62 നിലയുള്ള കെട്ടിടത്തിന് മുകളില്‍ നിന്ന് പുള്‍അപ് ചെയ്ത ചൈനീസ് സൂപ്പര്‍മാന് ദാരുണാന്ത്യം

അംബരചുംബികളായ കെട്ടിടങ്ങള്‍ സുരക്ഷാ ഉപകരണങ്ങളുടെ സഹായമില്ലാതെ കീഴടക്കിയിരുന്ന യുവാവ് ലോകത്തിന് തന്നെ അത്ഭുതമായിരുന്നു
62 നിലയുള്ള കെട്ടിടത്തിന് മുകളില്‍ നിന്ന് പുള്‍അപ് ചെയ്ത ചൈനീസ് സൂപ്പര്‍മാന് ദാരുണാന്ത്യം

യരങ്ങള്‍ കീഴടക്കുന്നതില്‍ ആനന്ദം കണ്ടെത്തിയിരുന്ന ചൈനീസ് സൂപ്പര്‍മാന് ദാരുണാന്ത്യം. 62 നില കെട്ടിടത്തില്‍ നിന്ന് പുള്‍അപ്പ് ചെയ്യുന്നതിനിടെ 26 കാരനായ വു താഴേക്ക് വീഴുകയായിരുന്നു. അംബരചുംബികളായ കെട്ടിടങ്ങള്‍ സുരക്ഷാ ഉപകരണങ്ങളുടെ സഹായമില്ലാതെ കീഴടക്കിയിരുന്ന യുവാവ് ലോകത്തിന് തന്നെ അത്ഭുതമായിരുന്നു. 

ഹുനാന്‍ പ്രവിശ്യയിലെ ചങ്ക്ഷയിലുള്ള കെട്ടിടത്തില്‍ വെച്ച് നവംബര്‍ എട്ടിനാണ് വൂ അപകടത്തില്‍ പെടുന്നത്. അദ്ദേഹത്തിന്റെ അവസാനത്തെ സാഹസിക പ്രകടനം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. കെട്ടിടത്തിന് മുകളില്‍ വളരെ ശാന്തമായി നില്‍ക്കുന്ന വൂവിനെയാണ് വീഡിയോയില്‍ കാണുന്നത്. പിന്നീട് കെട്ടിടത്തില്‍ തൂങ്ങിക്കിടന്നുകൊണ്ട് അദ്ദേഹം പുള്‍അപ്പ് ചെയ്തു. ആദ്യത്തെ ശ്രമത്തിന് ശേഷം തിരിച്ച് കയറി വൂ വീണ്ടും പുള്‍അപ്പിനായി ഇറങ്ങി. ഇത് പൂര്‍ത്തിയാക്കി തിരിച്ചുകയറാന്‍ ശ്രമിക്കുന്നതിനിടെ കാലു തെന്നി താഴേക്ക് വീഴുകയായിരുന്നു. 

ഉയരമുള്ള കെട്ടിടങ്ങളിലൂടെ നിഷ്പ്രയാസം കയറിപ്പോകുന്ന വൂവിന്റെ വീഡിയോ നെഞ്ചിടിപ്പ് കൂട്ടുന്നവയാണ്. ഇതിനോടകം നിരവധി കെട്ടിടങ്ങള്‍ കീഴടക്കിയ ഇദ്ദേഹത്തിന് നിരവധി ആരാധകരുണ്ട്. ഒരിക്കലും ചെന്നെത്താന്‍ കഴിയില്ല എന്ന് തോന്നുന്ന സ്ഥലങ്ങളില്‍ നിന്നുള്ള സെല്‍ഫികളും വീഡിയോകളുമാണ് വൂ പോസ്റ്റ് ചെയ്യാറുള്ളത്. തന്റെ  സാഹസിക ലോകത്തെ അറിയിക്കാന്‍ കൈയില്‍ ഒരു സെല്‍ഫി സ്റ്റിക്കുമായിട്ടായിരുന്നു വൂവിന്റെ സഞ്ചാരം. 

കഴിഞ്ഞ മാസമാണ് അപകടം സംഭവിച്ചതെങ്കിലും ഇതുവരെ അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം വൂവിന്റെ കാമുകി സോഷ്യല്‍ മീഡിയയിലൂടെയാണ് ചൈനീസ് സൂപ്പര്‍മാന്റെ മരണം വെളിപ്പെടുത്തിയത്. അമ്മയുടെ ചികിത്സക്കും കല്യാണത്തിന്റെ ചെലവിനുമായി 15000 ഡോളറിന്റെ ചലഞ്ച് വിജയിക്കുന്നതിനുള്ള ശ്രമത്തിനിടെയാണ് സാഹസികന്‍ മരണത്തിലേക്ക് കാല്‍വഴുതി വീണുപോയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com