അതിശക്തമായ കാറ്റ്: ലക്ഷദ്വീപ് ഒറ്റപ്പെട്ടു

ദീപ സമൂഹത്തിന് മുകളിലായി ചുഴലിക്കാറ്റ് വീശുന്നത് അതീവ ഗുരുതരമായ കാര്യമാണ്.
അതിശക്തമായ കാറ്റ്: ലക്ഷദ്വീപ് ഒറ്റപ്പെട്ടു

കവരത്തി: ലക്ഷദ്വീപ് ഭാഗത്തേക്ക് നീങ്ങിയ ഓഖി ചുഴലിക്കാറ്റ് ശക്തമായതോടെ ലക്ഷദ്വീപ് പൂര്‍ണമായും ഒറ്റപ്പെട്ടു. ഇന്നലെ മിനികോയ്, കല്‌പേനി ദ്വീപിനു സമീപമായിരുന്നു ചുഴലിക്കാറ്റ് എങ്കില്‍ ഇന്ന് കവരത്തിയിലേക്ക് നീങ്ങിയിട്ടുണ്ട്. മണിക്കൂറില്‍ 145 കിലോമീറ്റര്‍ വരെ വേഗതയിലാണ് ചുഴലിക്കാറ്റ് വീശുന്നത്. ദീപ സമൂഹത്തിന് മുകളിലായി ചുഴലിക്കാറ്റ് വീശുന്നത് അതീവ ഗുരുതരമായ കാര്യമാണ്.

ദ്വീപ സമൂഹം ഒറ്റപ്പെട്ടതോടെ പുറം ലോകവുമായുള്ള ആശയവിനിമയവും കുറഞ്ഞു. കൊച്ചിയില്‍ നിന്ന് ഉള്‍പ്പെടെയുള്ള എട്ട് ബോട്ടുകള്‍ കവരത്തിക്ക് സമീപം കുരുങ്ങി കിടക്കുകയാണ്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി നാവിക സേനയുടെ രണ്ട് കപ്പലുകള്‍ കൂടി ദ്വീപിലേയ്ക്ക് തിരിച്ചിട്ടുണ്ട്. ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

കല്‍പ്പേനി ദ്വീപിലെ ഹെലിപ്പാഡും കടല്‍ ഭിത്തിയും ഭാഗികമായി കടലെടുത്തു. കനത്ത കാറ്റില്‍  ലൈറ്റ് ഹൗസിനും  കേടുപാട് സംഭവിച്ചു. കടല്‍ തീരത്ത് കെട്ടിയിട്ടിരുന്ന നിരവധി ബോട്ടുകള്‍ വെള്ളത്തില്‍ മുങ്ങിപ്പോയി. വീടുകള്‍ക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. 

തീരത്തോടടുത്ത് താമസിക്കുന്നവരെ സമീപത്തെ കോണ്‍ക്രീറ്റ് കെട്ടിങ്ങളിലേയ്ക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. മരങ്ങളും തെങ്ങുകളും കടപുഴകി വീണ് റോഡ് ഗതാഗതം പൂര്‍ണമായും തടസപ്പെട്ടതോടെ ദ്വീപ് തികച്ചും ഒറ്റപ്പെട്ട അവസ്ഥയിലാണ്.

കവരത്തി ദ്വീപിന് സമീപം കേരളത്തില്‍ നിന്നുള്ളത് ഉള്‍പ്പടെ 12 ബോട്ടുകള്‍ എത്തിയിരുന്നു. ഇതില്‍ എട്ടെണ്ണമാണ് കടലില്‍ കുടുങ്ങിക്കിടക്കുന്നത്. കാലാവസ്ഥ പ്രതികൂലമായത് രക്ഷാപ്രവര്‍ത്തനത്തെ പ്രതിസന്ധിയിലാക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com