ഖത്തര്‍ ഒറ്റപ്പെട്ടു, അതിര്‍ത്തി അടച്ച് അറബ് രാജ്യങ്ങള്‍; പ്രവാസികള്‍ ആശങ്കയില്‍

ഖത്തര്‍ പൌരന്മാര്‍ക്ക് സൌദി വിടാന്‍ 14 ദിവസത്തെ സമയം അനുവദിച്ചു
ഖത്തര്‍ ഒറ്റപ്പെട്ടു, അതിര്‍ത്തി അടച്ച് അറബ് രാജ്യങ്ങള്‍; പ്രവാസികള്‍ ആശങ്കയില്‍

ദോഹ: ഖത്തറുമായുള്ള നയതന്ത്ര-വ്യാപാര ബന്ധങ്ങള്‍ വിച്ഛേദിച്ച് ഗള്‍ഫ് രാജ്യങ്ങള്‍. ഖത്തര്‍ തീവ്രവാദത്തിന് സഹായമൊരുക്കുന്നുവെന്ന് ആരോപിച്ചാണ് ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറുമായി നയതന്ത്ര ബന്ധം വിച്ഛേദിക്കുന്നത്. സൗദി അറോബ്യയുടെ ആഹ്വാന പ്രകാരമാണ് ബന്ധം വിച്ഛേദിച്ചിരിക്കുന്നത്. യുഎഇ,ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളാണ് സൗദിയുടെ കൂടെ ഖത്തറിന് മുകളില്‍ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഖത്തര്‍ പൌരന്മാര്‍ക്ക് സൌദി വിടാന്‍ 14 ദിവസത്തെ സമയം അനുവദിച്ചു. ഖത്തറില്‍ നിന്ന് സൌദിയിലേക്കുള്ള എല്ലാ ഗതാഗതവും നിര്‍ത്തലാക്കി. ഈജിപ്തും ഖത്തറുമായിട്ടുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചിട്ടുണ്ട്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സൗദി സന്ദര്‍ശനത്തിന് ശേഷമാണ് ഈ രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നം രൂക്ഷമായത്. നേരത്തെ സൗദി അമേരിക്കക്കെതിരെ ഖത്തര്‍ അമീറിന്റെ പേരില്‍ ചില വാര്‍ത്തകള്‍ ഖത്തര്‍ വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നുവെങ്കിലും, ഏജന്‍സി ഹാക്ക് ചെയ്യപ്പെട്ടതുകൊണ്ടാണ് തെറ്റായ വാര്‍ത്ത പ്രചരിച്ചത് എന്നായിരുന്നു ഖത്തര്‍ നല്‍കിയ ഔദ്യോഗിക വിശദീകരണം. എങ്കിലും അതിനെ തുടര്‍ന്ന് കുവൈത്തിന്റെ മധ്യസ്ഥതയില്‍ ചില ചര്‍ച്ചകള്‍ നടന്നിരുവെങ്കിലും അത് ഫലം കണ്ടില്ല.തുടര്‍ന്നാണ് ഈ രാജ്യങ്ങള്‍ ഖത്തറുമായുള്ള എല്ലാ നയതന്ത്രബന്ധങ്ങളും വിച്ഛേദിക്കുകയാണെന്ന പ്രഖ്യാപനം അല്‍പ സമയം മുമ്പുണ്ടായിരിക്കുന്നത്.

യമന്‍, സിറിയ തുടങ്ങിയ രാജ്യങ്ങളിലെ തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് ഖത്തര്‍ പരോക്ഷമായിട്ടെങ്കിലും പിന്തുണ നല്‍കുന്ന ഒരു സാഹചര്യമുണ്ട് എന്നാണ് ഇപ്പോള്‍ സൗദി പറയുന്നത്. ഖത്തറിന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഇതുസംബന്ധിച്ച് യാതൊരു പ്രതികരണവും പുറത്തുവന്നിട്ടില്ല.  

അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വിഷയത്തോട് പ്രതികരിച്ചിട്ടില്ല. കുവൈത്തും വിഷയത്തില്‍ ഇടപെട്ടിട്ടില്ല. സൗദി അറോബ്യ ഖത്തറുമായി അടുത്ത ബന്ധം വെച്ചുപുലര്‍ത്തിയിരുന്ന രാജ്യമായിരുന്നു. സൗദി സഖയസേനയുടെ പ്രധാന സഖ്യകക്ഷി കൂടിയാണ് ഖത്തര്‍. സഖ്യസൈന്യത്തില്‍ നിന്നും പിരിഞ്ഞുപോണമെന്നും സൗദി ഖത്തറിനോട് ആവശ്യപ്പെട്ടിരുന്നു. 

ഇപ്പോള്‍ ഉണ്ടായിരിക്കുന്ന പ്രശ്‌നങ്ങള്‍ ഖത്തറിലുള്ള ഇന്ത്യക്കാരേയും ഇന്ത്യയുമായുള്ള ബന്ധത്തേയും ബാധിക്കുകയില്ല എന്നാണ് ഖത്തറിലുള്ള ഇന്ത്യക്കാരുടെ ഭാഗത്ത് നിന്ന അറിയാന്‍ സാധിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com