അജ്ഞാതനായ പാക്കിസ്ഥാന്‍കാരാ, നിനക്ക് നന്ദി; വിദേശത്ത് അകപ്പെട്ടുപോയ ഇന്ത്യക്കാരിയെ നാട്ടിലെത്തിക്കാന്‍ സഹായിച്ചത് പാക്‌ സ്വദേശി

ഡാര്‍ജിലിങ്ങില്‍ നിന്ന് ജോലി തേടി ഒമാനിലേക്ക് പോയ യുവതിക്ക് പറയാനുള്ളത് ഇത്തരത്തില്‍ ഒരു കഥയാണ്. സ്വന്തം ബന്ധുക്കള്‍ പോലും കൈവിട്ടപ്പോള്‍ തന്നെ രക്ഷിച്ച അജ്ഞാതരായ പാക്കിസ്ഥാന്‍കാരെക്കുറിച്ച്
അജ്ഞാതനായ പാക്കിസ്ഥാന്‍കാരാ, നിനക്ക് നന്ദി; വിദേശത്ത് അകപ്പെട്ടുപോയ ഇന്ത്യക്കാരിയെ നാട്ടിലെത്തിക്കാന്‍ സഹായിച്ചത് പാക്‌ സ്വദേശി

പാക്കിസ്ഥാന്‍ നമ്മുടെ സഹോദര രാജ്യമാണ്, അയല്‍ രാജ്യമാണ് ഇതിനേക്കാള്‍ ഉപരിയായി നമ്മുടെ ശത്രുരാജ്യവുമാണ്. പക്ഷേ രാജ്യങ്ങള്‍ തമ്മിലാണ് യുദ്ധവും പോരാട്ടവും നടക്കുന്നത്. അവിടെ ജീവിക്കുന്നവര്‍ക്ക് പരസ്പര സ്‌നേഹത്തിന്റെ ഒരുപാട് കഥകള്‍ പറയാനുണ്ടാകും. ഡാര്‍ജിലിങ്ങില്‍ നിന്ന് ജോലി തേടി ഒമാനിലേക്ക് പോയ യുവതിക്ക് പറയാനുള്ളത് ഇത്തരത്തില്‍ ഒരു കഥയാണ്. സ്വന്തം ബന്ധുക്കള്‍ പോലും കൈവിട്ടപ്പോള്‍ തന്നെ രക്ഷിച്ച അജ്ഞാതരായ പാക്കിസ്ഥാന്‍കാരെക്കുറിച്ച്. 

മാസങ്ങള്‍ നീണ്ട പീഡനത്തില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് യുവതി ഇന്ത്യയിലേക്ക് തിരികെ എത്തിയത്. നാട്ടിലേക്ക് തിരികെ വരാന്‍ ഇവരെ സഹായിച്ചതാകട്ടെ പാക്കിസ്ഥാന്‍ പൗരന്മാരും. കഴിഞ്ഞ വര്‍ഷം നവംബറിലാണ് വീട്ടുജോലിക്കായി യുവതി ദുബായിലേക്ക് പോയത്. ഡല്‍ഹിയിലുള്ള ബന്ധുക്കളുടെ സഹായത്തോടെയാണ് യുവതി വിദേശത്തേക്ക് പോയത്. 

എന്നാല്‍ ദുബായില്‍ എത്തിയ യുവതിയെ അവിടെ 12 ദിവസം പൂട്ടിയിട്ടു. അവിടത്തെ പ്ലേയ്‌സ്‌മെന്റ് ഏജന്‍സി യുവതിയുടെ പാസ്‌പോര്‍ട്ട് പിടിച്ചുവെച്ചതിന് ശേഷം ജോലിക്കായി ഒമാനിലേക്ക് അയച്ചു. തൊഴിലുടമയില്‍ നിന്ന് കൊടിയ പീഡനമാണ് യുവതിക്ക് നേരിടേണ്ടിവന്നത്. സഹികെട്ട് യുവതി അവിടെ നിന്ന് പ്ലേസ്‌മെന്റ് സെല്ലിനെ സമീപിച്ചു. എന്നാല്‍ അവിടെയും യുവതി ക്രൂര മര്‍ദ്ദനത്തിന് ഇരയായി. എന്നിട്ട് മറ്റൊരു ജോലി സ്ഥലത്തേക്ക് മാറ്റി. എന്നാല്‍ ഇവിടെയും പീഡനമേല്‍ക്കേണ്ടിവന്നതോടെ എങ്ങനേയും നാട്ടിലേക്ക് വന്നാല്‍ മതി എന്നായി യുവതിക്ക്. 

രണ്ട് വര്‍ഷം കഴിയാതെ പോകാനാവില്ലെന്നാണ് പ്ലേയ്‌സ്‌മെന്റ് ഏജന്‍സി പറഞ്ഞത്. മുതിര്‍ന്ന സഹോദരിയുടെ മകന്റെ സഹായത്തോടെയായിരുന്നു യുവതി ദുബായിലേക്ക് പോന്നത്. അതിനാല്‍ അവരെ വിളിച്ച് നടന്ന സംഭവം വിവരിച്ചെങ്കിലും പിന്നെ അവരുടെ നമ്പര്‍ സ്വിച്ച് ഓഫായിരുന്നു. നേരത്തെ പറഞ്ഞ 25,000 രൂപയ്ക്ക് പകരം 12,500 രൂപ മാത്രമാണ് നല്‍കിയിരുന്നത്. തുടര്‍ന്ന് യുവതി തന്റെ അയല്‍വാസികളുമായി ബന്ധപ്പെട്ടു. അവര്‍ കാലിംപോങ്ങിലെ സാമൂഹിക പ്രവര്‍ത്തകനോട് വിവരം അറിയിച്ചു. തുടര്‍ന്ന് ഡാര്‍ജിലിങ്ങില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിഒയുടെ സഹായത്തോടെ ഒമാനിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടു. 

എന്നാല്‍ അപ്പോഴേക്കും യുവതിയെ മറ്റൊരു സ്ഥലത്തേക്ക് ഏജന്‍സി മാറ്റി. സലയിലെ പുതിയ തൊഴിലുടമയുടെ അടുത്തേക്ക് ബസില്‍ കയറ്റിവിടുകയായിരുന്നു. യുവതി ഫോണ്‍ വിളിച്ച് കരയുന്നത് അവിടെ ഡ്രൈവറായി ജോലി ചെയ്തിരുന്ന രണ്ട് പാക്കിസ്ഥാനികള്‍ കണ്ടു. അവര്‍ തന്നോട് കാര്യം തിരക്കി. സംഭവം എല്ലാം വിവരിച്ചപ്പോള്‍ ഇതില്‍ ഒരാള്‍ തന്റെ അയല്‍ക്കാരെ വിളിച്ച് സംസാരിച്ചു. ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥരോടും താന്‍ എവിടെയാണെന്ന് അയാള്‍ വിളിച്ചു പറഞ്ഞു. 

ഇതോടെ ഇന്ത്യന്‍ എംബസി ഉടന്‍ യുവതിയുടെ സ്ഥലം മനസിലാക്കി രക്ഷിക്കുകയായിരുന്നു. ഒമാനിലെ പൊലീസ് സ്റ്റേഷനില്‍ എത്താനും പാക്കിസ്ഥാന്‍കാരന്‍ സഹായിച്ചെന്നും യുവതി പറഞ്ഞു. പാക്കിസ്ഥാന്‍ പൗരനോട് ഇന്ത്യന്‍ എംബസിയോടും നാട്ടിലെ എന്‍ജിഒയോടുമെല്ലാം നന്ദി പറയുകയാണ് ഇവര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com