യുദ്ധമുഖത്ത് നിന്നൊരു ഇംഗ്ലീഷ് ലൈബ്രറി

അനുദിനം വഷളായി കൊണ്ടിരിക്കുന്ന ഗാസ്സയുടെ ജീവിത സാഹചര്യങ്ങളില്‍ മാറ്റമുണ്ടാക്കാന്‍  അക്ഷരങ്ങളിലൂടെ ശ്രമിക്കുകയാണ് മൊസാദ് അബു തോഹ എന്ന 24കാരന്‍.
യുദ്ധമുഖത്ത് നിന്നൊരു ഇംഗ്ലീഷ് ലൈബ്രറി

ലോകത്തിലെ തുറന്ന ജയില്‍ എന്നറിയപ്പെടുന്ന സ്ഥലമാണ് ഗാസ്സ. ഇസ്രയേലും പലസ്ഥീനും പരസ്പരം വിട്ടുകൊടുക്കാതെ പോരാടുമ്പോള്‍ ഇവര്‍ക്കിടയില്‍ ജീവിതം നഷ്ടപ്പെട്ടു കഴിയുന്നത് ലക്ഷക്കണക്കിന് മനുഷ്യരാണ്. അനുദിനം വഷളായി കൊണ്ടിരിക്കുന്ന ഗാസ്സയുടെ ജീവിത സാഹചര്യങ്ങളില്‍ മാറ്റമുണ്ടാക്കാന്‍  അക്ഷരങ്ങളിലൂടെ ശ്രമിക്കുകയാണ് മൊസാദ് അബു തോഹ എന്ന 24കാരന്‍. ബെയ്റ്റ് ലാഹിറയിലെ തന്റെ അപ്പാര്‍ട്ട്‌മെന്റിന്റെ മൂന്നാം നിലയില്‍ ഇംഗ്ലീഷ് പുസ്തകങ്ങള്‍ക്കായി സ്വന്തമായി ഒരു ലൈബ്രറി തുടങ്ങിയിരിക്കുകയാണ് തോഹ. ഇംഗ്ലീഷ് ലിറ്ററേറ്റ് ബിരുദ ധാരിയാണ് തോഹ. 

ഗാസ്സയില്‍ ഇംഗ്ലീഷ് കൃതികള്‍ക്കായി നല്ല ലൈബ്രറികളോ വാങ്ങാന്‍ വലിയ സംവിധാനങ്ങളോ നിലവില്‍ ഇല്ല.ഇതാണ് ഇംഗ്ലീഷ് ലൈബ്രറി തുടങ്ങാന്‍ തോഹയെ പ്രേരിപ്പിച്ചത്.
തോഹ പഠിച്ചിരുന്ന യുണിവേഴ്‌സിറ്റിയിലെ ബോംബാക്രമണത്തില്‍ തകര്‍ന്നുപോയ ആര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റില്‍ കൂടി കടന്നു പോകവെയാണ് തോഹയ്ക്ക് ഗാസ്സയില്‍ സ്വന്തമായൊരു ഇംഗ്ലീഷ് ലൈബ്രറി വേണമെന്ന ആശയമുദിച്ചത്. 

അതിനായി തോഹ ആദ്യം ചെയ്തത് ഫേസ്ബുക്കിലൊരു പേജ് തുടങ്ങുകയായിരുന്നു. അതിലൂടെ തോഹ തന്റെ ഉദ്ദേശ്യം ലോകത്തോട് പറഞ്ഞു. ദിവസങ്ങള്‍ക്കകം  ധാരാളം പുസ്തകങ്ങള്‍ തോഹയെത്തേടിയെത്തി. അതില്‍ ചോംസ്‌കിയുടെ കയ്യൊപ്പിട്ട അദ്ദേഹം അയച്ചു കൊടുത്ത പുസ്തങ്ങളും ഉണ്ടായിരുന്നു. ചോംസ്‌കി,ടോള്‍സ്‌റ്റോയി,ദെസ്‌ത്യോസ്‌കി,ചെക്കോവ് തുടങ്ങി നിരവധി പ്രഗത്ഭരുടെ കൃതികളുടെ ഒരു വലിയ ശേഖരം തന്നെ തോഹയുടെ ലൈബ്രറിയിലുണ്ട്. 

കഴിഞ്ഞ ജൂണ്‍ മുതല്‍ ഡിസംബര്‍ വരെ ഇസ്രയേല്‍ ഗാസ്സയില്‍ പോസ്റ്റല്‍ ഉപരോധം തീര്‍ത്തിരുന്നു. അതുകൊണ്ട് പലരും അയച്ച പുസ്തകങ്ങള്‍ കൃത്യസമയത്ത് തോഹയുടെ കയ്യിലെത്തിയില്ല. എന്നാല്‍ ഇപ്പോള്‍ ഇസ്രയേല്‍ ഉപരോധം താത്കാലികമായി പിന്‍വലിച്ചിരിക്കുകയാണ്. മുടങ്ങിക്കിടന്ന പുസ്തകങ്ങള്‍ വീണ്ടും തോഹയുടെ കയ്യിലേക്കെത്തി തുടങ്ങി. 

2016ല്‍ പലസ്ഥീന്‍ മ്യൂസിയം നടത്തിയ സര്‍വ്വേയില്‍ ഗാസ്സയില്‍ 41 ലൈബ്രറികള്‍ ഉനണ്ടായിരുന്നു എന്നും  21 എണ്ണം പൂട്ടിപ്പോയി എന്നും ഏഴെണ്ണം 2014ലെ ഇസ്രയേല്‍ ആക്രമണത്തില്‍ പൂര്‍ണ്ണമായി നശിച്ചു എന്നും പറയുന്നു. നോര്‍ത്ത് ഈസ്റ്റ് ഗാസ്സയിലെ ബെയ്ത് ഹാനൂണ്‍ ലൈബ്രറിയില്‍ 10,0000 പുസ്തകങ്ങളാണ് കത്തിപ്പോയെന്ന് സര്‍വ്വേയില്‍ പരയുന്നു. 


ഗാസ്സയിലെ യൂണിവേഴ്‌സിറ്റി ലൈബ്രറികള്‍ അടക്കം പ്രവര്‍ത്തിക്കുന്നത് വൈകതുന്നേരം മൂന്ന് മണിവരെ മാത്രമാണ്. പ്രസിദ്ധമായ ഇസ്ലാമിക് ലൈബ്രറി ഓഫ് ഗാസ്സ 2013 ന് ശേഷം പുതിയതായി ഒരു പുസ്തകം പോലും വാങ്ങിയിട്ടില്ല. ഇത്തരം സാഹചര്യത്തിലാണ് സ്വന്തമായി ലൈബ്രറിയുണ്ടാക്കി തോഹ യുദ്ധം തകര്‍ത്തുകൊണ്ടിരിക്കുന്ന നഗരത്തിലേക്ക് അറിവിന്റെ വെളിച്ചം വീശാന്‍ ശ്രമിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com