സൗദി മാറും; അല്ലെങ്കില്‍ മിസ്റ്റര്‍ എവരിതിംഗ് മാറ്റിമറിക്കും

ജനങ്ങളള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യമുള്ള എന്നാല്‍ ഇസ്‌ലാമിക വിശ്വാസങ്ങള്‍ക്ക് കോട്ടംതട്ടാത്ത,സാമ്പത്തിക അസമത്വങ്ങള്‍ ഇല്ലാത്ത സൗദി എന്ന സ്വപനമാണ് മുഹമ്മദ് ബിന്‍ സല്‍മാനുള്ളത്
സൗദി മാറും; അല്ലെങ്കില്‍ മിസ്റ്റര്‍ എവരിതിംഗ് മാറ്റിമറിക്കും

സൗദി അറേബ്യയെ 10വര്‍ഷം കൊണ്ട് പുതിയ രാജ്യമാക്കി മാറ്റുമെന്നാണ് പുതിയ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ പ്രഖ്യാപനം. ഭരണകൂടത്തില്‍വരെ പൊളിച്ചുപണിയുണ്ടാകുമെന്നാണ് മുഹമ്മദിന്റെ പ്രഖ്യാപനം.10ദിവസം കൊണ്ട് ഭരണകൂടം പൊളിച്ചുപണിയപ്പെടും, അദ്ദേഹം പ്രഖ്യാപിച്ചു.മിസ്റ്റര്‍ എവിരിതിംഗ് എന്ന ചെലലപ്പരില്‍ അറിയപ്പെടുന്ന മുഹമ്മദ് ബിന്‍ സല്‍മാന്റെ പുതിയ ഭരണപരിഷ്‌കാരങ്ങള്‍ക്ക് എന്തെല്ലാമെന്നറിയാന്‍ ഉറ്റുനോക്കിയിരിക്കുകയാണ് ലോകം. 

സാമ്പത്തികാവസ്ഥ പരിങ്ങലിലയ സൗദി അറേബ്യയെ എണ്ണരാഷ്ട്രം എന്ന നിലയില്‍ നിന്നും മാറ്റി പുതിയ സാമ്പത്തിക സ്രോതസ്സുകള്‍ കണ്ടെത്തുക എന്നതായിരിക്കും മുഹമ്മദിന്റെ ആദ്യശ്രമം. സമ്പദ് വ്യവസ്ഥയെ താങ്ങി നിര്‍ത്താന്‍ ഇന്ധനത്തില്‍ നിന്നുമാത്രം ഇനി സാധ്യമല്ലെന്ന് സല്‍മാന്‍ രാജാവും തിരിച്ചറിഞ്ഞുകഴിഞ്ഞു. അതിന്റെഭാഗമായാണ് സൗദിയ്ല്‍ വ്യാപകമായി സ്വദേശിവത്കരണം നടപ്പാക്കുന്നത്.രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ മുഹമ്മദിന് കഴിയും എന്ന ഉറച്ച തോന്നലാണ് സല്‍മാന്‍ രാജാവിനെ തുടര്‍ന്നുവന്ന ശീലം മാറ്റി മകനെ കിരീടാവകാശിയാക്കി പ്രഖ്യാപിക്കാന്‍ പ്രേരിപ്പിച്ചത്.ഇതുവരെ രാജാവിന്റെ സഹോദരനായിരുന്നു കിരീടാവകാശി. 

പെട്രോളിനും വെള്ളത്തിനും വൈദ്യുതിക്കും നിലനിന്നിരുന്ന സബ്‌സിഡി മുഹമ്മദ് പിന്‍വലിച്ചുകഴിഞ്ഞു. ആഢംബര വസ്തുക്കള്‍ക്കും പാനിയങ്ങള്‍ക്കും നികുതിയേര്‍പ്പെടുത്താന്‍ സാധ്യതയുണ്ട് എന്നാണ് അറിയാന്‍ കഴിയുന്നത്. ഇത് എണ്ണയിതര റവന്യുവില്‍ നിന്ന് 100 ബില്യണ്‍ ഡോളര്‍ വരുമാനം ഒരുവര്‍ഷം രാജ്യത്തിന് നേടിക്കൊടുക്കും എന്നാണ് വിലയിരുത്തല്‍.ഡയറക്ട് ക്യാഷ് സബസിഡി നടപ്പാക്കാനും മുഹമ്മദ് ആലോചിക്കുന്നുണ്ട്. സാധാരണക്കാരെ ദുരിതത്തിലാക്കാന്‍ ഒരു താത്പര്യവും ഇല്ലെന്നും പണക്കാരില്‍ നിന്നും കൃത്യമായ നികുതി പിരിച്ചെടുക്കാനാണ് ശ്രമിക്കുന്നതെന്നും മുഹമ്മദ് വ്യക്തമാക്കിയിട്ടുണ്ട്. 

സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വാതനന്ത്ര്യം അനുവദിക്കുമെന്നും സൗദി കിരീടാവകാശി പറയുന്നു.ഇസ്‌ലാമില്‍ സ്ത്രീകള്‍ക്ക് നിര്‍ദേശിക്കുന്ന എല്ലാ സ്വാതന്ത്ര്യവും അവര്‍ക്കു നല്‍കും, അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് ഡ്രൈവ് ചെയ്യാനുള്ള സ്വാതന്ത്ര്യം നല്‍കാനും താന്‍ ഒരുക്കമാണ് എന്ന് മുഹമ്മദ് മുമ്പ് ചൂണ്ടിക്കാട്ടിയിരുന്നു. 

സ്ത്രീകള്‍ക്ക് നബിയുടെ കാലത്ത് ഒട്ടക സവാരി നടത്താന്‍ സ്വാതന്ത്ര്യമുണ്ടായിരുന്നുവെന്നും പുതിയ കാലത്തെ ഒട്ടകങ്ങളായ കാറുകളില്‍ ഡ്രൈവ് ചെയ്യാന്‍ സ്ത്രീകളെ അനുവദിക്കണം എന്നുമാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. സൗദിയുടെ ചരിത്രത്തില്‍ ഇത്രയും ലിബറലായ ഒരു ഭരണാധികാരി ആദ്യാമായാണ് എന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

സ്വദേശിവത്കണം പൂര്‍ണ്ണമായി നടപ്പാക്കാനാണ് ഉദ്ദേശ്യമെങ്കിലും മികച്ച സാമ്പത്തിക,ശാസ്ത്രീയ,വിദ്യാഭ്യാസ വിജഗ്ധരെ സൗദിയില്‍തന്നെ നിലനിര്‍ത്താനാണ് മുഹമ്മദിന്റെ തീരുമാനം.

എണ്ണവില താഴ്ന്നാലും ഏറിയാലും കുഴപ്പമില്ലാത്ത രാജ്യമാക്കി സൗദിയെ മാറ്റാനാണ് മുഹമ്മ്ദ് ശ്രമിക്കുന്നത്. കാര്യമായ മാറ്റങ്ങള്‍ എല്ലാ മേഖലയിലും കൊണ്ടുവരുമെന്ന് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

ജനങ്ങളള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യമുള്ള എന്നാല്‍ ഇസ്‌ലാമിക വിശ്വാസങ്ങള്‍ക്ക് കോട്ടംതട്ടാത്ത,സാമ്പത്തിക അസമത്വങ്ങള്‍ ഇല്ലാത്ത സൗദി എന്ന സ്വപനമാണ് മുഹമ്മദ് ബിന്‍ സല്‍മാനുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com