ഒടുവില്‍ ജന്മനാട്ടില്‍ മാര്‍ക്‌സിന്റെ പ്രതിമ; പണം മുടക്കുന്നത് ചൈന; അംഗീകരിച്ച് ജര്‍മ്മനി

ജന്മനാടായ ട്രയറില്‍ മാര്‍ക്‌സിന്റെ വെങ്കല പ്രതിമ സ്ഥാപിക്കാം എന്നുള്ള ചൈനയുടെ നിര്‍ദ്ദേശം സിറ്റി കൗണ്‍സില്‍ അംഗീകരിച്ചു
ട്രയറില്‍ മാര്‍ക്‌സിന്റെ വെങ്കല പ്രതിമ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് ജനങ്ങളുടെ അഭിപ്രായം തേടുന്നതിനായി പ്രതീകാത്മകമായി സ്ഥാപിച്ച തടികൊണ്ടുള്ള പ്രതിമ
ട്രയറില്‍ മാര്‍ക്‌സിന്റെ വെങ്കല പ്രതിമ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് ജനങ്ങളുടെ അഭിപ്രായം തേടുന്നതിനായി പ്രതീകാത്മകമായി സ്ഥാപിച്ച തടികൊണ്ടുള്ള പ്രതിമ

നീണ്ട വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവില്‍ മാര്‍ക്‌സ് ജനിച്ച ജര്‍മ്മനിയിലെ ട്രയറില്‍ മാര്‍ക്‌സിന്റെ പ്രതിമ സ്ഥാപിക്കുന്നു. മാസങ്ങള്‍ നീണ്ട സംവാദങ്ങള്‍ക്കു ശേഷം ട്രയര്‍ സിറ്റി കൗണ്‍സിലാണ് പ്രതിമ സ്ഥാപിക്കാന്‍ അനുമതി നല്‍കിയത്. 20 അടി ഉയരത്തിലുള്ള വെങ്കല പ്രതിമ നിര്‍മിച്ചു നല്‍കാം എന്ന ചൈനയുടെ വാഗ്ദാനം അംഗീകരിക്കാനും സിറ്റി കൗണ്‍സില്‍ തീരുമാനിച്ചു. ചൈനയുടെ വാഗ്ദാനം സ്വീകരിക്കുന്നതിന് എതിരേ ജര്‍മ്മനിയില്‍ ഒരു വിഭാഗം വ്യാപക പ്രതിഷേധം നടത്തിയിരുന്നു. മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കു പേരുകേട്ട ചൈനയില്‍ നിന്നു സഹായം വേണ്ട എന്നായിരുന്നു നിലപാട്. 
അടുത്തവര്‍ഷം മേയിലാണ് മാര്‍ക്‌സിന്റെ ഇരുനൂറാം ജന്മവാര്‍ഷികം (ജനനം:മേയ് അഞ്ച്, 1818). പഴയ പശ്ചിമ ജര്‍മ്മനിയൂടെ ഭാഗമായ ട്രയറിലാണ് ജനിച്ചതെങ്കിലും മാര്‍ക്‌സിന്റെ വലിയ പ്രതിമകളൊന്നും നഗരത്തില്‍ ഉണ്ടായിരുന്നില്ല. ജന്മവീട് കാള്‍ മാര്‍ക്‌സ് ഹൗസ് എന്ന പേരില്‍ സംരക്ഷിച്ചിരിക്കുന്നതാണ് നിലവിലുള്ള സ്മാരകം. കമ്മ്യൂണിസ്റ്റ് കേന്ദ്രമായി അറിയപ്പെട്ടിരുന്ന കിഴക്കന്‍ ജര്‍മ്മനിയില്‍ ഇപ്പോഴും നൂറുകണക്കിനു പ്രതിമകളും സ്മാരകങ്ങളും മാര്‍ക്‌സിനുണ്ട്. ട്രയറില്‍ ജനിച്ചെങ്കിലും ബെര്‍ലിനിലും ലണ്ടനിലും പാരീസിലുമായി ജീവിച്ച മാര്‍ക്‌സിന് ജന്മനാടുമായി വലിയ ബന്ധവും ഉണ്ടായിരുന്നില്ല. 
ജന്മവാര്‍ഷികത്തോട് അനുബന്ധിച്ചെങ്കിലും മാര്‍ക്‌സിന്റെ പ്രതിമ സ്ഥാപിക്കണം എന്ന നിര്‍ദ്ദേശം വന്നപ്പോള്‍ ചൈനയാണ് സമ്മാനം പ്രഖ്യാപിച്ചത്. 20 അടി ഉയരത്തില്‍ ചൈനീസ് ശില്‍പി വൂ വെയ്ഷാന്‍ ശില്‍പ്പം പണിയും എന്നായിരുന്നു വാഗ്ദാനം. ഈ നിര്‍ദ്ദേശം സിറ്റി കൗണ്‍സില്‍ പൊതുജനങ്ങള്‍ക്കു മുന്‍പില്‍ വച്ചു. അനുകൂലമായും പ്രതികൂലമായും നിരവധി വാദമുഖങ്ങള്‍ ഉയര്‍ന്നു. 
ഒടുവില്‍ വെങ്കല പ്രതിമ സ്ഥാപിച്ചാല്‍ എങ്ങനെ ഇരിക്കും എന്നു കാണിക്കുന്നതിനായി തടിയില്‍ തീര്‍ത്ത ഒരു പ്രതിമ നിര്‍ദ്ദിഷ്ട സ്ഥലത്ത് കൗണ്‍സില്‍ സ്ഥാപിച്ചു. ഒടുവില്‍ മാര്‍ക്‌സിനെ ആദരിക്കാന്‍ തന്നെ ജന്മനാട് തീരുമാനിച്ചു. എങ്കിലും പ്രതിമയുടെ ഉയരം സംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടില്ല എന്നാണ് ഇന്നു ചേര്‍ന്ന സിറ്റി കൗണ്‍സില്‍ യോഗത്തിനു ശേഷം പ്രഖ്യാപനമുണ്ടായത്. പ്രതിമയ്ക്ക് 20 അടി ഉയരം ആവശ്യമില്ലെന്നും അല്‍പ്പംകൂടി ചെറിയ പ്രതിമ മതിയെന്നു ചൈനയെ അറിയിക്കുമെന്നുമാണ് സിറ്റി കൗണ്‍സില്‍ അറിയിച്ചത്. 
മൊസെല്ലെ നദിയുടെ തീരത്തു വൈനിനു പ്രശസ്തമായ നഗരമാണ് ട്രെയര്‍. ചൈനയില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ നിരന്തരം എത്തുന്ന പ്രദേശം കൂടിയാണിത്. മാര്‍ക്‌സിയന്‍ ആദര്‍ശങ്ങളോട് ഏറെക്കാലം അകന്നു നിന്ന പ്രദേശമാണെങ്കിലും ഇപ്പോള്‍ നാടിന്റെ പ്രിയപുത്രനെക്കുറിച്ച് അഭിമാനം കൊള്ളുന്നവരാണ് ട്രയറില്‍ കൂടുതലും. ലോകമെങ്ങും മാര്‍ക്‌സിനെ അംഗീകരിച്ചപ്പോഴും ജനനത്തിന്റെ ഇരുനൂറാം വര്‍ഷമാണ് സ്വന്തം നാട്ടുകാര്‍ ഒരു പ്രതിമ സ്ഥാപിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com