വെര്‍ജിന്‍ ദ്വീപിനെ ഇര്‍മ ചുഴറ്റിയെറിഞ്ഞപ്പോള്‍ രക്ഷപ്പെട്ടത് നൂറിലധികം ക്രിമിനലുകള്‍

വിദേശകാര്യ മന്ത്രി സര്‍ അലന്‍ ഡങ്കണാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരം പുറത്തുവിട്ടത്.
വെര്‍ജിന്‍ ദ്വീപിനെ ഇര്‍മ ചുഴറ്റിയെറിഞ്ഞപ്പോള്‍ രക്ഷപ്പെട്ടത് നൂറിലധികം ക്രിമിനലുകള്‍

ലണ്ടന്‍: ഫ്‌ലോറിഡയ്‌ക്കൊപ്പം കരീബിയന്‍ ദ്വീപുകളെയും ഇര്‍മ കൊടുങ്കാറ്റ് ചുഴറ്റിയെറിഞ്ഞപ്പോള്‍ ബ്രിട്ടീഷ് അധീനതയിലുള്ള വെര്‍ജിന്‍ ദ്വീപുകളിലെ ജയിലില്‍നിന്നും കാറ്റിന്റെ മറവില്‍ രക്ഷപ്പെട്ടത് നൂറിലേറെ കൊടും ക്രിമിനലുകള്‍. വിദേശകാര്യ മന്ത്രി സര്‍ അലന്‍ ഡങ്കണാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരം പുറത്തുവിട്ടത്. ഇവരുടെ സാന്നിധ്യം ദ്വീപുകളില്‍ ക്രമസമാധാനത്തിനുപോലും ഭീഷണിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതേത്തുടര്‍ന്ന ദ്വീപുകളുടെ ഭരണച്ചുമതലയുള്ള ഗവര്‍ണറുടെ സംരക്ഷണത്തിനും ക്രമസമാധാനപാലനത്തിനുമായി 997 റോയല്‍ മറീനുകളെ ബ്രിട്ടീഷ് സര്‍ക്കാര്‍ വെര്‍ജിന്‍ ദ്വീപുകളിലേക്ക് അയച്ചു. 47 പൊലീസുകാരും ഇവര്‍ക്കൊപ്പമുണ്ട്. 

കരീബിയനിലെ വെര്‍ജിന്‍ ദ്വീപുകളിലുള്ളവരെ കൊടുങ്കാറ്റില്‍ നിന്നും രക്ഷിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ വേണ്ടവിധം പ്രവര്‍ത്തിച്ചില്ലെന്ന വിമര്‍ശനം ശക്തമായിരുന്നു. ഇതിനു പിന്നാലെയാണ് റോയല്‍ മറീനുകളെ അങ്ങോട്ടേയ്ക്കയച്ചതും വിദേശകാര്യമന്ത്രിതന്നെ നേരിട്ട് സന്ദര്‍ശനത്തിന് തയാറായതും. 

87,000 ബ്രിട്ടീഷുകാരാണ് കരീബിയന്‍ ദ്വീപുകളില്‍ ഇര്‍മ കൊടുങ്കാറ്റിന്റെ കെടുതികള്‍ക്കിരയായത്. വെര്‍ജിന്‍ ഗ്രൂപ്പ് ഉടമ സര്‍ റിച്ചാര്‍ഡ് ബ്രാന്‍സന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ദ്വീപായ ''നെക്കറും'' കൊടുങ്കാറ്റില്‍ പൂര്‍ണമായും തകര്‍ന്നിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com