കിം ജോങ്ങിനെ വധിക്കുന്നതടക്കമുള്ള അമേരിക്ക-ദക്ഷിണ കൊറിയ രേഖകള്‍ ചോര്‍ത്തി

ദക്ഷിണ കൊറിയ ഭരിക്കുന്ന പാര്‍ട്ടിയുടെ എംപിയും പാര്‍ലമെന്റിന്റെ പ്രതിരോധ കമ്മിറ്റിയംഗവും കൂടിയായ റീ ഛിയാള്‍ ഹീ ആണ് ഇക്കാര്യം അറിയിച്ചത്. 
കിം ജോങ്ങിനെ വധിക്കുന്നതടക്കമുള്ള അമേരിക്ക-ദക്ഷിണ കൊറിയ രേഖകള്‍ ചോര്‍ത്തി

സോള്‍: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനെ വധിക്കുന്നതടക്കമുള്ള അമേരിക്കയും സൗത്ത് കൊറിയയും സംയുക്തമായി തയ്യാറാക്കിയ യുദ്ധ വിവരങ്ങള്‍ ഉത്തര കൊറിയന്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയതായി സൗത്ത് കൊറിയയുടെ സ്ഥിരീകരണം. ദക്ഷിണ കൊറിയ ഭരിക്കുന്ന പാര്‍ട്ടിയുടെ എംപിയും പാര്‍ലമെന്റിന്റെ പ്രതിരോധ കമ്മിറ്റിയംഗവും കൂടിയായ റീ ഛിയാള്‍ ഹീ ആണ് ഇക്കാര്യം അറിയിച്ചത്. 

ഉത്തര കൊറിയ പരിശീലനം കൊടുത്ത ഹാക്കര്‍മാര്‍ തങ്ങള്‍ക്കെതിരെ സൈബര്‍ അറ്റാക്ക് ലക്ഷ്യമിട്ടെന്ന് സൗത്ത് കൊറിയ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നെങ്കിലും എന്തൊക്കെയാണ് ചോര്‍ത്തിയിരുന്നതെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. 

ഉത്തര കൊറിയയുമായി അക്രമണമുണ്ടായാല്‍ യുദ്ധ സമയത്ത് പ്രയോഗിക്കാനായി അമേരിക്കയും സൗത്ത് കൊറിയയും സംയുക്തമായി തയ്യാറാക്കിയ തന്ത്രങ്ങളടങ്ങിയ വിവരങ്ങളാണ് ഉത്തരകൊറിയന്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയത്. രേഖയില്‍ ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനെ വധിക്കാന്‍ തയ്യാറാക്കിയ പ്ലാനുകളുമുണ്ടായിരുന്നു. ഡിഫന്‍സ് ഇന്റെഗ്രേറ്റഡ് ഡാറ്റാ സെന്റെറില്‍ നിന്ന് 235 ജിഗാ ബൈറ്റ് വിവരങ്ങള്‍ ചോര്‍ത്തിയത് ശ്രദ്ധയില്‍പെട്ടതായി സൗത്ത് കൊറിയന്‍ വക്താവ് റീ ച്യോള്‍ അറിയിച്ചു. 

സൗത്ത് കൊറിയന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ നിയന്ത്രണത്തില്‍ സൂക്ഷിച്ചിരുന്ന വിവരങ്ങളാണ് ചോര്‍ത്തിയത്. പവര്‍ പ്ലാന്റുകളുടെ സൂക്ഷമായ വിവരങ്ങളും സൈന്യത്തിന്റെ സുപ്രധാന രേഖകളും ചോര്‍ത്തിയവയില്‍ ഉള്‍പ്പെടുന്നു. എങ്കിലും, രേഖകളിലെ 80 ശതമാനത്തോളം വിവരങ്ങള്‍ എന്താണെന്ന് തങ്ങള്‍ക്ക് പോലും അറിയില്ലെന്നും റീ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് വിവരങ്ങള്‍ ചോര്‍ത്തിയതെങ്കിലും ഈ വര്‍ഷം മെയ് മാസത്തിലാണ് സൈബര്‍ നുഴഞ്ഞുകയറ്റം സൗത്ത് കൊറിയ സ്ഥിരീകരിച്ചത്. എങ്കിലും എന്തെല്ലാം വിവരങ്ങളാണ് ചോര്‍ത്തിയതെന്ന് വ്യക്തമായിരുന്നില്ലെങ്കിലും ഉത്തരകൊറിയ തങ്ങള്‍ക്കെതിരെ സൈബര്‍ അറ്റാക്ക് ലക്ഷ്യമിടുന്നുണ്ടെന്ന് സൗത്ത് കൊറിയ ആരോപിച്ചിരുന്നു. എന്നാല്‍, വിവരങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണത്തെ ഉത്തര കൊറിയ ഇപ്പോഴും നിഷേധിക്കുകയാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com