യേശുവല്ല, സാക്ഷാല്‍ ഷീജിന്‍പിങ് നിങ്ങളുടെ രക്ഷയ്ക്ക് എത്തുമെന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് നേതൃത്വം 

യേശുക്രിസ്തുവില്‍ വിശ്വാസമര്‍പ്പിക്കുന്നതിന് പകരം ചൈനീസ് പ്രസിഡന്റ് ഷീജിന്‍പിങില്‍ അഭയം കണ്ടെത്തുവാനാണ് നേതാക്കളുടെ ഉപദേശം
യേശുവല്ല, സാക്ഷാല്‍ ഷീജിന്‍പിങ് നിങ്ങളുടെ രക്ഷയ്ക്ക് എത്തുമെന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് നേതൃത്വം 

ബീജിംഗ്: കേരളത്തില്‍ സഖാക്കള്‍ക്കിടയില്‍ വ്യക്തിപൂജ വിവാദം പുകയുന്നതിനിടയില്‍ , എന്തിനും ഏതിനും മാതൃകയാക്കാന്‍ സിപിഎം പറയുന്ന ചൈനയിലും കാര്യങ്ങള്‍ വ്യത്യസ്തമല്ല. വ്യക്തിപൂജയുടെ മറ്റൊരു പതിപ്പ് ചൈനയിലും ദൃശ്യമായി തുടങ്ങി. ചൈനയുടെ പരമോന്നത നേതാവായ ഷി ജീന്‍പിങ് ആണ് ഇവിടെ നായകന്‍. പാര്‍ട്ടി കോണ്‍ഗ്രസിലുടെ ചോദ്യം ചെയ്യാന്‍ പാടില്ലാത്ത അനിഷേധ്യ നേതാവായി വളര്‍ന്ന ഷി ജീന്‍പിങിനെ ദൈവത്തേക്കാള്‍ ഉയര്‍ന്ന സ്ഥാനത്ത് പ്രതിഷ്ഠിച്ചിരിക്കുകയാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സഖാക്കള്‍. ചൈനയിലെ ന്യൂനപക്ഷമായ ക്രിസ്ത്യാനികളെയാണ് ഇപ്പോള്‍ സഖാക്കള്‍ നോട്ടമിട്ടിരിക്കുന്നത്. 

യേശുക്രിസ്തുവില്‍ വിശ്വാസമര്‍പ്പിക്കുന്നതിന് പകരം ചൈനീസ് പ്രസിഡന്റ് ഷീജിന്‍പിങില്‍ അഭയം കണ്ടെത്തുവാനാണ് നേതാക്കളുടെ ഉപദേശം. അങ്ങനെ ചെയ്താല്‍ നിങ്ങളെ പട്ടിണി,സാമ്പത്തികപരാധീനത എന്നിവയില്‍ നിന്നും ഷീജിന്‍പിങ് രക്ഷിക്കുമെന്നും നേതാക്കള്‍ ഉറപ്പുനല്‍കുന്നു. ഇതിനായി വീടുകളിലെ യേശുക്രിസ്തുവിന്റെ ഫോട്ടോകള്‍ നീക്കം ചെയ്ത് പ്രസ്തുത സ്ഥാനത്ത് ഷീജിന്‍പിങിന്റെ ചിത്രങ്ങള്‍ പ്രതിഷ്ഠിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ നിര്‍ദേശിക്കുന്നു. 

ചൈനയിലെ ഏറ്റവും പിന്നോക്കമായ ജിയാങ്‌സി പ്രവിശ്യയില്‍ ജനസംഖ്യയില്‍ ഏറ്റവുമധികം വരുന്നത് ക്രിസ്ത്യന്‍ സമുദായമാണ്. രാജ്യത്ത് ദാരിദ്ര്യരേഖയ്ക്ക് താഴെ വരുന്ന 10 ലക്ഷം കുടുംബങ്ങളില്‍ 10 ശതമാനവും ക്രിസ്ത്യാനികളാണ്. ഇവരെ ലക്ഷ്യമിട്ടാണ് ചൈനീസ് കമ്മ്യണിസ്റ്റ് പാര്‍ട്ടി തന്ത്രം മെനഞ്ഞിരിക്കുന്നത്. പാര്‍ട്ടിയുടെ തന്ത്രപരമായ ഇടപെടലിന്റെ ഫലമായി യേശുക്രിസ്തുവിന്റെ 624 പോസ്റ്ററുകള്‍ നീക്കം ചെയ്യാന്‍ ഗ്രാമവാസികള്‍ തയ്യാറായതായി സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. നീക്കം ചെയ്ത പോസ്റ്ററുകളുടെ സ്ഥാനത്ത് 453 ഇടങ്ങളില്‍ ഷിജീന്‍പിങിന്റെ ചിത്രങ്ങള്‍ സ്ഥാനം പിടിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.  ഈ പ്രചാരണത്തിന്റെ ഭാഗമായി ഗ്രാമങ്ങളില്‍ ആയിരം ഷിജിന്‍പിങിന്റെ ചിത്രങ്ങള്‍ വിതരണം ചെയ്തു. ഇത്തരം പ്രവര്‍ത്തനങ്ങളിലുടെ പിന്നോക്ക പ്രദേശങ്ങളിലും ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്ക് ഇടയിലും പാര്‍ട്ടിയുടെ പ്രതിച്ഛായ വര്‍ധിപ്പിക്കാനാണ് ലക്ഷ്യം

2020 ഓടേ രാജ്യത്ത് നിന്നും ദാരിദ്ര്യത്തെ തുടച്ചുനീക്കുമെന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ചാണ് നീക്കം. ഇത്തരം പ്രചാരണങ്ങളുടെ ഭാഗമായി ഗ്രാമങ്ങള്‍തോറുമുളള ബോധവല്‍ക്കരണ പരിപാടികളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സംഘടിപ്പിക്കുന്നുണ്ട്.ചൈനയുടെ എക്കാലത്തെയും പ്രമുഖ നേതാവായ മാവോ സെതൂങിന്റെ പാത പിന്തുടരുകയാണ് ഷീജിന്‍പിങ്. മാവോ സെതൂങിന്റെ കാലത്ത് എല്ലാ വീടുകളിലും മാവോയുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. സമാനമായ നിലയില്‍ ചൈനയുടെ വികസന നായകനായി ഷീജിന്‍പിങിനെ ഉയര്‍ത്തികൊണ്ടുവരാനുളള ശ്രമമാണ് നടക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com