ഏപ്രില്‍ 18ന് സൗദിയിലെ ആദ്യത്തെ സിനിമാ തിയേറ്റര്‍ തുറക്കും

മാര്‍വല്‍ പുറത്തിറക്കുന്ന ബ്ലാക്ക് പാന്തര്‍ ആയിരിക്കും 35 വര്‍ഷത്തിനു ശേഷം സൗദിയില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യചിത്രം. 
ഏപ്രില്‍ 18ന് സൗദിയിലെ ആദ്യത്തെ സിനിമാ തിയേറ്റര്‍ തുറക്കും

ഏപ്രില്‍ 18 മുതല്‍ സൗദിയിലുള്ളവര്‍ക്ക് എല്ലാ വിലക്കുകളും മറികടന്ന് തിയേറ്ററില്‍ പോയി സിനിമ കാണാം. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സൗദിയിലെ 15 നഗരങ്ങളിലായി 40 തിയേറ്ററുകള്‍ തുറക്കും. 18ന് ആദ്യത്തെ തിയേറ്റര്‍ തുറക്കുമെന്ന് സൗദി ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം അറിയിച്ചു. മാര്‍വല്‍ പുറത്തിറക്കുന്ന ബ്ലാക്ക് പാന്തര്‍ ആയിരിക്കും 35 വര്‍ഷത്തിനു ശേഷം സൗദിയില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യചിത്രം. 

അമേരിക്കന്‍ തിയേറ്റര്‍ കമ്പനിയായ എഎംസി എന്റര്‍ടൈന്‍മെന്റിനാണ് സിനിമാ പ്രദര്‍ശനത്തിനുള്ള ആദ്യ ലൈസന്‍സ് ലഭിച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷമാണ് തിയേറ്ററുകള്‍ക്കുള്ള നിയന്ത്രണം സൗദി സര്‍ക്കാര്‍ മാറ്റിയത്. 35 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഈ മാറ്റത്തെ സൗദിയിലെ ജനങ്ങള്‍ ആഹ്ലാദപൂര്‍വ്വമാണ് വരവേല്‍ക്കുന്നത്. അതേസമയം രാജ്യത്തിന്റെ പരമ്പരാഗതവും ഇസ്ലാമിക മൂല്യങ്ങളും നിലനിര്‍ത്തുന്ന രീതിയിലാകും പുതിയ തീയേറ്റര്‍ എന്നാണ് വിവരം. 

1970കളില്‍ സൗദിയില്‍ തീയേറ്ററുകള്‍ക്ക് അനുമതിയുണ്ടായിരുന്നെങ്കിലും  അധികാരത്തിലേറിയ യാഥാസ്ഥിതിക ഭരണകൂടം 1980കളുടെ തുടക്കത്തില്‍ അവ അടച്ചുപൂട്ടുകയായിരുന്നു. സൗദിയുടെ ഇപ്പോഴത്തെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ സാമൂഹ്യ, സാമ്പത്തിക പരിഷ്‌കരണങ്ങളുടെ ഭാഗമായാണ് തിയേറ്ററുകള്‍ വീണ്ടും സൗദിയിലേക്ക് തിരിച്ച് വരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com