എട്ട് കിലോ മീറ്ററിന്റെ യാത്രയ്ക്ക് 10 ലക്ഷം ബില്ലിട്ട് യൂബര്‍: കഴുത്തറപ്പന്‍ ബില്‍ കണ്ട് അന്തംവിട്ട് യാത്രക്കാരന്‍

12-16 ഡോളര്‍ ബില്‍ വരേണ്ട സ്ഥാനത്താണ് വലിയ നിരക്ക് ഈടാക്കിയത്‌
എട്ട് കിലോ മീറ്ററിന്റെ യാത്രയ്ക്ക് 10 ലക്ഷം ബില്ലിട്ട് യൂബര്‍: കഴുത്തറപ്പന്‍ ബില്‍ കണ്ട് അന്തംവിട്ട് യാത്രക്കാരന്‍

ടൊറന്‍ഡോ; സാധാരണ ടാക്‌സിയേക്കാള്‍ കുറഞ്ഞ നിരക്ക് വാങ്ങുന്നതുകൊണ്ടാണ് യൂബര്‍ ഉള്‍പ്പടെയുള്ള ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക് വലിയ സ്വീകാര്യത ലഭിച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസം 20 മിനിറ്റിന്റെ യാത്രയ്ക്ക് യൂബര്‍ നല്‍കിയ ബില്‍ കണ്ട് അന്തം വിട്ടിരിക്കുകയാണ് ഒരു യാത്രക്കാരന്‍. എട്ട് കിലോമീറ്ററിന്റെ യാത്രയ്ക്ക് 10 ലക്ഷത്തിന്റെ ബില്ലാണ് യൂബര്‍ നല്‍കിയത്. കാനഡയിലെ ഒരു യാത്രക്കാരനില്‍ നിന്നാണ് യൂബര്‍ വലിയ തുക ഈടാക്കിയത്. 

ടൊറന്‍ഡോയിലെ വിഡ്‌മെര്‍ സ്ട്രീറ്റില്‍ നിന്ന് ക്വീന്‍സ്വേയിലേക്ക് പോകാന്‍ വെള്ളിയാഴ്ചയാണ് യാത്രക്കാരന്‍ യൂബര്‍ ബുക് ചെയ്തത്. ഏകദേശം 7.7 കിലോ മീറ്ററിന്റെ യാത്രയാണിത്. 20 മിനിറ്റിന്റെ യാത്രകഴിഞ്ഞ് യൂബര്‍ നല്‍കിയ ബില്‍ കണ്ട് യാത്രക്കാരന്‍ ഞെട്ടിത്തരിച്ചുപോയി. 18,518 കനേഡിയന്‍ ഡോളറാണ് (ഇന്ത്യന്‍ രൂപയില്‍ 9.28 ലക്ഷം) യാത്രാക്കൂലിയായി ചോദിച്ചിരിക്കുന്നത്. 12-16 ഡോളര്‍ വരെ ബില്‍ വരേണ്ട സ്ഥാനത്താണിത്. ബില്ലിന്റെ സ്‌ക്രീന്‍ഷോട്ട് എടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ സംഭവം വിവാദമായി. 

യാത്രക്കാരന്‍ അടച്ച ബില്‍ തുക മുഴുവന്‍ തിരികെ നല്‍കി കൈകഴുകാനുള്ള തീരുമാനത്തിലാണ് യൂബര്‍. തെറ്റുപറ്റിയതാണെന്നും യാത്രക്കാരന് നേരിട്ട ബുദ്ധിമുട്ടിന് ക്ഷമചോദിക്കുന്നതായും യൂബറിന്റെ വക്താവ് വ്യക്തമാക്കി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും ഇത് എങ്ങനെയാണുണ്ടായതെന്ന് മനസിലാക്കുമെന്നും കമ്പനി പറഞ്ഞു. ആദ്യമായല്ല ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകള്‍ ഇത്തരത്തില്‍ വന്‍ തുക ഈടാക്കുന്നത്. 300 മീറ്ററിന്റെ യാത്രയ്ക്ക് മുംബൈയിലെ യാത്രക്കാരനില്‍ നിന്ന് ഒല 149 കോടി രൂപയുടെ ബില്‍ നല്‍കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com