പ്ലാസ്റ്റിക് മാലിന്യം തിന്ന തിമിംഗലം ചത്ത് തീരത്തടിഞ്ഞു: വയറ്റില്‍ നിന്ന് കണ്ടെത്തിയത് 29 കിലോ പ്ലാസ്റ്റിക്

29 കിലോയോളം പ്ലാസ്റ്റിക് മാലിന്യമാണ് തിമിംഗലത്തിന്റെ ശരീരത്തില്‍ നിന്നും കണ്ടെത്തിയത്.
പ്ലാസ്റ്റിക് മാലിന്യം തിന്ന തിമിംഗലം ചത്ത് തീരത്തടിഞ്ഞു: വയറ്റില്‍ നിന്ന് കണ്ടെത്തിയത് 29 കിലോ പ്ലാസ്റ്റിക്

പ്ലാസ്റ്റിക് മാലിന്യം ഭക്ഷിച്ച് തിമിംഗലം ചത്ത് തീരത്തടിഞ്ഞു. സ്‌പെയിനില്‍ ആണ് സംഭവം. 29 കിലോയോളം പ്ലാസ്റ്റിക് മാലിന്യമാണ് തിമിംഗലത്തിന്റെ ശരീരത്തില്‍ നിന്നും കണ്ടെത്തിയത്. പ്ലാസ്റ്റിക് ബാഗുകള്‍, വല, കയറുകള്‍, വലിയ കാന്‍ തുടങ്ങിയവയൊക്കെ ഈ പത്ത് മീറ്റര്‍ നീളമുള്ള സസ്തനിയുടെ ഉള്ളില്‍ നിന്നും പുറത്തെടുത്തു.

സ്‌പെയിനിലെ കാബോ ഡി പലോസ് ബീച്ചിലാണ് തിമിംഗലത്തിന്റെ ശരീരം കണ്ടെത്തിയത്. ഇതിന്റെ ദഹനവ്യവസ്ഥ താറുമാറായത് മൂലമാണ് ജീവന്‍ നഷ്ടപ്പെട്ടതെന്ന് വൈല്‍ഡ്‌ലൈഫ് റിക്കവറി സെന്ററിലെ വിദഗ്ധര്‍ വ്യക്തമാക്കി. പലതവണയായി വെള്ളത്തില്‍ നിന്നും ഭക്ഷിച്ച പ്ലാസ്റ്റിക് ശരീരത്തിനുള്ളില്‍ കുടുങ്ങിക്കിടന്ന് തടസ്സമുണ്ടാക്കിക്കൊണ്ടിരിക്കുകയായിരുന്നു. ഇതുമൂലം തിമിംഗലത്തിന് ആന്ത്രസ്തരവീക്കവും വയറ്റില്‍ ഇന്‍ഫക്ഷനും ഉണ്ടാവുകയും അത് മരണത്തിലേക്ക് നയിക്കുകയുമായിരുന്നു.

'ജലാശയങ്ങളില്‍ അമിതമായി അടിഞ്ഞ്കൂടുന്ന പ്ലാസ്റ്റിക് ലോകത്തുള്ള എല്ലാ ജീവചാലങ്ങളുടെയും ജീവന് തന്നെ ഭീഷണിയാണ്. പല മൃഗങ്ങളും ഇതില്‍ ട്രാപ്പ് ചെയ്യപ്പെടുകയാണ്. കുന്നുകൂടിക്കിടക്കുന്ന നശിച്ചുപോകാത്ത ഈ പ്ലാസ്റ്റിക് ജീവികളുടെ ജീവനെടുക്കുന്നു'- നാച്യുറല്‍ എന്‍വയണ്‍മെന്റ് ഡയറക്ടര്‍- ജനറല്‍ കൗസുലോ റോസാരോ പറഞ്ഞു. 

'പ്ലാസ്റ്റിക് മാലിന്യം ലോകത്തെ അപകടത്തിലേക്കാണ് നയിക്കുന്നത്. മുര്‍സിയ ആദ്യമായൊന്നുമല്ല ഇത് നേരിടുന്നതും. ഈ മാലിന്യങ്ങളെല്ലാം കളഞ്ഞ് സമുദ്രങ്ങളും മറ്റ് ജലാശയങ്ങളും വൃത്തിയാക്കാനുള്ള നടപടി നമ്മള്‍ സ്വീകരിക്കേണ്ട സമയം അതിക്രമിച്ചു. പൗരന്‍മാരെല്ലാം ഈ കാര്യത്തില്‍ ബോധവാന്‍മാരായിരിക്കണം'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു ദശാബ്ദം കൊണ്ട് ലോകത്തിലെ പ്ലാസ്റ്റിക് മാലിന്യത്തില്‍ മൂന്നിരട്ടി വര്‍ധനവുണ്ടായെന്നാണ് യുകെ ഗവണ്‍മെന്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇനിയും ശ്രദ്ധയില്ലാതെ ജീവിച്ചാല്‍ നമ്മുടെ ജലാശയങ്ങള്‍ പ്ലാസ്റ്റികിനാല്‍ നിറഞ്ഞ് ജീവചാലങ്ങളെല്ലാം ഇതുപോലെ ചത്ത് തീരത്തടിയും. പ്ലാസ്റ്റികിനെതിരെ ശക്തമായ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കണമെന്നാണ് വിദഗ്ധര്‍ ആഹ്വാനം ചെയ്യുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com