തെരുവുകളില്‍ നിസ്‌കരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി ഫ്രാന്‍സ്; നടപടി പൊതുജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത്

പള്ളി അടച്ചുപൂട്ടിയതിന്റെ പ്രതിഷേധമായാണ് മാര്‍ച്ച് മുതല്‍ എല്ലാ വെള്ളിയാഴ്ചയും തെരുവില്‍ നിസ്‌കരിക്കാന്‍ തുടങ്ങിയത്
തെരുവുകളില്‍ നിസ്‌കരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി ഫ്രാന്‍സ്; നടപടി പൊതുജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത്

പാരിസ്: പാരീസിലെ തെരുവുകളില്‍ മുസ്ലീം മതസ്ഥര്‍ പ്രാര്‍ത്ഥിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി ഫ്രഞ്ച് അധികൃതര്‍. പൊതുസ്ഥലങ്ങളെ നിസ്‌കാര കേന്ദ്രങ്ങളാക്കുന്നതിനെതിരേ രാഷ്ട്രീയക്കാരും പ്രദേശ വാസികളും രംഗത്തെത്തിയതോടെയാണ് നടപടി. പാരീസിന്റെ വടക്കേ മേഖലയിലുള്ള തെരുവുകളിലാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നതെന്ന് രാജ്യത്തിന്റെ ആഭ്യന്തരമന്ത്രി പറഞ്ഞു. 

മുസ്ലീങ്ങള്‍ ഇനി തെരുവുകളില്‍ പ്രാര്‍ത്ഥിക്കില്ലെന്നും തെരുവ് പ്രാര്‍ത്ഥനയ്ക്ക് തടഞ്ഞതായും ആഭ്യന്തര മന്ത്രി ജെറാര്‍ഡ് കൊളംബ് വ്യക്തമാക്കി. പള്ളി അടച്ചുപൂട്ടിയതിന്റെ പ്രതിഷേധമായാണ് മാര്‍ച്ച് മുതല്‍ എല്ലാ വെള്ളിയാഴ്ചയും തെരുവില്‍ നിസ്‌കരിക്കാന്‍ തുടങ്ങിയത്. ഗവണ്‍മെന്റ് കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന മുസ്ലീം പള്ളി പൂട്ടി അവിടെ ലൈബ്രറി ആരംഭിക്കുകയായിരുന്നു. പുതിയ പള്ളി പണിയാന്‍ പറ്റിയ സ്ഥലം അധികൃതര്‍ അനുവദിക്കുന്നില്ലെന്നാണ് വിശ്വാസികളുടെ ആരോപണം. എന്നാല്‍ മുസ്ലീങ്ങള്‍ക്ക് പ്രാര്‍ത്ഥിക്കാനുള്ള സ്ഥലം നല്‍കുമെന്ന് മന്ത്രി വ്യക്തമാക്കി. 

ആഴ്ചകള്‍ക്കുള്ളില്‍ ഇതുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും അവസാനിപ്പിക്കും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്ത വെള്ളിയാഴ്ച നഗരമധ്യത്തില്‍ പ്രാര്‍ത്ഥന നടത്താനുള്ള തീരുമാനത്തിലാണ് പ്രാദേശിക മുസ്ലീം സംഘടന. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നു എന്നാരോപിച്ച് പ്രാര്‍ത്ഥനക്കെതിരേ 100 പ്രാദേശിക രാഷ്ട്രീയക്കാര്‍ രംഗത്തെത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. പള്ളിക്കായി നഗരത്തിന്റെ വടക്ക് ഭാഗത്ത് സ്ഥലം അനുവദിച്ചെങ്കിലും അവിടത്തെ സ്ഥലപരിമിതിയും ഗതാഗതം സൗകര്യം മോശമാണെന്നും ചൂണ്ടിക്കാട്ടി മുസ്ലീം സംഘടനകള്‍ അതിനെ എതിര്‍ക്കുകയായിരുന്നു. ഫ്രാന്‍സില്‍ അഞ്ച് മില്യണിന് മുകളില്‍ മുസ്ലീം മതസ്ഥരാണുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com