പുടിന്റെ രഹസ്യ മകള്‍ ആര്‍ക്കോബാറ്റിക് ഡാന്‍സറായ കാതറിന്‍ തന്നെ; വെളിപ്പെടുത്തലുമായി കാതറിന്റെ സഹപ്രവര്‍ത്തകന്‍

പ്രസിഡന്റിന്റെ മകളാണെന്ന വിവരം സ്ഥിരീകരിച്ചുകൊണ്ട് കാതറിന്റെ സഹപ്രവര്‍ത്തകരാണ് രംഗത്തെത്തിയിരിക്കുന്നത്
പുടിന്റെ രഹസ്യ മകള്‍ ആര്‍ക്കോബാറ്റിക് ഡാന്‍സറായ കാതറിന്‍ തന്നെ; വെളിപ്പെടുത്തലുമായി കാതറിന്റെ സഹപ്രവര്‍ത്തകന്‍

മോസ്‌കോ: പൊഫഷണല്‍ ആര്‍ക്കോബാറ്റിക് ഡാന്‍സറായ കാതറീന ടികനോവോ റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്റെ ഇളയമകളാണെന്ന് വെളിപ്പെടുത്തല്‍. പ്രസിഡന്റിന്റെ മകളാണെന്ന വിവരം സ്ഥിരീകരിച്ചുകൊണ്ട് കാതറിന്റെ സഹപ്രവര്‍ത്തകരാണ് രംഗത്തെത്തിയിരിക്കുന്നത്. കാതറിനുമായി പ്രസിഡന്റിനുള്ള ബന്ധത്തെക്കുറിച്ച് റോയിറ്റേഴ്‌സ് ആദ്യമായി റിപ്പോര്‍ട്ട് പുറത്തുവിട്ട് രണ്ട് വര്‍ഷത്തിന് ശേഷമാണ് വേള്‍ഡ് റോക്ക് എന്‍ റോള്‍ കോണ്‍ഫെഡറേഷന്‍ (ഡബ്ല്യുആര്‍ആര്‍സി) അധികൃതര്‍ ഇത് അംഗീകരിക്കുന്നത്. 

കാതറിനെ അറിയാമെന്നും അവര്‍ പുടിന്റെ മകളാണെന്നും ഡബ്ല്യുആര്‍ആര്‍സിയുടെ ലീഗല്‍ അഫയേഴ്‌സ് വൈസ് പ്രസിഡന്റ് മാന്‍ഫ്രെഡ് മോഹബ് റോയിറ്റേഴ്‌സിനോട് പറഞ്ഞു. കോണ്‍ഫെഡറേഷന്റെ അധ്യക്ഷസമിതിയില്‍ കാതറിനുമായി ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഇതിനെക്കുറിച്ച് ഗവണ്‍മെന്റും കാതറിനും പ്രതികരിച്ചില്ല. റഷ്യന്‍ ബാങ്കായ ഗസ്‌പ്രോംബാങ്കിന്റെ ഡയറക്റ്റര്‍ ബോര്‍ഡ് ഡെപ്യൂട്ടി ചെയര്‍മാനായ അന്‍ഡ്രെ അകിമോവാണ് 2015 ല്‍ റോയിറ്റേഴ്‌സിനോട് കാതറിന്‍ പുടിന്റെ മകളാണെന്ന് പറഞ്ഞത്. എന്നാല്‍ പിന്നീട് അദ്ദേഹം ഇത് തള്ളി. പേര് പുറത്തുപറയാന്‍ ആഗ്രഹിക്കാത്ത മറ്റ് രണ്ട് പേര്‍ കൂടി ഈ കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നാണ് റോയിറ്റേഴ്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. 

എന്നാല്‍ മാന്‍ഫ്രെഡിന്റെ വെളിപ്പെടുത്തലിനെക്കുറിച്ച് സംസാരിക്കാന്‍ അകിനോവോ ഗാസ്‌പ്രോംബാങ്കും തയാറായില്ല. തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് വളരെ രഹസ്യമായാണ് പുടിന്‍ സൂക്ഷിച്ചിരിക്കുന്നത്. പ്രത്യേകിച്ച് തന്റെ രണ്ട് പെണ്‍മക്കളായ മരിയ, കാതറിന്‍ എന്നിവരെ പൊതുസമൂഹത്തില്‍ നിന്ന് നീക്കി നിര്‍ത്താന്‍ അദ്ദേഹം കഠിനശ്രമമാണ് നടത്തുന്നത്. എന്നാല്‍ കാതറിനെക്കുറിച്ച് നിരവധി അഭ്യൂഹങ്ങളാണ് ഉയരുന്നത്. ഇതിനെക്കുറിച്ച് പ്രതികരിക്കാന്‍ കാതറിന്‍ തയാറായിട്ടില്ല. പുടിന്റെ അടുത്ത ബന്ധുക്കളുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് പ്രതികരിക്കാനാവില്ല എന്ന നിലപാടിലാണ് ഗവണ്‍മെന്റ് വൃത്തങ്ങള്‍. അകിമോവ് 2015 ല്‍ വെളിപ്പെടുത്തിയതിന് ശേഷം ഇതിനെക്കുറിച്ച് സംസാരിക്കുന്ന ആദ്യത്തെ ഉദ്യോഗസ്ഥനാണ് മൊഹബ്. 

31 കാരിയായ കാതറിന്‍ പ്രധാന ആക്രോബാറ്റിക് റോക്ക് ആന്‍ റോള്‍ നര്‍ത്തകിയാണ്. പുടിന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളുടെ മകനെയാണ് ഇവര്‍ വിവാഹം കഴിച്ചിരിക്കുന്നത്. ഇവരുടെ നിച്ചെ ഡാന്‍സാണ് ഡബ്ല്യൂആര്‍ആര്‍സിയിലെ മുതിര്‍ന്ന സ്ഥാനങ്ങളിലേക്ക് ഇവരെ എത്തിച്ചത്. ഡബ്ല്യുആര്‍ആര്‍സിയിലെ എക്‌സ്പാന്‍ഷന്‍ ആന്‍ഡ് മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റായും അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ മോസ്‌കോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയുടെ പബ്ലിക് ഫണ്ടഡ് പ്രൊജക്റ്റ് നോക്കിനടത്തുകയാണ് ഇവര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com