ക്രിസ്തു സത്യമല്ല, വെറും സങ്കല്‍പ്പം മാത്രം; മാര്‍പാപ്പ അങ്ങനെ പറഞ്ഞോ?

ക്രൈസ്തവ വിശ്വാസികളെ വിറളി പിടിപ്പിക്കുന്ന ഈ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ച
ക്രിസ്തു സത്യമല്ല, വെറും സങ്കല്‍പ്പം മാത്രം; മാര്‍പാപ്പ അങ്ങനെ പറഞ്ഞോ?

യേശു ക്രിസ്തു യഥാര്‍ഥ്യമല്ല, വെറും സങ്കല്‍പ്പം മാത്രമാണ്. ക്രൈസ്തവ വിശ്വാസികളെ വിറളി പിടിപ്പിക്കുന്ന ഈ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ച. ക്രിസ്തുമത വിരോധികളോ യുക്തിവാദികളോ അല്ല, മറിച്ച് ക്രൈസ്തവ സഭയുടെ പരാമധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അങ്ങനെ പറഞ്ഞതായാണ് പ്രചാരണം. ചില പാശ്ചാത്യമാധ്യമങ്ങളില്‍ മാര്‍പാപ്പയെ ഉദ്ധരിച്ചുള്ള ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതോടെ ചര്‍ച്ച സമൂഹമാധ്യമങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു.

കഴിഞ്ഞ ഞായറാഴ്ച വത്തിക്കാനിലെ കുര്‍ബാനയ്ക്കിടെ മാര്‍പാപ്പ ഈ വാക്കുകള്‍ പറഞ്ഞതായാണ് വാര്‍ത്തകള്‍: യേശുക്രിസ്തു യാഥാര്‍ഥ്യമല്ല, വെറും സങ്കല്‍പ്പം മാത്രമാണ്. യുക്തിവാദികള്‍ ഏറെക്കാലമായി ഉന്നയിക്കുന്ന ഈ വാദം മാര്‍പാപ്പ തന്നെ ഏറ്റുപറയുന്നത് എങ്ങനെ എന്ന് അമ്പരന്നവരെ വിശ്വസിപ്പിക്കാനുള്ള അനുബന്ധ വിവരങ്ങളും വാര്‍ത്തയ്‌ക്കൊപ്പമുണ്ട്. മാര്‍പാപ്പയുടെ വാക്കുകളില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം കര്‍ദിനാള്‍മാര്‍ തന്നെ പാപ്പയ്‌ക്കെതിരെ തിരിഞ്ഞതായാണ് വാര്‍ത്തയില്‍ പറയുന്നത്. ഫ്രാന്‍സിസ് പാപ്പ വിശുദ്ധ പുസ്തകത്തില്‍ പറയുന്ന ശപ്തപ്രവാചകനാണെന്ന് അവര്‍ കുറ്റപ്പെടുത്തുന്നു എന്നാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങള്‍ പറയുന്നത്.

പാപ്പയുടെ ഈ വാക്കുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതിനിടെ അതിന് ഉപോല്‍ബലകമായ വിഡിയോയുമായും ചിലരെത്തി. അവ്യക്തമായ ഓഡിയോയില്‍ പാപ്പ ഈ വാക്കുകള്‍ ഉച്ഛരിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കത്തോലിക്കാ സഭയോ വത്തിക്കാന്റെ ഔദ്യോഗിക മാധ്യമങ്ങളോ ഇതിനോടു പ്രതികരിച്ചിട്ടില്ല. എന്നാല്‍ പോപ്പിന്റേതെന്ന പേരില്‍ പ്രചരിക്കുന്ന വിഡിയോ യഥാര്‍ഥമല്ലെന്നാണ് ഇക്കാര്യത്തില്‍ സൂക്ഷ്മ പരിശോധന നടത്തിയവര്‍ ചൂണ്ടിക്കാട്ടുന്നത്. ഇതിലെ ഓഡിയോ കൃത്രിമമാണെന്ന് അവര്‍ പറയുന്നു. വ്യാജ വാര്‍ത്തയുണ്ടാക്കുന്നതിന് മികച്ച ഉദാഹരണമാണ് പോപ്പിന്റെ പേരില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടെന്നാണ് അവര്‍ വാദിക്കുന്നത്.

ഫ്രാന്‍സിസ് പാപ്പയുടെ ചില മുന്‍ പ്രസംഗങ്ങള്‍ വച്ചു നോക്കുമ്പോള്‍ ഇത്തരമൊരു വാര്‍ത്ത വന്നതില്‍ അതിശയമില്ലെന്നു പറയുന്നവരുമുണ്ട്. സ്വയം ഇല്ലാതായി സാത്താനായി മാറുകയാണ് ക്രിസ്തു ചെയ്തതെന്ന അര്‍ഥത്തില്‍ പാപ്പ നടത്തിയ പ്രസംഗം അവര്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com