അല്‍ ജസീറ ഇനി വേണ്ടെന്ന് ഇസ്രായേല്‍; ഇനിയും പലസ്തീന്‍ വിഷയങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമെന്ന് അല്‍ ജസീറ 

അല്‍ ജസീറയുടെ ഇസ്രായേലിലെ ഓഫീസ് പൂട്ടാനും ജേര്‍ണലിസ്റ്റുകളുടെ അംഗീകാരം എടുത്തുമാറ്റാനും ഇസ്രായേല്‍ തീരുമാനം
അല്‍ ജസീറ ഇനി വേണ്ടെന്ന് ഇസ്രായേല്‍; ഇനിയും പലസ്തീന്‍ വിഷയങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമെന്ന് അല്‍ ജസീറ 

ജറുസലേം:അല്‍ ജസീറയുടെ ഇസ്രായേലിലെ ഓഫീസ് പൂട്ടാനും ജേര്‍ണലിസ്റ്റുകളുടെ അംഗീകാരം എടുത്തുമാറ്റാനും ഇസ്രായേല്‍ തീരുമാനം. കമ്മ്യൂണിക്കേഷന്‍ മിനിസ്റ്റര്‍ അയൂബ് കാര ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു. ഞായറാഴ്ച ജറുസലേമില്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പത്രസമ്മേളനത്തില്‍ നിന്ന് അല്‍ ജസീറ റിപ്പോര്‍ട്ടമാരെ വിലക്കിയിരുന്നു. 

സുന്നി അറബ് രാജ്യങ്ങള്‍ പോലും അല്‍ ജസീറയുടെ ഓഫീസുകള്‍ പൂട്ടുന്ന സാഹചര്യങ്ങള്‍ കണക്കിലെടുത്ത്് ഞങ്ങളും അല്‍ ജസീറയുടെ അനുമതി അവസാനിപ്പിക്കുയാണ് എന്ന് ഇസ്രായേല്‍ മന്ത്രി പറഞ്ഞു. എത്രയും വേഗം ചാനലിന് രാജ്യത്തുള്ള പ്രവര്‍ത്തന സ്വാതന്ത്യം റദ്ദാക്കാനുള്ള നിയമനടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. 

എന്നാല്‍ ചാനലിന്റെ പ്രവര്‍ത്തന സ്വാതന്ത്യം നിഷേധിക്കാനുള്ള ഇസ്രായേല്‍ നീക്കത്തെ അല്‍ ജസീറ അപലപിച്ചു. വിഷയത്തെ നിയമപരമായി നേരിടുമെന്ന് അല്‍ ജസീറ പ്രസ്താവനയില്‍ വ്യക്തമാക്കി. 

അല്‍ അഖ്‌സ പ്രശ്‌നം തെറ്റായ തരത്തില്‍ ചിത്രീകരിച്ച് സംപ്രേക്ഷണം ചെയ്ചതുവെന്ന ഇസ്രായേല്‍ ഭരണകൂടത്തിന്റെ ആരോപണത്തേയും അല്‍ ജസീറ തള്ളിപ്പറഞ്ഞു. ഇനിയും പലസ്തീന്‍ വിഷയങ്ങള്‍ മറ്റ് ന്യൂസ് ഏജന്‍സികള്‍ കവര്‍ ചെയ്യുന്നതുപോലെ കവര്‍ ചെയ്യുമെന്ന് അല്‍ ജസീറ വ്യകതമാക്കി.

ഇസ്രായേല്‍-പലസ്തീന്‍ വിഷയത്തില്‍ ഹമാസിനേയും പലസ്തീനേയും പിന്തുണയ്ക്കുന്ന നിലപാടാണ് അല്‍ ജസീറ സ്വീകരിച്ചു വന്നിരുന്നത്. ഗാസയിലെ രൂക്ഷമായ സംഘര്‍ഷാവസ്ഥ അതേപടി പകര്‍ത്തി ലേകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിച്ച അല്‍ ജസീറയോട് ഇസ്രായേലിന് ശക്തമായ എതിര്‍പ്പുണ്ടായിരുന്നു.ഹമാസിനെ സഹായിക്കുന്നതും സാമ്പത്തിക സഹായം നല്‍കുന്നതും ഖത്തറാണ് എന്നും അല്‍ ജസീറ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണ് എന്നുമാണ് ഇസ്രായേല്‍ നിലപാട്. 

ഖത്തറിനുമേല്‍ ഉപരോധം ഏര്‍പ്പെടുത്തിയ സൗദി സഖ്യത്തിന്റെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു അല്‍ ജസീറ ചാനല്‍ ഖത്തര്‍ അടച്ചുപൂട്ടണം എന്നത്.എന്നാല്‍ അത് അംഗീകരിക്കാന്‍ ഖത്തര്‍ തയ്യാറായിരുന്നില്ല.ഖത്തര്‍ ഭരണം കയ്യാളുന്ന രാജകുടുംബമാണ് അല്‍ ജസീറയ്ക്ക് ഫണ്ട് നല്‍കുന്നത്. ഈജിപ്ത്,സൗദി അടക്കമുള്ള രാജ്യങ്ങളില്‍ ഇതിനോടകം തന്നെ ചാനല്‍ അടച്ചുപൂട്ടിക്കഴിഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com