഒന്നാണ്. അതായത് യുക്തി ഉപയോഗിച്ച്, വിവേചനം പ്രയോഗിച്ച് പൊതുനന്മയെ ലാക്കാക്കി, വ്യക്തിനന്മയെ ലാക്കാക്കി മനുഷ്യര്‍ ഒരു ജീവിതം ഉണ്ടാക്കിയ കാലം തൊട്ടെ ഇങ്ങനെ ഒരു സംഗതിയും ചെയ്തുകൊണ്ടിരുന്നു- ക്രൂരതയെ കുറയ്ക്കാനും ആര്‍ദ്രതയെ വളര്‍ത്താനും. ഇങ്ങനെ ഒന്നിനെ നമുക്കു വേണമെങ്കില്‍ സംസ്‌കാരം എന്നു വിളിക്കാം. എന്നാല്‍, സംസ്‌കാരത്തിനുമുണ്ട് ഒരു എതിര്‍വശം. നമുക്ക് അതിനെ കൗണ്ടര്‍ കള്‍ച്ചര്‍ (പ്രതി സംസ്‌കാരം) എന്നു പറയാം. പ്രതിസംസ്‌കാരം എന്ന വസ്തുത സംസ്‌കാരികമായ മനുഷ്യന്റെ പ്രവര്‍ത്തനങ്ങളെ തുടക്കം മുതലേ എതിര്‍ത്തുകൊണ്ടിരുന്നു. ഇതില്‍ നമുക്കു കാണാവുന്ന രണ്ട് സംഗതി, ഒന്ന്- ഞാന്‍ മനസ്സിലാക്കുന്നത് അധികാരവാഞ്ഛ. വേറൊന്ന് വിശ്വാസങ്ങള്‍ ഉണ്ടാക്കിയെടുക്കുന്ന ആചാരങ്ങള്‍. ഇതും രണ്ടും കൂടിയാണ് സംസ്‌കാരത്തിനെതിരായി ഒരു പ്രതിസംസ്‌കാരം ഉണ്ടാക്കുന്നത്. ഈ പ്രതിസംസ്‌കാരത്തെ മനസ്സിലാക്കുകയും അതിനെ ഏതുവിധത്തില്‍ പ്രതിരോധിക്കാന്‍ സാധിക്കും എന്നത് അന്വേഷിക്കുകയാണ് മനുഷ്യന്‍ ചരിത്രത്തില്‍ മുഴുവനായി ചെയ്തുകൊണ്ടിരുന്നത്. 


യുദ്ധങ്ങളെടുക്കാം. നാം ഒരുപാട് യുദ്ധങ്ങളുടെ ചരിത്രം വായിച്ചിട്ടുണ്ട്, കണ്ടിട്ടുണ്ട്, പലരും അനുഭവിച്ചിട്ടുമുണ്ട്. ഇതില്‍ ആധുനിക കാലത്തു കാണുന്ന യുദ്ധത്തിന്റെ രീതി അതിനുമപ്പുറം പോയിരിക്കുന്നു. യുദ്ധം യുദ്ധക്കളങ്ങളില്‍നിന്നു പോന്ന് നമ്മുടെ വീട്ടുമുറ്റത്തും തെരുവിലും സ്‌കൂളുകളിലും ആശുപത്രികളിലുമൊക്കെ എത്തിച്ചേര്‍ന്നിരിക്കുന്നു. വേറൊരു സവിശേഷത ആധുനിക കാലത്ത്, യുദ്ധത്തില്‍ കൂടുതല്‍ കുട്ടികള്‍ ഉപയോഗിക്കപ്പെടുന്നു. 'ചൈല്‍ഡ് സോള്‍ജിയേഴ്സ്' എന്നു പറയും. അടുത്തകാലത്ത് നമ്മള്‍ കണ്ടിട്ടുണ്ട് ഒരുപാട് സംഘടനകള്‍ കുട്ടികളെ യുദ്ധത്തിന് ഉപയോഗിച്ചിട്ടുണ്ട്. കുട്ടികള്‍ എന്നുപറഞ്ഞാല്‍ ഒരു വിവരവുമില്ലാത്ത കുട്ടികളെ എങ്ങനെയൊക്കെയെങ്കിലും പരിശീലിപ്പിച്ച് യുദ്ധക്കളത്തിലേക്കയക്കുന്നു. അതിനുമപ്പുറം പോയി കുട്ടികളെ ബോംബുകള്‍ തന്നെയാക്കുന്നു. കുട്ടിബോംബുകള്‍. അതായത് യുദ്ധം കുട്ടികളെ ആയുധങ്ങള്‍ തന്നെയായി തീര്‍ക്കുന്നു. ഇതും നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നതാണ്. ഇതിനെ നാം ഈ പ്രതിസംസ്‌കാരത്തിന്റെ ഒരുവശമായി കാണുക. പണ്ട് മധ്യേഷ്യയിലും വെസ്റ്റ് ഏഷ്യയിലും ഒക്കെ 'അസാസിന്‍സ്' എന്ന ഒരു കൂട്ടരുണ്ടായിരുന്നു. വാസ്തവത്തില്‍ പേര് 'ഹഷീഷിന്‍' എന്നാണ്. അവരുടെ ക്രൂരത സാധാരണ മനുഷ്യര്‍ക്ക് ചെയ്യാന്‍ സാധിക്കാത്തതാണ്. അതുകൊണ്ട് അവര്‍ ഹഷീഷ് കഴിച്ച് ഒരു ഭ്രാന്താവസ്ഥയില്‍ ചെയ്യുന്നതാണ് എന്ന വിശ്വാസത്തിലാണ് ഹഷീഷിന്‍ എന്ന പേരു വന്നത്. അതില്‍നിന്ന് അസാസിന്‍ എന്ന പേരുണ്ടായി. അസാസിനുകള്‍ എന്തിനുവേണ്ടിയാണ് ചെയ്യുന്നത് എന്ന് അവര്‍ക്കറിയില്ല. ആര്‍ക്കുവേണ്ടിയാണ് ചെയ്യുന്നത് എന്നും അവര്‍ക്കറിയില്ല. അതായത്  'theirs not to make reply, theirs not to reason why,   theirs but to do and die'  എന്ന് ടെന്നിസണിന്റെ 'ദ ചാര്‍ജ് ഓഫ് ദ ലൈറ്റ് ബ്രിഗേഡ്' എന്ന കവിതയില്‍ ഉണ്ട്. ഏതാണ്ട് ഈ അവസ്ഥ.

എന്നാല്‍, കുട്ടികളെ യുദ്ധത്തിന് ഉപയോഗിക്കുമ്പോള്‍ അതിനുമപ്പുറം കടന്നുപോകുന്നു. അസാസിനുകള്‍ക്കു വേണമെങ്കില്‍ ആലോചിക്കാം, അവര്‍ക്കു ബുദ്ധിയുണ്ട്, വളര്‍ന്നവരാണ്. കുട്ടികള്‍ക്ക് അതും ഇല്ല. അതാണ് ഒരവസ്ഥ. 
ഇനി ഈ പ്രതിസംസ്‌കാരത്തിന്റെ മറ്റേ വശം വിശ്വാസങ്ങള്‍ ആചാരങ്ങള്‍, നമുക്ക് ഒരു വലിയ ലിസ്റ്റ് തന്നെ ഉണ്ടാക്കാന്‍ സാധിക്കും. ആദ്യത്തെ തന്നെ എടുക്കുക-ബലി. ഏറ്റവും ക്രൂരമായ ഉദാഹരണം ബലി. ലോകത്തില്‍ ഇന്ന് ഏറ്റവും വലിയ മൂന്നു മതങ്ങള്‍ക്കു പൊതുവായുള്ള വിശ്വാസം അച്ഛന്‍ സ്വന്തം മകനെ ബലി കൊടുത്ത കഥയില്‍നിന്നാണ്. കാലം കുറേ കടന്നുപോയി. ഇത് ഒരു കഥയായിട്ടെടുക്കാം, ലെജന്റായിട്ടെടുക്കാം, വിശ്വാസമായിട്ടെടുക്കാം. അങ്ങനെ പലതുമായിട്ടെടുക്കാം. പക്ഷേ, അങ്ങനെയുണ്ടായില്ല. കാലം ഏറെ കടന്നുപോയിട്ടും സംസ്‌കാരത്തിന്റെ വഴിയില്‍ നാം ഏറെ ദൂരം യാത്ര ചെയ്തതിനു ശേഷവും ബലിയുടെ വിശ്വാസം നിലനിന്നു. തന്നെയുമല്ല, ഈ കഥകളിലുള്ള ബലി ഗ്ലോറിഫൈ ചെയ്യപ്പെടുന്നു. അത് ചെയ്ത ആള്‍ ഒരു ത്യാഗമൂര്‍ത്തിയായി വിശേഷിപ്പിക്കപ്പെടുന്നു. കൂടാതെ കൊല്ലം തോറും ഈ ബലി ആഘോഷിക്കപ്പെടുന്നു. നിവൃത്തിയില്ലാത്തതുകൊണ്ട് മനുഷ്യനു പകരം കുട്ടികള്‍ക്കു പകരം മൃഗങ്ങളെ ഉപയോഗിക്കുന്നു എന്ന വ്യത്യാസം മാത്രം. അതുകൊണ്ട് ബലി ബലിയല്ലാതായി തീരുന്നില്ല. ബലി ബലി തന്നെ ആണ്. ചോര ഒഴുക്കുക എന്നതാണ്. അതായത് സംസ്‌കാരത്തിന്റെ വഴിയില്‍ ഒരിക്കലും വിശ്വസിക്കാന്‍ സാധിക്കാത്ത ഒന്ന്. ദൈവത്തിനുവേണ്ടിയോ എന്തിനുവേണ്ടിയോ ചോരക്കളം ഒരുക്കുക. ഇന്നു നാം വീണ്ടും കാണുന്നു, പല സംഘടനകളും തിരിച്ച് മൃഗബലിയില്‍നിന്നും മൃഗങ്ങള്‍ക്ക് പകരം വീണ്ടും മനുഷ്യരെ ബലിയാക്കാന്‍ തുടങ്ങിയിരിക്കുന്നു. ഐ. എസ്. പോലെ ഒരുപാട് സംഘടനകള്‍. അതായത് ബലി പിന്നെയും തിരിച്ചുവരുന്നു. ഈ ചോരയുടെ വിശ്വാസത്തില്‍നിന്നാണ് മതങ്ങള്‍ ഇത്രയും ക്രൂരമായ ആചാരങ്ങളിലേക്കും പ്രവൃത്തികളിലേക്കും എത്തിച്ചേര്‍ന്നിട്ടുള്ളത്. ഇത് ആ മൂന്ന് മതത്തിന്റെ മാത്രം കാര്യമല്ല. ബുദ്ധമതത്തില്‍പ്പോലും ഇങ്ങനെ ഒരു അവസ്ഥ വന്നുചേര്‍ന്നിട്ടുണ്ട്.

നിവൃത്തിയില്ലാത്തതുകൊണ്ടാണ് മനുഷ്യര്‍ക്കു പകരം ഇന്ന് മൃഗങ്ങളെ ബലി കൊടുക്കുന്നത്. ഇന്ന് ഇങ്ങനെയൊരു അച്ഛന്‍ ചെയ്യുകയാണെങ്കില്‍ ആ മനുഷ്യനെ അറസ്റ്റ് ചെയ്യാനും ശിക്ഷിക്കാനും സംവിധാനമുണ്ട്. ഇതെങ്ങനെ ഉണ്ടായി. ഈ കാലത്തിനിടയ്ക്ക്, വിശ്വാസങ്ങളും അതിനെ ഗ്ലോറിഫൈ ചെയ്യലും എല്ലാം നിലനില്‍ക്കുമ്പോള്‍ത്തന്നെ ഇന്ന് അങ്ങനെയുള്ള ഒരു സംവിധാനം ഉണ്ടായിട്ടുണ്ട്. ഇതുണ്ടായത് ഒരു കാര്യം കൊണ്ടാണ്, ശാസ്ത്രം. ശാസ്ത്രത്തിന്റെ, വിവേചനബോധത്തിന്റെ പുരോഗതികൊണ്ടാണ്. ശാസ്ത്രത്തിനും യുക്തിക്കും ഉണ്ടായ പുരോഗതിയാണത്. അതുകൊണ്ട് ഈ ആചാരങ്ങളേയും വിശ്വാസങ്ങളേയും എന്നപോലെ എല്ലാ കാര്യങ്ങളേയും നമുക്ക് നേരിടേണ്ടത് ഈ ശാസ്ത്രബോധത്തോടുകൂടി വേണം. മതങ്ങളും ആചാരങ്ങളും കാണിക്കുന്ന ക്രൂരത കൂടുതലും ചെയ്യപ്പെടുന്നത് അശക്തരുടെയാണ്. തമ്മില്‍ ശക്തി കുറഞ്ഞ സ്ത്രീകള്‍ അല്ലെങ്കില്‍ കുട്ടികള്‍, കുട്ടികള്‍ക്കുമപ്പുറം പോയി മൃഗങ്ങള്‍. 
ഇനി രണ്ടാമത്, പെണ്‍ശിശു ഹത്യ- ഇന്ത്യയില്‍ വ്യാപകമായി നടന്നിരുന്ന ഒന്നാണത്. ഇത് 19-ാം നൂറ്റാണ്ടില്‍ നിരോധിക്കപ്പെട്ടു. ഇന്നും നടക്കുന്നുണ്ട് വേറൊരു രൂപത്തില്‍. ശിശുഹത്യയായിട്ടല്ല ഭ്രൂണഹത്യയായിട്ട് തുടരുന്നു. ഇനി ബാല്യവിവാഹം- ബാല്യവിവാഹം ആദ്യമായി നിരോധിക്കപ്പെട്ടത് 1891-ലാണ്. ഏയ്ജ് ഓഫ് കണ്‍സെന്റ് നിയമം എന്ന് പറയും. അന്ന് 12 വയസ്സാക്കുകയായിരുന്നു നിയമം. 12 വയസ്സിനു താഴെയുള്ള പെണ്‍കുട്ടികളെ കല്യാണം കഴിച്ചുകൊടുക്കാന്‍ പാടില്ല. അത് 15 ആയി 16 ആയി ഇന്നു 18-ല്‍ നില്‍ക്കുന്നു. അവിടം കൊണ്ടും നില്‍ക്കുന്നില്ല. ഈ അടുത്തകാലത്ത് ഒരു കോടതി വിധി കണ്ടു, 15 വയസ്സുള്ള ഒരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചു കൊടുത്തു, അതില്‍ ഇടപെടാന്‍ കോടതി തയ്യാറായില്ല. കാരണം ആ പെണ്‍കുട്ടി മുസ്ലിമായിരുന്നു. മുസ്ലിങ്ങളെ സംബന്ധിച്ച് 18 അല്ല, 15 ആണത്രെ.
ഇനി ട്രാഫിക്കിംഗ്- നമുക്ക് ബാലവേല നിയമമുണ്ട്. ഒരുവിധത്തില്‍ വ്യാപകമായിത്തന്നെ നിയമം ഉപയോഗിക്കപ്പെടുന്നുമുണ്ട്. ചൈല്‍ഡ് ട്രാഫിക്കിംഗ് ലൈംഗിക ആവശ്യങ്ങള്‍ക്കുവേണ്ടി മാത്രമല്ല. ഇന്നു പുതുതായി വന്നിട്ടുള്ള ഒന്നാണ് അവയവ വില്പന. ഇതിനുവേണ്ടി ഒരുപാട് കുട്ടികള്‍ കിഡ്നാപ്പ് ചെയ്യപ്പെടുന്നു. കിഡ്നാപ്പ് ചെയ്യപ്പെടുന്ന കുട്ടികള്‍ അവയവങ്ങളായി മാറ്റപ്പെടുന്നു. ഇത് ലോകവ്യാപകമായി നടക്കുന്ന ഒരു സംഗതിയാണ്. 
രണ്ട് സംഭവങ്ങള്‍ എടുക്കാം, 1905-ല്‍ കൊച്ചിയില്‍ നടന്ന എല്ലാവര്‍ക്കുമറിയാവുന്ന ഒരു താത്രി വിചാരണ. അന്നു തികച്ചും മുന്‍വിധിയുള്ള ആളുകളാണ് വിചാരണയ്ക്കിരിക്കുന്നത്. എന്നിട്ടും ആ സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ 65 പേര്‍ ശിക്ഷിക്കപ്പെട്ടു. ഭ്രഷ്ടാക്കപ്പെട്ടുവെങ്കിലും രാജാവ് ആ സ്ത്രീക്ക് ജീവിക്കാനുള്ള സൗകര്യങ്ങള്‍ ഉണ്ടാക്കിക്കൊടുത്തു. സംരക്ഷണം ഉറപ്പാക്കി. 100 കൊല്ലം കഴിഞ്ഞിട്ട് 2005-ലാണ് സൂര്യനെല്ലി കേസിന്റെ വിചാരണ നടന്നത്. ഇവിടെയാകട്ടെ, കുറ്റാരോപിതരായ പത്തറുപത് പേരുണ്ടായിരുന്നു. അതില്‍ ഒരാള്‍ ഒഴിച്ച് ബാക്കിയെല്ലാവരേയും കോടതി വെറുതെ വിട്ടു. കോടതി ആ പെണ്‍കുട്ടിയുടെ മൊഴി വിശ്വസിക്കാന്‍ തയ്യാറായില്ല. അന്ന് പോക്സോ നിയമം വന്നിട്ടില്ല. ഈ നിയമം വന്നതിനുശേഷമുള്ള വ്യത്യാസം നമുക്കു കാണാം. വലിയ തോതില്‍ ഇന്ന് ഇക്കാര്യത്തില്‍ നീതി നടപ്പാക്കപ്പെടുന്നുണ്ട് എന്നു നമുക്കു പറയാം. ടാര്‍ഗറ്റഡ് ആയിട്ടുള്ള ഒരു നിയമമുണ്ടാകുക എന്നതാണ് പ്രധാനം. ഇന്റര്‍പ്രട്ടേഷനു വിടാതെ ഒരു അവസ്ഥയെ കൃത്യമായി നിര്‍വ്വചിക്കുന്ന നിയമം. 
ഇനി സ്വയം പീഡനം- ഞാന്‍ കൂടുതല്‍ വിവരിക്കേണ്ട ആവശ്യമില്ല, എല്ലാവര്‍ക്കുമറിയാം. തൂക്കം എന്ന ഒരു സംഭവമുണ്ട് കേരളത്തില്‍ പല സ്ഥലത്തും. കുട്ടികളേയും പ്രായമായവരേയും പുറത്ത് ചര്‍മ്മത്തില്‍ കൊളുത്തി തൂക്കിനിര്‍ത്തുക. ഇതൊരു ക്ഷേത്രാചാരമാണ്. ഈ സംഭവങ്ങളെല്ലാം നിയമമില്ലാത്തതുകൊണ്ട് ശിക്ഷിക്കപ്പെടാതെ പോകുന്നു. ടാര്‍ഗറ്റഡായിട്ടുള്ള ഒരു നിയമമുള്ളതുകൊണ്ട് (പോക്സോ) നമുക്ക് എത്രത്തോളം മുന്നോട്ടുപോകാന്‍ സാധിക്കുന്നു. ഇതിന് അത് സാധിക്കുന്നില്ല. 

ഇനി അഗ്രചര്‍മ്മ ഛേദനം- ഇത് ആണ്‍കുട്ടികള്‍ക്ക് മാത്രമല്ല, പെണ്‍കുട്ടികള്‍ക്കും ഇന്ന് ചെയ്തുവരുന്നതായി റിപ്പോര്‍ട്ടുണ്ട്. ഒരു രസകരമായ സംഗതി ഇത് വളരെ കൂടുതലായി യഹൂദരും മുസ്ലിങ്ങളുമാണ് ഇത് ചെയ്തിരുന്നത് എന്നാണ് നമ്മള്‍ വിശ്വസിച്ചിരുന്നത്. അങ്ങനെയല്ല. പ്രധാനമായും ക്രിസ്ത്യാനികള്‍ ജീവിക്കുന്ന അമേരിക്കയില്‍ അടുത്തകാലം വരെ 80-90 ശതമാനം കുട്ടികളും ഇതിന് ഇരയാക്കപ്പെട്ടിരുന്നു. അദ്ഭുതം എന്തെന്നാല്‍ മതാചാരമായല്ല ഇത് ചെയ്യുന്നത്. അതിനു വിപരീതം എന്നു നാം കരുതുന്ന ശാസ്ത്രീയ ബോധമാണ്. ശാസ്ത്രത്തിന്റെ ആവരണം അണിഞ്ഞുകൊണ്ടുള്ള വാദങ്ങളായിരുന്നു. എന്തെല്ലാം വാദങ്ങളാണ് ചേലാകര്‍മ്മത്തിനുവേണ്ടി അമേരിക്കയില്‍ പ്രചരിപ്പിക്കപ്പെട്ടത് എന്നു നോക്കാം- മൂത്രനാളിയിലെ അണുബാധ തടയുന്നു, എയ്ഡ്സ് രോഗം തടയുന്നു, ലിംഗ കാന്‍സര്‍ തടയുന്നു, സ്ത്രീകളിലെ ഗര്‍ഭാശയ കാന്‍സര്‍ തടയുന്നു, ശുചിത്വം പരിപാലിക്കുന്നു.
ശാസ്ത്രീയമായ പഠനത്തില്‍ പ്രശസ്തമായ മെഡിക്കല്‍ ജേണല്‍സ് മനസ്സിലാക്കിയത് ഇതൊരു വലിയ ഇന്‍ഡസ്ട്രി ആയിട്ടാണ് അവിടെ നടക്കുന്നത് എന്നാണ്. അത് വലിയൊരു വരുമാനത്തിന്റെ മാര്‍ഗ്ഗമായി. ഇതുകൊണ്ടുണ്ടാകുന്ന മറ്റ് രോഗങ്ങള്‍. അതും വേറൊരു ഇന്‍ഡസ്ട്രിയാണ്. ഇത് പുറത്തുവന്നതോടുകൂടി, വലിയ തോതില്‍ ബോധവല്‍ക്കരണം നടന്നതിനുശേഷം അമേരിക്കയില്‍ ഇത് വളരെയധികം കുറഞ്ഞു. 
1971 ആയപ്പോഴേക്കും അമേരിക്കയില്‍ ജനിച്ചുവീഴുന്ന ആണ്‍കുട്ടികള്‍ക്ക് 90 ശതമാനത്തേയും ലൈംഗിക വികലാംഗരാക്കുന്ന അത്രയും പ്രചാരം ഇത് നേടി. 1980-ലെ കണക്കുപ്രകാരം പ്രതിവര്‍ഷം 200 ദശലക്ഷം ഡോളറില്‍ കൂടുതലാണ് അഗ്രചര്‍മ്മ ഛേദന വ്യവസായത്തിലൂടെ ആശുപത്രികള്‍ക്കും മറ്റ് ചികിത്സകള്‍ക്കുമായി ലഭിച്ചു പോന്നിരുന്നത്. അമേരിക്കയിലെ ഡോക്ടര്‍ സമൂഹം ഇന്നും ഏറെക്കുറെ ഈ അതിക്രമത്തിനു മൗനസമ്മതം നല്‍കുന്നു. ലോകമെങ്ങും അറിയപ്പെടുന്ന lance മാസികയാണ് ഇതിനുവേണ്ടിയുള്ള പ്രചാരണം അധികവും നടത്തിയത്. അപ്പോള്‍ വിശ്വാസങ്ങളും ആചാരങ്ങളും മാത്രമല്ല, ശാസ്ത്രത്തിന്റെ പേരില്‍ നടക്കുന്ന പ്രചാരണങ്ങളും ഒരുപോലെ ഇതിനെ പോഷിപ്പിക്കുന്നു.

എന്താണ് ഇതിനു പോംവഴികള്‍- തീര്‍ച്ചയായും ബോധവല്‍ക്കരണം വേണം. മീറ്റിംഗുകളും ചര്‍ച്ചകളുമൊന്നും അധിക ദൂരം പോവില്ല എന്നറിഞ്ഞുകൊണ്ടു പറയുകയാണ്, പലര്‍ക്കും അറിയില്ല ഇങ്ങനെ സംഭവങ്ങള്‍ ഉണ്ട് എന്നും ഇത് തെറ്റാണെന്നും ശാരീരികമായ ഒരു പ്രയോജനവും ഉണ്ടാകുന്നില്ല എന്നും. അതിനെ പുറത്തുകൊണ്ടുവരാന്‍ ഇത്തരത്തിലുള്ള സംരംഭങ്ങള്‍ സഹായകമാകും.

നിയമപരമായ ഇടപെടല്‍- 1890-ല്‍ prevention of cruelty towards animals  എന്ന നിയമം വന്നു. അതിനു മുന്‍പ് സതി നിരോധിക്കപ്പെട്ടു. പെണ്‍ശിശുഹത്യ നിരോധിക്കപ്പെട്ടു. അങ്ങനെ ഒരുപാട് കാര്യങ്ങള്‍ നടന്നിട്ടുണ്ട്. ഇതെല്ലാം നടന്നത് 19ാം- നൂറ്റാണ്ടിലാണ്. 20-ാം നൂറ്റാണ്ടായപ്പോഴേക്കും ഈ മാതിരിയുള്ള പരിഷ്‌കരണങ്ങളുടെ ശക്തി കുറഞ്ഞു. prevention of cruelty towards children  എന്ന ഒരു നിയമം ഉണ്ടാകാമോ, അതില്‍ വ്യക്തമായി സംഗതികള്‍ നിര്‍വ്വചിക്കപ്പെടാമോ. 2013-ല്‍ മഹാരാഷ്ട്രയില്‍ ഒരു നിയമം വന്നു. അത് വാസ്തവത്തില്‍ ധബോല്‍ക്കര്‍ ഡ്രാഫ്റ്റ് ചെയ്ത ബില്ലാണ്. അദ്ദേഹം ഡ്രാഫ്റ്റ് ചെയ്ത് മഹാരാഷ്ട്ര സര്‍ക്കാറിന് കൊടുത്തു. സര്‍ക്കാര്‍ ഒന്നും ചെയ്യാതെ ഇരിക്കുകയായിരുന്നു. ആയിടയ്ക്കാണ് ധബോല്‍ക്കര്‍ വധിക്കപ്പെട്ടത്. ആ ഒരു സന്ദര്‍ഭത്തില്‍ മഹാരാഷ്ട്രാ സര്‍ക്കാര്‍ പെട്ടെന്നുതന്നെ ആ ബില്ല് നിയമമാക്കി. Eradicate human sacrifice and other inhuman evil and aghori practices propagated in the name of so called supernatural or magical power or evil spirit commonly known as black magic.  ഇതിലാണ് ഈ നിയമം ഫോക്കസ് ചെയ്യുന്നത്. വളരെ ആവശ്യമുള്ള ഒരു നിയമമാണ്; പക്ഷേ, ഇത് ഒരു അതിര്‍ത്തിവരെയെ സഹായകമാകുന്നുള്ളൂ. മഹാരാഷ്ട്രയില്‍ മാത്രമല്ല, ഇന്ത്യയില്‍ പലയിടത്തും ബ്ലാക്ക് മാജിക്കിന്റെ പേരില്‍ ലിംഗഭേദമന്യേ, പ്രായഭേദമന്യേ മനുഷ്യര്‍ ഒരുപാട് പീഡിപ്പിക്കപ്പെടുന്നുണ്ട്. ഇതില്‍ പറഞ്ഞിരിക്കുന്നത് മൂന്നു കൊല്ലത്തെയോ മറ്റോ തടവുശിക്ഷയാണ്. 

ബാലാവകാശ നിയമത്തിന്റെ വ്യാപ്തി എത്രത്തോളമുണ്ടെന്ന് എനിക്കറിയില്ല. പ്രധാനമായും നമ്മള്‍ മനസ്സിലാക്കുന്നത് കുട്ടികളെ ജോലിക്ക് വെക്കുന്നതാണ്. ഈ വിധത്തിലുള്ള കാര്യങ്ങള്‍ അത് കവര്‍ ചെയ്യുന്നുണ്ടോ ഇല്ലയോ എന്നത് എനിക്കറിയില്ല. ഇല്ലെങ്കില്‍ ഒരു രണ്ടുമൂന്നു കൊല്ലം മുന്‍പ് ഇതുപോലൊരു ചര്‍ച്ച ഡല്‍ഹിയില്‍ നടന്നു. മഹാരാഷ്ട്ര സര്‍ക്കാര്‍ കൊണ്ടുവന്നപോലെ നിയമം കൂടുതല്‍ കൂട്ടിച്ചേര്‍ത്തുകൊണ്ട് കേരളത്തില്‍ ഉണ്ടാക്കിക്കൂട എന്നായിരുന്നു ചോദ്യം. അതിനുവേണ്ടി ഒരു ഡ്രാഫ്റ്റ് ഉണ്ടാക്കാന്‍ അവിടെയുണ്ടായിരുന്നവര്‍ തയ്യാറായി. പ്രൊപ്പോസല്‍ ഉണ്ടായി. പക്ഷേ, അത് മുന്നോട്ട് പോയിട്ടുണ്ടോ എന്നറിയില്ല. പിന്നീട് എന്താണുണ്ടായത് എന്നറിഞ്ഞൂട. നമ്മുടെ ജനാധിപത്യ സര്‍ക്കാറുകള്‍ എത്രത്തോളം ഇക്കാര്യത്തില്‍ ഒരു നിയമമുണ്ടാക്കാന്‍ തയ്യാറാകും എന്നതാണ് പ്രശ്‌നം. ഒരു 100-150 കൊല്ലം മുന്‍പ് ഏയ്ജ് ഓഫ് കണ്‍സെന്റ് നിയമം പാസ്സാക്കാന്‍, അല്ലെങ്കില്‍ അതിനു മുന്‍പ് സതി നിരോധിച്ച ബില്‍- ഇതിനെല്ലാം എതിരായി അന്നത്തെ സമൂഹത്തില്‍ ഭയങ്കരമായ പ്രചാരണം നടന്നിരുന്നു. ഇതൊന്നും സര്‍ക്കാറിനെ ബാധിച്ചില്ല. സര്‍ക്കാര്‍ മുന്നോട്ട് പോവുകതന്നെ ചെയ്തു. ജനാധിപത്യം വേണമെന്നു നമുക്കെല്ലാവര്‍ക്കുമറിയാം. നമ്മളെല്ലാം അതിനെ പ്രോത്സാഹിപ്പിക്കുന്നവരുമാണ്. എന്നാല്‍, ജനാധിപത്യ സര്‍ക്കാറുകളുടെ ഒരു പ്രശ്‌നം ഇത് ഈ കാര്യങ്ങളില്‍ മുന്നോട്ടുപോകുന്നില്ല. എപ്പോഴും വരുന്ന വാദം പൊതുജനവികാരം എന്നതാണ്.

സതി നിര്‍ത്തലാക്കി 150 കൊല്ലത്തിനുശേഷമാണ് ദേവ്രാളയില്‍ സതി ഉണ്ടായത്. അതിന്റെ പിറ്റേ കൊല്ലമാണ് ഷാബാനു കേസ് ഉണ്ടായത്. അന്നും പൊതുജനവികാരം എന്ന പേരില്‍ നിയമത്തിനെ പ്രോഗ്രസീവായി മുന്നോട്ട് കൊണ്ടുപോകുന്നതിനു പകരം പിന്നോട്ട് കൊണ്ടുപോകുന്ന ഒരു നിയമമാണ് സര്‍ക്കാര്‍ പാസ്സാക്കിയത്. ആ സര്‍ക്കാര്‍ പിന്നീട് ചരിത്രത്തില്‍ ഏറ്റവും കൂടിയ ഭൂരിപക്ഷത്തോടുകൂടി ഭരിച്ചിരുന്ന സര്‍ക്കാരാണ്. എന്നിട്ടും അതുണ്ടായില്ല. ഈ ഒരു പ്രശ്‌നം ജനാധിപത്യ സര്‍ക്കാറുകള്‍ക്കുണ്ട്. അതുകൊണ്ട് ഇപ്പോള്‍ നമുക്ക് ആഗ്രഹിക്കാവുന്നത് ഓരോ ഇഷ്യുവും ഷെഡ്യൂള്‍ ഉണ്ടാക്കി ഓരോ സംഗതികളും കൃത്യമായി നിര്‍വ്വചിച്ച് അതിനെതിരായി ടാര്‍ഗറ്റഡ് ആയ ഒരു നിയമം ഉണ്ടായില്ലെങ്കില്‍ ഇതിനെയൊക്കെ നേരിടാന്‍ വലിയ വിഷമം ആയിരിക്കും. അത് എത്രത്തോളം സാധ്യമാകും എന്നെനിക്കറിഞ്ഞൂട. പക്ഷേ, പ്രതീക്ഷ നാം കൈവെടിയരുത്. 

(മതിയാക്കുക ആചാരങ്ങളിലെ ബാലപീഡനം എന്ന വിഷയത്തില്‍ നിസ, മൂവ്മെന്റ് എഗൈന്‍സ്റ്റ് സര്‍ക്കംസിഷന്‍, മൂവ്മെന്റ് എഗൈന്‍സ്റ്റ് ചൈല്‍ഡ് അബ്യൂസ്, സെക്യുലര്‍ സൊസൈറ്റി എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയ സെമിനാറില്‍ നടത്തിയ പ്രസംഗം) തയ്യാറാക്കിയത് രേഖാചന്ദ്ര
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com