ലണ്ടനില്‍ പ്രാര്‍ഥന കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് നേരെ വാഹനം ഇടിച്ചു കയറ്റി; തീവ്രവാദ ആക്രമണമെന്ന് സ്ഥിരീകരണം

മുസ്ലീം പള്ളിയില്‍ നിന്നും പ്രാര്‍ഥന കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് നേരെ വാനിടിച്ചു കയറ്റിയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും, പത്ത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു
ലണ്ടനില്‍ പ്രാര്‍ഥന കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് നേരെ വാഹനം ഇടിച്ചു കയറ്റി; തീവ്രവാദ ആക്രമണമെന്ന് സ്ഥിരീകരണം

ലണ്ടന്‍: ജനങ്ങള്‍ക്കിടയിലേക്ക് വാഹനം ഇടിച്ചുകയറ്റി തിങ്കളാഴ്ച ലണ്ടനിലുണ്ടായത് ഭീകരാക്രമണമെന്ന് സ്ഥിരീകരണം. മുസ്ലീം പള്ളിയില്‍ നിന്നും പ്രാര്‍ഥന കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് നേരെ വാനിടിച്ചു കയറ്റിയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും, പത്ത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

റമദാന്‍ മാസത്തിലെ പ്രാര്‍ഥന കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് നേരെയുണ്ടായത് ഭീകരാക്രമണമാണെന്ന് ബ്രീട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് പറഞ്ഞു. ആക്രമണം ഉണ്ടായതിന് ശേഷം സ്ഥിതിഗതികള്‍ വിശകലനം ചെയ്യാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.

വാന്‍ ഓടിച്ചിരുന്ന ഡ്രൈവറെ സംഭവ സ്ഥലത്ത് വെച്ചുതന്നെ പിടികൂടിയിരുന്നു. ബ്രിട്ടനിലെ വലിയ മുസ്ലീം പള്ളികളില്‍ ഒന്നായ ഫിന്‍സ്ബറി പാര്‍ക്ക് മോസ്‌കിന് സമീപമാണ് ആക്രമണമുണ്ടായത്. തുടര്‍ച്ചയായുണ്ടാകുന്ന ആക്രമണങ്ങള്‍ തടയാന്‍ ബ്രിട്ടന് സാധിക്കുന്നില്ല എന്നതിന് തെളിവാണ് ഇന്നുണ്ടായിരിക്കുന്ന ആക്രമണം. 

ജൂണ്‍  മൂന്നിന് ലണ്ടന്‍ ബ്രിഡ്ജിന് സമീപമുണ്ടായ ഇസ്ലാമിസ്റ്റ് തീവ്രവാദികളുടെ ആക്രമണത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. 50 പേര്‍ക്കാണ് അന്നുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റത്. 

മാര്‍ച്ച് 22ന് ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ ബ്രിഡ്ജിന് സമീപം കാല്‍നടയാത്രക്കാര്‍ക്ക് നേരെ ആക്രമി വാഹനം ഇടിച്ചുകയറ്റി നടത്തിയ ആക്രമണത്തില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com