മൊസൂളിനെ ഐഎസ് മുക്തമേഖലയായി ഔദ്യോഗിക പ്രഖ്യാപനം നടത്തി ഇറാഖ് പ്രധാനമന്ത്രി; ആഘോഷിച്ച് ഇറാഖി ജനത

100,000 വരുന്ന ഇറാഖ് സൈന്യവും ഖുര്‍ദ് വിമതരും ഷിയ പോരാളികളും ചേര്‍ന്നാണ് കഴിഞ്ഞ ഒക്ടോബറില്‍ മൊസൂള്‍ തിരിച്ചുപിടിക്കാനുള്ള അന്തിമ പോരാട്ടത്തിനിറങ്ങിയത്
മൊസൂളിനെ ഐഎസ് മുക്തമേഖലയായി ഔദ്യോഗിക പ്രഖ്യാപനം നടത്തി ഇറാഖ് പ്രധാനമന്ത്രി; ആഘോഷിച്ച് ഇറാഖി ജനത

ബാഗ്ദാദ്: ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അതീനതയില്‍ നിന്ന് മൊസൂളിനെ പൂര്‍ണ്ണമായി മോചിപ്പിച്ചുവെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി. ഇന്നലെ വൈകുന്നേരമാണ് ബാഗ്ദാദില്‍ ഇറാഖ് പ്രധാനമന്ത്രി ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം മൊസൂള്‍ ഇറാഖി സൈന്യം തിരികെപിടിച്ചുവെന്ന് ഹൈദര്‍ മറ്റൊരു വേദിയില്‍ പറഞ്ഞിരുന്നു. 

ഇസ്‌ലാമിക് സ്റ്റേറ്റിന്റെ കപടത നിറഞ്ഞ തീവ്രവാദ പിടിയില്‍ നിന്നും മൊസൂളിനെ ഞങ്ങള്‍ മോചിപ്പിച്ചുവെന്ന് ഞാനിവിടെ പ്രഖ്യാപിക്കുകയാണ്. സൈന്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഹൈദര്‍ പറഞ്ഞു.

ഇസ് ലാമിക് സ്റ്റേറ്റിനെതിരായ യുദ്ധത്തില്‍ പങ്കെടുത്ത അമേരിക്കന്‍ നിയന്ത്രിത സഖ്യസേനയ്ക്കും ഇറാഖ് പ്രധാനമന്ത്രി നന്ദി പറഞ്ഞു. 
സ്ഥിരതയാര്‍ന്ന,സമാധാനപൂര്‍ണ്ണമായ ജീവിതം കെട്ടിപ്പടുക്കാന്‍ മൊസൂളിലെ ജനതയെ സഹായിക്കുക എന്നുള്ളതാണ് നമുക്ക് മുന്നിലുള്ള ഇപ്പോഴത്തെ പ്രധാന ലക്ഷ്യം,അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

100,000 വരുന്ന ഇറാഖ് സൈന്യവും ഖുര്‍ദ് വിമതരും ഷിയ പോരാളികളും ചേര്‍ന്നാണ് കഴിഞ്ഞ ഒക്ടോബറില്‍ മൊസൂള്‍ തിരിച്ചുപിടിക്കാനുള്ള അന്തിമ പോരാട്ടത്തിനിറങ്ങിയത്. അമേരിക്കയും സഖ്യകക്ഷികളും സഹായത്തിനെത്തിയതോടെ മേഖലയിലെ ഐഎസിന്റെ പതനം പൂര്‍ത്തിയായി. 

ഐഎസ് വിമുക്ത മേഖലായായി മൊസൂളിനെ പ്രഖ്യാപിച്ചെങ്കിലും സുരക്ഷാ സേന തത്ക്കാലം പിന്‍മാറില്ലെന്നും തിരച്ചിലുകള്‍ തുടരുമെന്നും അമേരിക്കന്‍ സൈന്യം വ്യക്തമാക്കി. 

പ്രധാനമന്ത്രിയുടെ ഔദ്യോഗിക വിജയ പ്രഖ്യാപനം വന്നതിന് ശേഷം ഇറാഖിലെ പ്രധാന നഗരങ്ങളിലെല്ലാം ആളുകള്‍ ആഹ്ലാദ പ്രകടനങ്ങള്‍ നടത്തി. ഇറാഖിന്റെ കൊടികള്‍ ഉയര്‍ത്തിപ്പിടിച്ച് ജനങ്ങള്‍ ആഹ്ലാദ നൃത്തം ചെയ്തുവെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. 
ഇസ്‌ലാമിക് സ്‌റ്റേറ്റിന്റെ ഇറാഖിലെ അവസാന താവളവുമായിരുന്നു മൊസൂള്‍. ഒന്‍പത് മാസം നീണ്ട് പോരാട്ടത്തിന് ശേഷമാണ് മൊസൂള്‍ സൈന്യത്തിന് പിടിച്ചെടുക്കാനായത്. മൊസുളില്‍ നിന്നും പിന്‍വാങ്ങേണ്ടി വന്നത് ഐഎസിന് കനത്ത തിരിച്ചടിയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com