ഒരൊറ്റ ടിക്കിലാണ് മൂന്നു മാസം പ്രായമുള്ള ഹാര്‍വി ഭീകരനായത്

ഒരൊറ്റ ടിക്കിലാണ് മൂന്നു മാസം പ്രായമുള്ള ഹാര്‍വി ഭീകരനായത്

ലണ്ടന്‍: മുത്തച്ഛന്‍ ചെയ്ത ഒരൊറ്റ ടിക്കിലാണ് മൂന്നു മാസം പ്രായമുള്ള ഹാര്‍വി ഭീകരരുടെ പട്ടികയില്‍ ഇടം നേടിയത്. ഭീകര പ്രവര്‍ത്തനം നടത്തല്‍, ചാരവൃത്തി, അട്ടിമറി, വംശഹത്യ ഇങ്ങനെയുള്ള കേട്ടാല്‍ ഞെട്ടുന്ന കുറ്റങ്ങളും ഈ പിഞ്ചു ബാലന്റെ മേല്‍വന്നു വീണു. ഇതിന്റെ പേരില്‍ 'ചാദ്യം ചെയ്യലി'നു വിധേയമാവേണ്ടി വരികയുംചെയ്തു ഹാര്‍വിക്ക്.

ഹാര്‍വിയുടെ കുടുംബം അവധിക്കാലം ചെലവഴിക്കാന്‍ അമേരിക്കയിലേക്കു പോവാനൊരുങ്ങിയതോടെയാണ് സംഭവങ്ങളുടെ തുടക്കമെന്ന് ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. വിസയ്ക്കായി ഓണ്‍ലൈനായി അപേക്ഷിച്ചപ്പോള്‍ അതിലൊരു ചോദ്യം ഇങ്ങനെയായിരുന്നു, നിങ്ങള്‍ ഭീകരപ്രവര്‍ത്തനത്തിലോ ചാരവൃത്തിയിലോ അട്ടിമറിയിലോ വംശഹത്യയിലോ ഏര്‍പ്പെട്ടിട്ടുണ്ടോ, ഏര്‍പ്പെടാന്‍ ഉദ്ദേശിക്കുന്നുണ്ടോ? ഹാര്‍വിയുടെ വിസ അപേക്ഷ പൂരിപ്പിച്ചപ്പോള്‍ മുത്തച്ഛന്‍ പോള്‍ കെന്‍യോന് ചെറിയൊരു തെറ്റുപറ്റി. ഈ ചോദ്യത്തിനു നേര്‍ക്ക് ഒരു ടിക്ക് മാര്‍ക്ക് ചെയ്തു. ഇതോടെ യാത്ര മൊത്തം പ്രശ്‌നത്തിലായി. വിസയും വിമാന ടിക്കറ്റും നിഷേധിക്കപ്പെട്ടു. ചോദ്യം ചെയ്യലിനായി ലണ്ടനിലെ യുഎസ് എംബസിയില്‍ എത്താന്‍ നിര്‍ദേശവും വന്നു.

ഹാര്‍വിക്കു മൂന്നു മാസം പ്രായമേ ആയിട്ടുള്ളൂ എന്നും അറുപത്തിരണ്ടുകാരനായ തനിക്കു പറ്റിയ പിഴവ് എന്നുമുള്ള പരിഗണനയൊന്നും അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥര്‍ നല്‍കിയില്ലെന്നാണ് പോള്‍ കെന്‍യോന്‍ പറയുന്നത്. മാഞ്ചസ്റ്ററില്‍നിന്ന് ഓര്‍ലാന്‍ഡോയിലേക്ക് ഒമ്പതര മണിക്കൂര്‍ യാത്രയാണ് തങ്ങള്‍ക്കു വിമാനത്തില്‍ വേണ്ടിയിരുന്നത്. എംബസി ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിനായി ചെഷയറില്‍നിന്ന് ലണ്ടനിലേക്ക് പത്തു മണിക്കൂര്‍ കാര്‍ യാത്രവേണ്ട്ി വന്നെന്ന് കെന്‍യോനും കുടുംബവും പറയുന്നു. 

എംബസി ഉദ്യോഗസ്ഥര്‍ കെന്‍യോനെയും കുടുംബത്തെയുമാണ് ചോദ്യം ചെയ്തത്. ഈ സമയമത്രയും ഹാര്‍വി കൂടെയുണ്ടായിരുന്നു. മൂന്നു മാസം പ്രായമായ ഇവനാണോ ഭീകരനും ചാരനും എന്നൊക്കെ കെന്‍യോന്‍ ചോദിച്ചെങ്കിലും അതു തമാശയായിപ്പോലും കാണാന്‍ ഉദ്യോഗസ്ഥര്‍ കൂട്ടാക്കിയില്ല.

ചോദ്യം ചെയ്യലൊക്കെ കുഴപ്പം കൂടാതെ കഴിഞ്ഞെങ്കിലും മൂവായിരം പൗണ്ടാണ്, വിസ അപേക്ഷയിലെ ആ ചെറിയ ടിക്കിലൂടെ കെന്‍യോനും കുടുംബത്തിനും നഷ്ടമായത്. സമയത്തിന് വിസ വരാത്തതുകൊണ്ട് കുടുംബം ഒരുമിച്ചുള്ള യാത്ര മുടങ്ങി. ഇനി രണ്ടു വിമാനങ്ങളിലായാണ് അവധിക്കാലം ചെലവഴിക്കാന്‍ പോവുന്നത്. ഒരു ചെറിയ തെറ്റ് ചെലവേറിയ തെറ്റുകൂടി ആയെന്നാണ് ഇതിനെക്കുറിച്ച് കെന്‍യോന്‍ പറയുന്നത്. അല്ലെങ്കില്‍ തന്നെ ഭീകരര്‍ ആരെങ്കിലും തങ്ങള്‍ ഭീകരര്‍ ആണെന്ന് വിസ ഫോമില്‍ രേഖപ്പെടുത്തുമോ എന്നാണ് ഈ കുടുംബത്തിന്റെ ചോദ്യം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com