വെനസ്വേലയ്‌ക്കെതിരെ കടുത്ത സാമ്പത്തിക നടപടി സ്വീകരിക്കുമെന്ന് ട്രംപിന്റെ ഭീഷണി
By സമകാലിക മലയാളം ഡെസ്‌ക്ക് | Published: 18th July 2017 02:26 PM |
Last Updated: 18th July 2017 03:45 PM | A+A A- |

വാഷിങ്ടണ്‍: വെനസ്വേലയില്‍ നിക്കോളസ് മഡുറോ ഭരണഘടന ഭേദഗതി വരുത്തുന്നതില്‍ നിന്ന് പിന്‍മാറിയില്ലെങ്കില്‍ കടുത്ത സാമ്പത്തിക നടപടികള്‍ സ്വീകരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി.ഭരണഘടന തിരുത്തിയെഴുതാന്‍ പോകുന്നതില്‍ പ്രതിഷേധിച്ച് രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ 24 മണിക്കൂര്‍ ബന്ദ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അമേരിക്കന്‍ പ്രസിഡന്റ് വെനസ്വേലയ്‌ക്കെതിരെ ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്. വ്യാഴാഴ്ചയാണ് പ്രതിപക്ഷ കക്ഷികള്‍ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
സ്വേച്ഛാധിപതിയാകാന്‍ ആഗ്രഹിക്കുന്ന ഒരു ചീത്ത നേതാവാണ് മഡുറോയെന്ന് ട്രംപ് കുറ്റപ്പെടുത്തി. വെനസ്വേലയെ ഇനിയും നശിപ്പിക്കാന്‍ കൂട്ടുനില്‍ക്കുകയില്ലെന്ന് ട്രംപ് പ്രസ്താവനയിലൂടെ വ്യക്തമാക്കി. എന്തുതരം സാമ്പത്തിക നടപടിയാണ് വെനസ്വേലയ്ക്ക് മേല്‍ നടപ്പാക്കുകയെന്ന് ട്രംപ് പറഞ്ഞില്ല. എന്നാല്‍ പ്രതിഷേധക്കാരെ പിന്തുണയ്ക്കുന്ന നിലപാടാകും സ്വീകരിക്കുകയെന്ന സൂചനയാണ് ട്രംപിന്റെ വാക്കുകളിലുള്ളത്.
കമ്മ്യൂണിസ്റ്റ് വിപ്ലവത്തിലൂടെ ഹ്യൂഗോ ഷാവേസ് അമേരിക്കന്‍ പിന്തുണയുണ്ടായിരുന്ന ഏകാധിപതിയെ താഴെയിറക്കി അധികാരം പിടിച്ചെടുത്തതിന് ശേഷം അമേരിക്ക വെനസ്വേലയില്‍ കാര്യമായ ഇടപെടലുകള്‍ നടത്തിയിരുന്നില്ല. ഇപ്പോള്‍ ഷാവേസിന്റെ പിന്‍ തലമുറക്കാരന്‍ നിക്കോളാസ് മഡുറോ ജനകീയ സമരങ്ങളെ അടിച്ചമര്‍ത്തുന്നത് മുതലെടുത്ത് പ്രതിപക്ഷ പാര്‍ട്ടികളുമായി അടുത്ത് വെനസ്വേലയില്‍ ഇടപെടലുകള്‍ നടത്താനാണ് ട്രംപിന്റെ നീക്കം.
ഷാവേസിന്റെ മരണശേഷം അധികാരത്തിലെത്തിയ മഡുറോ ജനദ്രോഹ നടപടികളാണ് സ്വീകരിച്ചുവരുന്നത്. വലിയ സാമ്പത്തിക പ്രതിസന്ധി രൂപപ്പെട്ട വെനസ്വേലയില്‍ കറന്‍സി നിരോധനം ഏര്‍പ്പെടുത്തിയതും റേഷന്‍ വിതരണം കുറച്ചതുമെല്ലാം സര്‍ക്കാരിനെതിരായ ജനവികാരം ഇളക്കിവിടാന്‍ കാരണമായി. സൈന്യത്തിന് ഭരണത്തില്‍ കൂടുതല്‍ ഇടപെടാന്‍ അവസരം ഒരുക്കിക്കൊടുത്ത മഡുറോ തന്റെ അധികാരങ്ങള്‍ ആരും ചോദ്യം ചെയ്യാത്ത തരത്തിലുള്ള ഭരണഘടനാ ഭേദഗതിക്ക് ഒരുങ്ങുകയാണ്. ഇതിനെതിരെയാണ് ഇപ്പോള്‍ പ്രധാനമായും സമരം നടക്കുന്നത്. പട്ടാളത്തിന്റെ ഒരുവിഭാഗം സമരക്കാരെ പിന്തുണയ്ക്കുന്നവരാണ് എന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.
സമരക്കാര്‍ക്ക് നേരെ പൊലീസും സൈന്യവും നടത്തിയ വെടിവെയ്പ്പില്‍ ഇതുവരെ നൂറിലെപ്പേര്‍ മരിച്ചുകഴിഞ്ഞു. നൂറ് ദിവസം പിന്നിട്ട സമരം അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ ക്രൂരമായ മര്‍ദ്ദന മുറകളാണ് പ്രയോഗിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
സമരം ചെയ്യുന്ന ഒരുവിഭാഗം കഴിഞ്ഞ ദിവസം വെനസ്വേല സുപ്രീംകോടതിക്ക് നേരെ ഹെലികോപ്ടര്‍ ആക്രമണം നടത്തിയിരുന്നു. തന്നെ വലതുപക്ഷവും സാമ്രാജ്യത്വ ശക്തിയായ അമേരിക്കയും ആക്രമിക്കുകയാണെന്നും താന്‍ ജനങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നയാളല്ല എന്നുമാണ് മഡുറോയുടെ വാദം.