വൈറ്റ്ഹൗസിലെ ഇഫ്താര്‍ വിരുന്നും വേണ്ടെന്ന് വെച്ച് ട്രംപ്‌; ഉപേക്ഷിച്ചത്‌20 വര്‍ഷത്തെ കീഴ് വഴക്കം

2001 സെപ്റ്റംബറിലെ തീവ്രവാദി ആക്രമണം നടന്നതിന് ശേഷവും ഇഫ്താര്‍ വിരുന്ന് ഒരുക്കാന്‍ ജോര്‍ജ് ബുഷ് മടിച്ചിരുന്നില്ല
വൈറ്റ്ഹൗസിലെ ഇഫ്താര്‍ വിരുന്നും വേണ്ടെന്ന് വെച്ച് ട്രംപ്‌; ഉപേക്ഷിച്ചത്‌20 വര്‍ഷത്തെ കീഴ് വഴക്കം

20 വര്‍ഷമായി തുടരുന്ന കീഴ് വഴക്കം കാറ്റില്‍ പറത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ്ഹൗസിലെ ഇഫ്താര്‍ വിരുന്ന് ഇത്തവണ ഉപേക്ഷച്ചു. ട്രംപിന്റെ മുസ്ലീം വിരുദ്ധ മനോഭാവത്തിന്റെ മറ്റൊരു ഉദാഹരണം കൂടിയാണ് ഇഫ്താര്‍ സത്കാരം വേണ്ടെന്ന് വെച്ചതിന് പിന്നിലെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു. 

1805ല്‍ തോമസ് ജെഫേഴ്‌സണ്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന സമയത്തായിരുന്നു ആദ്യമായി പ്രസിഡന്റിന്റെ വസതിയില്‍ ഇഫ്താര്‍ സത്കാരം നടത്തുന്നത്. തുണീഷ്യന്‍ അംബാസിഡറിനെയായിരുന്നു ജെഫേഴ്‌സണ്‍ ഇഫ്താര്‍ വിരുന്നിലേക്ക് ക്ഷണിച്ചത്. 

1996ല്‍ ഹിലരി ക്ലിന്റന്‍ പ്രഥമ വനിതയായി എത്തിയപ്പോഴായിരുന്നു വീണ്ടും വൈറ്റ്ഹൗസില്‍ ഇഫ്താര്‍ വിരുന്ന് നടന്നത്. ഈദുല്‍ ഫിതര്‍ ആഘോഷത്തിന്റെ ഭാഗമായി 150 പേര്‍ക്കായിരുന്നു ഹിലരി വൈറ്റ് ഹൗസില്‍ അന്ന് വിരുന്നൊരുക്കിയത്. 

അമേരിക്കയിലെ മുസ്ലീം വിഭാഗത്തില്‍ ഉള്‍പ്പെടുന്ന നയതന്ത്ര വിദഗ്ധര്‍, ഉന്നത ഉദ്യോഗസ്ഥര്‍, മറ്റ് നേതാക്കള്‍ എന്നിവര്‍ക്കെല്ലാമായി ഇഫ്താര്‍ വിരുന്ന് ഒരുക്കുന്ന കീഴ് വഴക്കം 1999 മുതല്‍ ട്രംപിന് മുന്‍പ് വരെയുള്ള പ്രസിഡന്റുമാരെല്ലാം തുടര്‍ന്നു പോന്നിരുന്നു. 2001 സെപ്റ്റംബറിലെ തീവ്രവാദി ആക്രമണം നടന്നതിന് ശേഷവും ഇഫ്താര്‍ വിരുന്ന് ഒരുക്കാന്‍ ജോര്‍ജ് ബുഷ് മടിച്ചിരുന്നില്ല. 

മതം, അന്താരാഷ്ട്ര ബന്ധം എന്നിവ കൈകാര്യം ചെയ്യുന്ന വകുപ്പ്, ഈദുല്‍ ഫിതറിന്റെ ഭാഗമായി വിരുന്ന് ഒരുക്കണമെന്ന നിര്‍ദേശം മുന്നോട്ടു വെച്ചെങ്കിലും സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയ റെക്‌സ് ടില്ലേര്‍സണ്‍ അത് നിരിസിച്ചിരുന്നതായി റോയ്‌റ്റേഴ്‌സ് മേയ് മാസത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

ആറ് മുസ്ലീം രാജ്യങ്ങളില്‍ നിന്നുമുള്ള പൗരന്മാര്‍ക്ക് അമേരിക്കയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയത് മുതല്‍ ട്രംപിന്റെ മുസ്ലീം വിരുദ്ധ നിലപാട് അമേരിക്കയിലും പുറത്തും വലിയ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ട്രംപിന്റെ മുസ്ലിം വിരുദ്ധ നിലപാടുകളില്‍ പ്രതിഷേധിച്ച് ജൂണ്‍ ഒന്നിന് ട്രംപിന്റെ ബിസിനസ് ഹെഡ്‌കോര്‍ട്ടേഴ്‌സിന് മുന്നില്‍ മുസ്ലീം സംഘടനകള്‍ ഇഫ്താര്‍ ഇന്‍ ദി സ്ട്രീറ്റ് എന്ന പേരില്‍ പ്രതിഷേധിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com