ഇന്നാട്ടിലെ എല്ലാ സ്ത്രീകളും നാളെത്തൊട്ട് ശബരിമലക്ക് പോകണം എന്ന് ഒരു നിര്‍ബ്ബന്ധവുമില്ല; മനുഷ്യസാന്നിദ്ധ്യം കുറക്കുകയാണ് വേണ്ടത്: വി.ടി ബല്‍റാം

ശബരിമലയില്‍ പരമാവധി മനുഷ്യസാന്നിദ്ധ്യം കുറച്ചു കൊണ്ടുവരാനാണ് ശ്രമിക്കേണ്ടതെന്ന് വി.ടി ബല്‍റാം എംഎല്‍എ
ഇന്നാട്ടിലെ എല്ലാ സ്ത്രീകളും നാളെത്തൊട്ട് ശബരിമലക്ക് പോകണം എന്ന് ഒരു നിര്‍ബ്ബന്ധവുമില്ല; മനുഷ്യസാന്നിദ്ധ്യം കുറക്കുകയാണ് വേണ്ടത്: വി.ടി ബല്‍റാം

ബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് വി.ടി ബല്‍റാം എംഎല്‍എ. വിധി സുപ്രീം കോടതിയുടേതാണ്, അതിനാല്‍ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും നാമെല്ലാവരും അംഗീകരിക്കേണ്ടതാണ് എന്ന നിലയില്‍ മാത്രമല്ല, ഈ വിധി പുരോഗമനപരവും നീതി സങ്കല്‍പ്പങ്ങളെ കൂടുതല്‍ ശക്തിപ്പെടുന്നതുമാണ് എന്ന കാഴ്ചപ്പാടില്‍ത്തന്നെയാണ് അതിനെ പൂര്‍ണാര്‍ത്ഥത്തില്‍ സ്വാഗതം ചെയ്യുന്നത്-അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഭരണഘടനയുടെ 25ആം ആര്‍ട്ടിക്കിള്‍ പൗരന്റെ വിശ്വാസ സ്വാതന്ത്ര്യങ്ങളെ സംരക്ഷിക്കുന്നതാണ്. എന്നാല്‍ അതിനു വിരുദ്ധമായ തരത്തില്‍ മതവിശ്വാസങ്ങള്‍ക്ക് മേലുള്ള ഒരു കടന്നുകയറ്റമായാണ് ഈ വിധിയെ പലരും നിരീക്ഷിക്കുന്നത്. 'ഞങ്ങളുടെ മതത്തെ മാത്രമേ ഇങ്ങനെ കടന്നാക്രമിക്കുന്നുള്ളൂവല്ലോ' എന്ന പതിവ് പ്രചരണവും എരിതീയില്‍ എണ്ണയൊഴിക്കാന്‍ വേണ്ടി ചില തത്പരകക്ഷികള്‍ ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ ഈ വിധി മതവിശ്വാസങ്ങള്‍ക്കെതിരല്ല എന്നതാണ് കോടതിയുടെ പക്ഷം. കാരണം, സ്ത്രീകളെ അകറ്റി നിര്‍ത്തുന്നത് ഹിന്ദു മതത്തെ സംബന്ധിച്ച് അടിസ്ഥാനപരമായ ഒരു വിശ്വാസ പ്രശ്‌നമല്ല എന്നാണ് കോടതി നിരീക്ഷിക്കുന്നത്, അഥവാ കോടതിയെ മറിച്ച് ബോധ്യപ്പെടുത്താന്‍ പാരമ്പര്യ സംരക്ഷണ വാദികള്‍ക്ക് കഴിഞ്ഞിട്ടില്ല. അതായത്, ഓരോ മതവുമായും ബന്ധപ്പെട്ട അടിസ്ഥാന വിശ്വാസങ്ങള്‍ സംരക്ഷിക്കാന്‍ കോടതി ഇനിയും കൂട്ടിനുണ്ടാവുമെന്നും എന്നാല്‍ ശബരിമലയിലെ സ്ത്രീ വിലക്കിന് അങ്ങനെ ഹിന്ദുമതത്തിന്റെ ഏതെങ്കിലും പ്രാമാണിക ഗ്രന്ഥങ്ങളുടേയോ മറ്റോ പിന്തുണ ഉണ്ടെന്ന് തെളിയിക്കപ്പെടാത്തതിനാല്‍ അതിനെ അര്‍ത്ഥമില്ലാത്ത ഒരു വിവേചനമായി കണക്കാക്കേണ്ടി വരുമെന്നുമാണ് കോടതിയുടെ ലോജിക്-അദ്ദേഹം പറഞ്ഞു.

വിശ്വാസങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും യുക്തി തിരയുന്നത് അര്‍ത്ഥശൂന്യമാണെന്ന വാദം, വിധി പ്രഖ്യാപിച്ച പാനലിലെ ഒരു ജഡ്ജിയടക്കം പലരും ഉയര്‍ത്തുന്നതായി കാണുന്നുണ്ട്. എന്നാല്‍ ഇവിടെ യുക്തി തിരയുകയല്ല, പ്രകടമായ ഒരു യുക്തിഹീനതയെ തിരിച്ചറിഞ്ഞ് ഇല്ലാതാക്കുകയാണ് ഭൂരിപക്ഷ വിധിയിലൂടെ സുപ്രീം കോടതി നിര്‍വ്വഹിക്കുന്നത്. ഇങ്ങനെ യുക്തിഹീനതകളെ മനസ്സിലാക്കാന്‍ കഴിയുന്നത് കാലാകാലങ്ങളില്‍ സമൂഹത്തിലുണ്ടാവുന്ന സാംസ്‌ക്കാരിക ഉണര്‍വുകളുടെ ഭാഗമായാണ്. അത് പതുക്കെപ്പതുക്കെയേ ഉണ്ടാവുകയുള്ളൂ. എല്ലാവര്‍ക്കും ഒറ്റയടിക്ക് ഇത്തരം തിരിച്ചറിവുകളിലേക്ക് എത്തിച്ചേരാന്‍ കഴിഞ്ഞെന്നും വരില്ല. ഒരു വലിയ വിഭാഗം വിശ്വാസികളെ അവര്‍ യാദൃച്ഛികമായി ജനിച്ച ജാതിയുടെ പേരില്‍ ഒരുപാട് കാലം ക്ഷേത്രങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തിയിരുന്നതിനും അന്നത്തെക്കാലത്ത് വിശ്വാസപരമായ കുറേ ന്യായീകരണങ്ങള്‍ മുന്നോട്ടുവക്കപ്പെട്ടിരുന്നു. എന്നാല്‍ അത്തരം വിശ്വാസങ്ങള്‍ക്കപ്പുറമാണ് മനുഷ്യര്‍ തമ്മിലുള്ള സമത്വത്തിന്റെ പ്രാധാന്യം എന്ന് നവോത്ഥാന പ്രസ്ഥാനങ്ങളുടെ ഇടപെടലുകളുടെ ഭാഗമായി സമൂഹത്തിന് തിരിച്ചറിവുണ്ടായപ്പോഴാണ് ക്ഷേത്രപ്രവേശന വിളംബരത്തിന് കളമൊരുങ്ങിയത്.

പാരമ്പര്യങ്ങളേയും വിശ്വാസങ്ങളേയും നാട്ടുനടപ്പുകളേയുമൊക്കെ ഇങ്ങനെ നിരന്തരം പുതിയ മൂല്യബോധങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തി, ഒഴിവാക്കേണ്ടവയെ ഒഴിവാക്കി, നിലനിര്‍ത്തേണ്ടതിനെ നിലനിര്‍ത്തി മുന്നോട്ടുപോവുന്ന സാമൂഹ്യ, സാംസ്‌ക്കാരിക ഇടപെടലുകളെയാണ് നാം നവോത്ഥാനമെന്ന് പൊതുവില്‍ വിളിക്കുന്നത്. അതൊരു തുടര്‍പ്രക്രിയയാണ്. ഏത് ജാതിയില്‍ പിറക്കണമെന്നത് ആരുടേയും ചോയ്‌സ് അല്ലാത്തത് പോലെ സത്രീയാണോ പുരുഷനാണോ എന്നതിലും സാധാരണ നിലക്ക് ആളുകള്‍ക്ക് ഒരു ചോയ്‌സ് ഇല്ലല്ലോ. ആ നിലക്ക് സ്ത്രീയായിപ്പോയി എന്ന ഒറ്റക്കാരണത്താല്‍ വിവേചനം അടിച്ചേല്‍പ്പിക്കുന്നത് ജാതീയമായ വിവേചനത്തേപ്പോലെത്തന്നെ തെറ്റായിക്കാണേണ്ടതുണ്ട്. ആര്‍ത്തവത്തേക്കുറിച്ചും അശുദ്ധി സങ്കല്‍പ്പങ്ങളുടെ പ്രസക്തിയേക്കുറിച്ചുമൊക്കെ പുതിയ തിരിച്ചറിവുകള്‍ സമൂഹത്തിനുണ്ടാവുമ്പോള്‍ ആചാരങ്ങളുടെ മാറ്റവും സ്വാഭാവികമായിത്തന്നെ സംഭവിക്കേണ്ടതാണ്. ചിലര്‍ക്ക് അതെല്ലാം ഒറ്റയടിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്തത് നേരത്തേപ്പറഞ്ഞപോലെ അവരവരുടെ ഇന്നത്തെ സാമൂഹിക വീക്ഷണത്തിന്റെ പരിമിതിയായി കണക്കാക്കിയാല്‍ മതി. ഏതായാലും സമൂഹത്തിന് പതുക്കെപ്പതുക്കെയാണെങ്കിലും മുന്നോട്ടുള്ള ചുവടുകള്‍ വച്ചേ പറ്റൂ.

ഇന്നാട്ടിലെ എല്ലാ സ്ത്രീകളും നാളെത്തൊട്ട് ശബരിമലക്ക് പോകണം എന്ന് ഒരു നിര്‍ബ്ബന്ധവുമില്ല. യഥാര്‍ത്ഥത്തില്‍ പെരിയാര്‍ ടൈഗര്‍ റിസേര്‍വ്വിലുള്‍പ്പെട്ട അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള ഒരു വനമേഖല എന്ന നിലയില്‍ ശബരിമലയില്‍ പരമാവധി മനുഷ്യസാന്നിദ്ധ്യം കുറച്ചു കൊണ്ടുവരാനാണ് ദീര്‍ഘകാലാടിസ്ഥാനത്തിലെങ്കിലും നാം ശ്രമിക്കേണ്ടത്. അവിടെ നടക്കുന്ന ഓരോ വികസന പ്രവര്‍ത്തനവും പരിസ്ഥിതിയെ സംരക്ഷിക്കുന്ന തരത്തിലുള്ളതായിരിക്കണം. പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണ ഘട്ടത്തില്‍ ഇത്തരം സാമാന്യബോധമുള്ള ഇടപെടലുകള്‍ ഉണ്ടാകണമെന്നത് മറ്റൊരു വിഷയമായിത്തന്നെ പ്രത്യേകം ചര്‍ച്ച ചെയ്യേണ്ടതാണ്-അദ്ദേഹം പറഞ്ഞു. 

സ്ത്രീ പ്രവേശനത്തെ ആചാരങ്ങളുടെയും പാരമ്പര്യത്തിന്റേയും പേരില്‍ എതിര്‍ക്കുന്നവരില്‍ നല്ലൊരു പങ്ക് സ്ത്രീകള്‍ തന്നെയാണെന്നും കാണാവുന്നതാണ്. ഒരു പുരുഷ കേന്ദ്രിത സമൂഹത്തിന്റെ മൂല്യബോധങ്ങള്‍ക്കകത്താണ് അവര്‍ വളര്‍ന്നുവന്നത് എന്നതിനാല്‍ ഇതിലൊട്ടും അത്ഭുതപ്പെടാനില്ല. സ്വാതന്ത്ര്യം എപ്പോഴും ഒരു വലിയ വെല്ലുവിളി കൂടിയാണ്. അതിന്റെ അസന്നിഗ്ധതകളെ ഒറ്റയടിക്ക് ഉള്‍ക്കൊള്ളാനല്ല, പതിവ് പാരതന്ത്ര്യങ്ങളുടെ കൃത്രിമ സുരക്ഷിതത്ത്വത്തില്‍ അടങ്ങിയൊതുങ്ങിക്കഴിയാനാണ് പലര്‍ക്കും താത്പര്യമുണ്ടാവുക. അമേരിക്കയില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് അബ്രഹാം ലിങ്കണ്‍ അടിമത്തം നിരോധിച്ചപ്പോള്‍ തങ്ങള്‍ക്ക് നാഥരില്ലാതായിപ്പോയതില്‍ വിലപിച്ചവര്‍ ഒരുപാടുണ്ടായിരുന്നു എന്നാണ് ചരിത്രം. ഏതായാലും സ്ത്രീ എന്ന സ്വാഭാവിക ജൈവാവസ്ഥയുടെ പേരില്‍ ഒരു വിവേചനം നേരിടാന്‍ തയ്യാറല്ല എന്നു ചിന്തിക്കുന്ന ഏതൊരു സ്ത്രീയേ സംബന്ധിച്ചും ഈ കോടതിവിധി അഭിമാനകരമാണ്. അവര്‍ എണ്ണത്തില്‍ എത്ര കുറവാണെങ്കിലും കൂടുതലാണെങ്കിലും അവര്‍ക്കൊപ്പമാണ് നീതിബോധവും ജനാധിപത്യ ബോധവുമുള്ളവര്‍ നിലകൊള്ളേണ്ടത്-വി.ടി ബല്‍റാം പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com