ഒടുവില്‍ രാജിവെച്ച് സിംബാബ്വേ പ്രസിഡന്റ് മുഗാബേ; രാജി നാടകീയമായി പാര്‍ലമെന്റില്‍ വെച്ച്‌

37 വര്‍ഷം പ്രസിഡന്റ് പദത്തില്‍ തുടര്‍ന്ന മുഗാബെ രാജി വെച്ചതായി പാര്‍ലമെന്റ് സ്പീക്കര്‍ ജേക്കബ് മുഡെന്‍ഡ പ്രഖ്യാപിച്ചു
ഒടുവില്‍ രാജിവെച്ച് സിംബാബ്വേ പ്രസിഡന്റ് മുഗാബേ; രാജി നാടകീയമായി പാര്‍ലമെന്റില്‍ വെച്ച്‌

ഹരാരെ: ബ്രിട്ടീഷ് കോളനി വാഴ്ചയില്‍ നിന്നും ഗറില്ലാ യുദ്ധത്തിലൂടെ സിംബാബ്വേയ്ക്ക് മോചനം നേടിക്കൊടുത്തതിന് ശേഷം പ്രസിഡന്റ് പദത്തില്‍ ആധിപത്യം ഉറപ്പിച്ച റോബര്‍ട്ട് മുഗാബെയുടെ ഭരണം അവസാനിക്കുന്നു. 37 വര്‍ഷം പ്രസിഡന്റ് പദത്തില്‍ തുടര്‍ന്ന മുഗാബെ രാജി വെച്ചതായി പാര്‍ലമെന്റ് സ്പീക്കര്‍ ജേക്കബ് മുഡെന്‍ഡ പ്രഖ്യാപിച്ചു. 

മുഗാബെയെ കൊണ്ട് പ്രസിഡന്റ് പദവി ഒഴിയിപ്പിക്കുന്നതിനുള്ള സമ്മര്‍ദ്ദ തന്ത്രമായി പട്ടാളം അദ്ദേഹത്തെ വീട്ടുതടങ്കലിലാക്കിയിരുന്നു. എന്നാല്‍ അടുത്തെങ്ങും പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കിയാണ് മുഗാബെ ജനങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. 

എന്നാല്‍ ഭരണകക്ഷിയായ സാനു പിഎഫ് പാര്‍ട്ടിയില്‍ നിന്നുള്ള സമ്മര്‍ദ്ദം ശക്തമാവുകയും, പ്രസിഡന്റിനെ ഇംപീച്ച് ചെയ്യുമെന്ന് അവര്‍ വ്യക്തമാക്കുകയും ചെയ്തതോടെയാണ് മുഗാബേയുടെ രാജിയിലേക്ക് കാര്യങ്ങള്‍ നീങ്ങിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

മുഗാബേയുടെ വലംകൈയായിരുന്ന സിംബാബ്വേ വൈസ് പ്രസിഡന്റ് എമ്മേഴ്‌സനെ സ്ഥാനത്ത് നിന്നും പുറത്താക്കിയതോടെയായിരുന്നു മുഗാബേയ്‌ക്കെതിരെ ഭരണകക്ഷിയിലെ വലിയൊരു വിഭാഗം പരസ്യമായി നീക്കങ്ങള്‍ ആരംഭിച്ചത്. അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എമ്മേഴ്‌സനെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാക്കുന്നതിനുള്ള സാധ്യത ഇല്ലാതാക്കുകയായിരുന്നു മുഗാബേയുടെ ലക്ഷ്യം. 

തന്റെ രണ്ടാം ഭാര്യയെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിപ്പിക്കാനുള്ള മുഗാബേയുടെ കണക്കുക്കൂട്ടലുകള്‍ തെറ്റിച്ചാണ് സാനു പിഎഫ് പാര്‍ട്ടിയും പട്ടാളവും രംഗത്തെത്തിയത്. 

സിംബാബ്വേ ഭരണഘടനയുടെ 96ാം ഭാഗം അനുസരിച്ച് ഔദ്യോഗികമായി താന്‍ രാജി സമര്‍പ്പിക്കുന്നു എന്ന മുഗാബേയുടെ രാജിക്കത്ത് സ്പീക്കര്‍ മുഡെന്‍ഡ വായിച്ചു. പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ വെച്ചായിരുന്നു മുഗാബേയുടെ രാജി വാര്‍ത്തയുടെ അപ്രതീക്ഷിത പ്രഖ്യാപനം. കാറുകളുടെ ഹോണുകള്‍ മുഴക്കിയും, തെരുവിലിറങ്ങി ആഘോഷിച്ചുമാണ് മുഗാബേയുടെ രാജി ജനങ്ങള്‍ ആഘോഷിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com