ആര്‍ത്തവ കാലത്ത് സ്ത്രീകളെ അകറ്റി നിര്‍ത്തുന്നത് ക്രിമിനല്‍ കുറ്റം; അശുദ്ധി കല്‍പ്പിച്ചുള്ള വിവേചനത്തിനെതിരെ നേപ്പാള്‍ സര്‍ക്കാര്‍

ആര്‍ത്തവ ദിനങ്ങളില്‍ സ്വന്തം വീടുകളില്‍ നിന്നും മാറി ദൂരെയുള്ള കുടിലുകളിലാണ് ഇവര്‍ കഴിയുന്നത്
ആര്‍ത്തവ കാലത്ത് സ്ത്രീകളെ അകറ്റി നിര്‍ത്തുന്നത് ക്രിമിനല്‍ കുറ്റം; അശുദ്ധി കല്‍പ്പിച്ചുള്ള വിവേചനത്തിനെതിരെ നേപ്പാള്‍ സര്‍ക്കാര്‍

ആര്‍ത്തവ കാലത്ത് സ്ത്രീകളെ അശുദ്ധി കല്‍പ്പിച്ച് അകറ്റി നിര്‍ത്തുന്നത് നേപ്പാള്‍ സര്‍ക്കാര്‍ ക്രിമിനല്‍ കുറ്റമാക്കുന്നു. ഹിന്ദു ആചാരപ്രകാരം ആര്‍ത്തവ ദിനങ്ങളില്‍ സ്ത്രീകളെ മാറ്റി നിര്‍ത്തുന്ന രീതിക്കെതിരെയാണ് നേപ്പാള്‍ സര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നത്. 

ആര്‍ത്തവത്തെ അശുദ്ധമായി കാണുന്നവരാണ് നേപ്പാളില്‍ അധികവും. ആര്‍ത്തവ ദിനങ്ങളില്‍ സ്വന്തം വീടുകളില്‍ നിന്നും മാറി ദൂരെയുള്ള കുടിലുകളിലാണ് ഇവര്‍ കഴിയുന്നത്. ഛാഹുപഡി എന്നാണ് ഈ സമ്പ്രദായത്തെ നേപ്പാളില്‍ വിശേഷിപ്പിക്കുന്നത്. 

എന്നാല്‍ ചാഹുപാടി അനുഷ്ടിച്ച് ആര്‍ത്തവ ദിനങ്ങളില്‍ വീടുകളില്‍ നിന്നും മാറി ദൂരെ കുടിലുകളില്‍ താമസിക്കാന്‍ സ്ത്രീകളെ നിര്‍ബന്ധിച്ചാല്‍ മൂന്ന് മാസം തടവും, 2000 രൂപ പിഴയുമാണ് നേപ്പാള്‍ സര്‍ക്കാര്‍ ചുമത്താന്‍ പോകുന്നത്. 

ജൂലൈയില്‍ ഛാഹുപഡി അനുഷ്ടിച്ച് കുടിലില്‍ കഴിയവെ പാമ്പു കടിയേറ്റ് ഒരു യുവതി മരിച്ചിരുന്നു. 2016ല്‍ രണ്ട് സ്ത്രീകളും ഈ സമ്പ്രദായം അനുഷ്ടിക്കവെ മരിച്ചിരുന്നു. ഇതിലൊരു സ്ത്രീ പാമ്പിന്റെ കടിയേറ്റ് മരിച്ചപ്പോള്‍ കുടിലിന് തീ പിടിച്ചായിരുന്നു മറ്റൊരു സ്ത്രീ മരിച്ചത്. 

ആര്‍ത്തവ ദിനങ്ങളില്‍ ഒരു തരത്തിലുമുള്ള വിവേചനമോ, തൊട്ടുകൂടായ്മയോ സ്ത്രീകളോട് പാടില്ലെന്നാണ് നേപ്പാള്‍ ഐക്യകണ്‌ഠേന പാസാക്കിയ നിയമത്തില്‍ പറയുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ നിയമം പ്രാബല്യത്തില്‍ വരും. 

ആര്‍ത്തവ ദിനങ്ങള്‍ക്ക് പുറമെ, പ്രസവ ശേഷവും നേപ്പാളില്‍ സ്ത്രീകള്‍ക്ക് ചാഹുപാടി അനുഷ്ടിക്കേണ്ടി വരുന്നു. വീട്ടില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതിന് പുറമെ, ഭക്ഷണ സാധനങ്ങളില്‍ തൊടുന്നതിനും, മത വിശ്വാസ പ്രകാരമുള്ള വിഗ്രഹങ്ങള്‍ക്ക് അടുത്തെത്തുന്നതിനും, കന്നുകാലികളെ മേയ്്ക്കുന്നതിനുമെല്ലാം സ്ത്രീകള്‍ക്ക് വിലക്കാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com