'ഞങ്ങള്‍ സ്ത്രീകളായിരുന്നെങ്കില്‍ കാണാമായിരുന്നു'; 'ബിബിസി ഡാഡി'യെ പരിഹസിച്ച് 'ബിബിസി മമ്മി'

ബിബിസിയ്ക്ക് മറ്റൊരു ടെലിവിഷന്‍ സംഘം തമാശയിലൂടെ കൊടുത്തത് എട്ടിന്റെ ട്രോള്‍!
'ഞങ്ങള്‍ സ്ത്രീകളായിരുന്നെങ്കില്‍ കാണാമായിരുന്നു'; 'ബിബിസി ഡാഡി'യെ പരിഹസിച്ച് 'ബിബിസി മമ്മി'

അച്ഛന്‍ ബിബിസി ചാനല്‍ ചര്‍ച്ച ചെയ്യുന്നതിനിടെ മുറിയിലേക്ക് കുസൃതികളുമായി കുട്ടികള്‍ എത്തിയ വാര്‍ത്ത ലോകം ഏറ്റെടുത്തതോടെ ബിബിസി കുടുംബത്തെയൊന്നാകെ ചര്‍ച്ചയ്ക്ക് എത്തിച്ച് വീണ്ടും വാര്‍ത്തയാക്കി. വാര്‍ത്തയ്ക്കു മുകളില്‍ വാര്‍ത്തയടിച്ച ബിബിസിയ്ക്ക് മറ്റൊരു ടെലിവിഷന്‍ സംഘം തമാശയിലൂടെ കൊടുത്തത് എട്ടിന്റെ പണി.
പുരുഷന്മാര്‍ ചര്‍ച്ച ചെയ്യുമ്പോള്‍ കുട്ടികള്‍ വന്നാല്‍ ഡീല്‍ ചെയ്യാന്‍ പോലും അറിയാത്തതാണ് ഈ വീഡിയോയ്ക്ക് ആധാരമെന്ന് വാദിക്കുന്നതാണ് പുതിയ വീഡിയോയിലെ സന്ദേശം. സ്ത്രീകളാണ് ചര്‍ച്ചയ്‌ക്കെത്തുന്നതെങ്കില്‍ ഇത്തരം സംഭവങ്ങള്‍ വന്നാലും അവര്‍ കുലുങ്ങാതെ ചര്‍ച്ച ചെയ്യുമെന്നും അതിനിടയില്‍ അവരുടേതായ ജോലികള്‍ ചെയ്യുമെന്നും ബിബിസി വീഡിയോയെ പരിഹസിച്ച് ഇറക്കിയ പുതിയ വീഡിയോയില്‍ കാണിച്ചുതരുന്നു.
ന്യൂസിലാന്റിലെ ജോനോ ആന്റ് ബെന്‍ എന്ന കോമഡി ഷോയിലൂടെയാണ് ബിബിസിയ്ക്ക് നേരെ പരിഹാസം ചൊരിഞ്ഞത്.


റോബര്‍ട്ട് കെല്ലി എന്ന പ്രൊഫസര്‍ ബിബിസി ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുമ്പോള്‍ കെല്ലിയുടെ കുസൃതികളായ കുട്ടികള്‍ അവിടേക്ക് എത്തുന്നതും അത് ഡീല്‍ ചെയ്യാനാവാതെ ചര്‍ച്ചയില്‍ ചെറിയ തടസ്സം വരുന്നതും പിന്നീട് കെല്ലിയുടെ ഭാര്യ എത്തി കുട്ടികളെ ക്യാമറയില്‍ പതിയാത്ത രീതിയില്‍ പിടിച്ചുകൊണ്ടുപോകുന്നതുമായിരുന്നു സംഭവം. ഈ വീഡിയോ എല്ലാവരും വളരെയേറെ ആസ്വദിച്ചു. ഇതിനെത്തുടര്‍ന്ന് കെല്ലിയെയും കുടുംബത്തെയും ചര്‍ച്ചയിലേക്കെത്തിച്ച് ബിബിസി വീണ്ടും വാര്‍ത്തയാക്കി.

ഇതിനെത്തുടര്‍ന്നാണ് ജോ ആന്റ് ബെന്‍ കോമഡി ഷോ സംഘം ട്രോളുമായി വന്നത്. ബിബിസി ചര്‍ച്ചയുടെ മാതൃകയില്‍ത്തന്നെ ഒരുക്കിയ ടെലിവിഷന്‍ ഷോയില്‍ ദക്ഷിണ കൊറിയന്‍ സംഭവങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സ്ത്രീയുടെ മുറിയിലേക്ക് കുട്ടികള്‍ കയറിവരുമ്പോള്‍ അവര്‍ ചര്‍ച്ച മുറിയാതെതന്നെ കുട്ടിയ്ക്ക് പാലു കൊടുത്തു വിടുന്നു. അടുത്ത നിമിഷം ഓവനില്‍നിന്നും ഭക്ഷണം തയ്യാറാക്കുകയും ടോയ്‌ലറ്റ് ക്ലീന്‍ ചെയ്യുകയും ഭര്‍ത്താവിന്റെ ഷര്‍ട്ട് അയേണ്‍ ചെയ്തുകൊടുക്കുകയും ചെയ്യുന്നു. ഈ സമയങ്ങളിലൊന്നും ചര്‍ച്ചയ്ക്ക് കുറവു വരുന്നുമില്ല. അവസാനം വാതിലിനോടു ചേര്‍ന്ന് ഭര്‍ത്താവ് ഒരു സോക്‌സുമായി വന്ന് രണ്ടാമത്തേതിനെക്കുറിച്ച് അന്വേഷിക്കുന്നിടത്താണ് ഈ തമാശ വീഡിയോ അവസാനിക്കുന്നത്.
കെയ്റ്റ് വെര്‍ഡ്‌സ്വര്‍ത്താണ് ഇതില്‍ പ്രധാനറോള്‍ ചെയ്തത്. തമാശയ്ക്ക് ചെയ്തതാണെങ്കിലും ചര്‍ച്ച ചെയ്യാനല്ലാതെ മറ്റൊന്നിനും കൊള്ളാത്ത പുരുഷന്മാരെ കളിയാക്കുകയും ഒരുപാട് ജോലികള്‍ ഒറ്റയ്ക്ക് ചെയ്യുന്ന സ്ത്രീയുടെ കഴിവിനെ പ്രകീര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്. വനിതാദിനം കഴിഞ്ഞുപോയില്ലെങ്കില്‍ വനിതാദിനത്തില്‍ ഈ വീഡിയോ സ്ത്രീകള്‍ക്കായി സമര്‍പ്പിക്കാവുന്നതാണ്!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com