കുട്ടികളെ പീഡിപ്പിച്ച് വീഡിയോ എടുത്തു; പ്രതിക്ക് 330 വര്‍ഷം തടവ് 

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത് ചിത്രങ്ങളും വീഡിയോകളും ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ച ഫ്‌ളോറിഡ സ്വദേശിക്ക് 330 വര്‍ഷം തടവ്.
കുട്ടികളെ പീഡിപ്പിച്ച് വീഡിയോ എടുത്തു; പ്രതിക്ക് 330 വര്‍ഷം തടവ് 

വാഷിംങ്ടണ്‍: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത് ചിത്രങ്ങളും വീഡിയോകളും ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ച ഫ്‌ളോറിഡ സ്വദേശിക്ക് 330 വര്‍ഷം തടവ്. അടിക്കടി സെക്‌സ് ടൂറിസത്തിനായി ഫിലിപ്പീന്‍സിലേക്ക് യാത്രകള്‍ നടത്തി അശ്ലീല വീഡിയോകള്‍ നിര്‍മിച്ച ഡേവിഡ് ലിഞ്ചിനെയാണ് കോടതി ശിക്ഷിച്ചത്.ആറു വയസുളള കുട്ടികള്‍ വരെ ഇയാളുടെ ഇരകളായിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ കണ്ടെത്തി.

കുട്ടികളുടെ അശ്ലീല വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അമേരിക്കയിലെ അന്വേഷണ ഏജന്‍സിയായ എഫ്ബിഐയുടെ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലാകുന്നത്. അന്വേഷണത്തില്‍ സെക്‌സ് ടൂറിസത്തിനായി 2005 മുതല്‍ 2016 വരെ ഇയാള്‍ ഫിലിപ്പീന്‍സില്‍ നിത്യസന്ദര്‍ശകനായിരുന്നുവെന്ന് തെളിഞ്ഞു.തുടര്‍ന്ന് 2016 ഡിസംബറില്‍ സാന്‍ഫ്രാന്‍സിസ്‌കോ രാജ്യാന്തര വിമാനത്താവളത്തില്‍ വച്ച് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി ഒരു വര്‍ഷം മുന്‍പ് തന്നെ കണ്ടെത്തിയെങ്കിലും ശിക്ഷ വിധി പ്രഖ്യാപിച്ചത് അടുത്തദിവസമാണ്.

പണത്തിനായി കുട്ടികളുടെ മാതാപിതാക്കള്‍ തന്നെ ഇയാള്‍ക്ക് സൗകര്യമൊരുക്കിയെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലും പ്രോസിക്യൂട്ടര്‍ നടത്തി. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിലാണ് ഇയാള്‍ ലഹരി കണ്ടെത്തിയിരുന്നതെന്നും അന്വേഷണത്തില്‍ തെളിഞ്ഞു.

വിദേശ രാജ്യങ്ങളിലാണെങ്കില്‍ പോലും കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന അമേരിക്കന്‍ പൗരനെ ശിക്ഷിക്കാന്‍ ഫെഡറല്‍ നിയമം അനുവാദം നല്‍കുന്നുണ്ട്. ഇതനുസരിച്ചാണ് പ്രതിക്ക് 330 വര്‍ഷം വരെ തടവുശിക്ഷ കോടതി വിധിച്ചത്. തുടര്‍ച്ചയായി 10 തവണ 30 വര്‍ഷം വീതം തടവ് ഉള്‍പ്പെടുന്ന ശിക്ഷാവിധിയാണ് കോടതി പുറപ്പെടുവിച്ചത്. ഇതിന് പുറമേ 4,14,000 ഡോളര്‍ വിലമതിക്കുന്ന വെനീസിലെ ആഡംബര ഭവനം കണ്ടുകെട്ടാനും കോടതിയുടെ ഉത്തരവില്‍ പറയുന്നു. 

കുട്ടികള്‍ക്ക് നേരെയുളള അതിക്രമം തടയുന്നതിന് ഇത് ഒരു തുടക്കമാകാന്‍ ലക്ഷ്യമിട്ടാണ് ഇത്രയും കടുത്ത ശിക്ഷ വിധിച്ചതെന്ന് പൊലീസ് പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com