ബോറടിമാറ്റാന്‍ ജര്‍മന്‍ നേഴ്‌സ് കൊന്നു തള്ളിയത് 106 പേരെ; ചുരുളഴിഞ്ഞത് ഞെട്ടിപ്പിക്കുന്ന കൊലപാതക പരമ്പര

ജോലി ചെയ്യുന്ന ആശുപത്രികളിലെ രോഗികളായിരുന്നു ഇയാളുടെ പ്രധാന ഇര
ബോറടിമാറ്റാന്‍ ജര്‍മന്‍ നേഴ്‌സ് കൊന്നു തള്ളിയത് 106 പേരെ; ചുരുളഴിഞ്ഞത് ഞെട്ടിപ്പിക്കുന്ന കൊലപാതക പരമ്പര

ബെര്‍ലിന്‍: ബോറടി മാറ്റാന്‍ ജര്‍മന്‍ നേഴ്‌സ് കൊന്നു തള്ളിയത് 106 രോഗികളെ. ജീവിതത്തില്‍ മുഷിപ്പുണ്ടാവുമ്പോള്‍ മാരക വിഷങ്ങള്‍ കുത്തിവെച്ച് ആളുകളെ കൊല്ലുന്നതിലാണ് നീല്‍സ് ഹേഗല്‍ എന്ന പുരുഷ നേഴ്‌സ് ഹരം കണ്ടെത്തിയിരുന്നത്. ജോലി ചെയ്യുന്ന ആശുപത്രികളിലെ രോഗികളായിരുന്നു ഇയാളുടെ പ്രധാന ഇര. 

2015 ലാണ് രണ്ട് കൊലപാതകങ്ങളും നാല് കൊലപാതക ശ്രമങ്ങളുടേയും പേരില്‍ ഹേഗല്‍ അറസ്റ്റിലാവുന്നു. ഡെല്‍മെന്‍ഹോര്‍സ്റ്റ് ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തിലെ രോഗികളെയാണ് ഇയാള്‍ ആക്രമിച്ചത്. അപ്പോള്‍ അതേ ആശുപത്രിയിലെ ജീവനക്കാരനായിരുന്നു ഹേഗല്‍. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന കൊലപാതക പരമ്പരയുടെ ചുരുളഴിഞ്ഞത്. എന്നാല്‍ ഇയാള്‍ നടത്തിയ കൊലപാതകങ്ങളുടെ എണ്ണം 106 ല്‍ അവസാനിക്കില്ലെന്നാണ് പൊലീസുകാര്‍ പറയുന്നത്. 

നേഴ്‌സായി ജീവിതം ആരംഭിച്ചതു മുതല്‍ 41 കാരനായ ഹേഗല്‍ കൊലപാതകത്തില്‍ ഹരം കണ്ടെത്തിയിരുന്നു. 1999- 2005 കാലഘട്ടത്തില്‍ രണ്ട് ആശുപത്രികളിലായി 90 പേരെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. ഇത് കൂടാതെ 16 കൊലപാതകം കൂടി ഇയാള്‍ നടത്തിയിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തി. രോഗികളില്‍ മരുന്ന് കുത്തിവെക്കുന്നതിലൂടെ അവരുടെ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തേയും രക്തചംക്രമണത്തേയും തകരാറിലാക്കുന്നു. കുത്തിവെപ്പ് വിജയകരമാണോ എന്ന് ഉറപ്പുനരുത്താനും ഇയാള്‍ മറക്കാറില്ല. 

ഡെല്‍മെന്‍ഹോര്‍സ്റ്റ് ആശുപത്രിയിലെ ഒരു രോഗിയെ കൊല്ലാന്‍ശ്രമിക്കുന്നത് മറ്റൊരു നഴ്‌സ് കണ്ടതോടെയാണ് ഇയാള്‍ അറസ്റ്റിലായത്. റിപ്പബ്ലിക് ജര്‍നിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കൊലപാതക പരമ്പരായാണിത്. ഭൂരിഭാഗം കൊലപാതകങ്ങളെക്കുറിച്ച് ഇയാള്‍ക്ക് ഓര്‍മയില്ല. എന്നാല്‍ കൊല ചെയ്ത 30 ല്‍ അധികം രോഗികളേയും അവരുടെ പെരുമാറ്റവും ഹേഗല്‍ ഓര്‍ക്കുന്നുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്. ഇനിയും മരണ നിരക്ക് കൂടുമെന്നാണ് പൊലീസിന്റെ നിഗമനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com