ഫെയ്‌സ്ബുക്കിന് പിന്നാലെ ട്വിറ്ററിലും ചോര്‍ച്ച

കോഗന്റെ ഉടമസ്ഥതയിലുള്ള ഗ്ലോബല്‍ സയന്‍സ് റിസര്‍ച്ച് എന്ന സ്ഥാപനമാണ് ട്വിറ്ററില്‍ നിന്നും വിവരങ്ങള്‍ വാങ്ങി കേംബ്രിജ് അനലിറ്റിക്കയ്ക്ക് നല്‍കിയിരിക്കുന്നത്
ഫെയ്‌സ്ബുക്കിന് പിന്നാലെ ട്വിറ്ററിലും ചോര്‍ച്ച

ലണ്ടന്‍: കോടിക്കണക്കിന് ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ ചോര്‍ത്തിയതിന് പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന ഫെയ്‌സ്ബുക്കിന് പിന്നാലെ മറ്റൊരു പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററും ഇതേ വിവാദത്തിന് കുരുക്കില്‍. കേംബ്രിജ് അനലിറ്റിക്കയ്ക്ക് തന്നെയാണ് ട്വിറ്ററിലെ വിവരങ്ങള്‍ ചോര്‍ത്തിയത്.

കേംബ്രിജ് സര്‍വകലാശാല ഗവേഷകന്‍ അലക്‌സാണ്ടര്‍ കോഗന്‍ നിര്‍മിച്ച തേര്‍ഡ് പാര്‍ട്ടി ആപ്പ് വഴിയാണ് കേബ്രിജ് അനലിറ്റിക്ക ഫെയ്‌സ്ബുക്ക് വിവരങ്ങള്‍ ചോര്‍ത്തിയിരുന്നതെങ്കില്‍ ഇതേ ഗവേഷകന്റെ സ്ഥാപനം വഴിയാണ് ട്വിറ്ററിലെയും ഡേറ്റ ചോര്‍ച്ച നടന്നിരിക്കുന്നത്. 2014 ഡിസംബര്‍ മുതല്‍ 2015 ഏപ്രില്‍ വരെയുള്ള അഞ്ച് മാസ കാലയളവില്‍ ട്വിറ്ററില്‍ നിന്ന് ഉപയോക്താക്കളുടെ ട്വീറ്റുകള്‍, യൂസര്‍നെയിം, പ്രൊഫൈല്‍ ചിത്രങ്ങള്‍, ലൊക്കേഷന്‍ വിവരങ്ങള്‍ തുടങ്ങിയവ വാങ്ങിയിട്ടുണ്ടെന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കോഗന്റെ ഉടമസ്ഥതയിലുള്ള ഗ്ലോബല്‍ സയന്‍സ് റിസര്‍ച്ച് എന്ന സ്ഥാപനമാണ് ട്വിറ്ററില്‍ നിന്നും വിവരങ്ങള്‍ വാങ്ങി കേബ്രിജ് അനലിറ്റിക്കയ്ക്ക് നല്‍കിയിരിക്കുന്നത്. ഇക്കാര്യം സ്ഥിരീകരിച്ച ട്വിറ്റര്‍ എത്ര അക്കൗണ്ടുകളാണ് ചോര്‍ത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കിയിട്ടില്ല. അതേസമയം, പരസ്യങ്ങള്‍ക്കും ബ്രാന്‍ഡിങ്ങിനും മറ്റും ഉപയോഗിക്കുന്ന രീതിയിലുള്ള ഡേറ്റ ശേഖരണമാണ് ഇവര്‍ നടത്തിയിട്ടുള്ളതെന്നാണ് ട്വിറ്ററിന്റെ വാദം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com