മുഹമ്മദ് വെറും വാക്ക് പറഞ്ഞതല്ല; സൗദിയില്‍ ഇനിമുതല്‍ സ്ത്രീകള്‍ക്ക് സ്‌റ്റേഡിയങ്ങളില്‍ പ്രവേശിക്കാം

ഇതുവരെ പുരുഷന്‍മാര്‍ക്ക് മാത്രം പ്രവേശനം അനുവദിച്ചിരുന്ന സ്റ്റേഡിയങ്ങളില്‍ അടുത്ത വര്‍ഷം ആദ്യം മുതല്‍ സ്ത്രീകള്‍ക്കും പ്രവേശിക്കാം
മുഹമ്മദ് വെറും വാക്ക് പറഞ്ഞതല്ല; സൗദിയില്‍ ഇനിമുതല്‍ സ്ത്രീകള്‍ക്ക് സ്‌റ്റേഡിയങ്ങളില്‍ പ്രവേശിക്കാം

റിയാദ്: തീവ്ര ഇസ്‌ലാം നിയമങ്ങളില്‍ നിന്ന് വ്യതിചലിക്കുന്ന സൗദി അറേബ്യ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ നേതൃത്വത്തില്‍ മാറ്റത്തിന്റെ പാതയിലാണ്. സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കണമെന്ന രാജകുമാരന്റെ കാഴ്ചപ്പാടിന്റെ ഭാഗമായി സ്ത്രീകള്‍ക്ക് ഡ്രൈവ് ചെയ്യാനുള്ള സ്വാതനന്ത്ര്യം അനുവദിച്ചതിനു പിന്നാലെ സ്റ്റേഡിയത്തില്‍ പ്രവേശിച്ച് മത്സരങ്ങള്‍ കാണാനുള്ള അനുവാദം നല്‍കിയിരിക്കുകയാണ്. ഇതുവരെ പുരുഷന്‍മാര്‍ക്ക് മാത്രം പ്രവേശനം അനുവദിച്ചിരുന്ന സ്റ്റേഡിയങ്ങളില്‍ അടുത്ത വര്‍ഷം ആദ്യം മുതല്‍ സ്ത്രീകള്‍ക്കും പ്രവേശിക്കാം. സൗദി ജനറല്‍ സ്‌പോര്‍ട്‌സ് അതോറിറ്റി ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞു. 

ആദ്യ ഘട്ടത്തില്‍ തലസ്ഥാനമായ റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളിലെ സ്‌റ്റേഡിയങ്ങളിലാകും ആദ്യം പ്രവേശനം അനുവദിക്കുക. റിയാദിലെ കിങ് ഫഹദ് സ്‌റ്റേഡിയം, ജിദ്ദയിലെ കിങ് അബ്ദുള്ള സ്‌പോര്‍ട് സിറ്റി, ദമാമ്മിലെ മുഹമ്മദ് ബിന്‍ ഫഹദ് സ്‌റ്റേഡിയം എന്നിവിടങ്ങളില്‍ കുടുംബങ്ങളെ പ്രവേശിപ്പിക്കാനുള്ള പ്രത്യേക ഇരിപ്പിടങ്ങള്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് സ്‌പോര്‍ട്‌സ് അതോറിറ്റിയുടെ പ്രഖ്യാപനത്തില്‍ പറയുന്നു.

ഫുട്‌ബോള്‍ ഗാലറിയുടെ പതിനഞ്ചു ശതമാനം സ്ഥലം ഫാമിലി സ്റ്റാന്‍ഡ് ആക്കി മാറ്റി സ്ത്രീകള്‍ക്ക് സൗകര്യമുള്ളതാക്കി മാറ്റാനാണ് സ്‌പോര്‍ട്‌സ് അതോറിറ്റിയുടെ തീരമാനം. കഴിഞ്ഞ ദേശീയ ദിനത്തിലാണ് ആദ്യമായി സ്ത്രീകളെ സ്‌റ്റേഡിയത്തില്‍ പ്രവേശിപ്പിച്ചത്. അന്ന് സൗദി ചരിത്രത്തെ കുറിച്ച് നടന്ന സംഗീത പരിപാടി കാണാനായിരുന്നു സ്ത്രീകള്‍ക്ക് അനുമതി നല്‍കിയത്. 


സൗദി അറേബ്യയുടെ നയങ്ങളില്‍ മിതത്വം കൊണ്ടുവരുമെന്ന് ഭരണാധികാരി മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ചിരുന്നു. നമ്മള്‍ എങ്ങനെയായിരുന്നോ,അതിലേക്ക് തന്നെ നമ്മള്‍ മടങ്ങിപ്പോകുകയാണ്. ലോകത്താകെയുള്ള എല്ലാ മതങ്ങളേയും പാരമ്പര്യങ്ങളേയും ജനങ്ങളേയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന മിതവാദ ഇസ്‌ലാം രാഷ്ട്രമായി നാം മാറും, മുഹമ്മദ് രാജകുമാരന്‍ പറഞ്ഞിരുന്നു. 

1979ലെ ഫൈസല്‍ രാജാവിന്റെ വധത്തോടെ രാജ്യത്ത് ഉയര്‍ന്നുവന്ന രാഷ്ട്രീയ ഇസ്‌ലാമാണ് സൗദിയില്‍ മതനിയമങ്ങള്‍ ഇത്രയും കണിശമാക്കിയതെന്ന് മുഹമ്മദ് രാജകുമാരന്‍ തുറന്നുസമ്മതിക്കുന്നു. 70കളില്‍ രാജ്യത്ത് പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നടത്താനും ടിവി കാണാനും ഒക്കെ അവകാശമുണ്ടായിരുന്നു. എന്നാല്‍ അല്‍ ഷെയ്ഖ് കുടുംബത്തിന്റെ അന്ത്യത്തോടെ അതെല്ലാം നിലച്ചു. തുടര്‍ന്നുവന്ന അല്‍ സൗദ് കുടുംബ വാഴ്ച മതയാഥാസ്ഥിതിക നിലപാടുകള്‍ ശക്തമാക്കി. സല്‍മാന്‍ രാജാവ് വരെ തുടര്‍ന്നുവന്നിരുന്ന കണിശതയാര്‍ന്ന മതനിയമങ്ങള്‍ക്ക് അയവ് വരുത്താനാണ് പുതിയ കിരീടാവകാശി തുനിഞ്ഞിറങ്ങിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com