ജൂലിയന്‍ അസാന്‍ജിനെതിരേയുള്ള ബലാത്സംഗ കുറ്റം സ്വീഡന്‍ അവസാനിപ്പിച്ചു

മറ്റു വകുപ്പുകള്‍ നിനില്‍ക്കുന്നതിനാല്‍ ലണ്ടന്‍ വിടാന്‍ സാധിക്കില്ലെന്ന്ലണ്ടന്‍ പോലീസ്
ജൂലിയന്‍ അസാന്‍ജിനെതിരേയുള്ള ബലാത്സംഗ കുറ്റം സ്വീഡന്‍ അവസാനിപ്പിച്ചു

സ്റ്റോക്ക്‌ഹോം: ഏഴ് വര്‍ഷത്തെ അന്വേഷണത്തിനു ശേഷം വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിന്റെ മേല്‍ ആരോപിക്കപ്പെട്ട ബലാത്സംഗക്കേസ് സ്വീഡന്‍ അവസാനിപ്പിച്ചു. കുറ്റാരോപിതനായ തന്നെ സ്വീഡന് കൈമാറുമെന്ന് ഭയന്ന് ലണ്ടനിലുള്ള ഇക്വഡോര്‍ എംബസിയിലാണ് 2012 മുതല്‍ അസാന്‍ജ് കഴിയുന്നത്. 

സ്വീഡിഷ് പബ്ലിക് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ മാരിയന്‍ നിയാണ് അസാഞ്ചിനെതിരായ കേസ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായി അറിയിച്ചത്. അതേസമയം, അസാന്‍ജിനെതിരേ മറ്റു വകുപ്പുകള്‍ നിനില്‍ക്കുന്നതിനാല്‍ ലണ്ടന്‍ വിടാന്‍ സാധിക്കില്ലെന്നും ലണ്ടന്‍ പോലീസ് വ്യക്തമാക്കി. 2012 ജൂണ്‍ 29ന് അസാന്‍ജിനെതിരെ കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് ഇപ്പോഴും നിലനില്‍ക്കുകയും ഇതിനെതിരെ ജാമ്യാപേക്ഷ പോലും അസാന്‍ജ് നല്‍കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഓസ്‌ട്രേലിയന്‍ പൗരനായ അസാന്‍ജ് 2010ലാണ് അമേരിക്കയുടെ രഹസ്യ നയതന്ത്ര കേബിള്‍ സന്ദേശങ്ങള്‍ പ്രസിദ്ധീകരിക്കുകയും അമേരിക്കയുടെ കണ്ണിലെ കരടാവുകയും ചെയ്തിരുന്നു. പിന്നീട് സ്റ്റോക്ക്ഹാമില്‍ ഒരു ചടങ്ങിനെത്തിയ അസാന്‍ജ് തങ്ങളെ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് രണ്ട് വിക്കിലീക്ക്‌സ് മുന്‍വളണ്ടിയര്‍മാര്‍ രംഗത്തെത്തിയതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം.

എന്നാല്‍ ഉഭയസമ്മതപ്രകാരമാണ് ഇവരുമായി ബന്ധപ്പെട്ടതെന്നും ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നുമാണ് അസാന്‍ജിന്റെ നിലപാട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com