പ്രവാസികള്‍ക്ക് മാസം 5000 രൂപ മുതല്‍ 50,000 രൂപ വരെ പെന്‍ഷന്‍ നല്‍കാന്‍ പദ്ധതി; കരടു രൂപം തയാറായി

പ്രവാസികള്‍ നിക്ഷേപിക്കുന്ന തുകയ്ക്ക് ആനുപാതികമായ തുകയാണ് പെന്‍ഷനായി നല്‍കുക. അഞ്ച് ലക്ഷം മുതല്‍ 50 ലക്ഷം രൂപവരെ പദ്ധതിയില്‍ നിക്ഷേപിക്കാം
പ്രവാസികള്‍ക്ക് മാസം 5000 രൂപ മുതല്‍ 50,000 രൂപ വരെ പെന്‍ഷന്‍ നല്‍കാന്‍ പദ്ധതി; കരടു രൂപം തയാറായി

തിരുവനന്തപുരം: പ്രവാസ ജീവിതം മതിയാക്കി മടങ്ങിയെത്തുന്നവര്‍ക്ക് പ്രതിമാസം അയ്യായിരം രൂപ മുതല്‍ അന്‍പതിനായിരം രൂപ വരെ ഡിവിഡന്റ് ലഭിക്കുന്ന പെന്‍ഷന്‍ പദ്ധതിക്ക് പ്രവാസി ക്ഷേമ ബോര്‍ഡ് രൂപം നല്‍കി. പ്രവാസികള്‍ നിക്ഷേപിക്കുന്ന തുകയ്ക്ക് ആനുപാതികമായ തുകയാണ് പെന്‍ഷനായി നല്‍കുക. അഞ്ച് ലക്ഷം മുതല്‍ 50 ലക്ഷം രൂപവരെ പദ്ധതിയില്‍ നിക്ഷേപിക്കാം.

മൂന്ന് വര്‍ഷത്തിനകം ആറ് ഘട്ടമായോ ഒറ്റത്തവണയായോ തുക നിക്ഷേപിക്കാം. നിക്ഷേപത്തുക പൂര്‍ണമായാല്‍ മൂന്നു വര്‍ഷത്തിനു ശേഷം മാസംതോറും ഡിവിഡന്റ് നല്‍കും. പദ്ധതിയിലൂടെ 60,000 കോടി രൂപവരെ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. വികസന പദ്ധതികള്‍ക്കാണ് ഈ തുക ചെലവഴിക്കുക. പദ്ധതിയുടെ കരട്  സര്‍ക്കാര്‍ അംഗീകാരത്തിനായി മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ചു.

ബാങ്കില്‍ നിക്ഷേപിച്ചാല്‍ ലഭിക്കുന്നതിലും കൂടുതല്‍ ആനുകൂല്യം ലഭ്യമാക്കുമെന്നതാണ് പദ്ധതിയുടെ സവിശേഷത. ജീവിതത്തിന്റെ നല്ലൊരുഭാഗം വിദേശത്ത് ജോലിചെയ്ത് തിരിച്ചെത്തുന്ന ഭൂരിഭാഗത്തിനും അവസാനകാലം ദാരിദ്യ്രവും രോഗവും മാത്രമാണ് സമ്പാദ്യമെന്ന തിരിച്ചറിവിലാണ് പ്രവാസികളുടെ സമ്പാദ്യം നിക്ഷേപമായി സ്വീകരിച്ചുള്ള പെന്‍ഷന്‍പദ്ധതിക്ക് രൂപംനല്‍കിയതെന്ന് പ്രവാസി ബോര്‍ഡ് ചെയര്‍മാന്‍ പി ടി കുഞ്ഞുമുഹമ്മദ് പറഞ്ഞു.

പ്രവാസി കുടുംബങ്ങള്‍ക്ക് വില്ലകള്‍ നിര്‍മിച്ചുനല്‍കുന്ന 'സംരക്ഷിത പ്രവാസി ഗ്രാമപദ്ധതി'യും ബോര്‍ഡ് ലക്ഷ്യമിടുന്നുണ്ട്.   കേരളത്തിലെ നഗരപ്രദേശങ്ങളില്‍ ആവശ്യമായ ഭൂമി എടുത്ത് അഞ്ച് മുതല്‍ 10 വരെ സെന്റ് തിരിച്ച് 1000 മുതല്‍ 3000 വരെ സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള വില്ലകള്‍ നിര്‍മിച്ച് നിശ്ചിതവിലയ്ക്ക് പ്രവാസികള്‍ക്ക് നല്‍കുന്ന പദ്ധതിയാണിത്. താഴേത്തട്ടിലും ഇടത്തരം ജീവിത നിലവാരത്തിലുമുള്ള പ്രവാസികളെ ഉദ്ദേശിച്ചാണ് പദ്ധതിയെന്ന് സിഇഒ സി ജോസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com