ലോക രാജ്യങ്ങള്‍ നോക്കുകുത്തിയായി; സൈബര്‍ ആക്രമണത്തിന് തടയിട്ടത് ഈഇരുപത്തിരണ്ടുകാരന്‍

നിമിഷ നേരം കൊണ്ട് പടര്‍ന്ന സൈബര്‍ ആക്രമണം അവസാനിപ്പിച്ച് 'കില്‍ സ്വിച്ച്' ഇട്ടത് ഇംഗ്ലണ്ടുകാരനായ മാര്‍കസ് ഹച്ചിന്‍സ് ആണ്
ലോക രാജ്യങ്ങള്‍ നോക്കുകുത്തിയായി; സൈബര്‍ ആക്രമണത്തിന് തടയിട്ടത് ഈഇരുപത്തിരണ്ടുകാരന്‍

150 രാജ്യങ്ങളിലായി രണ്ട് ലക്ഷത്തില്‍ അധികം കമ്പ്യൂട്ടറുകളെയാണ് കഴിഞ്ഞ ദിവസമുണ്ടായ സൈബര്‍ ആക്രമണം ബാധിച്ചത്. റഷ്യ, ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള വന്‍ ശക്തികള്‍ക്ക് ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റിട്ടിട്ടും ഈ ആക്രമണം എങ്ങിനെ അവസാനിപ്പിക്കണം എന്നതിന് അവര്‍ക്ക് ഉത്തരമുണ്ടായിരുന്നില്ല.

വന്‍ശക്തികളിലെ സൈബര്‍ വിദഗ്ധര്‍ നോക്കുകുത്തിയായപ്പോള്‍ ലോകത്തിലെ ഇന്റര്‍നെറ്റ് ശൃംഖലയുടെ രക്ഷയ്‌ക്കെത്തിയത് ഒരു ഇരുപത്തിരണ്ടുകാരനായിരുന്നു. നിമിഷ നേരം കൊണ്ട് പടര്‍ന്ന സൈബര്‍ ആക്രമണം അവസാനിപ്പിച്ച് 'കില്‍ സ്വിച്ച്' ഇട്ടത് ഇംഗ്ലണ്ടുകാരനായ മാര്‍കസ് ഹച്ചിന്‍സ് ആണ്. ഹച്ചിന്‍സ് തന്നെയാണ് തിങ്കളാഴ്ച വീണ്ടും സൈബര്‍ ആക്രമണം ഉണ്ടായേക്കാമെന്ന മുന്നറിയിപ്പ് ആദ്യം നല്‍കിയതും.

അപ്രതീക്ഷിതമായിട്ടും അവിചാരിതമായിട്ടാണെങ്കിലും ലോകത്തിന്റെ തന്നെ ഹീറോ ആയിരിക്കുകയാണ് ഹച്ചിന്‍സ്. വാണാ ക്രൈറാന്‍സം ആക്രമണത്തിന് തടയിട്ട ഈ യുവാവിനെ തിരഞ്ഞ് പോയവരും പിന്നെ ഒന്ന് ഞെട്ടി. ഒരു സര്‍വകലാശാല ബിരുദവും സ്വന്തമാക്കാതെ, വീട്ടിലിരുന്ന് സ്വയം പഠിച്ചായിരുന്നു ഹച്ചിന്‍സ് സൈബര്‍ മേഖലയില്‍ അതികായകനായത്. എന്നാല്‍ സൈബര്‍ ആക്രമണത്തിന് തടയിട്ടതോടെ ഇന്റര്‍നെറ്റ് ഹാക്കേഴ്‌സിന് തന്നോട് വിദ്വേഷം ഉണ്ടാകുമോ എന്ന ഭയത്തിലാണ് ഹച്ചിന്‍സ് ഇപ്പോള്‍.

സോഷ്യല്‍ മീഡിയയിലൂടെ ഹച്ചിന്‍സിന്റെ പോസ്റ്റുകളും ഏവരേയും ഞെട്ടിക്കുന്നു. ഒരു ഡസനോളം കമ്പ്യൂട്ടറും, ലാപ്‌ടോപ്പുമെല്ലാം നിരന്നു കിടക്കുന്നു. ഇതിന്റെ കൂടെ പിസയും. ആകെ മൊത്തം അലവലാതിയായി കിടക്കുന്ന മുറിയിലിരുന്നാണ് ഹച്ചിന്‍സിന്റെ സൈബര്‍ കളികള്‍. 

എന്നാല്‍ ഹച്ചിന്‍സ് ഒരു ജീനിയസ് ആണെന്ന് അവന്റെ സുഹൃത്തുക്കള്‍ സാക്ഷ്യപ്പെടുത്തുന്നു. ജോലിയായിട്ടല്ല ഹച്ചിന്‍സ് ഇതെല്ലാം ചെയ്യുന്നത്. അവനെ സംബന്ധിച്ച് ഇതെല്ലാം പാഷന്‍ ആണെന്നും സുഹൃത്തുക്കള്‍ പറയുന്നു. 

മെഡിക്കല്‍ രംഗത്ത് ജോലി ചെയ്യുന്ന അച്ഛനും അമ്മയ്ക്കുമൊപ്പം നോര്‍ത്ത് ദേവോണ്‍ തീരത്താണ് ഹച്ചിന്‍സിന്റെ താമസം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com