അടുത്ത ബന്ധുക്കള്‍ ഉള്ളവര്‍ക്ക് മാത്രം അമേരിക്കയിലേക്ക് വിസ; ആറ് മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങളുമായി അമേരിക്ക

ആറ് മുസ്ലീം രാജ്യങ്ങളില്‍ നിന്നുമുള്ള പൗരന്മാര്‍ക്ക് അമേരിക്കന്‍ വിസ ലഭിക്കുന്നതിന് പുതിയ നിയന്ത്രണങ്ങളുമായി അമേരിക്കന്‍ ഭരണകൂടം
അടുത്ത ബന്ധുക്കള്‍ ഉള്ളവര്‍ക്ക് മാത്രം അമേരിക്കയിലേക്ക് വിസ; ആറ് മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങളുമായി അമേരിക്ക

വാഷിങ്ടണ്‍: ആറ് മുസ്ലീം രാജ്യങ്ങളില്‍ നിന്നുമുള്ള പൗരന്മാര്‍ക്കും, അഭയാര്‍ഥികള്‍ക്കും അമേരിക്കന്‍ വിസ ലഭിക്കുന്നതിന് പുതിയ നിയന്ത്രണങ്ങളുമായി അമേരിക്കന്‍ ഭരണകൂടം. അമേരിക്കയില്‍ അടുത്ത ബന്ധുക്കള്‍  ഉള്ളവര്‍ക്കും, ബിസിനസ് ആവശ്യങ്ങള്‍ക്കായി വരേണ്ടവര്‍ക്കും മാത്രമായിരിക്കും ആറ് മുസ്ലീം രാജ്യങ്ങളില്‍ നിന്നും അമേരിക്കയിലേക്ക് വിസ അനുവദിക്കുക. 

വിസ നിയന്ത്രണത്തിലുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ വിവിധ രാജ്യങ്ങളിലെ അമേരിക്കന്‍ എംബസികളേയും, കോണ്‍സലേറ്റുകളേയും അറിയിച്ചു. അമേരിക്കയിലുള്ള മാതാപിതാക്കള്‍, ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവ്, മക്കള്‍, മരുമക്കള്‍, സഹോദരങ്ങള്‍ എന്നിവരുമായി ബന്ധമുള്ള മുസ്ലീം രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് മാത്രമായിരിക്കും ഇനി അമേരിക്കയില്‍ പ്രവേശിക്കാനാവുക. 

എന്നാല്‍ പേരക്കുട്ടികള്‍, മുത്തച്ഛന്‍ മുത്തശ്ശി, പ്രതിശ്രുതവധു, കസിന്‍സ്, സഹോദരന്റേയോ, സഹോദരിയുടേയോ മകള്‍ എന്നിവര്‍ അടുത്ത ബന്ധുക്കളുടെ ഗണത്തില്‍ വരില്ലെന്നും ട്രംപിന്റെ പുതിയ ഉത്തരവില്‍ വ്യക്തമാക്കുന്നു. പുതിയ ഉത്തരവ് വരുന്നതിന് മുന്‍പ് അനുവദിച്ചിരിക്കുന്ന വിസകള്‍ അസാധുവാക്കില്ല. സിറിയ, സുഡാന്‍, സൊമാലിയ, ലിബിയ, ഇറാന്‍,യെമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുമുള്ള പൗരന്മാര്‍ക്കാണ് വിസ നിയന്ത്രണം. 

ആറ് മുസ്ലീം രാജ്യങ്ങളില്‍ നിന്നുമുള്ള പൗരന്മാര്‍ക്ക് അമേരിക്കയില്‍ പ്രവേശിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയ ട്രംപിന്റെ ഉത്തരവിനുള്ള സ്റ്റേ അമേരിക്കന്‍ കോടതി ഭാഗീകമായി പിന്‍വലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ ഉത്തരവ് വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com