ക്രിസ്മസ് ഇനി ക്രിസ്ത്യാനികള്‍ക്കു വേണ്ട: ഐറിഷ് വൈദികന്‍ 

ഈസ്റ്റര്‍ നഷ്ടപ്പെട്ടതുപോലെതന്നെ നമുക്ക് ക്രിസ്മസ്സും നഷ്ടമായിരിക്കുകയാണ്. അതുകൊണ്ട് ആ വാക്ക് പൂര്‍ണ്ണമായി ഉപേക്ഷിക്കുക.
ക്രിസ്മസ് ഇനി ക്രിസ്ത്യാനികള്‍ക്കു വേണ്ട: ഐറിഷ് വൈദികന്‍ 

ക്രിസ്മസ് എന്ന വാക്ക് ഉപയോഗിക്കുന്നത് ക്രിസ്ത്യാനികള്‍ അവസാനിപ്പിക്കണമെന്ന് ഐറിഷ് കത്തോലിക്കാ വൈദികന്‍ ഡെസ്‌മോണ്‍ഡ് ഡോണെല്‍. ക്രിസ്മസ് എന്ന പദം സാന്റാ, റെയിന്‍ഡിയര്‍ പോലുള്ളവയാല്‍ അപഹരിക്കപ്പെട്ടിരിക്കുകയാണെന്നതാണ് തന്റെ അഭിപ്രായപ്രകടനത്തിന് കാരണമായി അദ്ദേഹം ചൂണ്ടികാണിക്കുന്നത്. ക്രിസ്മസ് എന്ന വാക്കിന് ഇപ്പോള്‍ പവിത്രമായ ഒരു അര്‍ത്ഥവും കല്‍പ്പിക്കപ്പെടുന്നില്ലെന്ന് എല്ലാ വിഭാഗത്തിലും ഉള്‍പെട്ട ക്രൈസ്തവര്‍ അംഗീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഉണ്ണി യേശുവിന്റെ ചിത്രം സോസേജ് റോള്‍ ഉപയോഗിച്ച് മറച്ച യുകെയിലെ ഗ്രിഗ്ഗ്‌സ് ബേക്കറിക്കെതിരെ വലതുപക്ഷ സമ്മര്‍ദ്ദശക്തികള്‍ ബഹിഷ്‌കരണം നടത്തിതിനിടെയാണ് ഫാ. ഡെസ്‌മോണ്‍ഡ് ഡോണെലിന്റെ പ്രസ്താവന.

'ഈസ്റ്റര്‍ നഷ്ടപ്പെട്ടതുപോലെതന്നെ നമുക്ക് ക്രിസ്മസ്സും നഷ്ടമായിരിക്കുകയാണ്. അതുകൊണ്ട് ആ വാക്ക് പൂര്‍ണ്ണമായി ഉപേക്ഷിക്കുക. ഇപ്പോള്‍ തന്നെ അത് നഷ്ടപ്പെട്ടുകഴിഞ്ഞു. ഇനി നമ്മള്‍ അക്കാര്യം തിരിച്ചറിയുകയെ വേണ്ടൂ', അദ്ദേഹം പറഞ്ഞു. താന്‍ വിശ്വാസികളല്ലാത്തവരെ താഴ്ത്തി സംസാരിക്കുകയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

'ശരിയായ ക്രിസ്മസുമായി ബന്ധപ്പെട്ട എന്റെ മതപരമായ അനുഭവങ്ങള്‍ ഞാന്‍ ശ്വസിക്കുന്ന വായൂ പോലെ ആഴമുള്ളതും യഥാര്‍ത്ഥവുമാണ്. പക്ഷെ അവിശ്വാസികളായ ആളുകള്‍ക്കും അവരുടേതായ ആഘോഷങ്ങള്‍ വേണമെന്നത് അടിസ്ഥാനപരമായ ആവശ്യമാണ്. ക്രിസ്മസ് എന്ന വാക്കിന്റെ അര്‍ത്ഥം വാണിജ്യവത്കരിക്കപ്പെട്ടുകഴിഞ്ഞു. ക്രിസ്മസ് എന്ന വാക്ക് വിട്ടുനല്‍കികൊണ്ട് അതിന് പകരമായി മറ്റൊരു വാക്കു കണ്ടെത്തുന്നതുവഴി വിശ്വാസികള്‍ക്ക് ക്രിസ്മസ്സിന്റെ യാഥാര്‍ത്ഥ്യത്തെ മോചിപ്പിച്ചെടുക്കാനുള്ള അവസരമാണ് ഞാന്‍ നല്‍കുന്നത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com