ഹാഫിസ് സെയ്ദ് പ്രിയപ്പെട്ടവന്‍, ലഷ്‌കറിന് ഉറച്ചപിന്തുണയുമായി പര്‍വേസ് മുഷറഫ് 

കശ്മീരില്‍ ഇന്ത്യന്‍ സേനയ്ക്കുമേല്‍ സമ്മര്‍ദം ചെലുത്തുന്ന യഥാര്‍ത്ഥ ശക്തി ലഷ്‌കര്‍ ഇ തോയ്ബ ആണെന്നും പര്‍വേസ് മുഷറഫ്
ഹാഫിസ് സെയ്ദ് പ്രിയപ്പെട്ടവന്‍, ലഷ്‌കറിന് ഉറച്ചപിന്തുണയുമായി പര്‍വേസ് മുഷറഫ് 

ദുബായ്:  മുംബെ ഭീകരാക്രമണത്തിന്റെ സൂത്രധാരനും , ജമാത്ത്-ഉദ്-ദവ മേധാവിയുമായ ഹാഫിസ് സെയ്ദ് തനിക്ക് പ്രിയപ്പെട്ടവന്‍ ആണെന്ന് പാക്കിസ്ഥാന്‍ മുന്‍ സൈനിക മേധാവി പര്‍വേസ് മുഷറഫ്. കശ്മീരില്‍ ഇന്ത്യന്‍ സേനയ്ക്ക് എതിരെയുളള നീക്കങ്ങളില്‍ പങ്കാളിയായിരുന്ന ലഷ്‌കര്‍ ഇ തോയ്ബയുടെ വലിയ പിന്തുണക്കാരനാണ് താന്‍ എന്നും ദുബായില്‍ ടിവി പരിപാടിക്കിടെ പര്‍വേസ് മുഷറഫ് പറഞ്ഞു. രാജ്യദ്രോഹം ഉള്‍പ്പെടെയുളള കുറ്റങ്ങള്‍ ചുമത്തപ്പെട്ട പര്‍വേസ് മുഷറഫ് പാക്കിസ്ഥാന്‍ വിട്ട് ദുബായില്‍ അഭയം തേടിയിരിക്കുകയാണ്. 

ഒരുകാലത്ത് മിതവാദ സമീപനം സ്വീകരിച്ചിരുന്ന താങ്കള്‍ എങ്ങനെയാണ് തീവ്ര ഇസ്ലാമിക് ഗ്രൂപ്പുകളുമായി കൈകോര്‍ത്തത് എന്ന ചോദ്യത്തിനുളള മറുപടിയായാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. അന്നത്തെ സാഹചര്യത്തില്‍ ഇത്തരം കൂട്ടുകെട്ടുകള്‍ അനിവാര്യമായിരുന്നു. പാക്കിസ്ഥാന്റെ യാഥാര്‍ത്ഥ്യം ബോധ്യപ്പെട്ടാല്‍ നിങ്ങളും അത് തന്നെ ചെയ്യുമായിരുന്നുവെന്നും ടിവി ഷോയില്‍ വിവിധ ചോദ്യങ്ങള്‍ക്കുളള മറുപടിയായി പര്‍വേസ് മുഷറഫ് പറഞ്ഞു. ലഷ്‌കര്‍ ഇ തോയ്ബയുടെ സ്ഥാപകനായ ഹാഫിസ് സെയ്ദുമായി താന്‍ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ലഷ്‌കര്‍ ഇ തോയ്ബയുടെ കശ്മീരിലെ പ്രവര്‍ത്തനങ്ങളെ താന്‍ പിന്തുണക്കുന്നു. കശ്മീരില്‍ ഇന്ത്യന്‍ സേനയ്ക്കുമേല്‍ സമ്മര്‍ദം ചെലുത്തുന്ന യഥാര്‍ത്ഥ ശക്തി ലഷ്‌കര്‍ ഇ തോയ്ബ ആണെന്നും പര്‍വേസ് മുഷറഫ് വ്യക്തമാക്കി. എന്നാല്‍ മുംബെ ഭീകരാക്രമണത്തിന്റെ പിന്നില്‍ ലഷ്‌കര്‍ ഇ  തോയ്ബയ്ക്ക് പങ്കില്ലെന്നും അദ്ദേഹം വാദിച്ചു. 

2002ല്‍ ലഷ്‌കര്‍ ഇ തോയ്ബ എന്ന സംഘടനയെ നിരോധിച്ചത് അന്നത്തെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്താണ്. ഇന്ത്യയുമായി സമാധാനം ആഗ്രഹിച്ചിരുന്ന കാലഘട്ടമായിരുന്നു അത്. ഈ പശ്ചാത്തലത്തിലാണ് ലഷ്‌കര്‍ ഇ തോയ്ബ എന്ന ഭീകര സംഘടനയെ നിരോധിച്ചത് എന്നും ചോദ്യങ്ങള്‍ക്കുളള മറുപടിയായി പര്‍വേസ് മുഷറഫ് പറഞ്ഞു. ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ലഷ്‌കര്‍ ഇ തോയ്ബയുടെ നിരോധനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com