ഏഴ് രാജ്യങ്ങള്‍, 20 ദിവസം; "കിഴക്കന്‍ കാറ്റ്" ചൈനയിലെത്തി; യുകെയില്‍ നിന്ന് ചൈനയിലേക്കുള്ള ആദ്യ തീവണ്ടി

ലോകത്തിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ റെയില്‍ പാതയിലൂടെയായിരുന്നു വിസ്‌കിയും, ബേബി മില്‍ക്കും, മരുന്നുകളും നിറച്ചുള്ള കണ്ടെയ്‌നറുമായി തീവണ്ടിയുടെ യാത്ര
ഏഴ് രാജ്യങ്ങള്‍, 20 ദിവസം; "കിഴക്കന്‍ കാറ്റ്" ചൈനയിലെത്തി; യുകെയില്‍ നിന്ന് ചൈനയിലേക്കുള്ള ആദ്യ തീവണ്ടി

ബെയ്ജിങ്: 12000 കിലോമീറ്റര്‍ താണ്ടി, 20 ദിവസത്തെ യാത്രയ്ക്ക് ശേഷം യുകെയില്‍ നിന്നും പുറപ്പെട്ട ഈസ്റ്റ് വിന്‍ഡ് എന്ന ചരക്ക് തീവണ്ടി ചൈനയിലെത്തി. ലോകത്തിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ റെയില്‍ പാതയിലൂടെയായിരുന്നു വിസ്‌കിയും, ബേബി മില്‍ക്കും, മരുന്നുകളും നിറച്ചുള്ള കണ്ടെയ്‌നറുമായി തീവണ്ടിയുടെ യാത്ര. 

ഫ്രാന്‍സ്, ബെല്‍ജിയം, ജര്‍മ്മനി, പോളണ്ട്, ബെലാരസ്, റഷ്യസ കസാക്കിസ്ഥാന്‍ എന്നീ ഏഴ് രാജ്യങ്ങള്‍ പിന്നിട്ടാണ് തീവണ്ടി ചരിത്രത്തിലേക്ക് ചൂളം വിളിച്ചെത്തിയിരിക്കുന്നത്. 2000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പശ്ചിമ രാജ്യങ്ങളുമായി സില്‍ക്ക് റൂട്ടിലൂടെ ചൈനയ്ക്കുണ്ടായിരുന്ന വ്യാപാര പാത ശക്തമായി തിരിച്ചുകൊണ്ടുവരികയാണ് ഇതിലൂടെ ചൈന ലക്ഷ്യമിടുന്നത്. 

ലോക രാജ്യങ്ങളുമായി കൂടുതല്‍ സഹകരണം മുന്നില്‍ കണ്ട് ചൈന നടപ്പിലാക്കുന്ന വണ്‍ ബെല്‍റ്റ് വണ്‍ റോഡ് നയവുമായി ബന്ധപ്പെട്ടാണ് യുകെയിലേക്കുള്ള ചരക്കു തീവണ്ടി യാത്ര ആരംഭിച്ചത്.  നാല് മാസങ്ങള്‍ക്ക് മുന്‍പ് ചൈനയില്‍ നിന്നും യുകെയിലേക്ക് ആദ്യ തീവണ്ടി പോയിരുന്നു.  

2014ല്‍ ആരംഭിച്ച ചൈന-മാഡ്രിഡ് റെയില്‍ പാതയാണ് ലോകത്തിലെ ഏറ്റവും നീളം കൂടിയത്. രണ്ടാം സ്ഥാനത്തുണ്ടായിരുന്ന പ്രശസ്തമായ റഷ്യയുടെ ട്രാന്‍സ്-സൈബീരിയന്‍  പാതയെയാണ് ചൈന-യുകെ പാത പിന്നിലാക്കിയത്. 

കപ്പല്‍ വഴി യുകെയിലേക്ക് ചരക്കെത്തിക്കുന്നതിനേക്കാള്‍ 30 ദിവസം നേരത്തെ പുതിയ റെയില്‍ പാതയിലൂടെ ചരക്കെത്തിക്കാന്‍ സാധിക്കുമെന്നും ചൈന അവകാശപ്പെടുന്നു. എന്നാല്‍ കപ്പലില്‍ 10000 മുതല്‍ 20000 വരെ കണ്ടെയ്‌നറുകള്‍ അയക്കാമെന്നിരിക്കെ, ഈസ്റ്റ് വിന്‍ഡ് എന്ന് പേരിട്ടിരിക്കുന്ന ട്രെയിനില്‍ യുകെയില്‍ നിന്ന് ചൈനയിലേക്കും തിരിച്ചും 88 കണ്ടെയ്‌നറുകള്‍ മാത്രമെ കൊണ്ടുപോകാന്‍ സാധിക്കുകയുള്ളു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com