കാറ്റലോണിയന്‍ തീരത്ത് സ്വാതന്ത്ര്യത്തിന്റെ കാറ്റ് വീശുന്നു; സ്വതന്ത്ര രാജ്യമാകാന്‍ ഹിതപരിശോധന നടത്തും 

സ്‌പെയിനില്‍ നിന്നും പുറത്തുവന്ന് റിപ്പബ്ലിക്കന്‍ രാജ്യമാകുന്നതിനായി ഹിതപരിശോധന നടത്താന്‍ അനുവദിക്കില്ലെന്നാണ് സ്‌പെയിന്‍ ഭരണകൂടം വ്യക്തമാക്കിയിരിക്കുന്നത്
കാറ്റലോണിയന്‍ തീരത്ത് സ്വാതന്ത്ര്യത്തിന്റെ കാറ്റ് വീശുന്നു; സ്വതന്ത്ര രാജ്യമാകാന്‍ ഹിതപരിശോധന നടത്തും 

കാറ്റലോണിയന്‍ തീരത്ത് വീണ്ടും സ്വാതന്ത്ര്യത്തിന്റെ കാറ്റ് വീശുന്നു.
സ്‌പെയിനില്‍ നിന്നും  വേര്‍പ്പെട്ട് സ്വതന്ത്ര രാജ്യമാകുന്നതില്‍ ജനങ്ങളുടെ അഭിപ്രായം ആരായാന്‍ കാറ്റലോണിയയില്‍ ഹിതപരിശോധന നടത്തും. 

ഒക്‌റ്റോബര്‍ ഒന്നിന് ഹിതപരിശോധന നടത്തുമെന്നാണ് കാറ്റലോണിയന്‍ ഭരണതലവന്‍ കാര്‍ലസ് പഗ്ഡമന്റ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ സ്‌പെയിനില്‍ നിന്നും പുറത്തുവന്ന് റിപ്പബ്ലിക്കന്‍ രാജ്യമാകുന്നതിനായി ഹിതപരിശോധന നടത്താന്‍ അനുവദിക്കില്ലെന്നാണ് സ്‌പെയിന്‍ ഭരണകൂടം വ്യക്തമാക്കിയിരിക്കുന്നത്. 

നിയമവിരുദ്ധമായതിനാല്‍ ഹിതപരിശോധന നടത്താന്‍ അനുവദിക്കില്ലെന്നാണ് സ്‌പെയിനിന്റെ വാദം. സ്‌പെയിന്‍ ഭരണഘടനയിലെ 155ാം ആര്‍ട്ടിക്കിള്‍ അനുസരിച്ച് കാറ്റലോണിയയിലെ പ്രാദേശിക ഭരണത്തില്‍ സ്‌പെയിനിന് ഇടപെടാമെന്നും, ഹിതപരിശോധന വിലക്കാമെന്നും സ്‌പെയിന്‍ ഭരണകൂട വക്താക്കള്‍ പറയുന്നു. 

എന്നാല്‍ മാഡ്രിഡില്‍ നിന്നും കാറ്റലോണിയയിലേക്കുള്ള ഇടപെടല്‍ നീണ്ടുനില്‍ക്കുന്ന നിയമയുദ്ധങ്ങള്‍ക്ക് വഴിവെച്ചേക്കുമെന്നാണ് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ബീച്ച് റിസോര്‍ട്ടുകളും, മലകളും നിറഞ്ഞ കാറ്റിലോണിയ സ്‌പെയിന്റെ സാമ്പദ് വ്യവസ്ഥയുടെ അഞ്ചില്‍ ഒന്ന് വഹിക്കുന്നു. ബാര്‍സലോണ തലസ്ഥാനമായുള്ള കാറ്റലോണിയയ്ക്ക് തങ്ങളുടേതായ ഭാഷയും വ്യത്യസ്തമായ സംസ്‌കാരവുമുണ്ട്. 

സ്‌പെയിനില്‍ നിന്നും വേര്‍പ്പെട്ട് സ്വതന്ത്ര്യ രാജ്യമാകുന്നതിനുള്ള ചര്‍ച്ചകള്‍ കാറ്റലോണിയന്‍ തീരത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പേ തുടങ്ങിയിരുന്നു. 2014ല്‍ നടന്ന ഹിതപരിശോധനയില്‍ 80 ശതമാനം ജനങ്ങളും സ്‌പെയിന്‍ വിട്ട് സ്വതന്ത്ര രാജ്യമാകുന്നതിന് പിന്തുണച്ചിരുന്നു. എന്നാല്‍ വോട്ടുശതമാനം കുറവായിരുന്നു എന്നതുള്‍പ്പെടെയുള്ള കാരണങ്ങള്‍ പറഞ്ഞ് ആ ഹിതപരിശോധനാ ഫലം സ്‌പെയിന്‍ തള്ളുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com